ചെറിയ റോളുകളില്‍ തുടങ്ങി കൊമേഡിയനായും വില്ലനായും തിളങ്ങി നായകവേഷത്തില്‍ വരെ എത്തിനില്‍ക്കുന്ന നടനാണ് ഷറഫുദ്ദീന്‍. കഥാപാത്രത്തിന്റെ വലുപ്പം നോക്കാതെ മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുന്നു എന്നതാണ് ഈ നടന്റെ വിജയം. ഓം ശാന്തി ഓശാനയിലെ മെക്കാനിക്കിലും പ്രേമത്തിലെ ഗിരിരാജന്‍ കോഴിയിലും പാവാടയിലെ വിളക്കൂതി രാജനിലും ഹാപ്പി വെഡ്ഡിങിലെ മനുവിലും തുടങ്ങി കാര്‍ബണിലെ സന്തോഷിലും തൊബാമയിലെ തൊമ്മിയിലും വരത്തനിലെ ജോസിയെന്ന വില്ലന്‍ വേഷത്തിലും നീയും ഞാനും എന്ന ചിത്രത്തിലെ നായകന്‍ യാക്കൂബ് മുഹമ്മദിലും വരെ എത്തിനില്‍ക്കുന്നു ഷറഫിന്റെ കഥാപാത്രങ്ങള്‍. 

ഹിറ്റ് മേക്കര്‍ ഷാഫിയുടെ 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' ആണ് ഷറഫുദ്ദീന്റെ പുതിയ ചിത്രം. ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും ധ്രുവനുമൊപ്പം മൂന്നു നായകന്‍മാരില്‍ ഒരാളാണ് ഷറഫ്. ഷാഫിയുടെ ചിത്രത്തില്‍ ഇപ്പോള്‍ നായകനായെത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ മമ്മൂട്ടി ചിത്രം 'മായാവി'യുടെ ആദ്യ ഷോ കാണാന്‍ പോയപ്പോള്‍ തിയറ്ററില്‍നിന്ന് തല്ലുകൊണ്ട ആളാണ് താനെന്ന് ഷറഫുദ്ദീന്‍ പറയുന്നു.

''അന്നൊക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടില്ലെങ്കില്‍ എന്തോ നാണക്കേട് പോലെയാണ്. ടിക്കറ്റിനായി ആണ്‍പിള്ളേരുടെ ക്യൂ വളരെ വലുതായിരിക്കും. അതിനാല്‍ സ്ത്രീകളുടെ ക്യൂ തീരുമ്പോള്‍ നമ്മള്‍ ഓടിക്കയറാന്‍ നോക്കും. അങ്ങനെ ഓടിക്കയറി അടികൊണ്ടതാണ്,'' സിനിമ സ്വപ്നം മാത്രമായിരുന്ന കാലത്തെ അനുഭവം ഷറഫുദ്ദീന്‍ പങ്കുവെച്ചു. എറണാകുളം കവിത തിയറ്റിറില്‍ വച്ചായിരുന്നു സംഭവമെന്നും ഇത്തരത്തില്‍ തല്ലുകൊണ്ട സംഭവങ്ങള്‍ വേറെയുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

''ഷാഫി സാറുമായി ഞാനിപ്പോള്‍ വളരെ ഫ്രണ്ട്‌ലിയാണ്; ഏതുരീതിയില്‍ വേണമെങ്കിലും സംസാരിക്കാം,'' ഷറഫുദ്ദീന്‍ തുടരുന്നു. ''പക്ഷേ, സിനിമയില്‍ വരുന്നതിനുമുമ്പ് എങ്ങനെയാണ് അദ്ദേഹത്തെ ബഹുമാനിച്ചിരുന്നതെന്ന് ഞാനിടയ്ക്ക് അദ്ദേഹത്തോട് പറയും. അദ്ദേഹമത് നിസാരമാക്കി പുച്ഛിച്ച് കളയും. 2000-2010 കാലഘട്ടത്തിലെ ബ്ലോക്ക് ബസ്റ്ററുകളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഷാഫി എന്ന സംവിധായകന്റേതായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഷാഫി-റാഫി കൂട്ടുകെട്ടിലെ ഒരു സിനിമ കിട്ടിയതില്‍ ഏറെ സന്തോഷവാനാണ്.''

തന്റെ കഥാപാത്രങ്ങള്‍ വ്യത്യസ്തമാകുന്നത് യാദൃച്ഛികമല്ലെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ ഷറഫുദ്ദീന്‍ പറഞ്ഞു. വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ബോധപൂര്‍വം തന്നെ ശ്രമിക്കാറുണ്ടെന്നും ഒരേതരം കഥാപാത്രങ്ങളായതിനാല്‍ വലിയ സംവിധായകരുടെ ചിത്രങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും ഷറഫുദ്ദീന്‍ വ്യക്തമാക്കുന്നു.

'നമ്മള്‍ ഏത് വലിയ മണിയറയില്‍ കയറിയിരുന്നാലും സംവിധായകരാണ് കഥാപാത്രങ്ങള്‍ തരേണ്ടത്. എന്നാല്‍, ഒരേതരം കഥാപാത്രങ്ങള്‍ വലിയ സംവിധായകരില്‍ നിന്ന് വന്നിട്ടുപോലും ചെയ്യാതിരുന്നിട്ടുണ്ട്. ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യരുതെന്നാണ് എനിക്കു തോന്നുന്നത്. വലിയ സംവിധായകരുടെ ചിത്രങ്ങള്‍ ഒഴിവാക്കുമ്പോഴാണ് സങ്കടം തോന്നാറ്. ഒഴിവാക്കിയ ചില കഥാപാത്രങ്ങള്‍ പിന്നീട് തിയറ്ററില്‍ കാണുമ്പോഴും നഷ്ടബോധം തോന്നിയിട്ടുണ്ട്. സ്വാഭാവികമായും ഒരാളുടെ തീരുമാനം തെറ്റാം ശരിയാകാം. എന്നാലും നമ്മള്‍ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണല്ലോ വേണ്ടത്' -ഷറഫുദ്ദീന്‍ പറഞ്ഞുനിര്‍ത്തി.

Content Highlights : Actor Sharaf U Dheen Interview New Movie Children's park