രു കട്ട ഫാൻ ബോയിയുടെ ഏറ്റവും വലിയ സ്വപ്നമാണ് തന്റെ ആരാധനാ കഥാപാത്രത്തെ അടുത്തു കാണുക എന്നത്. അങ്ങനെയൊരു സ്വപ്നം യാഥാർഥ്യമാകാൻ പോവുന്നതിന്റെ ത്രില്ലില്ലാണ് പ്രിയ നടൻ നരെയ്ൻ. കടുത്ത കമൽ ഹാസൻ ആരാധകനായ നരെയ്ന് അദ്ദേഹത്തിനൊപ്പം  ഒന്നിച്ച് അഭിനയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കൈതി എന്ന ബ്ലോക്ബസ്‌റ്ററിന് ശേഷം ലോകേഷ് കനകരാജ് കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന വിക്രത്തിൽ നരെയ്നും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ലോകേഷിന്റെ കൈതിയിലും നരെയ്ൻ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. കടുത്ത കമൽഹാസൻ ആരാധകനാണ് ലോകേഷും. വിക്രമിനെക്കുറിച്ച് നരെയ്ൻ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.

വിക്രം

വിക്രമിൻ്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദനം അറിയിക്കാൻ ലോകേഷിനെ വിളിച്ചപ്പോളാണ് എനിക്കും ചിത്രത്തിലൊരു പ്രധാന വേഷമുണ്ടെന്ന് പറയുന്നത്. വല്ലാത്ത സർപ്രൈസായിരുന്നു അത്. ദുബായിൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗിൽ ആയിരുന്നു അപ്പോൾ. തിരിച്ചെത്തിയതിന് ശേഷം കഥ വിവരിച്ചു തന്നു. എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണിത്. സ്കൂൾ കാലം മുതലേ എല്ലാവർക്കും ഒരു ആരാധനാ കഥാപാത്രം ഉണ്ടാവും. എന്നെ സംബന്ധിച്ചിടത്തോളം അത് കമൽസാർ ആണ്. അഭിനയത്തിലേക്ക് വരാൻ എനിക്ക് പ്രചോദനമായതും കമൽസർ ആയിരുന്നു. അങ്ങനെയൊരാൾക്ക് അതേ വ്യക്തിക്കൊപ്പം അഭിനയിക്കാൻ സാധിക്കുക എന്നത് വലിയ കാര്യം തന്നെയല്ലേ. ഒരു ഫാൻബോയ് മൊമന്റ് തന്നെയാണ്. കമൽസാറിനെ നേരത്തെ കണ്ടിട്ടും സംസാരിച്ചിട്ടുമൊക്കെയുണ്ട്. പക്ഷേ ഇത് ശരിക്കും സ്പെഷ്യലാണ്. 

ചിത്രത്തെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വിടാറായിട്ടില്ല. ജൂലൈ അവസാനമോ ആ​ഗസ്റ്റ് ആദ്യത്തോടെയോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഥാപാത്രത്തിനായി ശാരീരികമായി ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ലോകേഷ് പറഞ്ഞിട്ടുണ്ട്. ബാക്കി ലോകേഷിന് വിട്ടുകൊടുത്തിരിക്കുകയാണ്. ലോകേഷിനെ ഞാൻ വിശ്വസിക്കുന്നു. 

പുതിയ പ്രോജക്ടുകൾ

ദുബായിൽ പൂർണമായും ചിത്രീകരിച്ച ഒരു തമിഴ് ചിത്രമാണ് പുതിയ പ്രോജക്ടുകളിൽ ഒന്ന്. അതിൽ ഓട്ടിസ്റ്റിക് ആയിട്ടുള്ള ഒരു കഥാപാത്രമാണ് എന്റേത്. പോസ്റ്റ് പ്രൊഡക്ഷൻ തീരാറായി. കോവിഡ് കാല നിയന്ത്രണങ്ങൾ കടുത്തതായത് കൊണ്ട് കുറച്ചേറെ ബുദ്ധിമുട്ട് ചിത്രീകരണ സമയത്തുണ്ടായിരുന്നു. പിന്നെ മലയാളം-തമിഴ് ദ്വിഭാഷാ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ജോജുവും ഷറഫുദ്ദീനുമാണ് മലയാളത്തിലെ സഹതാരങ്ങൾ. തമിഴിൽ കതിരും നട്ടിയുമാണ് അഭിനേതാക്കൾ. അത് ചിത്രീകരണം പൂർത്തിയാകാറായി. 

ഇടവേളകൾ

മലയാളത്തിൽ അധികം ചിത്രങ്ങൾ ഞാൻ ചെയ്തിട്ടില്ല. അത് മനഃപൂർവമല്ല. നല്ല കഥാപാത്രങ്ങൾ വരാത്തതിനാലാണ്. സിനിമ ചെയ്യണമെന്ന് കരുതി എല്ലാ വേഷവും സ്വീകരിക്കാൻ എനിക്ക് താത്പര്യമില്ല. തിരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചിരുന്നു. അതിന്റെ പ്രശ്നങ്ങളുമുണ്ട്. അങ്ങനെ ഏറെ നാൾ ചിത്രങ്ങൾ ചെയ്യാതിരിക്കുന്നത് നമ്മുടെ ഇൻഡസ്ട്രിയിൽ അത്ര നല്ല കാര്യമല്ല. ഇത്ര ​ഗ്യാപ് എടുക്കാതെ നല്ല ചിത്രങ്ങളുടെ ഭാ​ഗമാകാൻ ഇനി ശ്രദ്ധിക്കണം. അതിനുള്ള ശ്രമങ്ങൾ നടക്കുന്നു.

Content Highlights :  Actor Narain Interview Kamal Hassan Lokesh Kanakaraj Movie Vikram