ടല്‍ ശാന്തമായിരുന്നു; ജീവിതത്തിലും സിനിമയിലും തീവ്രസംഘര്‍ഷങ്ങളേറെ താണ്ടിയ ആ മനസ്സും! തിരുവനന്തപുരം വലിയതുറയിലെ മണല്‍ പരപ്പിലൂടെ മധു നടന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ എഴുന്നള്ളിപ്പ് പോലെയുള്ള സുന്ദരമായ ആ വരവ്  കണ്ട് കടലിന്റെ മക്കള്‍ അത്ഭുതാദരത്തോടെ നോക്കി നിന്നു. കടല്‍ കരയിലുള്ള  വീടുകളില്‍ നിന്നും പല തലമുറകളും ആ കാഴ്ചയിലേക്ക് ഇറങ്ങിവന്നു. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. മറക്കാനാവാത്ത ഒരു സ്മരണയിലെന്നോണം മധു കടലിന്റെ അനന്തതയിലേക്ക് കണ്ണയച്ച് നില്‍ക്കുകയായിരുന്നു അപ്പോള്‍. ആ മൗനത്തിലേക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ഒരു മുക്കുവത്തി നീട്ടി വിളിച്ചു. ''എടാ മോനേ... പരീക്കുട്ടി....'' അവര്‍ക്ക് മധുവിന്റെ പാതി പോലും പ്രായം കാണില്ല. എന്നിട്ടും സ്‌നേഹപൂര്‍ണ്ണമായ ആ വിളി കേട്ട് മധു തിരിഞ്ഞ് നോക്കി. അത് ഓര്‍മകളിലേക്കുള്ള ഒരു പിന്‍മടക്കം കൂടിയായിരുന്നു. കടപ്പുറം ഏതായാലും കടലിന്റെ മക്കള്‍ക്ക് മധു പരീക്കുട്ടിയാണ്. സിനിമയില്‍ അവര്‍ക്ക് ഒരു പരീക്കുട്ടി മാത്രമേയുള്ളൂ. കാലമെത്ര കടന്നുപോയാലും ചാകര കൊയ്ത്തുകള്‍ ഉത്സവമായി പെയ്തിറങ്ങിയാലും കടപ്പുറത്തുകാര്‍ക്ക് ഇന്നും പരീക്കുട്ടി മധു മാത്രമാണ്. ഒരേയൊരു മധു. ഒരു പക്ഷേ, സിനിമയും സാഹിത്യവുമുള്ളിടത്തോളം കാലം പരീക്കുട്ടിക്ക് മറ്റൊരു മുഖമുണ്ടാകില്ല. അത് മധുവിന് മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ 'മധുപാത്ര'-ങ്ങളുടെ എത്രയെത്ര മുഖങ്ങള്‍...!
 
കണ്ണമ്മൂലയിലെ 'ശിവഭവനി'ല്‍നിന്നും വലിയ തുറയിലേക്ക് പുറപ്പെടുമ്പോള്‍ മധുസാര്‍ പറഞ്ഞു: ''കടലിന്റെ പശ്ചാത്തലത്തിലുള്ള എത്രയോ സിനിമകളില്‍ ഞാനഭിനയിച്ചിട്ടുണ്ട്. പക്ഷെ, 'ചെമ്മീന്‍' നല്‍കിയ അനുഭവം മറ്റൊന്നിനും അവകാശപ്പെടാന്‍ കഴിയില്ല. ഇനിയെത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും  അതിന് സമാനമായി മറ്റൊരനുഭവം ഉണ്ടാകില്ലെന്നും ഉറപ്പാണ്. ചെമ്മീന്‍ വായിച്ചതു മുതല്‍ ആ സിനിമയുടെ ചിത്രീകരണമുള്‍പ്പെടെ എല്ലാം ഇന്നലെ കഴിഞ്ഞപോലെയാണ് തോന്നുന്നത്.''
 
വലിയ തുറയില്‍ മധുസാറിനൊപ്പം ഞങ്ങളെത്തിയത് അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ്. ജീവിതത്തിന്റെ സന്തോഷവും സങ്കടവും ഒരേ മനസ്സോടെ ഏറ്റുവാങ്ങുന്നവരാണ് കടപ്പുറത്തുകാര്‍ എന്നു തോന്നിപോകും അവിടുത്തെ കാഴ്ചകളോരോന്നും കാണുമ്പോള്‍. തോണിക്കരികില്‍ വട്ടമിട്ടിരുന്ന് ചീട്ടു കളിക്കുന്നവര്‍, ഫുട്‌ബോളിന്റെ ആരവങ്ങളുമായി കൊച്ചുകുട്ടികള്‍, മുറിഞ്ഞുപോയ വല സൂക്ഷ്മതയോടെ തുന്നിക്കെട്ടുന്നവര്‍, മുടി ചീകുമ്പോഴും  തലേ നാളത്തെ സീരിയല്‍ കഥകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മരക്കാത്തിമാര്‍.... മധുസാറിനെ കണ്ടതോടെ എല്ലാവരും  അദ്ദേഹത്തിനരികിലേക്ക് ഓടിവന്നു. ''മാനസമൈനേ വരൂ... മധുരം നുള്ളിതരൂ...''കൂട്ടത്തില്‍ ഒരു സ്ത്രീ ചെമ്മീനിലെ അനശ്വരഗാനത്തിന്റെ വരികള്‍ പാടി. അവര്‍ക്ക് മധുസാറിനോട്  പറയാന്‍ വിശേഷങ്ങളേറെ. പലര്‍ക്കും ഒപ്പം നിന്ന്  ഫോട്ടോയെടുക്കണം. പുതിയ സിനിമയെക്കുറിച്ച് അറിയണം.  ചോദ്യങ്ങള്‍ക്ക് നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി നല്‍കിയും  ഫോട്ടോയ്ക്ക് നിന്നുകൊടുത്തും അവരുടെയെല്ലാം സ്‌നേഹത്തിനു മുന്‍പില്‍ മധു കൈകൂപ്പി. അങ്ങനെ പലതുകൊണ്ടും കടല്‍കരയിലെ ആ സന്ധ്യ ആഹ്ലാദത്തിന്റേതായി.
 
''കടല്‍ പോലെ ശാന്തമാണ് കടപ്പുറത്തുകാരുടെ മനസ്സ്. ചിലപ്പോള്‍ അത് തിരമാലകളെപോലെ ആഞ്ഞടിച്ചെന്നും വരാം. എന്റെ അനുഭവത്തില്‍ ഒരുപാട് സ്‌നേഹം തന്നവരാണ് കടപ്പുറത്തുകാര്‍. ചെമ്മീനിനുമുന്‍പ് 'ഭാര്‍ഗ്ഗവി നിലയ'ത്തിന്റെ ഷൂട്ടിങ് സമയത്തും ആ സ്‌നേഹം ഞാനനുഭവിച്ചറിഞ്ഞതാണ്. തലായി കടപ്പുറത്ത് വെച്ച് ഭാര്‍ഗ്ഗവി നിലയം ഭംഗിയായി ചിത്രീകരിക്കാന്‍ കഴിഞ്ഞത് കടപ്പുറത്തുകാരുടെ സഹകരണം ഒന്നുകൊണ്ടുമാത്രമാണ്.'' മടക്കയാത്രയില്‍ മധുസാര്‍ പറഞ്ഞു. 
 
1933 സെപ്തംബര്‍ 23 ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴത് തറവാട്ടില്‍ ആര്‍. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവന്‍നായര്‍ എന്ന മധു ജനിച്ചത്. ജീവിതത്തിലിന്നേവരെ ഒരു പിറന്നാളും ആഘോഷിക്കാതെപോയ മധുവിന് എണ്‍പത്തിനാലാം പിറന്നാളിനും ആഘോഷമൊന്നുമില്ല. 
 
84 വര്‍ഷത്തെ ജീവിതത്തില്‍ മധു എന്ന നടനെ മാറ്റി നിര്‍ത്തി പി. മാധവന്‍ നായര്‍ എന്ന വ്യക്തിയെകുറിച്ച് ചിന്തിക്കുമ്പോള്‍ മധു എല്ലാ അര്‍ത്ഥത്തിലും സന്തോഷവാനാണ്. സന്തോഷം മാത്രമല്ല, ദുഃഖവുമുണ്ടായിരുന്നു. പ്രത്യേകിച്ച് എന്നും അഭയമായിരുന്ന എന്റെ ഭാര്യയുടെ വേര്‍പാട്. അവള്‍ പോയിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. അതിനുശേഷമാണ് അവളുടെ അമ്മ മരിച്ചത്. 97 വയസ്സായിരുന്നു. പല തലമുറകളെയും അമ്മ കണ്ടു, പഠിപ്പിച്ചു, വളര്‍ത്തി. നമ്മള്‍ ഇരിക്കുന്ന ഈ വീടിന് തൊട്ടപ്പുറത്താണ് അമ്മ താമസിച്ചിരുന്നത്. എന്റെ ഭാര്യ മരിച്ച വിവരം അമ്മയെ അറിയിച്ചിരുന്നില്ല. കിടപ്പിലായിരുന്ന അവര്‍ക്ക് ജീവിതത്തിന്റെ അവസാന കാലത്ത് അങ്ങനെയൊരു വേദന നല്‍കേണ്ടെന്ന് കരുതി. എനിക്കൊപ്പം ഈ വീട്ടില്‍ മകളുണ്ടെന്ന് അമ്മ കരുതി. ഭാര്യ പോയതില്‍ പിന്നെ ഞാനമ്മയെ ചെന്നു കണ്ടിട്ടില്ല. എന്നെ കണ്ടാല്‍ അവര്‍ ആദ്യം ചോദിക്കുക ''അവളെവിടെപ്പോയി എന്നാവും.'' അതിനു മറുപടി പറയാന്‍ എനിക്കാകുമായിരുന്നില്ല. പിന്നെ എന്റെ മകളും കുടുംബവും തൊട്ടടുത്ത് തന്നെയുണ്ട്. അത് വലിയ ആശ്വാസമാണ്. ജീവിതത്തില്‍ ഒരു പ്രാര്‍ത്ഥന മാത്രമേയുള്ളൂ. മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകരുത്. എഴുന്നേല്‍ക്കാനും നടക്കാനും വയ്യാത്ത അവസ്ഥയിലൂടെ കടന്നുപോകരുത്. ഈശ്വരാധീനം കൊണ്ട് ഈ എണ്‍പത്തിനാലാം വയസ്സിലും ചെറുപ്പക്കാരെ പോലെ യാത്ര ചെയ്യാന്‍ കഴിയുന്നുണ്ട്.

 

 
ശതാഭിഷേകത്തിന്റെ നിറവിലെത്തുമ്പോള്‍ മധുസാറിന് എന്താണ് തോന്നുന്നത്?
 
? ഒരത്ഭുതവും തോന്നുന്നില്ല. എണ്‍പത്തിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മളറിയാതെ പറ്റിപ്പോയ ഒരബദ്ധം എന്നു വേണമെങ്കില്‍ പറയാം അല്ലേ? നോക്കൂ, ഞാന്‍ ഇതിനെപ്പറ്റിയൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നും കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അല്ലാതെ പ്രായം എഴുപതായി, എണ്‍പതായി എന്നൊക്കെ വിചാരിച്ച് ജീവിക്കാനാവില്ല. ഈയ്യിടെ ഏതോ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ രസകരമായ ഒരനുഭവമുണ്ടായി. സംഘാടകരിലൊരു വൃദ്ധന് എന്നോട് എന്തെില്ലാത്ത സ്‌നേഹവും ബഹുമാനവും. എത്ര ആലോചിച്ചിട്ടും കാര്യം പിടികിട്ടുന്നില്ല. സാറിരിയ്ക്കൂ...., സാറിനെന്താണ് വേണ്ടത്? എന്നൊക്കെ ചോദിച്ചുകൊണ്ട് എന്നെ ചുറ്റിപ്പറ്റിയാണ് അയാളുടെ നില്പ്പ്. രൂപം കണ്ടാല്‍ ഏറെക്കുറെ ജീവിതത്തില്‍നിന്നും പെന്‍ഷന്‍ പറ്റാനായി എന്നു തോന്നും. ഞാനയാളോട് ചോദിച്ചു നിങ്ങളാരാണെ്? 'സാറിനെന്നെ മനസ്സിലായില്ലേ? ഹിന്ദു കോളേജില്‍ എന്റെ അച്ഛനെ സാറ് പഠിപ്പിച്ചിട്ടുണ്ട്.' അയാളുടെ മറുപടികേട്ട് ഞാനമ്പരന്നുപോയി. പറഞ്ഞയാള്‍തന്നെ വൃദ്ധനാണ്. അയാളുടെ അച്ഛനെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കെത്ര വയസ്സായിക്കാണും? ഇങ്ങനെയുള്ള അനുഭവങ്ങളില്‍നിന്നാണ് പലപ്പോഴും ഞാനെന്റെ പ്രായത്തെപ്പറ്റി ചിന്തിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, കടന്നുപോകുന്ന പകലുകളും രാത്രികളും എനിക്കു ദൈവം തരുന്ന ബോണസ്സാണെന്ന് വിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ഞാനിഷ്ടപ്പെടുന്നത്.
 
84 വയസ്സിനുള്ളില്‍ ഒരിക്കല്‍പോലും പിറന്നാള്‍ ആഘോഷിച്ചിട്ടേയില്ല?
 
? അതിലത്ര വലിയ കാര്യമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. എന്റെ കുട്ടിക്കാലത്ത് പിറന്നാള്‍ ദിവസം അമ്മയും അച്ഛനുമൊക്കെ ക്ഷേത്രങ്ങളില്‍ പായസവും മറ്റു വഴിപാടുകളും കഴിച്ചിട്ടുണ്ടാകാം. അല്ലാതെ ഞാനൊരിക്കലും പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. എങ്കിലും സുഹൃത്തുക്കളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ ചിലപ്പോള്‍ ഞാനും പങ്കെടുക്കാറുണ്ട്. ഈയ്യിടെ എം.ടിയുടെ എണ്‍പത്തിനാലാം പിറന്നാളിന് ഞാനാശംസ അയച്ചിരുന്നു. 'പ്രിയപ്പെട്ട മധു... നന്ദി.' എന്ന അദ്ദേഹത്തിന്റെ മറുപടിയും വന്നു. 
 
കഴിഞ്ഞ കുറേ നാളുകളായി മധുസാറിന്റെ മനസ്സ് ആദ്ധ്യാത്മികമായ ശാന്തതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്
 
? ആദ്ധ്യാത്മിക തലങ്ങളിലേക്കാണ് ഇന്ന് മനസ്സു നീങ്ങുന്നത്. രാമായണവും മഹാഭാരതവുമെല്ലാം നേരത്തേ വായിച്ചതാണെങ്കിലും അതെല്ലാം ഒരു ഓട്ടപ്രദക്ഷിണം മാത്രമായിരുന്നു. ആ മഹാഗ്രന്ഥങ്ങള്‍ ഞാന്‍ ആഴത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സത്യാന്വേഷണമല്ല, അറിവു വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഠിക്കുന്ന കാലത്ത് ഏറെ വായിച്ചിട്ടും ആ ഗ്രന്ഥങ്ങള്‍ വേണ്ടപോലെ മനസ്സിലാക്കിയില്ല എന്ന ബോധം വന്നത് ഈ വയസ്സുകാലത്താണ്. മാതൃഭൂമിയില്‍ വന്ന സാനുമാഷിന്റെ രാമായണ വ്യാഖ്യാനം വായിച്ചപ്പോഴാണ് രാമായണം ഞാന്‍ എത്രമാത്രം ഉള്‍ക്കൊണ്ടു എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഭഗവത്ഗീതയിലൂടെ ഇനിയുമേറെ ആഴത്തില്‍ സഞ്ചരിക്കണമെന്ന് തോന്നിയത് സ്വാമി സന്ദീപ് ചൈതന്യയുടെ പ്രഭാഷണം കേട്ടിട്ടാണ്. ആത്മീയ ഗ്രന്ഥങ്ങളുടെ വായന പ്രതിസനധികളെ മറികടക്കാനുള്ള ഊര്‍ജ്ജം തരുന്നുണ്ട്. ഏറെ യുദ്ധക്കളങ്ങളിലൂടെയാണ് നമ്മുടെയെല്ലാം ജീവിതം മുന്നോട്ടുപോകുന്നത്. ഒരു മഹായുദ്ധത്തിനിടയിലായിരുന്നല്ലോ ഗീതോപദേശവും. സഹിക്കാനും പൊറുക്കാനും മാത്രമല്ല ജീവിക്കാനും പ്രവര്‍ത്തിക്കാനുമെല്ലാം ആദ്ധ്യാത്മിക വായന എനിക്കു തുണയാകുന്നുണ്ട്.
 
ആത്മീയത കുട്ടിക്കാലം മുതലേ താങ്കളിലുണ്ടോ?
 
? ഗൗരീശപട്ടത്ത് ദിവസവും വിളക്കുകൊളുത്തുന്ന തറവാട്ടുകാവുണ്ട്. എല്ലാ ആയില്യത്തിനും പൂജയുണ്ടവിടെ. ഇപ്പോഴും മാസത്തിലൊരിക്കല്‍ ഞാനവിടെ പോകും. കുറേ വര്‍ഷം ശബരിമല കയറി അയ്യപ്പസ്വാമിയെ ദര്‍ശിച്ചു. ഇപ്പോള്‍ പടി കയറുമ്പോള്‍ കാല്‍മുട്ടിനു വേദന. പിന്നെ തിക്കിലും തിരക്കിലും അയ്യപ്പനെ ദര്‍ശിക്കേണ്ടെന്നു തോന്നി. കണ്ണടച്ച് സ്വാമിയെ മനസ്സില്‍ ധ്യാനിച്ചാല്‍ ശബരിമല എന്റെ മുന്നിലെത്തും. ആ ഏകാഗ്രത ശബരിമലയിലെത്തിയാല്‍ കിട്ടില്ല. ഗുരുവായൂരില്‍ എത്രയോ വട്ടം പോയി. ഈയടുത്തും രണ്ടുമൂന്നു തവണ യാദൃച്ഛികമായി അവിടെയെത്തി. എന്നാല്‍ അതിലേറെ മനസ്സുഖം തരുന്നത് വീട്ടില്‍ കണ്ണടച്ചിരുന്ന് കുറച്ചുനേരം പ്രാര്‍ത്ഥിക്കുന്നതാണ്. ശബരിമലയിലായാലും ഗുരുവായൂരിലായാലും ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ ചിന്തകള്‍ എനിക്കു പിറകില്‍ നില്‍ക്കുന്നവനെ മറയുന്നുണ്ടോ എന്നാകും. സിനിമാ നടനായതുകൊണ്ട് സെക്യൂരിറ്റിക്കാര്‍ എന്നെ മുന്നില്‍ നിര്‍ത്തും. എനിക്കു പിറകില്‍ നില്ക്കുന്നവനെ മറച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ മനസ്സുവരാത്തതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കിരുന്നാണ് ഇപ്പോഴെന്റെ പ്രാര്‍ത്ഥന.
 
നാടകത്തിനുവേണ്ടി ജീവിതത്തില്‍ വലിയൊരു വിപ്ലവം നടത്തിയ ആളാണ് മധുസാര്‍. ആരും മോഹിച്ചുപോകുന്ന കോളേജ് അധ്യാപകന്റെ ജോലി രാജിവെച്ച് അമ്പതു വര്‍ഷം മുമ്പ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ പോകുമ്പോള്‍ എന്തായിരുന്നു ആത്മബലം?
 
? നാടകം വലിയൊരു പ്രലോഭനം തന്നെയായിരുന്നു. കുട്ടിക്കാലത്തേ അതെന്റെ മനസ്സില്‍ വേരുറച്ചുപോയതാണ്. സ്‌കൂള്‍ കോളേജ് പഠനകാലത്തും അധ്യാപനകാലത്തും അതെന്നോടൊപ്പമുണ്ടായിരുന്നു. എന്‍.എസ്.ഡി.യിലെ ആദ്യ ബാച്ചിലേക്ക് അപേക്ഷ അയക്കാന്‍വേണ്ട യോഗ്യത മെട്രിക്കുലേഷനായിരുന്നു. ബിരുദാനന്തര ബിരുദമുള്ള എനിക്ക് യോഗ്യത വേണ്ടതിലുമധികം. നാടകം പഠിക്കണമെന്ന ഉറച്ച തീരുമാനത്തില്‍ ജോലി രാജിവെക്കാനൊരുങ്ങിയപ്പോള്‍ എല്ലാവര്‍ക്കും അമ്പരപ്പ്. മാന്യമായ ജോലി കളഞ്ഞ് നാടകം പഠിക്കാന്‍ പോകാന്‍ ഇവനെന്താ വട്ടുണ്ടോ എന്നാണ് ഏറെപ്പേരും ചോദിച്ചത്. അച്ഛന് എന്നെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. മകനും തന്നെപ്പോലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിത്തീരണം എന്ന നിലയിലായിരുന്നു ആ പ്രതീക്ഷകള്‍. ജോലി രാജിവെച്ച ദിവസം അച്ഛന്‍ ഒരുപാട് വിഷമിച്ചു. 'നിന്റെ ഇളയ നാലുപെണ്‍പിള്ളേരുണ്ട്. അവര്‍ക്ക് കല്യാണമന്വേഷിച്ച് ആരെങ്കിലും വരുമ്പോള്‍ മൂത്ത ഒരു മകനുണ്ടല്ലോ അവനെന്തു ചെയ്യുന്നു എന്നു ചോദിച്ചാല്‍, സ്‌കോട്ട് ക്രിസ്റ്റ്യന്‍ കോളേജില്‍ ലക്ച്ചററാണെന്ന് എനിക്കന്തസ്സായി പറയാം. അല്ലാതെ അവന് രാജമാണിക്യം കമ്പനിയില്‍ ശ്രീകൃഷ്ണന്റെ വേഷമാണ് പണിയെന്ന് എങ്ങനെ പറയും?' അച്ഛന്റെ ചോദ്യങ്ങള്‍ക്ക് ഞാനും നല്ലൊരു മറുപടി കൊടുത്തു. ''ശ്രീകൃഷ്ണന്റെ വേഷം അത്ര മോശമാണെന്ന് പറയുന്നവന്മാരാരും എന്റെ പെങ്ങന്മാരെ വിവാഹം കഴിക്കേണ്ട. അച്ഛനു ദേഷ്യം വരണ്ട. കൃഷ്ണന്റെ വേഷം കെട്ടാന്‍ അച്ഛനു പറ്റില്ലല്ലോ? അതത്ര എളുപ്പമുള്ള പണിയല്ല.'' അച്ഛന്റെ ശാസനകളെ  അടങ്ങാത്ത ആശകള്‍കൊണ്ട്  നേരിടുകയായിരുന്നു. 
 
അച്ഛന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് കാലം മകനെ വളര്‍ത്തിയപ്പോള്‍ എന്തായിരുന്നു വീട്ടുകാരുടെ പ്രതികരണം?
 
? ഏതൊരച്ഛനും മകന്റെ ഭാവിയെക്കുറിച്ചുണ്ടായ ആശങ്കകള്‍ അതു മാത്രമായിരുന്നു എന്റെ അച്ഛന്റേയും. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ മൂന്നുവര്‍ഷത്തെ പഠനംകഴിഞ്ഞ് ഒരു നിമിത്തമെന്നോണം ഞാന്‍ സിനിമയില്‍ എത്തിപ്പെടുകയായിരുന്നു. നാടകത്തില്‍നിന്നും പഠിച്ചതെന്തോ അതിന്റെ മറ്റൊരുവശം സിനിമയില്‍ ആവിഷ്‌കരിക്കലായി എന്റെ കര്‍മ്മം. മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അച്ഛന്‍ ഒരുപാടൊരുപാട് സന്തോഷിച്ചിട്ടുണ്ട്. പക്ഷേ, അത് പുറമെ പ്രകടിപ്പിച്ചില്ലെന്നുമാത്രം. ഒടുവില്‍ മരണമടുത്ത സമയത്താണ് അച്ഛന്‍ എന്റെ കൈ പിടിച്ച് നീയെന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നെന്ന് പറഞ്ഞത്. അത്രയേറെ ആഹ്ലാദം ആ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം.
 
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനമാണ് തന്നെ ഒരു പ്രൊഫഷണല്‍ ആക്ടറാക്കി മാറ്റിയതെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നാടകത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ പോയതില്‍ നിരാശയുണ്ടോ?
 
? എന്‍.എസ്.ഡിയിലെ ട്രെയിനിംഗിന്റെ കപ്പാസിറ്റിയാണ് എന്നിലെ ആക്ടറിനുള്ളത്. ആക്ടിംഗില്‍ ജന്മവാസനയുള്ളയാളാണ് ഞാനെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. ഒരുപാട് പഠനങ്ങളുടെ ഭാഗമായി രൂപപ്പെട്ടതാണ് എന്നിലെ നടന്‍. മൂന്നുവര്‍ഷത്തെ പഠനത്തിനുശേഷം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും നേരെ പോയത് സിനിമയിലേക്കാണ്. നാടകത്തിനുവേണ്ടി ഗുരുദക്ഷിണപോലും നല്കാന്‍ എനിക്കു കഴിഞ്ഞില്ല. സിനിമയില്‍ വലിയ തിരക്കില്ല. ഞാനഭിനയിച്ചില്ലെങ്കിലും സിനിമക്ക് കുഴപ്പമൊന്നുമില്ല.  ഈ സമയം നാടകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണ് ഞാന്‍. എന്റേത് എളിയ ശ്രമങ്ങളാണ്. 'അണ്ണാന്‍ കുഞ്ഞിനും തന്നാലായത്' എന്നു പറയുംപോലെ. 
 
അമ്പതു വര്‍ഷത്തിനിടയില്‍ വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ഭാവം പകര്‍ന്നു. ഒരു ആക്ടര്‍ എന്ന നിലയില്‍ ഇനിയുള്ള സാധ്യതകളെക്കുറിച്ച് മധുസാര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
 
? എനിക്ക് എന്തുമാത്രം കഴിയുമെന്ന എന്റെ വിശ്വാസങ്ങള്‍ക്കപ്പുറം, എത്രമാത്രം അവസരങ്ങള്‍ കിട്ടുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനുമപ്പുറം സിനിമ എനിക്കു തന്നുകഴിഞ്ഞു. ഒരു ആക്ടര്‍ എന്ന നിലയില്‍ കൂടുതലായൊന്നും ചെയ്യാനുള്ള സ്‌കോപ് ഇനിയുണ്ടെന്നു തോന്നുന്നില്ല. അത്തരം ഒരു വേഷം ലഭിക്കുകയാണെങ്കില്‍ ചെയ്യും. അങ്ങനെ ലഭിച്ചാല്‍ അതൊരത്ഭുതമാകും. കാരണം സിനിമയുടെ ട്രെന്‍ഡ് മാറിക്കൊണ്ടേയിരിക്കുകയാണ്. 'ആദാമിന്റെ മകന്‍ അബു'-വിലൂടെ സലീംകുമാര്‍ ചെയ്തതുപോലെ. അങ്ങനെ അപ്രതീക്ഷിതമായ അത്ഭുതങ്ങള്‍  എന്നെ സംബന്ധിച്ചിടത്തോളം ലൈഫ് ടൈമില്‍ വളരെ വ്യത്യസ്തമായ കുറേ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. അങ്ങനെയൊരു ഭാഗ്യം വളരെ കുറച്ചുപേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. അതില്‍ തൃപ്തനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തു മനുഷ്യനാണ്. 
 
മലയാള സിനിമയുടെ ചരിത്രത്തിലെ നിര്‍ണായക കാലങ്ങളില്‍ നിലകൊണ്ട അഭിനേതാവെന്ന നിലയില്‍ ചോദിക്കട്ടെ, മധുസാറിന് അഭിനയം എപ്പോഴെങ്കിലും മടുത്തിട്ടുണ്ടോ?
 
? സത്യത്തില്‍ സിനിമയിലഭിനയിക്കാനുള്ള കൊതി എന്നെ വിട്ടുപോയിരിക്കുന്നു. ഞാന്‍ പരിപൂര്‍ണ സംതൃപ്തനാണ്. പലതവണ ഇതു നിര്‍ത്തിയാലോ എന്നു ഞാന്‍ ചിന്തിച്ചതാണ്. പക്ഷെ, ഏകാന്തത ഞാനിഷ്ടപ്പെടുന്നില്ല. ക്ലബ്ബില്‍ പോയി ചീട്ടുകളിച്ച് സമയം കളയാന്‍ എനിക്കിഷ്ടമില്ല. ബാറില്‍ പോയി കള്ളുകുടിച്ച് സമയംപോക്കാനും താല്പര്യമില്ല. പിന്നെ മാസത്തില്‍ രണ്ടു ദിവസമെങ്കിലും സിനിമയില്‍ വര്‍ക്കു ചെയ്യുന്നതിന് ഒരു സുഖമുണ്ട്. അത് ഒരു കൂട്ടായ്മയുടെ ലോകമാണ്. അല്ലാതെ ഈ പടത്തില്‍ പോയി അഭിനയിച്ചു തകര്‍ത്തുകളയാമെന്ന വിശ്വാസമൊന്നും എനിക്കില്ല. മാസത്തില്‍ ഒരു തവണയെങ്കിലും ബന്ധുക്കളെയൊക്കെ കാണുന്ന ഒരു സുഖമാണ് ലൊക്കേഷനിലെത്തുമ്പോള്‍. ഇപ്പോള്‍ അഭിനയിക്കാന്‍ പോകുന്നതുപോലും അതിനുവേണ്ടിയാണ്. രാവിലെ പോയി രാത്രി പത്തുമണിവരെ കുത്തിയിരുന്ന് ഒരു ഷോട്ടില്‍ അഭിനയിച്ചുപോരേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല. ചെറിയ വേഷങ്ങളാണെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടെങ്കിലേ ഞാനഭിനയിക്കാറുള്ളൂ. അല്ലെങ്കില്‍ കിട്ടിയ വേഷങ്ങളെല്ലാം വാരിവലിച്ചു ചെയ്തു കാശുണ്ടാക്കാനുള്ള ആഗ്രഹം ഉണ്ടാകണം. അല്ലെങ്കില്‍ ദാരിദ്ര്യം ഉണ്ടാകണം. ഇതു രണ്ടും എനിക്കില്ല. ഒരു സീനിലാണെങ്കിലും പ്രാധന്യമുള്ള വേഷങ്ങളാണെങ്കിലേ എന്നെ വിളിക്കാന്‍ വരാറുള്ളൂ. 
 
ഫോട്ടോഷൂട്ട് കഴിഞ്ഞ് ശിവഭവനില്‍ എത്തുമ്പോള്‍ രാത്രി ഒന്‍പത് മണി. ഇനിയുള്ള കുറേ മണിക്കൂറുകള്‍ വായനയുടെ ലോകത്താണ് മധുസാര്‍. നാടകവും സിനിമയും സാഹിത്യവുമൊക്കെയായി വിപുലമായൊരു ഗ്രന്ഥശേഖരം അദ്ദേഹത്തിനുണ്ട്. വില്യം ഷേക്‌സ്പിയര്‍ മുതല്‍ മലയാളത്തിലെ പുതിയ തലമുറയിലെ നാടകമെഴുത്തുകാരെ വരെ മധുസാര്‍ വ്യക്തമായി പഠിച്ചിട്ടുണ്ട്. ''പഴയതെല്ലാം മഹത്തരമെന്നും പുതിയതെല്ലാം മോശമെന്നുമുള്ള അഭിപ്രായമെനിക്കില്ല. മാറി വരുന്ന കാലത്തിനനുസരിച്ച് നമ്മുടെ ജീവിതരീതിയിലുണ്ടായ മാറ്റം പോലെ എല്ലാറ്റിലും പരിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. പുതിയ എഴുത്തുകാരില്‍ ഒരുപാട് പേര്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.'' 
 
ധാരാളം വായിക്കുന്ന നടനാണ് മധു എന്ന് കേട്ടിട്ടുണ്ട്. കുട്ടിക്കാലം മുതലേയുള്ള വായനയുടെ രീതി എങ്ങിനെയായിരുന്നു?
 
? ഒരു കാലത്തും ഞാന്‍ വലിയ ഒറേഷ്യഡ് റീഡറായിരുന്നില്ല. ഫോര്‍ത്ത് ഫോമിലും ഫിഫ്ത്ത് ഫോമിലുമൊക്കെ പഠിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ളത്. ഉറൂബെല്ലാം എഴുതുന്ന കാലത്ത് വളരെ പരന്ന വായനയായിരുന്നു എനിക്ക്. മുളവനമുക്കില്‍ അന്നൊരു വായനശാലയുണ്ടായിരുന്നു. മിക്ക ദിവസവും വായനശാലയില്‍ പോവും. നോവലും ചെറുകഥകളും നാടകങ്ങളുമൊക്കെ അന്നേ വലിയ ഇഷ്ടമായിരുന്നു. ഒരു നടന്‍ ഉള്ളിലുള്ളതുകൊണ്ടാവാം പല കഥാപാത്രങ്ങളിലും ഞാന്‍ എന്നെ തന്നെ കണ്ടു. മോഹിച്ച വേഷങ്ങളില്‍ പലതും അവതരിപ്പിക്കാനുള്ള ഭാഗ്യവും പില്‍ക്കാലത്ത് എനിക്കുണ്ടായി.  
 
മലയാള സാഹിത്യത്തിലെ മഹാരഥന്മാരുടെ അനശ്വര സൃഷ്ടികളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മധുസാറിനെപ്പോലെ ഭാഗ്യം ലഭിച്ച മറ്റൊരു നടനുണ്ടാകില്ല. എങ്ങനെ കാണുന്നു ആ കാലത്തെ?
 
? പ്രതിഭാധനരായ ഒരുകൂട്ടം എഴുത്തുകാര്‍ക്കിടയിലും സത്യന്‍മാഷിനെപ്പോലെയും കൊട്ടാരക്കര ശ്രീധരന്‍ നായരെയും പോലെയുള്ള കഴിവുറ്റ നടന്മാര്‍ക്കിടയിലും ജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് എന്നിലെ നടനുലഭിച്ച ഏറ്റവും വലിയ പുണ്യം. സിനിമയിലെത്തുംമുമ്പേ മലയാളത്തിലെ ഉത്തമ കൃതികളില്‍ പലതും വായിക്കാന്‍ കഴിഞ്ഞിരുന്നു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഉറൂബിന്റെ 'ഉമ്മാച്ചു' അതീവ ആവേശത്തോടെയാണ് വായിച്ചിരുന്നത്. ചെമ്മീന്‍ വായിച്ച കാലത്ത് അതിലെ പരീക്കുട്ടിയായി അഭിനയിക്കാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഒടുവിലത് ഒരു നിയോഗംപോലെ എന്നിലെത്തി. 
 
എഴുത്തുകാരില്‍ ഏറെ അടുപ്പം ആരോടായിരുന്നു?
 
? എല്ലാവരുമായും നല്ല അടുപ്പമായിരുന്നു. മധു എന്റെ മോനാണ് എന്നു തകഴിച്ചേട്ടന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ചെമ്മീനിലെ പരീക്കുട്ടിയെ സൃഷ്ടിച്ച എഴുത്തുകാരന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച നടനെക്കുറിച്ച് അങ്ങനെ പറഞ്ഞില്ലെങ്കിലല്ലോ അത്ഭുതമുള്ളൂ. ഒരു രക്ഷിതാവിനെപ്പോലെയാണ് തകഴിച്ചേട്ടനെ ഞാന്‍ കണ്ടിരുന്നത്. തകഴിയേക്കാള്‍ അടുപ്പം ബഷീറുമായിട്ടായിരുന്നു. ബഷീറിനോട് സംസാരിക്കുന്നതുപോലും വളരെ രസമുള്ള ഏര്‍പ്പാടായിരുന്നു. ദേഷ്യംതോന്നിയാല്‍ എല്ലാവരേയും ചീത്ത പറയും. അതുകഴിഞ്ഞയുടന്‍ ഒരുപാട് സ്‌നേഹം വിളമ്പും. അതായിരുന്നു ബഷീര്‍. എനിക്ക് ആത്മബന്ധം നന്നായുള്ളത് എം.ടിയുമായിട്ടാണ്. എം.ടി. സാഹിത്യകാരനും ഞാന്‍ നടനുമായി രണ്ടു വഴികളിലാണെങ്കിലും ഞങ്ങള്‍ ഒരു കുടുംബത്തില്‍ ജനിച്ചുവളര്‍ന്നവരെപ്പോലെയാണ്. നിരന്തരമായി കണ്ടുമുട്ടുലുകളോ ഫോണ്‍വിളികളോ ഞങ്ങള്‍ക്കിടയിലില്ല. 'മുറപ്പെണ്ണി'ന്റെ ഷൂട്ടിംഗ് കാലത്താണ് എം.ടിയുമായി പരിചയപ്പെടുന്നത്. പിന്നീട് എം.ടിയുടെ പല ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചു. എം.ടിയുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നത് ഏതൊരു ആക്ടര്‍ക്കും ലഭിക്കുന്ന മഹാഭാഗ്യമാണ്.  
 
സഹപ്രവര്‍ത്തകരില്‍ ഏറെപ്പേരും ജീവിതം വിട്ടുപോയി. വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുന്നതായി മധുസാര്‍ എഴുതിയത് എവിടെയോ വായിച്ചു
 
? ശൂന്യതയേക്കാളേറെ വേദനയാണ് അതെന്നിലുണ്ടാക്കുന്നത്. ഞാനും ജി.കെ. പിള്ളയും ഒഴിച്ചാല്‍ ബാക്കി ആരുണ്ട് ആ തലമുറയുടെ പ്രതിനിധികളായി. ടി.വി. തുറക്കുമ്പോള്‍ സത്യന്‍ മാഷിന്റേയും നസീറിന്റേയും ജയന്റെയും കൊട്ടാരക്കരയുടെയും സോമന്റെയും സുകുമാരന്റെയും മുഖങ്ങളാണ് തെളിയുന്നത്. എല്ലാവരും മൃതദേഹങ്ങള്‍ തന്നെ. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഇനി കിട്ടുന്ന സമയമെല്ലാം ബോണസ്സല്ലാതെ മറ്റെന്താണ്. 
 
'സാത്ത് ഹിന്ദുസ്ഥാനി'യിലൂടെ ബോളിവുഡിലേക്കും ഒരു രംഗപ്രവേശമുണ്ടായല്ലോ, പിന്നീടെന്തുകൊണ്ടാണ് അതുപേക്ഷിച്ചത്?
 
? എന്നെ സിനിമയിലേക്കു കൊണ്ടുവന്ന രാമു കാര്യാട്ടായിരുന്നു ബോളിവുഡിലേക്കുള്ള പ്രവേശനത്തിനു അവസരമൊരുക്കിയത്. ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു ചെറുപ്പക്കാരായ കമാന്‍ഡോകളുടെ കഥയാണ് 'സാത്ത് ഹിന്ദുസ്ഥാനി'. നടന്മാരെ തിരഞ്ഞെടുക്കുന്നതിനിടയില്‍ മലയാളത്തില്‍നിന്നും ആരു വേണെമെന്ന് സംവിധായകന്‍ കെ.എ. അബ്ബാസ് രാമു കാര്യാട്ടിനോടാണ് തിരക്കിയത്. മധുവിനെ വിളിച്ചാല്‍ മതി. ഹിന്ദിയും നന്നായി അറിയാം എന്ന കാര്യാട്ടിന്റെ മറുപടിയാണ് അബ്ബാസിനെന്നില്‍ താല്‍പര്യമുണ്ടാക്കിയത്. അമിതാഭ് ബച്ചന്റെ ആദ്യചിത്രം കൂടിയായിരുന്നു അത്. 'സാത്ത് ഹിന്ദുസ്ഥാനി'യെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്കിപ്പോള്‍ അഭിമാനം തോന്നുന്നത്, ബച്ചന്റെ കാര്യത്തിലാണ്. ഞങ്ങള്‍ക്കൊപ്പം അഭിനയിച്ച ബച്ചന്‍ പിന്നീട് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് ഉയര്‍ന്നുപോയി. 'ബിഗ്ബി'യായി. ബച്ചന്റെ ആ ഉയര്‍ച്ച എനിക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. ഞാന്‍ ഹിന്ദിയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഏറെക്കുറെ എഴുപതോടുകൂടി എന്നിലെ ഹീറോ മരിക്കുമായിരുന്നു. ഒരു സ്റ്റണ്ടു നടനാകാനായിരുന്നില്ല ഞാന്‍ ഇഷ്ടപ്പെട്ടത്. മലയാളത്തില്‍ ഒട്ടേറെ അവസരങ്ങളുള്ളപ്പോള്‍ ഹിന്ദിയില്‍ പോയി എന്നിലെ നടനെ നശിപ്പിക്കാന്‍ എനിക്കാഗ്രഹമില്ലായിരുന്നു. കാശിനേക്കാളേറെ ഞാനെന്നും വിലമതിച്ചത് ജോലിയുടെ സംതൃപ്തിയാണ്.
 
നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, സ്റ്റുഡിയോ ഉടമ..... സിനിമയുടെ സമസ്ത മേഖലകളിലൂടെയും കടന്നുപോകാനും വിജയിക്കാനും മധുസാറിനായിട്ടുണ്ട്. മഹത്തായ അനവധി സംഭാവനകള്‍ താങ്കളില്‍നിന്നുണ്ടായിട്ടും അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാതെ പോയതില്‍ എപ്പോഴെങ്കിലും വേദന തോന്നിയിട്ടുണ്ടോ?
 
? ഈ ജീവിതത്തിനിടയില്‍ ഞാന്‍ ആരോടും എനിക്കവാര്‍ഡ് വേണമെന്നു പറഞ്ഞിട്ടില്ല. അതുകൊണ്ട് അംഗീകാരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഞാനതില്‍ അഭിമാനിക്കുന്നു. കണ്ടവന്റെ കയ്യുംകാലും പിടിച്ചുള്ള ഒരവാര്‍ഡും എനിക്കു വേണ്ട. ഈ രീതിയില്‍ വാങ്ങുന്ന അവാര്‍ഡ് എന്തു സന്തോഷമാണ് നമ്മിലുണ്ടാക്കുക. പുറത്ത് ജനങ്ങളുടെ മുന്നില്‍ ഞാന്‍ വലിയ അവാര്‍ഡ് ജേതാവാണെന്ന മട്ടില്‍ ഞെളിഞ്ഞു നടക്കാനാകുമായിരിക്കും. അതിനപ്പുറം ഇത്തരം അംഗീകാരങ്ങള്‍ മനസ്സിനൊരു സുഖവും തരില്ല. ഇതൊന്നും എന്റെ ധിക്കാരമായി കാണരുത്. അവാര്‍ഡുകളെ ഇതുവരെ ഞാന്‍ വലിയ കാര്യമായി കണ്ടിട്ടില്ല. എന്തുകൊണ്ടാണ് ഇത്ര ലാഘവം എന്നു ചോദിച്ചാല്‍ എസ്.എസ്. എല്‍. സി.ക്കു പത്തു തവണ തോറ്റവന്‍ എം.എക്കാരന്റെ പരീക്ഷാപേപ്പര്‍ വാല്യു ചെയ്യുമ്പോഴുള്ള അവസ്ഥയായിമാറി അവാര്‍ഡ്. അതു പാസാകുന്നതില്‍ എന്താണു സന്തോഷം. ഓരൊരുത്തരും പ്രവര്‍ത്തിക്കുന്ന മേഖലയിലെ പ്രാഗത്ഭ്യം പരിഗണിച്ചാണല്ലോ അവാര്‍ഡ് നല്‌കേണ്ടത്. അതു വിലയിരുത്തുന്നവന്‍ അവരേക്കാളും വലിയവനാകണ്ടേ. അങ്ങനെയൊരു അവാര്‍ഡ് ലഭിക്കുമ്പോള്‍ മാത്രമേ അതു അര്‍ഹതപ്പെട്ടതായി തോന്നാറുള്ളൂ.
 
കാലം മധുവിനെ എങ്ങനെയായിരിക്കും വായിക്കുക. നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, വിതരണക്കാരന്‍, തിരക്കഥാകൃത്ത്, സ്റ്റുഡിയോ ഉടമ ... മലയാള സിനിമയുടെ ഫ്രെയിമുകളില്‍ മധു എന്ന ദശരഥപ്രതിഭ കടന്നുപോകാത്ത മേഖലകള്‍ നന്നേ കുറവ്. പക്ഷേ, കാലം മധുവിലെ നടനെ വിലയിരുത്തുന്നത് പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ പേരിലായിരിക്കും. തകഴി, ബഷീര്‍, എം.ടി., പാറപ്പുറത്ത്, എസ്.കെ. പൊറ്റെക്കാട്, തോപ്പില്‍ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂര്‍ ... ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളില്‍ പിറവികൊണ്ട കരുത്തുറ്റ ആണ്‍ജീവിതത്തിന് അഭ്രപാളിയില്‍ ഭാവംപകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുവിനായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ കാലാനുസൃതമായ മാറ്റങ്ങള്‍ക്കിടയിലും സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക് ഉയിരേകിയ നടനായിട്ടായിരിക്കും മധുവിന്റെ എക്കാലത്തെയും കീര്‍ത്തി. ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് ... മലയാളത്തിന്റെ സെല്ലുലോയ്ഡില്‍ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ സുവര്‍ണ്ണലിപികളില്‍തന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതുതന്നെയാണ് ഒരു കലാകാരന് കാലം നല്കുന്ന ഏറ്റവും വലിയ ബഹുമതിയും.