അനുഭവങ്ങള്‍കൊണ്ടും ജീവിതപരിസരംകൊണ്ടും വിനായകന് വ്യത്യസ്തനാണ്, മലയാളസിനിമയിലെ നടപ്പുരീതിയെ പൊളിച്ചെഴുതിയ നടന്. സമാനതകളില്ലാത്ത അഭിനയവും ഇടപെടലുകളും. തുറന്നടിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍.
മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലെ ഫയര്ഡാന്സര് മുതല്‍ കമല്‍ ചിത്രം പ്രണയമീനുകളുടെ കടലില്‍ ഐദ്രുവില്വരെ എത്തിയിരിക്കുകയാണ് വിനായകന്റെ അഭിനയയാത്ര. ''സിനിമയിലെത്തി പതിനെട്ടുവര്‍ഷം കഴിഞ്ഞിട്ടാണ് എന്റെ മുഖം ആദ്യമായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. എനിക്ക് പബ്ലിസിറ്റി വേണ്ട, ജീവിതത്തില്‍ അഭിനയിക്കാനറിയില്ല, മാധ്യമങ്ങളോട് സംസാരിച്ചതുകൊണ്ട് എനിക്കെന്താണ് ഇന്ന് മെച്ചം.'' അഭിമുഖങ്ങള്‍ക്ക് പിടിതരാതെ കുതറുന്ന വിനായകന് വിയോജിപ്പുകള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങിയത്.
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലേക്ക് എങ്ങനെയാണ് എത്തുന്നത്?
സംവിധാനം കമല്‍, രചന ജോണ്‍പോള്‍, പിന്നെ എന്റെ കഥാപാത്രം സ്രാവ് വേട്ടക്കാരനായ കടലിന്റെ മകന് ശുറാവ് ഐദ്രു- ഈ മൂന്നുകാര്യങ്ങളാണ് എന്നെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ചത്. കഥയും തിരക്കഥയും പൂര്‍ണമായി വായിച്ച് അഭിനയിക്കുന്ന പതിവില്ല. വ്യക്തികളെ വിശ്വസിച്ചിറങ്ങുന്നതാണ് രീതി. ഒരാള്‍ കഥപറയുമ്പോള്‍ അയാള്‍ സിനിമചെയ്യാന്‍ പ്രാപ്തനായ വ്യക്തിയാണോ എന്നുമാത്രമാണ് ചിന്തിക്കുക.
തിരക്കഥയില്‍ കാര്യമില്ലെന്നാണോ?
എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്, എഴുതിവെച്ചതില്‍ വിശ്വാസമില്ല. ഒരു മഴവന്നാല്‍ മാറിപ്പോകുന്ന സീനുകളാണ് പലപ്പോഴും തിരക്കഥയായി ഉയര്‍ത്തിക്കാണിക്കുന്നത്. അങ്ങനെ അല്ലാത്ത സിനിമകളും ഉണ്ട്. ചിലര്‍ കഥയെയും കഥാപാത്രത്തെയും കുറിച്ച് വിവരിച്ചശേഷം സീന്‍ എടുക്കാന്‍ തുടങ്ങും. സംഭാഷണങ്ങള്‍ അവസരത്തിനൊത്ത് അവിടെവെച്ച് നല്കേണ്ടിയിരിക്കും. കമ്മട്ടിപ്പാടം ചെയ്യുമ്പോള്‍ രാജീവ് അധികമൊന്നും സംസാരിക്കില്ല, ഒരു ബേസിക് കണ്ടന്റ് മാത്രമേയുള്ളൂ. ബാക്കിയെല്ലാം അവിടെവെച്ച് ചെയ്യുകയായിരുന്നു. പ്രണയമീനുകളുടെ കടല്‍ പൂര്‍ണമായും കമല്‍സാറിന്റെ സിനിമയാണ്. ഓരോ സംഭാഷണവും രംഗവും എങ്ങനെ വേണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ഒരു നടന് എന്ന നിലയില്‍ എനിക്ക് ഇങ്ങനെ രണ്ടുരീതിയിലും അഭിനയിക്കുന്നതില്‍ പ്രശ്നമില്ല. സംവിധായകന് എന്തുവേണമോ അതുനല്കാനാണ് ശ്രമിക്കുക.
പ്രണയമീനുകളുടെ കടലില്‍ ലക്ഷദ്വീപ് ഭാഷയാണ് സംസാരിക്കുന്നത്, നാവിന്‍തുമ്പില്‍നിന്ന് കൊച്ചിമലയാളത്തെ മാറ്റിനിര്‍ത്തി അഭിനയിക്കാന്‍ പ്രയാസപ്പെടേണ്ടിവന്നോ?
കമ്മട്ടിപ്പാടവും തൊട്ടപ്പനുമാണ് കൊച്ചിമലയാളം പറഞ്ഞ് അഭിനയിച്ചത്. ആ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടുണ്ടാകുന്ന സംശയമാണിത്. കൊച്ചി സ്ലാങ്ങിലല്ലാത്ത ഒരു പാട് കഥാപാത്രങ്ങള്‍ ഇതിനുമുന്‍പും അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്, തെലുഗ് സിനിമകളിലെല്ലാം അവരുടെ പ്രാദേശിക മൊഴിവഴക്കങ്ങള്‍ പ്രകടിപ്പിക്കുന്ന സംസാരങ്ങളാണ് ഉപയോഗിച്ചത്. പ്രണയമീനുകളുടെ കടലിനായി മലയാളവും തമിഴും കലര്‍ന്ന ഭാഷയാണ് സംസാരിച്ചത്, മുന്നൊരുക്കങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
നീന്തല്‍ അറിയാത്ത വിനായകന് സ്രാവുവേട്ടക്കാരന് ഐദ്രുവായി കടലിലേക്കിറങ്ങാന്‍ തീരുമാനിച്ചത് എന്തിന്റെ ധൈര്യത്തിലായിരുന്നു?
സിനിമയ്ക്കു മുന്‍പ് എനിക്ക് നീന്തല്‍ വശമില്ലായിരുന്നു. എന്നാല്‍, സിനിമകഴിഞ്ഞപ്പോഴേക്കും നീന്താന്‍ പഠിച്ചു.
ആദ്യമായാണ് ലക്ഷദ്വീപില്‍ പോകുന്നത്. കടലിനടിയില്‍ ചെന്ന് സ്രാവിനോട് യുദ്ധംചെയ്ത് വേട്ടയാടുന്ന കടലിന്റെ മകനാണ് ഐദ്രു.
കടലില്‍ ആറുമീറ്റര്‍ അടിയില്വെച്ചാണ് ചിത്രീകരണം നടക്കുന്നത്. അതിനായുള്ള സജ്ജീകരണങ്ങളെല്ലാം തയ്യാറാക്കി അണ്ടര്‍ വാട്ടര്‍ ക്യാമറയും ക്യാമറാമാനും സ്റ്റണ്ട് മാസ്റ്ററുമെല്ലാമായി ഞങ്ങള്‍ ബോട്ടില്‍ കയറിപ്പോള്‍ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. ലൊക്കേഷനെത്തിയതും സ്റ്റണ്ട് മാസ്റ്റര്‍ കടലിലേക്ക് എടുത്തുചാടുകയായിരുന്നു. ദൈവമേയെന്ന് വിളിച്ച് ഞാനും ചാടി. ചാകും മുന്‍പ് കരക്കെത്തിക്കുമെന്ന് വാക്കുനല്കി നാലഞ്ചുപേര് ബോട്ടിലിരുപ്പുണ്ടായിരുന്നു. അവരെ വിശ്വസിച്ചാണ് ചാടിയത്. ഇത്രയും പേരില്ലേ ആരേലും രക്ഷിക്കുമെന്നനിക്കുറപ്പുണ്ടായിരുന്നു.
അണ്ടര്‍ വാട്ടര്‍ ക്യാമറയുപയോഗിച്ചുള്ള രംഗങ്ങള്‍ മലയാളത്തിന് അധികം പരിചയമില്ല, ചിത്രീകരണവിശേഷങ്ങള്‍?
പത്തുദിവസം കടലിന്റെ അടിത്തട്ടില്വെച്ചായിരുന്നു ചിത്രീകരണം. കടലിന്റെ അടിത്തട്ടിലേക്ക് പോകുകയെന്നത് പ്രയാസമായിരുന്നു. താഴാന്വേണ്ടി രണ്ടു കൈയിലും പത്തുകിലോ ഭാരമുള്ള കട്ടികള്‍ പിടിച്ച് താഴേക്ക് നീങ്ങി. താഴെ തട്ടില്‍ പോയി കട്ടി ഒഴിവാക്കിയായിരുന്നു അഭിനയം. മീനിനെ വേട്ടയാടുന്ന വലിയൊരു കുന്തവുംവെച്ചായിരുന്നു വെള്ളത്തിനടിയിലെ പ്രകടനം. കുന്തം യഥാര്‍ഥ ഭാരത്തിലുള്ളതായിരുന്നു. ഡമ്മിയാണെങ്കില് അത് വെള്ളത്തില്‍ പൊങ്ങിപ്പോകുമായിരുന്നു. ശ്വാസം പിടിച്ചുവെച്ച് അഭിനയിച്ചു. ശ്വാസം മുട്ടിത്തുടങ്ങുമ്പോഴേക്കും കൈകാലിട്ടടിച്ച് മുകളിലേക്ക് പൊന്തിവരും. കുറെ വെള്ളംകുടിച്ചും മൂന്നുനാലു ദിവസം ശരിക്കും കഷ്ടപ്പെട്ടു. നീന്തല്‍ അറിയില്ലെങ്കിലും ചിത്രീകരണം സ്റ്റുഡിയോയിലേക്ക് മാറ്റാന്‍ ഞാന്‍ സമ്മതിച്ചില്ല. കൂടുതല്‍ വിശേഷങ്ങളൊന്നും പറയാനില്ല. അഭിനയിച്ച് കഴിഞ്ഞാല്‍ നേരേ മുറിയിലേക്ക് പോകുന്ന വ്യക്തിയാണ് ഞാന്‍.
സിനിമയില്‍ തിരക്കുകൂടിയോ. ജീവിതത്തില്‍ സിനിമ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായി തോന്നിയിട്ടുണ്ടോ?
സിനിമകള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നുണ്ട്. പക്ഷേ, പലതും സ്വീകരിക്കാറില്ല. ഒരു സിനിമയ്ക്കുപുറകെ അടുത്തൊരു സിനിമയെന്നതിനോട് താത്പര്യമില്ല. ഞാന്‍ നൂറുശതമാനം സിനിമാക്കാരനല്ല, ഈ കാണുന്നതിലൊന്നും സ്ഥിരമായി നില്ക്കാന് ഉദ്ദേശിക്കുന്ന ആളുമല്ല. സിനിമയിലെത്തുംമുന്പുതന്നെ എന്റെ ജീവിതത്തില്‍ ഞാന്‍ സെലിബ്രിറ്റിയാണ്. അറുപതുവയസ്സാകുമ്പോഴേക്കും എന്താകണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിലേക്കാണ് എന്റെ യാത്ര. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല. അതുകൊണ്ടുതന്നെ കൈയടിനേടാനായി ഒന്നും പറയാറില്ല.
Content Highlights: Actor Vinayakan Interview, pranaya meenukalude kadal