ബ്‌സ്മാഷ് വീഡിയോകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും പരിചയമുള്ള മുഖമാകും വിനീത കോശിയുടേത്. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് വിനീത മലയാളത്തിലെത്തിയത്. പിന്നീട് മൗനം സൊല്ലും വാര്‍ത്തൈകള്‍ എന്ന തമിഴിലെ പ്രണയഗാനആല്‍ബം ഹിറ്റായതോടെ വിനീതയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ടായി. ഒറ്റമുറി  വെളിച്ചം എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാര ജേതാവുമായി. ഇനിയും വിനീതയെ അറിയാത്തവര്‍ക്ക് ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ലൂക്കയിലൂടെ അറിയാം, പരിചയപ്പെടാം. വിനീത കോശി മാതൃഭൂമി ഡോട്ട് കോമിനോട് ലൂക്കയുടെ വിശേഷങ്ങള്‍ പങ്കു വെയ്ക്കുന്നു.

ഡബ്‌സ്മാഷ് ചെയ്ത് ആനന്ദത്തിലേയ്ക്ക്.. കല്‍പ്പനയുടെ ഡബ്‌സ്മാഷ് ആണ് തരംഗമായത്..

ഡബ്‌സ്മാഷിന്റെ കാലമൊക്കെ അവസാനിക്കാറായപ്പോഴാണ് ഞാനിതു ചെയ്യുന്നത്. കല്‍പ്പനയുടെ ഡബ്‌സ്മാഷ് വീഡിയോ ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. സ്വന്തമായൊരു യൂട്യൂബ് ചാനല്‍ എന്ന ആഗ്രഹം ആദ്യമേ മനസിലുണ്ടായിരുന്നു. വിനീതേട്ടനാണ് ആദ്യം എനിക്ക് മെസേജ് അയച്ചത്. എക്‌സ്‌പെക്ടേഷന്‍ വേഴ്‌സസ് റിയാലിറ്റി എന്ന ഒരു വീഡിയോ ഞാന്‍ ചെയ്തിരുന്നു. അതു കണ്ടിട്ടാണ് വിനീതേട്ടന്‍ നിര്‍മ്മിക്കുന്ന ആനന്ദം എന്ന സിനിമയ്ക്കു വേണ്ടി എന്നെ വിളിക്കുന്നത്. മൂന്നു പേര്‍ മാറി മാറി വന്നു പോയി ആ അധ്യാപികയുടെ റോളിന്. ഇങ്ങനെ അന്വേഷിച്ച് നടന്നാണ് ഒടുവില്‍ എന്റെ വീഡിയോ കാണുന്നതും ഞാന്‍ സിനിമയിലെത്തുന്നതും. പ്രയാസമുള്ള ഒരു റോളായിരുന്നില്ല. പേടിയുണ്ടായിരുന്നു എന്നു മാത്രം. പിന്നെ ആ ഗ്രൂപ്പുമായി ഫ്രണ്ട്‌ലിയായി. പിന്നെ എല്ലാം ശരിയായി. ഷൂട്ടിന്റെ രണ്ടാം ദിവസം ഞാന്‍ സെറ്റിലെത്തി. 

പിന്നെ പ്രണയനായികയായി മൗനം സൊല്ലും വാര്‍ത്തൈകളില്‍..

ഒരു ഷോര്‍ട്ട് ഫിലിമിനു വേണ്ടിയാണ് മൗനം സൊല്ലും വാര്‍ത്തൈകളിന്റെ സംവിധായകന്‍ രാഹുല്‍ രവി നായര്‍ വിളിച്ചത്. അതെനിക്ക് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ അന്നേ നമ്പര്‍ കൈവശം വച്ചു. പിന്നെ ഈ മ്യൂസിക് വീഡിയോ ഐഡിയ വന്നപ്പോള്‍ എന്നെ വിളിക്കുകയായിരുന്നു. എന്നോടവര്‍ പറഞ്ഞു. ഇത് വേറെ ലെവലാണ്. സാധാരണ പ്രണയമല്ല എന്നൊക്കെ. ഇതു വരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് കാണിക്കുക.. എന്നെക്കൊണ്ട് റൊമാന്‍സ് ഒക്കെ പറ്റുമോ എന്ന ആശങ്ക എനിക്കുമുണ്ടായിരുന്നു. പക്ഷേ അവരൊക്കെയായി കൂ്ട്ടായി. അഭിനയവും എളുപ്പമായി.

അന്ന് സഹതാരമായിരുന്ന അഭിമന്യുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍..

Mounam Sollum Varthaigal
മൗനം സൊല്ലും വാര്‍ത്തെകള്‍ എന്ന ആല്‍ബത്തില്‍ വിനീത കോശിയും അഭിമന്യുവും

ആ വീഡിയോയില്‍ കാണുന്ന പോലെ പാവമായ ഒരാള്‍.. ആനന്ദത്തില്‍ അഭിനയിച്ചതിനു ശേഷമാണ് മ്യൂസിക് വീഡിയോ ചെയ്യുന്നത്. അപ്പോള്‍ ഒരു നടിയെന്ന ബഹുമാനത്തോടെയാണ് എന്നെ സമീപിച്ചത്. എന്നോട് മിണ്ടാനൊക്കെ ബുദ്ധിമുട്ടി. പിന്നീടാണ് ശരിയായത്. സിനിമയെ ഒരുപാടു സ്‌നേഹിച്ചിരുന്ന, സിനിമയില്‍ എവിടെയെങ്കിലുമൊക്കെ എത്തണമെന്ന് ആഗ്രഹിച്ചിരുന്ന നല്ല ഒരു സോള്‍. 
 
സിനിമാത്തിരക്കുകള്‍ കൂടിയപ്പോള്‍ ജോലി ഉപേക്ഷിച്ചു..

എബി പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ തൊട്ട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. പീഡിയാട്രിക് കൗണ്‍സിലര്‍ ആണ്. 54 ദിവസം ആനന്ദത്തിനൊപ്പം നിന്ന് അവസാന ദിവസം തന്നെ എബിയിലേക്ക് ക്ഷണം കിട്ടി. അത്രയും ദിവസം ലീവെടുത്ത് വീണ്ടും അടുത്ത സിനിമയ്ക്കു വേണ്ടി അവധിയെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം ഞാന്‍ ജോലി ഉപേക്ഷിച്ചു. എബി ചെയ്തു തുടങ്ങിയപ്പോഴാണ് സിനിമയില്‍ തന്നെ നിക്കണമെന്ന ആഗ്രഹം കൂടി വന്നത്. പയ്യെപ്പയ്യെ, ജോലി വിടുകയായിരുന്നു. 

സംസ്ഥാന അവാര്‍ഡ് ജേതാവാണ്.. എങ്കിലും വിനീതയെ അറിയാത്തവര്‍ ഇന്നുമുണ്ട്.. അറിയാന്‍ പോകുന്നത് ലൂക്കയിലൂടെ..

vinitha koshy ottamuri velicham
ഒറ്റമുറി വെളിച്ചത്തില്‍ വിനീത കോശി

കമ്മേഴ്‌സ്യല്‍ ഹിറ്റ് സിനിമയായിരുന്നില്ലല്ലോ ഒറ്റമുറി വെളിച്ചം. അത് തീയേറ്ററില്‍ റിലീസ് ചെയ്തിരുന്നില്ല. അത്തരം പടങ്ങള്‍ തീയേറ്ററില്‍ പോയി ആരും കാണില്ലല്ലോ എന്നുള്ളതുകൊണ്ടു തന്നെ. പിന്നെ ആനന്ദത്തിന്റെ പോസ്റ്ററുകളില്‍ പോലും അത്ര വിസിബിളിറ്റിയുണ്ടായില്ല. അത്രേയുള്ളൂ.. പിന്നെ കൂടുതലും എനിക്കു വരുന്ന ഓഫറുകള്‍ പാരലല്‍ സിനിമകളാണ്.

ഇനി ലൂക്കയിലൂടെ വിനീതയെ അറിയാത്തവരും അറിയും..

vinithaലൂക്കയിലേത് ചെറിയ റോളാണ്. പക്ഷേ സിനിമയില്‍ പ്രധാന ക്യാരക്ടറാണ്. അതോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു കാര്യം, കാലില്‍ പ്ലാസ്റ്ററിട്ടാണ് ലൂക്കയില്‍ അഭിനയിക്കുന്നത്. ലൂക്കയ്ക്കു മുമ്പ് ഒരു പാരലല്‍ സിനിമ ചെയ്തിരുന്നു. ഒരു അത്‌ലറ്റിന്റെ റോളാണ് അതില്‍ ചെയ്തത്. അതിന്റെ ഷൂട്ടിനിടയില്‍ പറ്റിയ അപകടമാണ്.  ഉപ്പൂറ്റിക്കു മുകളിലായി പൊട്ടലുണ്ടായി പ്ലാസ്റ്ററിട്ടിരുന്നു. കാല്‍ നിലത്തു കുത്താനാവില്ലായിരുന്നു. സിനിമയില്‍ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകും. എല്ലാമിരുന്നുകൊണ്ടുള്ള രംഗങ്ങളാണ്. നിന്നിട്ടുള്ള ഷോട്ടുകളിലെല്ലാം വേദന അനുഭവിച്ചിരുന്നു. അപകടം പറ്റുന്നതിനു മുമ്പെ അഭിനയിക്കാമെന്നേറ്റ സിനിമയായിരുന്നു. മാറുമെന്നു ചിന്തിച്ച് കുറച്ചുനാള്‍ അവരോട് പറഞ്ഞില്ല. പിന്നെയാണ് ഷൂട്ട് നേരത്തെയാക്കിയെന്നു വിളിച്ചു പറയുന്നത്. അതിനിടയില്‍ വന്ന ഒരു സിനിമ എനിക്കു നഷ്ടപ്പെട്ടിരുന്നു. ഇനി ഇതും പോകേണ്ടെന്നു കരുതി അഭിനയിക്കാമെന്നു തീരുമാനിച്ചു. സെറ്റില്‍ വന്നാല്‍ ബുദ്ധിമുട്ടാവില്ലേ എന്നെല്ലാം ഞാന്‍ ചോദിച്ചു. എന്നാല്‍ നന്ദി പറയേണ്ടത് പ്രൊഡക്ഷന്‍ ടീമിനോടാണ്. അവരെനിക്ക് ക്യാരവാനടക്കം യാത്രാ സൗകര്യമെല്ലാമൊരുക്കിത്തന്നു. ഒരു കുറവും അനുഭവിച്ചിട്ടില്ല. സംവിധായകനും തിരക്കഥാകൃത്തും വിളിച്ചു സംസാരിച്ചു. ചെയ്യാനാഗ്രമുണ്ടെങ്കില്‍ ചെയ്യണമെന്ന് പറഞ്ഞ് ആത്മവിശ്വാസം പകര്‍ന്നു. അങ്ങനെ പോയി ചെയ്തതാ. പ്ലാസ്റ്ററിട്ട കാല്‍ മറച്ചു പിടിച്ച് ഒറ്റ കാല്‍ കൊണ്ട് ബൈക്കില്‍ കയറി.. അങ്ങനെയൊക്കെയാണ് അഭിനയിച്ചത്.

അപകടം എങ്ങനെ സംഭവിച്ചു?

അത്‌ലറ്റായി അഭിനയിച്ച സിനിമയ്ക്കുവേണ്ടി വെയ്റ്റ് ലിഫ്റ്റിങ് ചെയ്തു. പടം തുടങ്ങുന്നതിന് ഒരുമാസം ഉള്ള സമയത്ത് എനിക്ക് കലശലായ വേദന വന്നു. നാലഞ്ചു മാസം കൊണ്ട് ചെയ്യേണ്ട പരിശീലനം ഒരു മാസം കൊണ്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കാലിനു സ്‌ട്രെയിന്‍ ആയതാ. ഈ കാലും കൊണ്ട് സെറ്റിലൊക്കെ നടക്കാനാവുമോ എന്ന ആശയക്കുഴപ്പം നല്ലപോലെ എനിക്കുണ്ടായിരുന്നു. പക്ഷേ ഈ കാരണം കൊണ്ട് ലൂക്ക വേണ്ടെന്നു വച്ചിരുന്നെങ്കില്‍ എനിക്കു വലിയ നഷ്ടമായിപ്പോയേനെ..

ടൊവിനോയോടൊപ്പമുള്ള അനുഭവം..

ടൊവിനോ നന്നായി സംസാരിക്കും. ആദ്യം ചെറിയ പേടിയുണ്ടായി. അങ്ങോട്ടു ചെന്ന് സംസാരിക്കാനുള്ള ബുദ്ധിമുട്ട്. സെറ്റിലെ എല്ലാവരുമായി ഫ്രണ്ട്‌ലിയായിരുന്നു. ഞാനും പെട്ടെന്ന് കൂട്ടായി. 

സിനിമയല്ലാതെ മറ്റുമോഹങ്ങള്‍..

യൂട്യൂബ് ചാനലൊന്ന് പൊടി തട്ടിയെടുക്കണമെന്നു കുറെ നാളായി ചിന്തിക്കുന്നു. അന്ന് അഭിനയത്തെക്കുറിച്ചോ ലുക്കിനെക്കുറിച്ചോ ഒന്നും ഭയപ്പെടാതെയാണ് അതൊക്കെ ചെയ്തത്. ഇനി ചെയ്യുമ്പോള്‍ വ്യത്യസ്ത വേണമെന്ന് മോഹമുണ്ട്. സിനിമയാണ് ഇപ്പോള്‍ സ്വപ്‌നം. സിനിമയോടുള്ള ഇഷ്ടം തീരുന്നില്ല. ജീവനുള്ള സിനിമയില്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കാനാണ് ആഗ്രഹം തോന്നുന്നത്.

Content Highlights : actor vinitha koshy interview, Luca malayalam movie, Tovino Thomas, Ahana krishnakumar, Arun Bose, Luca release