കോലക്കുഴല്‍ വിളികേട്ടോ രാധേ..എന്‍ രാധേ...'' കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത ഒരു പാട്ട്. പാട്ടിനൊപ്പം മലയാളികള്‍ ഒരു നായകനെക്കൂടി ഏറ്റെടുത്തു; വിനു മോഹന്‍. അമ്മയും അമ്മാവനും മുത്തച്ഛനുമെല്ലാം സിനിമാപാരമ്പര്യമുള്ളവര്‍. ജീവിതപങ്കാളി വിദ്യ മോഹനും സിനിമയില്‍ സജീവം. ഇപ്പോള്‍ അനിയന്‍ അനു മോഹന്റെ വേഷങ്ങളും ശ്രദ്ധനേടുന്നു. സച്ചി സംവിധാനംചെയ്ത 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ സി. പി.ഒ. സുജിത്ത് എന്ന കഥാപാത്രത്തിലൂടെ കൈയടി നേടിയിരിക്കുകയാണ് അനു മോഹന്‍. ലോക്ഡൗണ്‍ കാലത്ത് വിനു തെരുവില്‍ അലയുന്നവര്‍ക്ക് സാന്ത്വനമേകിയപ്പോള്‍ അനിയന്‍ അനു ചിത്രംവരയ്ക്കാനാണ് സമയം ചെലവഴിച്ചത്.

വിനു: മുത്തച്ഛനായിരുന്നു (കൊട്ടാരക്കര ശ്രീധരന്‍ നായര്‍) കുടുംബത്തിലെ ആദ്യ സിനിമാതാരം. പിന്നെ അമ്മാവനും (സായ്കുമാര്‍) അമ്മയും (ശോഭാ മോഹന്‍) സിനിമയിലെത്തി. അച്ഛന് (മോഹന്‍കുമാര്‍) നാടകമായിരുന്നു വലുത്. സ്വന്തമായി ട്രൂപ്പുണ്ടായിരുന്നു. റിഹേഴ്സല്‍ നടക്കുമ്പോള്‍ ഞങ്ങളെയും കൂട്ടും. റിഹേഴ്സലിന് നാടകത്തിലെ ഏതെങ്കിലുമൊരു കഥാപാത്രം വരാതിരുന്നാല്‍ ഞാനായിരിക്കും പകരം അഭിനയിക്കുക. അങ്ങനെയാണ് അഭിനയത്തിന്റെ തുടക്കം.

അനു: നേരെ തിരിച്ചായിരുന്നു ഞാന്‍. സ്റ്റേജ് ഫിയര്‍ കാരണം സ്‌കൂളിലെ സ്റ്റേജില്‍പോലും കയറിയിട്ടില്ല. ഒരു സിനിമാകുടുംബത്തില്‍നിന്നുള്ള നീയെന്താ അഭിനയിക്കാത്തതെന്ന് പലരും ചോദിക്കുമായിരുന്നു. ചിത്രംവരയോടായിരുന്നു ഇഷ്ടം. ഒട്ടുംപ്രതീക്ഷിക്കാത്ത സമയത്തായിരുന്നു സിനിമയിലേക്കുള്ള വരവ്. പളനിയിലായിരുന്നു 'ചട്ടമ്പിനാടി'ന്റെ ഷൂട്ടിങ് ലൊക്കേഷന്‍. വീട്ടിലെ എല്ലാവരും അവിടെയാണ്. ആ സമയം ഞാനും ഒരു കസിനും അങ്ങോട്ട് ട്രിപ്പുപോയി. ലൊക്കേഷനിലെത്തുമ്പോള്‍ അവിടെ മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിക്കാന്‍ ആളെ തപ്പുകയായിരുന്നു. ആന്റോ ചേട്ടനുമുണ്ടായിരുന്നു ലൊക്കേഷനില്‍. പെട്ടെന്ന് ആന്റോ ചേട്ടന്‍ പറഞ്ഞു: ''നിന്നെ മമ്മൂക്കയ്ക്ക് കാണണം''. പേടിച്ചാണ് മമ്മൂക്കയുടെ കാരവനിലേക്ക് പോയത്. അതിനിടെ സംവിധായകന്‍ ഷാഫിയും മറ്റുള്ളവരുംവന്ന് എന്നെ നോക്കി. എനിക്കാണേല്‍ ഒന്നുംമനസ്സിലാവുന്നില്ല.

മമ്മൂക്കയോട് സംസാരിച്ച് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ആന്റോ ചേട്ടന്‍ വന്നു. നീയാണ് മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ ആദ്യം സമ്മതിച്ചില്ല. പിന്നെ അച്ഛന്‍ സംസാരിച്ചപ്പോള്‍ ഓക്കെ പറഞ്ഞു. അതായിരുന്നു തുടക്കം. അതിനുശേഷം 'ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് ' എന്ന സിനിമയില്‍ പ്രധാനവേഷവും ചെയ്തു. എന്നാല്‍, 'തീവ്ര'ത്തില്‍ അഭിനയിച്ചതോടെയാണ് സീരിയസായത്. ഇപ്പോള്‍ 'അയ്യപ്പനും കോശിയി'ലെയും കഥാപാത്രത്തോടെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങി.

വീട്ടിലെ സിനിമാചര്‍ച്ചകള്‍

അനു: എല്ലാസിനിമകളും കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയാണ് കാണാറ്. അമ്മയും ചേട്ടനും ചേച്ചിയും എല്ലാവരുമുണ്ടാകും. സിനിമ കണ്ടുകഴിഞ്ഞ് തിരികെ വരുമ്പോള്‍ത്തന്നെ അമ്മ സിനിമയെപ്പറ്റി അഭിപ്രായം പറയും. ''അത് നിനക്ക് കുറച്ചുകൂടെ നന്നായി ചെയ്യാമായിരുന്നു. നീ വീട്ടിലിരുന്ന് ഇതിലും നന്നായി ചെയ്യാറുണ്ടല്ലോ,'' എന്നൊക്കെ അമ്മ പറയും. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അങ്ങനെത്തന്നെ പറയും. അമ്മയ്ക്ക് സിനിമയില്‍ നമ്മളെക്കാള്‍ പരിചയമുണ്ട്. അതുകൊണ്ടുതന്നെ എല്ലാം അതുപോലെ കേള്‍ക്കും. അമ്മാവനും അതുപോലെത്തന്നെയാണ്.

vinu mohan

വിനു: ഭാര്യ വിദ്യയാണ് എന്റെ വലിയ വിമര്‍ശക. അഭിനയത്തെയും കഥാപാത്രത്തെയും അവള്‍ അങ്ങനെ വിമര്‍ശിക്കാറില്ല. എന്നാല്‍, കോസ്റ്റ്യൂമിലോ കളര്‍ കോമ്പിനേഷനിലോ പ്രശ്‌നമുണ്ടെങ്കില്‍ അവള്‍ അത് പറഞ്ഞുതരും. സിനിമയെയും അഭിനയത്തെയും കീറിമുറിച്ച് വിമര്‍ശിക്കില്ല.

അതുപോലെ അമ്മാവനും എന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഡബ്ബിങ്ങിലെയും അഭിനയത്തിലെയും പ്രശ്‌നങ്ങളാണ് അമ്മാവന്‍ ചൂണ്ടിക്കാണിക്കുക.

അനു: വിനുവേട്ടന്‍ അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട കഥാപാത്രം 'നിവേദ്യ'ത്തിലേതാണ്. ചേട്ടനെ അങ്ങനെ നിഷ്‌കളങ്കനായ അല്ലെങ്കില്‍ നാടന്‍ വേഷങ്ങളില്‍ കാണാനാണ് ആഗ്രഹം.

വിനു: തീവ്രം സിനിമയിലെ രാഘവനെയാണ് അനുചെയ്തതില്‍ ഏറ്റവും ഇഷ്ടം. അവന് അങ്ങനെയുള്ള വേഷങ്ങളാണ് കൂടുതല്‍ യോജിച്ചത്.

കുടുംബവിശേഷങ്ങള്‍

വിനു: 2011-ലായിരുന്നു അച്ഛന്റെ മരണം. അതുവരെ അച്ഛനായിരുന്നു എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അതോടെ മാനസികമായി തകര്‍ന്നു. ബാക്കിയുള്ള കാര്യങ്ങളോടെല്ലാം മടുപ്പായി. 2013-ലായിരുന്നു പൊന്നുവിന്റെ (വിദ്യ മോഹന്‍) വരവ്. പൊന്നുവും സിനിമയില്‍ സജീവമാണ്. മലയാളം, തമിഴ്, കന്നഡ എന്നിവിടങ്ങളില്‍ അഭിനയിച്ചു. വിവാഹസമയം ഞാന്‍ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പക്ഷേ, പൊന്നു എന്നെ മാറ്റിയെടുത്തു. തടിയൊക്കെ കുറപ്പിച്ചു. സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

അനു: ഞാന്‍ പ്രേമിച്ചാണ് കല്യാണം കഴിച്ചത്. അച്ഛന്റെ ബന്ധുവായിരുന്നു മഹേശ്വരി. പ്രേമം എവിടെവെച്ച് തുടങ്ങി എന്നുചോദിച്ചാല്‍ അതറിയില്ല. കഴിഞ്ഞവര്‍ഷം കൂട്ടിന് ജെയ്ഡനും വന്നു. അമ്മ ഞങ്ങള്‍ക്കൊപ്പമാണ്. അമ്മയുടെ പിന്തുണയും എല്ലാ കാര്യത്തിനുമുണ്ട്.

സംവിധാനമോഹം

വിനു: അച്ഛന്റെ നാടകട്രൂപ്പിന് ലൈറ്റും സൗണ്ടും ഓപ്പറേറ്റ് ചെയ്യാന്‍ ഓരോ ആള്‍ വീതമുണ്ടായിരുന്നു. അവര്‍ ആ ജോലി എന്നെയും പഠിപ്പിച്ചിരുന്നു. അവര്‍ എങ്ങാനും ലീവായാല്‍ ഞാനാവും അന്നത് ഓപ്പറേറ്റ് ചെയ്യുക. പിന്നണിയില്‍ പ്രവര്‍ത്തിക്കല്‍ അന്നുതുടങ്ങിയിട്ടുണ്ട്. അമ്മയുടെ കൂടെ ലൊക്കേഷനില്‍ പോകുമ്പോഴും ക്യാമറയ്ക്ക് അടുത്തായിട്ടായിരിക്കും ഇരിക്കുക. അതുകൊണ്ടുതന്നെ പിന്നണിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ അറിയാം. സംവിധാനംചെയ്യാന്‍ ആഗ്രഹമുണ്ട്. നല്ല കഥയും സമയവും ഒത്തുവന്നാല്‍ തീര്‍ച്ചയായും ചെയ്തിരിക്കും.

അനു: ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ. സംവിധായകനാവാന്‍ ഇനിയും ഒരുപാടുകാര്യങ്ങള്‍ പഠിക്കാനുണ്ട്. മുമ്പ് ഞാനും വിഷ്ണുവും ചേര്‍ന്ന് രണ്ട് ഷോര്‍ട്ട്ഫിലിമും മൂന്ന് പരസ്യങ്ങളും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം തിരക്കഥ ഞങ്ങള്‍ രണ്ടുപേരുമായിരുന്നു. സംവിധാനം അവനും. സംവിധാനമോഹമുണ്ടോ എന്നുചോദിച്ചാല്‍, ഇപ്പോഴില്ല. എന്നാല്‍, ഭാവിയില്‍ എന്താകുമെന്ന് പറയാനാകില്ല. അഭിനയം തുടങ്ങിയതുപോലും നിമിത്തമായിരുന്നു.

സിനിമാ അനുഭവം

അനു: ഓരോ സിനിമകളും ഓരോ അനുഭവങ്ങളാണ്. പലതരത്തിലുള്ള ആളുകളെ പരിചയപ്പെടുന്നു. വ്യത്യസ്ത ലൊക്കേഷനുകള്‍ കാണുന്നു. ഇതൊന്നും സാധാരണ യാത്രകളില്‍ സംഭവിക്കാത്തതാണ്. 'പിക്കറ്റ് 43' സിനിമയുടെ ലൊക്കേഷന്‍ കശ്മീരിലായിരുന്നു. അവസാനത്തെ മൂന്നുദിവസം മാത്രമായിരുന്നു എനിക്ക് ഷൂട്ടിങ്. ഓരോ താരത്തിനും ഓരോ കോട്ടേജായിരുന്നു അനുവദിച്ചത്. എന്റെ കോട്ടേജില്‍ ഫോണില്‍ റെയ്ഞ്ചില്ല. എനിക്കാണേല്‍ വീട്ടിലേക്ക് വിളിക്കുകയുംവേണം. ഞാന്‍ അടുത്തുള്ള ഫോട്ടോഗ്രാഫറുടെ കോട്ടേജില്‍ പോയി. അവിടെനിന്ന് വീട്ടിലേക്ക് വിളിച്ചു. അവിടെ കുറേനേരം ഇരിക്കുകയുംചെയ്തു. തിരികെ എന്റെ കോട്ടേജിലേക്ക് വന്നപ്പോള്‍ രംഗമാകെ മാറിയിരുന്നു. പെട്ടെന്ന് ഒരു പട്ടാളക്കാരന്‍ എന്നെ മറ്റൊരു കോട്ടേജിലേക്ക് മാറ്റി പുറത്തുനിന്ന് പൂട്ടി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആകെ ബഹളം. ലൈറ്റ് ഓഫാകുന്നു. സൈറണ്‍ മുഴങ്ങുന്നു. പട്ടാളക്കാരുടെ ബൂട്ടിന്റെ ശബ്ദം. ആകെ പേടിച്ചുപോയി. ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നു എന്ന വിവരം കിട്ടിയിട്ടായിരുന്നു അവര്‍ അലര്‍ട്ടായത്. ഏകദേശം 12 മണിക്കുശേഷമാണ് പിന്നീട് അവര്‍ ആ വാതില്‍ തുറന്നത്. അപ്പോഴാണ് ശ്വാസം നേരെവീണത്.

വിനു: 'പുലിമുരുകനി'ല്‍ ലാലേട്ടന്‍ എന്നെ തോളിലിട്ട് ഫൈറ്റ് ചെയ്തത് മറക്കാനാവാത്ത അനുഭവമാണ്. അതൊരു ഭാഗ്യമായാണ് കാണുന്നത്. സാധാരണ സ്‌റ്റൈലിഷ് ആയിട്ടുള്ള ഫൈറ്റാണ് ഉണ്ടാകാറ്. അത് ചേട്ടന്‍-അനിയന്‍ റിലേഷന്‍ഷിപ്പിന്റെ ഇമോഷന്‍ ബില്‍ഡപ്പായിട്ടുള്ള ഫൈറ്റായിരുന്നു. ആ രംഗം ചിത്രീകരിക്കുന്ന ദിവസങ്ങളില്‍ രാത്രിമാത്രമാണ് ഭക്ഷണം. തലകീഴായി തൂങ്ങിനില്‍ക്കുമ്പോള്‍ ബുദ്ധിമുട്ടാവാതിരിക്കാന്‍വേണ്ടിയാണ് മറ്റുള്ളസമയം ഭക്ഷണം ഒഴിവാക്കിയത്. ആ സമയം ലാലേട്ടന് തോള്‍വേദനയുമുണ്ടായിരുന്നു. എന്നാലും എന്നെ എങ്ങനെ കംഫര്‍ട്ടബിള്‍ ആക്കാം എന്നായിരുന്നു ലാലേട്ടന്‍ ശ്രദ്ധിച്ചിരുന്നത്. ആ നാലുദിവസം ഒരിക്കലും മറക്കാനാവില്ല. ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്തെ ഞങ്ങളുടെ പ്രവര്‍ത്തനം അദ്ദേഹം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയുംചെയ്തു. ജീവിതത്തില്‍ സര്‍പ്രൈസ് തരുന്ന സ്വന്തം ചേട്ടനായിട്ടാണ് ഞാന്‍ ലാലേട്ടനെ കാണുന്നത്.

ലോക്ഡൗണ്‍ കാലത്തെ പ്രവര്‍ത്തനം

വിനു: ലോക്ഡൗണില്‍ ഏറക്കുറെ എല്ലാവര്‍ക്കും ബോറടിച്ചു. പക്ഷേ, ഞങ്ങള്‍ ഒന്നു തിരിച്ചുനടന്നു. ഡിഗ്രിക്ക് പഠിക്കുന്ന കാലംതൊട്ട് തെരുവോരം മുരുകനൊപ്പം സന്നദ്ധപ്രവര്‍ത്തനം തുടങ്ങിയിരുന്നു. സിനിമയില്‍ തിരക്കായപ്പോള്‍ അതിന് സമയം കിട്ടിയില്ല. ഈ ലോക്ഡൗണ്‍ കാലത്ത് വീണ്ടും മുരുകനൊപ്പം ചേര്‍ന്നു.

vinu mohan lockdown

 

തെരുവില്‍ അലയുന്ന കുറേപ്പേരെ കണ്ടെത്തി. അവരെ കുളിപ്പിച്ചു, ഭക്ഷണവും വസ്ത്രവും നല്‍കി. ഇത്തവണ ഭാര്യ വിദ്യയും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയുംചെയ്തു. ഏറെ സന്തോഷംതോന്നിയ ദിവസമായിരുന്നു അത്.

vinu mohan

അനു: ലോക്ഡൗണില്‍ സമയംകൊല്ലാന്‍ പലവഴികളും നോക്കി. ഒരുദിവസം പഴയ സാധനങ്ങള്‍ തപ്പുന്നതിനിടയില്‍ ഒരു ഹാര്‍ഡ് ഡിസ്‌ക് കണ്ടു. പണ്ടുവരച്ച കുറേ ചിത്രങ്ങളുണ്ടായിരുന്നു ഹാര്‍ഡ് ഡിസ്‌കില്‍. അതോടെ പഴയ ഡ്രോയിങ് കിറ്റ് തപ്പിയെടുത്ത് വര തുടങ്ങി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ രണ്ടുതവണ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഒരുതവണ സെക്കന്‍ഡും ഒരുതവണ മൂന്നാംസ്ഥാനവും നേടി. എന്നാല്‍, ചിത്രരചന അത്ര സീരിയസാക്കിയില്ല. ഇടയ്ക്ക് ഓരോന്ന് വരയ്ക്കും എന്നതല്ലാതെ അതില്‍ വല്യ താത്പര്യമൊന്നുമില്ലായിരുന്നു. ഇപ്പോ വീണ്ടും വരച്ചു. 'ചെമ്മീനി'ലെ ചെമ്പന്‍കുഞ്ഞിനെയായിരുന്നു ആദ്യം വരച്ചത്. പിന്നെ ജയേട്ടനെയും മഞ്ജുചേച്ചിയെയുമൊക്കെ വരച്ചു. രണ്ടാളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് എനിക്ക് ഇങ്ങനെ ഒരു കഴിവുമുണ്ടെന്ന് ആളുകള്‍ അറിഞ്ഞത്.

Content Highlights : actor vinu mohan family interview sobha mohan lockdown service and movies