മ്പത് കഥകളുമായെത്തുന്ന തമിഴ് ആന്തോളജി ചിത്രം നവരസയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോല്‍ കമന്റ് ബോക്‌സ് കീഴടക്കിയ ഒരു പേരുണ്ട്. മലയാളി താരം മണിക്കുട്ടന്റെ പേര്. ആരാധകരുടെ സ്വന്തം എം.കെയുടെ പേര്. ട്രെയ്‌ലറില്‍ ഒന്നോ രണ്ടോ സീനില്‍ മാത്രം വന്നു പോയ ഒരു താരത്തിന് ആരാധകര്‍ നല്‍കുന്ന പിന്തുണ കണ്ട് നെറ്റ്ഫ്‌ളിക്‌സ് പോലും അമ്പരന്നുവെന്നതാണ് മറ്റൊരു സത്യം. 

പതിനാറ് വര്‍ഷം നീണ്ട പരിശ്രമങ്ങളുടെ, പ്രയത്‌നത്തിന്റെ കഥയുണ്ട് മണിക്കുട്ടനില്‍ നിന്ന് എംകെയിലേക്കുള്ള യാത്രയ്ക്ക്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മികച്ച രണ്ട് പ്രോജക്ടുകളുടെ ഭാഗമാവുകയാണ് മണിക്കുട്ടന്‍. നവരസയും ബ്രഹ്‌മാണ്ഡ ചിത്രം മരക്കാറും. ഇരു ചിത്രങ്ങളും ചര്‍ച്ചയാകുന്ന വേളയില്‍ മണിക്കുട്ടന്‍ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു 

നവരസയിലെ 'മണി'

നവരസ 9 കഥകളുള്ള ഒരു ആന്തോളജി ചിത്രമാണ്. അതില്‍ പ്രിയദര്‍ശന്‍ സര്‍ സംവിധാനം ചെയ്യുന്ന സമ്മര്‍ 92 എന്ന ചിത്രത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. ഒമ്പത് രസങ്ങളില്‍ ഒന്നായ ഹാസ്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. 2020 ഡിസംബറിലാണ് പ്രിയന്‍ സാറിന്റെ അസോസിയേറ്റായ അനി (സംവിധായകന്‍ അനി ഐവി ശശി) ഈ ചിത്രത്തിന്റെ കാര്യം പറഞ്ഞ് എന്നെ വിളിക്കുന്നത്. തമിഴ് ഇന്‍ഡസ്ട്രിയില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കാനായി ചെയ്ത പ്രോജക്ടാണ് നവരസ. അതില്‍ പങ്കാളികളായവരെല്ലാം തന്നെ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിന്റെ ഭാഗമായത്. അനിയുടെ കോള്‍ വന്നപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. വലിയൊരു പ്രോജക്ട് അതും മണിരത്‌നം സാറിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ടെക്‌നീഷ്യന്മാരും കലാകാരന്മാരും അണിയറയിലും ക്യാമറയ്ക്ക് മുന്നിലും ഒത്തു ചേരുന്ന ചിത്രം. അതിന്റെ ഒരു ഭാഗമാവുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. ലോട്ടറി അടിച്ചു എന്നല്ല അതിനും മീതേയാണ്. 

റിയാലിറ്റി ഷോയുടെ ഭാഗമാവാന്‍ പോവുന്നതിന്റെ മുമ്പ് ഞാന്‍ ചെയ്ത ചിത്രമാണിത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും മണി എന്നാണ്. യോഗി ബാബു സാറിന്റെ കഥാപാത്രത്തിന്റെ ചെറുപ്പക്കാലത്ത് അദ്ദേഹത്തെ പഠിപ്പിച്ച മാഷിന്റെ വേഷമാണ്. പ്രിയന്‍ സാറുമായുള്ള എന്റെ നാലാമത്തെ ചിത്രമാണിത്. ഒരു അഭിനേതാവിന്റെ പോസറ്റീവ് വശങ്ങള്‍ മാത്രം കാണുന്ന സംവിധായകനാണ് അദ്ദേഹം. 

ഓടിടിയുടെ ഭാഗം

സിനിമ തന്നെ അനിശ്ചിതത്വത്തിലായ സമയമായിരുന്നല്ലോ കടന്ന് പോയത്. തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നു. സിനിമ ഓടിടിയിലേക്ക് മാറുന്നു. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പോലുള്ള പ്രമുഖ ഓടിടി സൈറ്റുകള്‍ പരിഗണിക്കുന്ന ആര്‍ടിസ്റ്റുകളുടെ ലിസ്റ്റ് വളരെ പരിമിതമായിരിക്കും. സിനിമയില്‍ സജീവമായിരുന്ന സമയത്തും എന്റെ പേര് തീയേറ്ററിലെ അത്തരം ലിസ്റ്റില്‍ പോലും ഉണ്ടായിരുന്നില്ല. ഓടിടിയിലേക്ക് വരുമ്പോള്‍ അത്ര പോലും സാധ്യത കണ്ടിരുന്നില്ല. പക്ഷേ അങ്ങനെ എത്തിപ്പെടാനായത് ഭാഗ്യം.

ബാഹുബലിയല്ല, അതുക്കും മേലെ, അത്ഭുതമായി മരക്കാര്‍ സെറ്റ്

മരക്കാറില്‍ മായിന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കുറച്ച് സീനുകളേ ഉള്ളൂ, പക്ഷേ ഉള്ളത് ലാല്‍ സര്‍, മഞ്ജു ചേച്ചി, പ്രഭ സര്‍ എന്നിവരോടൊപ്പമാണ്. ആ പ്രോജക്ടിന്റെ ഭാഗമാവാന്‍ സാധിച്ചത് വളരെ വലിയ ഭാഗ്യമാണ്. ബാഹുബലിയുടെ സെറ്റ് ഇട്ടതിന്റെ അടുത്താണ് മരക്കാറിലെ കപ്പലിന്റെയും മറ്റും സെറ്റിട്ടിരുന്നത്. ബാഹുബലി സെറ്റ് കണ്ട ആള്‍ക്കാര്‍ അതിലേറെ അത്ഭുതത്തോടെയാണ് മരക്കാറിന്റെ സെറ്റ് നോക്കിക്കണ്ടത്. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവേണ്ട പ്രോജക്ടാണിത്. അതിന്റെ ഒരു ഭാഗമാവാന്‍ സാധിച്ചതില്‍ വലിയ സന്തോഷം. തീയേറ്ററില്‍ തന്നെ കണ്ട് അറിയേണ്ട ചിത്രമാണ് മരക്കാര്‍. സിനിമയുടെ ഭാഗമാണ് എന്ന നിലയില്‍ അല്ല, ഒരു പ്രേക്ഷകനെന്ന നിലയില്‍ ചിത്രം തീയേറ്ററില്‍ തന്നെ കാണാന്‍ സാധിക്കണം എന്നാണ് എന്റെ പ്രാര്‍ഥന. 

ലാല്‍ സാറിന്റെ ആ വിളിയില്‍ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവും

ലാല്‍ സാറിനോടുള്ള ആരാധനയാണ് ഞാന്‍ എംജി കോളേജില്‍ പഠിക്കാനുള്ള കാരണം. അവിടെ പഠിച്ചത് കൊണ്ടാണ് ഒരു ക്യാമ്പസ് സിനിമ നമ്മള്‍ എടുക്കുന്നത്. അത് കണ്ടിട്ടാണ് കായംകുളം കൊച്ചുണ്ണിയിലേക്ക് ക്ഷണം വരുന്നതും തുടര്‍ന്നുള്ള യാത്ര സംഭവിക്കുന്നതും. ആരാധനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്തതിന് പിന്നാലെ ഭാഗ്യം തേടിയെത്തുകയാണുണ്ടായത്. ഛോട്ടാ മുംബൈ, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങള്‍ ലാല്‍ സാറിനൊപ്പം ചെയ്‌തെങ്കിലും അദ്ദേഹവുമായി ഏറെ അടുത്തത് സിസിഎല്‍ ക്രിക്കറ്റിന്റെ ഭാഗമായപ്പോഴാണ്.

ഒരുപാട് വട്ടം അദ്ദേഹത്തെ അടുത്തറിയാനും സംസാരിക്കാനുമൊക്കെ സാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നതും വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. സിനിമയില്‍ വന്ന സമയത്ത് എന്റെ പേര് മാറ്റണമെന്ന് സഹപ്രവര്‍ത്തകര്‍ വരെ പറഞ്ഞിട്ടുള്ളതാണ്. എന്തോ ചില ആളുകള്‍ മണിക്കുട്ടാ എന്ന് വിളിക്കുമ്പോള്‍ വളരെ സന്തോഷം തോന്നും. അതുപോലെ ലാല്‍ സാര്‍ മണിക്കുട്ടാ എന്ന് വിളിക്കുമ്പോള്‍ അതില്‍ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവും എനിക്ക് അനുഭവപ്പെടാറുണ്ട്. 

പ്രയത്‌നത്തിനുള്ള പ്രതിഫലം

കുറേ നല്ല സംവിധായകരുടെ സിനിമകളുടെ ഭാഗാമാവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. സ്‌കൂളിലും കോളേജിലുമൊക്കെയുള്ള ആര്‍ട്‌സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ മാത്രം കൈമുതലാക്കിയാണ് ഞാന്‍ സിനിമയിലെത്തുന്നത്. ഇതുപോലെ പ്രഗത്ഭരായ സംവിധായകരുടെയും അഭിനേതാക്കളുടെയുമൊപ്പം പ്രവര്‍ത്തിക്കുമ്പോഴാണ് അഭിനയം പഠിക്കാനും അഭിനേതാവിനെ രൂപപ്പെടുത്തി എടുക്കാനും സാധിക്കുന്നത്. അഭിനയം ഇപ്പോവും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി ആണ് ഞാന്‍.

കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ നല്ലൊരു തുടക്കമാണ് എനിക്ക് ലഭിച്ചത്. പക്ഷേ അത് തുടര്‍ന്നും ലഭിച്ചുവോ എന്ന് ഞാന്‍ ചിന്തിക്കാറില്ല. ചെയ്യുന്ന കാര്യം നൂറ് ശതമാനം ആത്മാര്‍തഥയോടെ ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ദൈവം എന്നെ സിനിമയിലെത്തിച്ചു ആ സിനിമയെ നമ്മള്‍ സ്‌നേഹിച്ചാല്‍ അതേ സിനിമ തന്നെ നമുക്ക് അനുഗ്രഹവും തരും. അതാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഗ്യാപ് വന്നാലും നല്ലൊരു സിനിമയുടെ ഭാഗമാവുക എന്നാണ് ആഗ്രഹം. ബോയ്ഫ്രണ്ട്, ഛോട്ടാമുംബൈ, കമ്മാരസംഭവം, തട്ടത്തിന്‍ മറയത്ത്, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ആളുകള്‍ ഓര്‍ത്തു വച്ച് പറയുന്നു അഭിനന്ദിക്കുന്നു എന്നത് വലിയ ഭാഗ്യമാണ്. 2005 ല്‍ സിനിമയില്‍ എത്തിയതാണ് ഞാന്‍.  വര്‍ഷങ്ങളുടെ പരിശ്രമത്തിനുള്ള പ്രതിഫലമാണ് ഇത്. 

കമന്റ് ബോക്‌സ് കീഴടക്കിയ എംകെ

നേരത്തെ പറഞ്ഞ പോലെ പത്ത് പതിനാറ് വര്‍ഷം നീണ്ട സിനിമാ യാത്രയില്‍ ഊര്‍ജമായത്  ഈ പറയുന്ന ആരാധകര്‍ ആണ്. നന്നായിട്ടുണ്ട്, ശ്രമിച്ചാല്‍ ഒന്ന് കൂടി നന്നാക്കാം എന്നൊക്കെയുള്ള അവരുടെ പിന്തുണയാണ് മുന്നോട്ട് നയിക്കുന്നത്. അതേ പിന്തുണയാണ് നവരസയുടെ ടീസര്‍ ഇറങ്ങിയ സമയത്ത് കമന്റ് ബോക്‌സില്‍ കണ്ടത്. എംകെ എന്ന് പറഞ്ഞുള്ള കമന്റുകള്‍ കാണുന്നത് വലിയ അനുഗ്രഹമാണ്. ഇത്ര വലിയ പ്രോജക്ടിന്റെ ട്രെയ്‌ലറും ടീസറുമൊക്കെ ഇറങ്ങുന്ന സമയത്ത് വലിയ വലിയ താരങ്ങള്‍ക്കൊപ്പം നമ്മുടെ പേരും ചര്‍ച്ചയാവുക എന്നത് വലിയ കാര്യമാണ്.

പ്രേക്ഷകരുടെ പിന്തുണയാണ് നമ്മുടെ ധൈര്യം. അവരുടെ വീട്ടിലെ അംഗത്തെ പോലെ എന്നെ കാണുന്നവരുണ്ട്. മണിക്കുട്ടനെന്ന പേര് മാറ്റാന്‍ പലരും ആവശ്യപ്പെട്ട പോലെ തന്നെ ഈ പേര് ഇഷ്ടമാണെന്ന് പറഞ്ഞവരുണ്ട്. എങ്കിലും ആ പേര് എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോള്‍ എംകെ ആയി മാറ്റിത്തന്നിട്ടുണ്ട്. ആ സ്‌നേഹമാണ് എപ്പോഴും വേണ്ടത്. ഈ പിന്തുണയും സ്‌നേഹവും എന്നും എന്റെ ഉള്ളിലുണ്ടാകും ഞാനത് തിരികെ തരികയും ചെയ്യും. 

Content Highlights : Actor Manikuttan Interview MK Movies Navarasa Marakkar Mohanlal Priyadarshan