താനും ചിത്രങ്ങള്‍ കൊണ്ടുതന്നെ നല്ല അഭിനേത്രി എന്ന പേരു നേടിയ നടിയാണ് അപര്‍ണ ഗോപിനാഥ്. മികച്ച സിനിമകളുടെ ഭാഗമാകുമ്പോഴും സിനിമയിലെ സ്ഥിരസാന്നിധ്യമല്ല അപര്‍ണ. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അപര്‍ണ അഭിനയിച്ചത് നാലു ചിത്രങ്ങളില്‍ മാത്രം. കഴിഞ്ഞ മെയില്‍ പുറത്തിറങ്ങിയ 'മഴയത്ത്' ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അപര്‍ണയുടെ പുതിയ ചിത്രം 'ഒരു നക്ഷത്രമുള്ള ആകാശം' ഈ ആഴ്ച പുറത്തിറങ്ങുകയാണ്. സിനിമയില്‍ സംഭവിക്കുന്ന ഇടവേളകളെ കുറിച്ചും സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങളെക്കുറിച്ചും മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയെക്കുറിച്ചുമെല്ലാം അപര്‍ണ മനസ്സുതുറക്കുന്നു..

സിനിമ ചെയ്യുന്നത് മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രം

എനിക്കെന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ കിട്ടുമ്പോഴാണ് ഞാന്‍ സിനിമ ചെയ്യുന്നത്. എല്ലാ നടീനടന്‍മാരും അങ്ങനെയാണെന്നാണ് തോന്നുന്നത്. എക്‌സൈറ്റ് ചെയ്യിക്കുന്ന, അഭിനേതാവെന്ന നിലയില്‍ നമുക്കെന്തെങ്കിലും കോണ്‍ട്രിബ്യൂട്ട് ചെയ്യാനുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഞാന്‍ സിനിമ ചെയ്യാറുണ്ട്.

ഒരേതരത്തിലുള്ള കഥാപാത്രങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ താല്‍പര്യമില്ല. കഥാപാത്രമായി മാറാനുള്ള പ്രോസസ് ഒരോതവണയും ഒന്നുതന്നെയാകുന്നത് നമ്മെ ബോറടിപ്പിച്ചേക്കും. വെല്ലുവിളി നിറഞ്ഞവയാണെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമം. കാരണം, മലയാള സിനിമയില്‍ ജോലി ചെയ്യുക എന്നതുതന്നെ ഒരു അനുഗ്രഹമാണ്. ചെന്നൈയില്‍ നിന്നുള്ള ആളാണെങ്കിലും ഒരു അഭിനേത്രി എന്ന നിലയില്‍ ഇവിടെ അംഗീകരിക്കപ്പെട്ടു എന്നത് വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ, ഒരു സിനിമ ചെയ്തശേഷം വിഷമിക്കേണ്ട അവസ്ഥയുണ്ടാക്കരുതെന്നാണ് ആഗ്രഹം.

ഉമ ടീച്ചര്‍ എനിക്ക് ലഭിച്ച സമ്മാനം

'ഒരു നക്ഷത്രമുള്ള ആകാശ'ത്തിലെ എന്റെ കഥാപാത്രം ഒരു മലയാളം ടീച്ചറാണ്. ഒരു ഗ്രാമത്തില്‍നിന്നുള്ള ആളാണ് ഉമ ടീച്ചര്‍. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം അല്‍പം ബോള്‍ഡാണ്. പക്ഷേ, ഈ കഥാപാത്രം എനിക്ക് തീരെ പരിചിതമായ മേഖലയില്‍നിന്നുള്ള ആളല്ല. ഈ കഥാപാത്രത്തിലേക്കെത്താന്‍ എനിക്ക് വ്യത്യസ്തമായൊരു പ്രോസസ് തന്നെ ആവശ്യമായി വന്നു. എനിക്ക് ലഭിച്ച സമ്മാനമാണ് ഉമ ടീച്ചര്‍.

സിനിമയില്ലാത്തപ്പോഴും ഞാന്‍ ബിസിയാണ്

സിനിമ ഇല്ലാത്തത് എന്തുകൊണ്ടാണ് എന്തുകൊണ്ടാണെന്നൊക്കെ ചിന്തിക്കാറുണ്ട്. എന്നാലത് എന്നെ ബാധിക്കാറില്ല. കാരണം, സിനിമ ഇല്ലാത്തപ്പോള്‍ ഞാന്‍ നാടകത്തില്‍ സജീവമായിരിക്കും. കുട്ടികള്‍ക്കായി 'ക്ലൗണ്‍സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' എന്നൊരു സംഘടനയുണ്ട്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാറുണ്ട്. എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സിനിമയില്ലെന്ന വിഷമമൊന്നും ഒരിക്കലും തോന്നിയിട്ടില്ല. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, അതേക്കുറിച്ചോര്‍ത്ത് വിഷമിക്കാറില്ല.

ഞാന്‍ 'സിനിമാപ്രാന്തി' അല്ല; കലയാണ് പ്രധാനം

ചാര്‍ലിയുടെ സമയത്ത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖര്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹമാരാണെന്ന് എനിക്കറിയില്ലായിരുന്നു. ഇന്നയാള്‍ ഇന്നയാളുടെ മകനാണെന്നൊന്നും എനിക്കറിയില്ല. ഞാനൊരു 'സിനിമാപ്രാന്തി' അല്ല. സിനിമയിലാണെങ്കിലും നാടകത്തിലാണെങ്കിലും എന്റെ ജോലി ആസ്വദിച്ച് ചെയ്യുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. 

ഒരു അഭിനേതാവെന്ന നിലയിലാണ് ഞാനിവിടെയെല്ലാം ഇടപെടുന്നത്. എവിടെയും പ്രത്യേകമായ അടുപ്പമോ അകല്‍ച്ചയോ ഇല്ല. കലയിലൂടെ കൂടുതല്‍ പേരിലേക്കെത്തുക എന്നതാണ് ലക്ഷ്യം. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അതില്‍ക്കൂടുതലൊന്നുമില്ല. എന്നെപ്പോലൊരാള്‍ക്ക് അതില്‍ക്കൂടുതലൊന്നും പറ്റുമെന്ന് തോന്നുന്നില്ല. എല്ലാവരും ഒരുപോലെ ആകണമെന്നില്ലല്ലോ.

ഡബ്ല്യുസിസിയില്‍ അംഗമാകാത്തത് ഇവിടെയുളള ആളല്ലാത്തതിനാല്‍

ഡബ്ല്യുസിസി കേരളത്തിലെ വനിതകളുടെ സംഘടനയാണ്. അവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള സംഘടന. ഞാന്‍ ചെന്നൈയില്‍ ജീവിക്കുന്ന ആളാണ്. കേരളത്തില്‍ വന്ന് ജോലി ചെയ്യുന്നെന്ന് മാത്രം. പുറത്തുനിന്നുള്ള ഒരാളല്ല ഇവിടെയുള്ളവര്‍ ശരിയാണോ തെറ്റാണോ എന്ന് നിര്‍ണയിക്കേണ്ടത്. അതുകൊണ്ടാണ് സംഘടനയുടെ ഭാഗമാകാത്തത്.

ഡബ്ല്യുസിസി എന്ന സംഘടന മഹത്തായ കാര്യമാണ് ചെയ്യുന്നതെന്നാണ് ഞാന്‍ കരുതുന്നത്. സംഘടനയില്‍ അംഗങ്ങളായ നടിമാരുടെ പേരില്‍ ഞാനില്ലെങ്കിലും, അവരെ എതിര്‍ക്കുന്ന ആളല്ല ഞാന്‍. ഡബ്ല്യുസിസിയില്‍ അംഗമല്ലെന്ന് പറയുന്നതിന് അവര്‍ക്കെതിരാണെന്ന അര്‍ഥമില്ല. അവര്‍ക്കെതിരായി നില്‍ക്കാന്‍ ഒരു കാരണവും കാണുന്നില്ല. ഇതെപ്പോഴും പറയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും മനസിലാവുന്നില്ല.

നമ്മള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷയൊരുക്കാന്‍ ആളുകളുണ്ട് എന്നത് നല്ല കാര്യമാണ്. എനിക്കിതുവരെ സെറ്റില്‍ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. പക്ഷേ, നാളെ അങ്ങനെയൊരനുഭവമുണ്ടായാല്‍ നമുക്കൊപ്പം നില്‍ക്കാന്‍ ഒരു സംഘടനയുണ്ട് എന്നത് നല്ലതല്ലേ?

Content Highlights : Aparna Gopinath interview, Movie