‘കമേഴ്സ്യൽ എക്സ്പെരിമെന്റൽ ഫിലിം’,  സണ്ണിയെ ജയസൂര്യ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. മലയാള സിനിമയിൽ എന്നും പുതുമകളുമായി വന്ന് കൈയടി നേടിയ  ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ടുകെട്ട് രസകരമായ വൺ മാൻ ഷോയുമായാണ് ഇത്തവണയെത്തുന്നത്. ബോളിവുഡിലെ കഴിവുറ്റ ടെക്നീഷ്യന്മാർ ക്യാമറയ്ക്ക് പിന്നിൽ അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യവസാനം സ്‌ക്രീനിൽ നിറഞ്ഞാടുന്നത് ഒരേ ഒരു കഥാപാത്രമായിരിക്കും. സിനിമയുടെ സ്ഥിരം രസക്കൂട്ടുകളിൽനിന്ന് രചനയിലും അവതരണത്തിലും ഏറെ വ്യത്യസ്തമായ ‘സണ്ണി’യെക്കുറിച്ച് ജയസൂര്യ സംസാരിക്കുന്നു.

‘‘ഞാനും രഞ്ജിത് ശങ്കറും ഒന്നിച്ച സിനിമകളെല്ലാംതന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പരീക്ഷണ ചിത്രങ്ങളായിരുന്നു.   ആനപ്പിണ്ഡത്തിൽനിന്ന് ചന്ദനത്തിരി ഉണ്ടാക്കുന്ന ജോയ് താക്കോൽക്കാരൻ എന്ന ചെറുപ്പക്കാരന്റെ ധർമസങ്കടങ്ങളുടെ കഥപറഞ്ഞ ചിത്രമായിരുന്നു കൂട്ടുകെട്ടിലെ ആദ്യ ചിത്രം. ആ ചിത്രം പ്രമേയപരമായി വലിയ പരീക്ഷണമായിരുന്നു. സു സുധി വാല്മീകം, ഒരു വിക്കന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. കഥാപാത്രപരമായി അതിലൊരു പരീക്ഷണ ഘടകമുണ്ടായിരുന്നു. അതിനുശേഷം ഞങ്ങൾ ചെയ്ത പ്രേതത്തിൽ ആരും കൂടുതൽ അറിയാത്ത  മെന്റലിസമാണ് പറഞ്ഞത്. തുടർന്നുവന്ന ഞാൻ മേരിക്കുട്ടിയിൽ ട്രാൻസ് ജെൻഡറിന്റെ ആത്മസംഘർഷങ്ങൾ അവതരിപ്പിച്ചു. ആ ചിത്രങ്ങൾപോലെ കഥയിലും അത് പറയുന്ന രീതിയിലും ഏറെ പുതുമ അവകാശപ്പെടാൻ കഴിയുന്ന ചിത്രമാണ് ‘സണ്ണി’. ഒറ്റ കഥാപാത്രത്തിലൂടെ ഒരു സിനിമ കൊണ്ടുപോകുക എന്ന ചലഞ്ചിങ്ങാണ് ഞങ്ങൾ ഏറ്റെടുത്തത്. സണ്ണി എന്ന മ്യുസിഷ്യന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രമാണ്. ജീവിതാവസ്ഥകളിൽ പരാജയം മാത്രം ഏറ്റുവാങ്ങേണ്ടിവന്നയാൾ ... എല്ലാം ഉണ്ടായിട്ടും ഒന്നും ആകാതെ പോയയാൾ... കൺമുന്നിൽ കലയും ജീവിതവും കൈവിട്ടുപോകുന്നത് നോക്കിനിൽക്കേണ്ടി വന്നവന്റെ ആത്മസംഘർഷങ്ങൾ... ഇതെല്ലാം ചേർത്തു വെച്ച കഥാപാത്ര സൃഷ്ടി. ഞാനും രഞ്ജിത് ശങ്കറും ഒന്നിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തവണ മാറ്റിയെഴുതിയ ചിത്രംകൂടിയാണിത്. കാരണം, ഈ കോവിഡ് കാലത്ത് വേൾഡ് ക്ലാസിക് സിനിമകൾ കണ്ടുശീലിച്ച പ്രേക്ഷകരാണ് നമുക്ക് മുന്നിലുള്ളത്. അത് എല്ലാ അർഥത്തിലും തിരിച്ചറിഞ്ഞുകൊണ്ട് ആസ്വാദകർക്ക് നല്ലൊരു സിനിമാനുഭവം സമ്മാനിക്കാനുള്ള വലിയ ശ്രമം ഞങ്ങൾ നടത്തിയിട്ടുണ്ട്. ഏറെ വിഷ്വൽ ട്രീറ്റുള്ള ചിത്രത്തിന് മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. ലൈവ് സൗണ്ടിൽ ഒരുക്കിയ ചിത്രത്തിന്റെ റെക്കോഡിങ് ബോളിവുഡ് സൗണ്ട് ഡിസൈനർ സിനോയ് ജോസഫും എഡിറ്റിങ് സമീർ മുഹമ്മദും കോസ്റ്റ്യൂം സരിതയും നിർവഹിക്കുന്നു’

സിനിമകളുടെ പൂർണതയ്ക്കുവേണ്ടി ഏറെ ഹോംവർക്ക് ചെയ്യുന്ന നടനാണ് ജയസൂര്യ, സണ്ണി എന്ന സിനിമ അത്തരം കാര്യങ്ങൾ ആവശ്യപ്പെടുന്ന ചിത്രമായിരുന്നോ?

ചിട്ടകൾ തെറ്റിയ ജീവിതത്തിൽ അലസനും മദ്യപനുമായ കഥാപാത്രമാണ് സണ്ണി. കഥാപാത്രത്തിന്റെ ശരീരഭാഷ നിലനിർത്താൻ നന്നായി ഭക്ഷണംകഴിച്ചു. നിത്യ വ്യായാമങ്ങളെല്ലാം കുറെക്കാലത്തേക്ക് മാറ്റിവെച്ചു. ചിത്രത്തിനുവേണ്ടി ഹോം വർക്കും ഹോമിന് പുറത്തുനിന്നു നന്നായി മുന്നൊരുക്കങ്ങളും നടത്തേണ്ടിവന്നിട്ടുണ്ട്. സിനിമയുടെ നിർമാണകാര്യംമുതൽ ഞാനൊരു ഫുൾ ടൈം വർക്കറായിരുന്നു.

 നൂറു സിനിമകൾ പിന്നിട്ടു. തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലെത്തുന്നത് എന്താണ്?

എന്റെ സിനിമകൾക്കൊപ്പം നിന്ന സംവിധായകരോടും എഴുത്തുകാരോടും  ടെക്നീഷ്യന്മാരോടും ഓരോ ചുവടിലും പ്രോത്സാഹിപ്പിച്ച പ്രിയ പ്രേക്ഷകരോടും എല്ലാ അദൃശ്യ-ദൃശ്യ ശക്തികൾക്കും നന്ദി. 100 സിനിമകൾ എന്നത് വെറും എണ്ണം മാത്രമാണ്. ഇത്രയും ചിത്രങ്ങൾ തികയ്ക്കാൻ കഴിയുമെന്ന സ്വപ്നംപോലും കണ്ടിരുന്നില്ല. അതിൽ വലിയ മഹത്ത്വവും കാണുന്നില്ല. എല്ലാം ദൈവാനുഗ്രഹംകൊണ്ട് മാത്രം സംഭവിച്ച കാര്യങ്ങൾ മാത്രമാണ്. ഇന്ന് നൂറാമത് സിനിമയിൽ അഭിനയിക്കുമ്പോഴും ആദ്യ സിനിമയിൽ അഭിനയിച്ചതിനെക്കാൾ ഞാൻ ടെൻഷനടിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ ആദ്യചിത്രത്തെക്കാൾ നൂറിരട്ടി അർപ്പണമനോഭാവത്തോടെയാണ് ഓരോ സിനിമകളെയും ഞാൻ സമീപിക്കാറുള്ളത്. അഭിനയിച്ച ഓരോ സിനിമയിൽനിന്നും പഠിച്ച കാര്യങ്ങൾ അതിനുശേഷമുള്ള സിനിമകളിൽ പ്രയോഗിക്കാനും ശ്രമിക്കാറുണ്ട്.

പിന്നിട്ടത് നൂറ്‌ ചിത്രങ്ങൾ, അവതരിപ്പിച്ചത് നൂറിലധികം കഥാപാത്രങ്ങൾ അതിൽ മനസ്സിൽനിന്നു മാഞ്ഞുപോകാത്ത വേഷങ്ങൾ ഏതൊക്കെയാണ്

അഭിനയിച്ച കഥാപാത്രങ്ങൾ പിന്തുടരുന്ന കാലമൊക്കെ മാറി. ഷൂട്ടിങ് സമയത്തെ കട്ട് പറഞ്ഞാലും ആ സിനിമയുടെ പാക്കപ്പ് പറഞ്ഞാലും കഥാപാത്രത്തിൽ നിന്ന് മാറിനിൽക്കാൻ പരിചയംകൊണ്ട് ഞാൻ പഠിച്ചു. എന്നാൽ, അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും എന്റെ ഹൃദയത്തിന്റെ ഷോക്കേസിൽ ഭംഗിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഞാൻ എപ്പോൾ വിളിച്ചാലും അവർ എന്റെ അടുത്തേക്ക് ഓടിവരും. ആ കഥാപാത്രങ്ങളെ ചിലപ്പോൾ ഞാൻ സ്വപ്നം കാണാറുണ്ട്. അപ്രതീക്ഷിതമായി വേർപിരിഞ്ഞ ചങ്ങാതിയെക്കുറിച്ചുള്ള ഓർമപോലെ ചെറുതരി നോവായി അവരെല്ലാം മനസ്സിൽക്കിടക്കും. അതുകൊണ്ടുതന്നെ അഭിനയിച്ച സിനിമയുടെ തുടർച്ച ചെയ്യുമ്പോൾ എളുപ്പത്തിൽ കഥാപാത്രങ്ങളിലേക്ക് കയറാൻ കഴിയാറുണ്ട്.

ആ നൂറു കഥാപാത്രങ്ങളുടെ ഓട്ടമത്സരം നടത്തിയാൽ ആര് ജയിക്കാനാണ് മനസ്സ് ആഗ്രഹിക്കുക

എന്റെ പൊന്നു മക്കളിൽ വേദയോ ആദിയോ കേമൻ എന്ന് ചോദിക്കുന്നത് പോലെയാണത്. ആ നൂറു കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ സമയം ആരോടാണോ ചേർന്നുനിന്നത് അവരോട് സ്വാഭാവികമായി ഇത്തിരി അടുപ്പം കൂടുതലുണ്ടായിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ രണ്ടാംഭാഗം ചെയ്ത പുണ്യാളനിലെ ജോയ് താക്കോൽക്കാരനും ആടിലെ ഷാജി പാപ്പനും വരും. പക്ഷേ, കൊണ്ടുനടന്നത് കുറച്ചു കാലമാണെങ്കിലും ആഴത്തിലുള്ള അനുഭവങ്ങൾ സമ്മാനിച്ച്  കടന്നുപോയ കഥാപാത്രങ്ങളും ഉണ്ട്. മേരിക്കുട്ടിയും സുധിയും ആ ഗണത്തിലുള്ളവരാണ്.

ഈ യാത്രയിലെ മാർഗദർശികളായി മനസ്സിലെത്തുന്ന മുഖങ്ങൾ ആരുടേതൊക്കെയാണ്

ജീവിതത്തിൽ ഞാൻ പരിചയപ്പെട്ട എല്ലാവരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എനിക്ക് മാർഗദർശികളായിട്ടുണ്ട്. ഓരോ വ്യക്തിയും നമ്മുടെ മുന്നിൽ വരുന്നത് ഓരോ നിയോഗത്തിലാണെന്ന് വിശ്വസിക്കുന്നയാളാണ്  ഞാൻ. കാരണമില്ലാതെ ജീവിതത്തിൽ ഒരു കാര്യവും നടക്കുന്നില്ല. ജീവിതം ഒരു ട്രെയിൻയാത്ര പോലെ ആണെന്നല്ലേ. ചിലർ ഇടയ്ക്ക് കയറിവരും ഇടയ്ക്ക് ഇറങ്ങും. മറ്റുള്ളവർ നമുക്കൊപ്പം ആദ്യവസാനം  യാത്രചെയ്യും. അങ്ങനെ  മുന്നിൽ വന്നവരിൽ പലരും എന്റെ മാർഗദർശികളും പ്രചോദകരുമായിട്ടുണ്ട്. അങ്ങനെ കണ്ടുമുട്ടിയവരുടെ  ജീവിതത്തിന്റെ മാറ്റത്തിന് ഞാൻ കാരണക്കാരനായതുപോലെ എന്റെ ജീവിതത്തിന്റെ മാറ്റങ്ങൾക്കും അവരും കാരണക്കാരായിട്ടുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ എന്റെ കൂട്ടത്തിൽനിന്ന് ആര് അകന്നുപോയാലും എനിക്ക് വിഷമം ഉണ്ടാവില്ല. അതാണതിന്റെ വിധി.

 20 വർഷംനീണ്ട സിനിമാ യാത്രയിൽനിന്ന് പഠിച്ച കാര്യങ്ങൾ എന്താണ്

നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും കൃത്യനിഷ്ഠയ്ക്ക് വലിയ വില കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ കൂടെ വർക്കുചെയ്ത ചെറുതും വലുതുമായ കലാകാരന്മാരിൽ നിന്നും ഓരോ പാഠങ്ങൾ ഞാൻ പഠിച്ചെടുത്തിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കൽ സംഭവിച്ച തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഒന്നു ശ്രമിച്ചാൽ നല്ല മനുഷ്യനാകാൻ കഴിയും എന്ന് ജീവിതംകൊണ്ട് ഞാൻ പഠിച്ചു.

എന്തൊക്കെയാണ് ഇനിയുള്ള സ്വപ്നങ്ങൾ... പ്രതീക്ഷകൾ...

ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാത്ത കാലത്ത്‌ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്ന ആളാണ് ഞാൻ. ഇന്ന് അടുത്തനിമിഷം എന്തായിരിക്കണമെന്നു പോലും ഞാൻ ചിന്തിക്കാറില്ല. ആത്മാർഥമായി സമീപിച്ചാൽ ആഗ്രഹം സഫലമാകും എന്നുതന്നെയാണ്  ജീവിതം പഠിപ്പിച്ചത്. എന്ന് ഞാൻ എന്റെ ജോലിയെ ചതിക്കുന്നോ അന്ന് ജോലി എന്നെ ചതിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നും ആത്മാർഥമായി വർക്ക് ചെയ്യാൻ കഴിയേണമേ എന്നതു മാത്രമാണ്  പ്രാർഥന. ഒരു നടനെന്ന നിലയിൽ ഏറെ അംഗീകാരം നേടിത്തന്ന ചിത്രമായിരുന്നു ബ്രിജേഷ് സെന്നിന്റെ ‘ക്യാപ്റ്റനും’ രഞ്ജിത് ശങ്കറിന്റെ ‘ഞാൻ മേരിക്കുട്ടി’യും. അവർ വീണ്ടും എനിക്കുവേണ്ടി ഒരുക്കിത്തന്ന പുതിയ ചിത്രങ്ങളായ വെള്ളം, സണ്ണി എന്നിവയാണ് എന്റെ പ്രതീക്ഷ.

(വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Actor Jayasurya Interview, Sunny, Ranjith Shankar ,Movie, Vellam