മ്മൂട്ടി നായകനായ ഗാനഗന്ധര്‍വനില്‍ മലയാള സിനിമാഗാനങ്ങള്‍ പാടി ശ്രോതാക്കളെ രസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ശ്യാമപ്രസാദ് എന്ന ഗായകനായി സുരേഷ് കൃഷ്ണ കൈയ്യടിനേടുന്നു. ഗാനഗന്ധര്‍വനെ ഓര്‍മിപ്പിക്കുന്ന രൂപസാദൃശ്യമുള്ള ഗായകകഥാപാത്രം സുരേഷകൃഷ്ണയുടെ സ്ഥിരം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളില്‍നിന്നുള്ള മോചനമാണ്. കൊച്ചിയിലെ ഡ്രൈവിങ് ലൈസന്‍സ് എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് അഭിനന്ദനപ്രവാഹം. സുരേഷ് കൃഷ്ണ സന്തോഷം പങ്കുവയ്ക്കുന്നു.

''സിനിമയില്‍ നായകന്മാരെ സപ്പോര്‍ട്ട്‌ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്നും കയ്യടിനേടാറുണ്ട്. അത്തരത്തിലുളള കഥാപാത്രമാണ് മമ്മൂക്ക നായകനാകുന്ന ഗാനഗന്ധര്‍വനില്‍ എനിക്ക് കിട്ടിയത്. പഴശ്ശിരാജയിലെ കൈതേരി അമ്പു, കുട്ടിസ്രാങ്കിലെ ലോനി ആശാന്‍... എന്നീ മമ്മൂക്ക സിനിമകളിലാണ് മുന്‍പ് പുതുമയാര്‍ന്ന കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയത്. പാട്ടുകാരും പാട്ട് ഇഷ്ടപ്പെടുന്ന കൂട്ടുകാരും എനിക്കുണ്ട്. ഒരു പാട്ടുപോലും സ്റ്റേജില്‍ ഞാന്‍ പാടിയിട്ടില്ല. ഗാനഗന്ധര്‍വനില്‍ നല്ല പാട്ടുകാരനായി അഭിനയിച്ചുവെന്ന് എല്ലാവരും പറയുമ്പോള്‍ അതിയായ സന്തോഷം.''

താടി സമ്മാനിച്ച സൗഭാഗ്യങ്ങള്‍

താടി നീട്ടിവളര്‍ത്തിയതാണ് ഗാനഗന്ധര്‍വനിലെ കഥാപാത്രത്തിനുവേണ്ടിയുള്ള എന്റെ ഹോംവര്‍ക്ക്. താടിയെടുക്കാത്തതിനാല്‍ അതിനിടയില്‍ വന്ന മൂന്ന് സിനിമകള്‍ ഉപേക്ഷിക്കേണ്ടിവന്നു. ആ തീരുമാനം നന്നായി എന്നെനിക്ക് ഇപ്പോള്‍ തോന്നുന്നു.

കഥാപാത്രത്തിന്റെ മേക്ക് ഓവറുകള്‍ക്ക് എന്നും ഞാന്‍ മനസ്സുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ സെറ്റില്‍നിന്ന് സെറ്റിലേക്ക് ഓടി അഭിനയിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ ഈ ചിത്രത്തിലെ തൂവെള്ള താടിവേഷം വലിയ പ്‌ളാനിങ്ങിന്റെ ഭാഗമായി ഉണ്ടായതല്ല. അങ്ങനെ സംഭവിക്കുകയായിരുന്നു. സിനിമയിലെത്തിയിട്ട് മുപ്പതുവര്‍ഷം കഴിഞ്ഞിട്ടും ഞാന്‍ ഇതുവരെ പ്രിയദര്‍ശന്‍ചേട്ടന്റെ സിനിമയില്‍ അഭിനയിച്ചിരുന്നില്ല. അങ്ങനെയിരിക്കെ പ്രിയന്‍ചേട്ടന്റെ മരയ്ക്കാറില്‍ താടിയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അതിനുശേഷം അഭിനയിച്ച മാമാങ്കത്തിലും ലാല്‍ജോസിന്റെ 41 എന്ന സിനിമയിലും താടി ലുക്ക് ആവര്‍ത്തിച്ചു. അപ്പോഴേക്കും താടി നീണ്ടുതുടങ്ങി.

അങ്ങനെയിരിക്കെയാണ് രമേഷ് പിഷാരടി എന്നെ കണ്ടത്. താടി എടുക്കാതിരുന്നാല്‍ പുതിയ സിനിമയില്‍ രസികന്‍കഥാപാത്രത്തെ തരാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെ പറഞ്ഞു. ഈ കാര്യം ഞാന്‍ വീട്ടിലൊന്നും പറഞ്ഞിരുന്നില്ല. എന്റെ രൂപം കണ്ട് ഭാര്യയും കുട്ടികളും ദേഷ്യപ്പെടാന്‍തുടങ്ങി. അവര്‍ സ്‌കൂള്‍മീറ്റിങ്ങിനുപോലും എന്നെ കൊണ്ടുപോകാത്ത അവസ്ഥയായി. നായകന്മാരില്‍നിന്ന് തല്ല് വാങ്ങുന്ന വില്ലന്‍വേഷങ്ങളാണ് സ്ഥിരം അഭിനയിച്ചിരുന്നത്. ഇങ്ങനെ ഇടി വാങ്ങുന്ന കഥാപാത്രങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തിക്കൂടെയെന്ന് മക്കള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗാനഗന്ധര്‍വനിലെ കഥാപാത്രം കണ്ട് ഇനിയെങ്കിലും നെഞ്ചുവിരിച്ച് സ്‌കൂളില്‍ പോകാം എന്ന് അവര്‍ പറയുമ്പോള്‍ മനസ്സ് നിറയും, കാരണം ഞാനും കാത്തിരുന്നത് അത്തരം കഥാപാത്രങ്ങള്‍ക്കായിരുന്നു.

മറക്കാത്ത കുടുംബപ്രേക്ഷകര്‍

വില്ലന്‍വേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ സ്ത്രീപ്രേക്ഷകര്‍ വിളിച്ച് അഭിപ്രായം പറയാറില്ല. എന്നാല്‍ ഗാനഗന്ധര്‍വന്‍ കണ്ട് എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീപ്രേക്ഷകരായിരുന്നു. അവരെല്ലാം എന്റെ സീരിയല്‍പ്രേക്ഷകരായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ സ്‌നേഹം അവരുടെ മനസ്സിലുണ്ടെന്ന് അറിയുമ്പോള്‍ ഏറെ സന്തോഷം. ഗാനഗന്ധര്‍വന്‍ ഏറ്റെടുത്തത് കുടുംബപ്രേക്ഷകരാണ്.

ഇമേജ് മാറ്റുന്ന കഥാപാത്രങ്ങള്‍

സിനിമയില്‍നിന്ന് സ്ഥിരമായി നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങള്‍ മാത്രം വരാന്‍തുടങ്ങിയപ്പോള്‍ ഞാന്‍ സങ്കടപ്പെട്ടിരുന്നു. നടനെന്നനിലയില്‍ ഏതുതരം കഥാപാത്രങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലാണ് കാര്യമെന്ന് പിന്നീട് പഠിച്ചു. അതോടെ ആ വിഷമം മാറി. അടുത്തിടെ അത്തരം നെഗറ്റീവ് കഥാപാത്രങ്ങളുടെ വരവ് നിലച്ചു. തുടര്‍ന്ന് ആനക്കള്ളന്‍, ആന്‍ ഇന്റര്‍നാഷണല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളില്‍ ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രങ്ങള്‍ കിട്ടി. അതുപോലെ വരാനിരിക്കുന്ന ലാല്‍ജോസ്ചിത്രമായ 41, പത്മകുമാറിന്റെ മാമാങ്കം, ജീന്‍ പോള്‍ ലാലിന്റെ ഡ്രൈവിങ് ലൈസെന്‍സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എന്റെ ഇമേജ് മാറ്റിമറിക്കുന്നതായിരിക്കും.

Content Highlights:actor Suresh Krishna interview Ganagandharvan movie, Mammootty, Mamangam