ടുത്ത വീട്ടിലെ കുട്ടിയോട് തോന്നുന്ന സ്‌നേഹമാണ് നടി അനന്യയ്ക്ക് പ്രേക്ഷകരുടെയുള്ളില്‍. താരം ചെയ്ത കഥാപാത്രങ്ങള്‍ തന്നെയാണ് അതിന് കാരണവും. കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങി നിന്ന താരം ഒരിടയ്ക്ക് മലയാളത്തില്‍ നിന്ന് മുങ്ങി അന്യഭാഷയില്‍ സജീവമായി. അവിടെയുള്ളവരുടെ സ്‌നേഹവും പിടിച്ച് പറ്റി വീണ്ടും മലയാളത്തിലെത്തി. വീണ്ടും മുങ്ങി. അങ്ങനെ ഇടക്കിടെയുള്ള ഒളിച്ചു കളിക്ക് ശേഷം അനന്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. പൃഥ്വിരാജ് നായകനായെത്തുന്ന ഭ്രമം എന്ന ചിത്രത്തിലൂടെ. ഒക്ടോബര്‍ ഏഴിന് ഓടിടി റിലീസായി ഭ്രമം പ്രേക്ഷകരിലേക്കെത്തുമ്പോള്‍ ആദ്യ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുന്ന പുതുമുഖത്തിന്റെ പരിഭ്രമമുണ്ട് അനന്യയുടെ വാക്കുകളില്‍. ഒപ്പം വാനോളം പ്രതീക്ഷകളും. 

എവിടെയായിരുന്നു ഇത്രയും നാള്‍? 

ഇവിടെ തന്നെയുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് മലയാളത്തില്‍ ഒരു സിനിമയുടെ ഭാഗമാവുന്നത്. അതാണ് ഈ ചോദ്യത്തിന് കാരണം. ഈ വര്‍ഷങ്ങളിലും ഞാന്‍ സിനിമ ചെയ്തിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു എന്ന് മാത്രം. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അല്ലാതെ ഈ ഗ്യാപ് വന്നതിന് വേറെ കാരണങ്ങള്‍ ഒന്നുമില്ല. 

'ഭ്രമ'ത്തിലെ കഥാപാത്രം

ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വേഷത്തിലാണ് ഞാന്‍ ഭ്രമത്തില്‍ അവതരിപ്പിക്കുന്നത്. അന്ധാദുന്‍ കണ്ടവര്‍ക്ക് അറിയാം ആ കഥാപാത്രത്തിന്റെ പ്രാധാന്യം. ചെറിയ മാറ്റങ്ങളോടെയാണ് ചിത്രം മലയാളത്തിലെത്തുന്നത്. വളരെ ആകാംക്ഷയോടെ ഞാന്‍ സ്വീകരിച്ച ചിത്രമാണിത്. രവി.കെചന്ദ്രന്‍ സാറിന്റെ സംവിധാനം, പൃഥ്വി, ഉണ്ണി മുകുന്ദന്‍, മംമ്ത, റാഷി ഖന്ന തുടങ്ങിയ വലിയ താരനിര...മൂന്നോ നാലോ ദിവസമേ എനിക്ക് ചിത്രീകരണം ഉണ്ടായിരുന്നുള്ളൂ. പക്ഷേ കിട്ടിയ കഥാപാത്രത്തില്‍ വളരെ സന്തോഷമുണ്ട്. പിന്നെ ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ ശ്രദ്ധിക്കപ്പെടണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. 

'പൊട്ടിത്തെറിച്ച്' നടക്കുന്ന കുട്ടി ഇമേജ്

വളരെ വ്യത്യസ്ഥതയുള്ള, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷേ എന്തുകൊണ്ടോ എന്നെ തേടി വരുന്ന തിരക്കഥകളെല്ലാം ഇത്തരം കഥാപാത്രങ്ങളുടേതാണ്. തമാശയ്ക്കാണെങ്കിലും എന്നെ കണ്ടാല്‍ പാവപ്പെട്ട വീട്ടിലെ കുട്ടി, അല്ലെങ്കില്‍ പൊട്ടിത്തെറിച്ച് നടക്കുന്ന കുട്ടിയായിട്ടാണോ തോന്നുന്നത് എന്ന് ഞാന്‍ ചോദിക്കാറുണ്ട്. മനഃപൂര്‍വം ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതല്ല. വരുന്ന വേഷങ്ങളില്‍ നല്ലത് സ്വീകരിക്കുന്നു എന്ന് മാത്രം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അങ്ങനെ വന്നാലേ വീണ്ടും വീണ്ടും സിനിമ ചെയ്യാന്‍ ഒരു അഭിനേതാവിന് തോന്നുകയുള്ളൂ. 

Ananya

പക്ഷേ അന്യഭാഷയില്‍ എനിക്ക് കുറച്ചുകൂടി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവിടെ അത്തരം വേഷങ്ങള്‍ തേടി വരാത്തതില്‍ ചെറിയൊരു പരിഭവമുണ്ട്. അവസരം തന്നാലല്ലേ ഒരു കലാകാരിയെന്ന നിലയില്‍ നമുക്ക് തെളിയിക്കാനാവൂ. അവസരം ലഭിക്കുകയാണെങ്കില്‍ അത് നന്നായി തന്നെ ചെയ്യാനാവുമെന്നാണ് എന്റെ വിശ്വാസം. 

നീണ്ട 21 വര്‍ഷത്തെ സിനിമാ യാത്ര

ബാലതാരമായാണ് സിനിമയിലെത്തുന്നത്. 95ല്‍ .വലിയ താത്പര്യത്തോടെയൊന്നുമല്ല അന്ന് ചിത്രങ്ങള്‍ ചെയ്തത്. ആനപ്പൂട എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അത് റിലീസായില്ല. നെടുമുടി വേണു അങ്കിളായിരുന്നു പ്രധാന വേഷത്തിലെത്തിയത്.  അച്ഛന്‍ നിര്‍മിച്ച ചിത്രമായത് കൊണ്ടാണ് പൈ ബ്രദേഴ്‌സില്‍ അഭിനയിച്ചത്. പിന്നീട് വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിലും ബാലതാരമായെത്തി. അന്നൊന്നും അതത്ര സീരിയസായി കണ്ടിരുന്നില്ല. ഏതാണ്ട് 2007 തൊട്ടാണ് വീണ്ടും സിനിമയിലെത്തുന്നത്. 

സമുദ്രക്കനി സാറിന്റെ സംവിധാത്തിലൊരുങ്ങിയ തമിഴ് ചിത്രം നാടോടികള്‍ക്ക് ശേഷമാണ് സിനിമയാണ് കരിയര്‍ എന്ന തോന്നലുണ്ടാവുന്നത്. അതിനോട് ഇഷ്ടം തോന്നിത്തുടങ്ങുന്നത്. കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്റെ കരിയറില്‍. 2013 വരെ നല്ല രീതിയിലാണ് പോയിരുന്നത്. പിന്നീടാണ് ഒരു മാറ്റം വരുന്നത്. എങ്കിലും ഒരു വര്‍ഷം ഒരു ചിത്രമെങ്കിലും ഞാന്‍ ചെയ്തിരുന്നു. പക്ഷേ മലയാളത്തില്‍ ആരും കണ്ടിരുന്നില്ല എന്നതാണ് സത്യം. നല്ല തിരക്കഥകള്‍ വരാതിരുന്നതില്‍ സങ്കടം തോന്നിയിട്ടുണ്ട്. പലപ്പോഴും എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. നല്ല സ്മൂത്ത് കരിയറായിരുന്നില്ല എന്റേത്. എങ്കിലും  2021-ല്‍ ദാ ഇപ്പോള്‍ രണ്ട് മലയാള ചിത്രങ്ങളാണ് ചെയ്യുന്നത്. അതില്‍ ഒരുപാട് സന്തോഷം. 

'അമുദ'യെ ഇന്നും സ്‌നേഹിക്കുന്ന ആരാധകര്‍

കേരളത്തിനകത്തും പുറത്തുമുള്ള ആരാധകരുടെ കാര്യത്തില്‍ വലിയ വ്യത്യാസം തോന്നിയിട്ടുണ്ട്. ഇവിടുത്തെ പ്രേക്ഷകര്‍ നമ്മുടെ കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന, സ്വീകരിക്കുന്ന രീതി തന്നെ വേറെയാണ്. പുറത്ത് ചിലപ്പോള്‍ നമ്മള്‍ വളരെ ചെറിയൊരു വേഷമാകും ചെയ്തിട്ടുണ്ടാവുക. അതുപക്ഷേ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അവിടുത്തെ പ്രേക്ഷകര്‍ മനസ് നിറഞ്ഞ് സ്വീകരിക്കും.

ഏതാണ്ട് 11 വര്‍ഷത്തിലധികമായി ഞാന്‍ എങ്കേയും എപ്പോതും എന്ന ചിത്രം ചെയ്തിട്ട്. ഇന്നും അമുദ എന്ന കഥാപാത്രത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് തമിഴ്‌നാട്ടില്‍ നിന്നും മറ്റും എനിക്ക് കോളുകള്‍ വരാറുണ്ട്. അതിലെ പാട്ടുകളും ഇന്നും ഇഷ്ടപ്പെടുന്നവരുണ്ട്. ആ സ്‌നേഹവും പിന്തുണയും കാണുമ്പോള്‍ തിരിച്ചു വരണം നല്ല സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹവും ശക്തമാവും. ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ച് ആ പ്രോത്സാഹനം ഒരു കലാകാരന് വളരെ അത്യാവശ്യമാണ്. 

അമ്പെയ്ത്ത് ചാമ്പ്യന്‍

അമ്പെയ്ത്തിനോടുള്ള സ്‌നേഹം ഒരിക്കലും വിട്ടുകളഞ്ഞിട്ടില്ല. ഒട്ടും കോമണ്‍ അല്ലാത്ത കായിക ഇനം ആണ് അമ്പെയ്ത്ത്. അത്രയും ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും ഞാന്‍ പഠിച്ചെടുത്ത ഇനം. ഒരു അപകടത്തില്‍ കൈക്ക് ഒടിവ് സംഭവിച്ചതോടെയാണ് എനിക്ക് ബ്രേക്ക് എടുക്കേണ്ടി വന്നത്. ഇനി എന്ന് എനിക്ക് ഗ്രൗണ്ടിലിറങ്ങാന്‍ പറ്റും എന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് മാറി നില്‍ക്കുന്നത്. എല്ലാം മാറിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും തിരിച്ചുവരും. 

Ananya

പ്രതീക്ഷകള്‍

ആദ്യ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസാണ്. ചെറിയൊരു കഥാപാത്രമാണെങ്കിലും അതിന് പല സ്വഭാവങ്ങളുണ്ട്. ഒരുപാട് ആഗ്രഹിച്ച് ചെയ്ത കഥാപാത്രമാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ. ആ പ്രതികരണമറിയാന്‍ കാത്തിരിക്കുന്നു.

Content Highlights : Actress Ananya Interview On New Movie Bhramam Ananya in Malayalam after 3 Years