ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫർ കണ്ടിറങ്ങിയ ഒരു പ്രേക്ഷകനും ബോബിയെ മറക്കാനാകില്ല. ബോളിവുഡ് താരം വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലൻ കഥാപാത്രത്തിന് മലയാളികൾ നൽകിയ കയ്യടി മറ്റൊരു തെന്നിന്ത്യൻ നടനും കൂടി അവകാശപ്പെട്ടതാണ്. വിവേകിന്റെ ചുണ്ടനക്കത്തിനൊപ്പം കൃത്യതയോടെ ഹിന്ദി ചുവയുള്ള മലയാളം പറഞ്ഞ് ബോബിയുടെ ശബ്ദമായി മാറിയ നടൻ വിനീതിന്. ഇത് സമ്മതിക്കുകയാണ് സംസ്ഥാന സർക്കാരും.

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഡബ്ബിങ്ങ് ആർടിസ്റ്റിനുള്ള പുരസ്കാരം ഇത്തവണ ലഭിച്ചത് വിനീതിനാണ്. ലൂസിഫറിന് പുറമേ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവുമാണ് വിനീതിന് പുരസ്കാരം നേടിക്കൊടുത്തത്. ലൂസിഫറിൽ വിവേക് ഒബ്റോയിയുടെ ശബ്ദമായപ്പോൾ മരക്കാറിൽ അർജുൻ സർജയുടെ ശബ്ദമായി വിനീത്. ഓൺലൈൻ ക്ലാസുകളുടെ തിരക്കിനിടയിലാണ് വിനീത് മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കാനിരുന്നത്.ക്ലാസുകൾ എടുക്കന്നതിനൊപ്പം ഡോക്ടർ പദ്മ സുബ്രഹ്മണ്യത്തിന്റെ ക്ലാസിൽ വിദ്യാർഥിയായും മാറുന്നു മലയാളത്തിന്റെെ പ്രിയ നടൻ..

വലിയ അം​ഗീകാരം

വലിയ അം​ഗീകാരമാണ് ഇത്. പുരസ്കാരങ്ങൾ എപ്പോഴും ഒരു അഭിനേതാവിന് ലഭിക്കുന്ന ആദരവാണ്. ഒരു കലാകാരന് അത് മുന്നോട്ടുള്ള പ്രചോദനമാണ്. ഈ പുരസ്കാരം ശരിക്കും ഒരു ടീം വർക്കാണ്. സംവിധായകൻ, അഭിനേതാവ്, മറ്റ് ടെക്നീഷ്യന്മാർ എന്നിവരുടെയെല്ലാം സംഭാവന ഉണ്ട്. അതുകൊണ്ട് ഈ പുരസ്കാരം ലാലേട്ടനും ലൂസിഫറിന്റെയും മരക്കാറിന്റെയും മുഴുവൻ ടീമിനും സമർപ്പിക്കുകയാണ്.

എന്റെ 'ശബ്ദ'ങ്ങൾ

ഞാൻ സിനിമയിൽ വന്ന സമയത്ത് കൃഷ്ണചന്ദ്രേട്ടനാണ് എനിക്ക് ഡബ്ബ് ചെയ്തിരുന്നത്. സർ​ഗം, കാബൂളിവാല തുടങ്ങിയ ചിത്രങ്ങൾക്കൊക്കെ അദ്ദേഹമാണ് ഡബ്ബ് ചെയ്തത്. പിന്നെ ഇടവേള ബാബുവും എനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. കാബൂളിവാലയ്ക്ക് മികച്ച ഡബ്ബിങ്ങ് ആർടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം കൃഷ്ണചന്ദ്രേട്ടന് ലഭിച്ചു. ഇന്നലെ അദ്ദേഹവുമായി ഞാൻ കുറേ നേരം സംസാരിച്ചിരുന്നു. ചെറിയ പ്രായത്തിലാണ് ഞാൻ സിനിമയിലെത്തുന്നത്.

പതിനഞ്ച് വയസ് എന്ന് പറയുന്നത് ഒരു പരിവർത്തന സമയമാണ് പ്രത്യേകിച്ച് ശബ്ദത്തിന്. നായക കഥാപാത്രം ചെയ്തിരുന്നത് കൊണ്ട് തന്നെ ശബ്ദത്തിന്റെ മോഡുലേഷനും മറ്റും കൃത്യമായിരിക്കണം. പഠിച്ച് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് മറ്റൊരാളുടെ ശബ്ദം എനിക്ക് വേണ്ടി ഉപയോ​ഗിക്കുന്നത്. കൃഷ്ണചന്ദ്രേട്ടൻ ആ സമയത്ത് പല റഹ്മാൻ, കുഞ്ചാക്കോ ബോബൻ തുടങ്ങി പല നായകന്മാർക്കും ശബ്ദം നൽകിയിരുന്നു. ​ഗസൽ, സമൂഹം എന്നീ ചിത്രങ്ങൾ ചെയ്യുന്ന സമയത്താണ് ഞാൻ ഡബ്ബിങ്ങിനെ സീരിയസായി കണ്ടു തുടങ്ങുന്നത്. ഫാസിൽ സാറിന്റെ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങ് പഠനകളരിയായിരുന്നു. അദ്ദേഹം ഇരുത്തി പഠിപ്പിച്ച് ചെയ്യിപ്പിച്ചതാണ്.

ഡബ്ബിങ്ങ് വലിയൊരു കലയാണ്

ഡബ്ബിങ്ങ് നമ്മൾ ഏതൊരു സിനിമയ്ക്കായാലും ചെയ്യുന്നതല്ലേ. പക്ഷേ മറ്റൊരാൾക്ക് ശബ്ദം നൽകുമ്പോൾ ആ കഥാപാത്രത്തെ നന്നായി മനസിലാക്കിയിരിക്കണം. അതിന് പൃഥ്വിരാജ് എന്നെ വളരെയധികം സഹായിച്ചു. എങ്ങനെ ചെയ്യണമെന്ന് കൃത്യമായി പൃഥ്വി പറഞ്ഞു തന്നു. മരക്കാറിലെ കഥാപാത്രം ലൂസിഫറിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. ചരിത്ര കഥാപാത്രമാണ്, സീനിയർ നടനായ അർജുൻ സാറാണ് അനന്തൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. അത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. അദ്ദേഹത്തോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. നടനെന്നതിലുപരി നല്ലൊരു സുഹൃത്തും കൂടിയാണ് അദ്ദേഹം. പ്രിയൻ സാറും ഇതുപോലെ കൂടെയിരുന്ന് പറഞ്ഞു ചെയ്യിപ്പിച്ചതാണ്.

ഡബ്ബിങ്ങ് എന്നത് വലിയൊരു കലയാണ്. ഒരുപാട് നടീനടന്മാർ മറ്റു നടീ നടന്മാർക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. രേഖ മാഡം, ശ്രീദേവി ജി ക്കായി ആദ്യ കാലങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട്. രേവതി, രോഹണി, സരിത ചേച്ചി എന്നിവരൊക്കെ വലിയ ഡബ്ബിങ്ങ് താരങ്ങളാണ്. തബു, ന​ഗ്മ, വിജയശാന്തി എന്നിവരുടെയൊക്കെ തെലുങ്ക് ചിത്രങ്ങൾക്ക് ഡബ്ബ് ചെയ്തിരുന്നത് സരിത ചേച്ചിയാണ്. ഞാൻ കേട്ടിട്ടുണ്ട്, ചേച്ചി രാവിലത്തെ ഫ്ലൈറ്റിന് ഹൈദരാബാദിൽ പോയി ഡബ്ബിങ്ങ് തീർത്ത് വൈകുന്നേരത്തെ ഫ്ലൈറ്റിന് തിരിച്ചു വരും. അത്രയ്ക്കും പ്രശസ്തയായ ഡബ്ബിങ്ങ് ആർടിസ്റ്റായിരുന്നു അവർ. അതുപോലെ എസ്പി ബാലസുബ്രഹ്മണ്യം സർ. ഇത് വലിയൊരു കലയാണ്. ആ കലയുടെ ഭാ​ഗമാവാൻ കഴിഞ്ഞു ഭാ​ഗ്യം.

അഭിനയവും ‍ഡബ്ബിങ്ങും ഞാൻ ആസ്വദിച്ച് ചെയ്യുന്നവയാണ്. ചെയ്യുന്നതെന്തോ അതിൽ നൂറ് ശതമാനം നൽകുക എന്നുള്ളതാണ്. അതുപോലെ തന്നെയാണ് നൃത്തസംവിധാനവും . കാംബോജി എന്ന ചിത്രത്തിന് ഞാനാണ് നൃത്തസംവിധാനം ചെയ്തത്. അതിന് മികച്ച നൃത്ത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ഞാനൊരു നർത്തകനാണ്, നൃത്തമാണ് എന്റെ ജീവൻ. പക്ഷേ സിനിമയ്ക്ക് നൃത്ത സംവിധാനം നിർവഹിക്കുക എന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ്.

പുതിയ പ്രോജക്ട്

അഖിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമാണ് പുതിയ ചിത്രം.  പേരിട്ടിട്ടില്ല. ചിത്രത്തിലെ എന്റെ ഭാ​ഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു. ഈ കോവിഡ് സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ചിത്രീകരണം പൂർത്തിയാകും. കീർത്തി സുരേഷ്, നിതിൻ എന്നിവർ നായികാനായകന്മാരായെത്തുന്ന വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഒരു തെലുങ്ക് ചിത്രം കൂടി അണിയറയിലുണ്ട്. അതിന്റെ ഷൂട്ടിങ്ങിൻറെ ഭാ​ഗമായി ഹൈദരാബാദിൽ പോയി വന്നേയുള്ളൂ. ലോക്ക്ഡൗണിന് ശേഷം ചെയ്ത ആദ്യ ചിത്രമാണ്., എല്ലാ കോവിഡ് മാനദണ്ഡങ്ങളോടെയുമാണ് ചിത്രം പൂർത്തിയാക്കിയത്. അങ്ങനെ പതുക്കേ ജോലിയിലേക്ക് തിരിച്ചെത്തുന്നു ഒപ്പം എല്ലാം വേ​ഗം മാറാൻ പ്രാർഥിക്കുകയും ചെയ്യുന്നു.

Content Highlights : Actor vineeth Kerala state Film Awards Best Dubbing Artist Lucifer Marakkar