ക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകള്‍, ആകര്‍ഷകമായ പുഞ്ചിരി, പ്രസരിപ്പുള്ള മുഖം, ശോഭയെന്ന നടിയെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നൊമ്പരപ്പെടുന്ന ഓര്‍മകളാണ്. അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ശോഭ  തെലുങ്ക്, തമിഴ്, മലയാളം  ഭാഷകളിലായി വേഷമിട്ടത് എൺപതോളം ചിത്രങ്ങളിലാണ്.

അവൾ അൽപ്പം വെെകിപ്പോയി, യോഗമുള്ളവർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള  കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശോഭയെ തേടിയെത്തി. പിന്നീട് 1977 മികച്ച സഹനടിക്കും (ഓർമകൾ മരിക്കുമോ) 1978 ൽ എന്റെ നീലാകാശം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുമുള്ള ചലച്ചിത്ര പുരസ്കാരവും ശോഭയ്ക്കായിരുന്നു. പശി എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടുമ്പോൾ ശോഭയ്ക്ക് വെറു പതിനാറ് വയസ്സായിരുന്നു പ്രായം.

മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ ശോഭ, തന്റെ 17-ാമത്തെ വയസ്സിൽ മരണത്തിലേക്ക് നടന്നടുത്തു. ശോഭ വിടവാങ്ങി  നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മാതൃഭൂമി ഡോട്ട്കോമുമായി ഓർമകൾ പങ്കുവയ്ക്കുകയാണ് നടി ജലജ...

 

ശോഭ എന്റെ കൂട്ടുകാരി....

Actor Jalaja Interview about yesteryear actress Sobha death suicide controversy Movies

ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി എന്നീ സിനിമകളിലാണ് ഞാനും ശോഭയും ഒരുമിച്ച് പ്രവർത്തിക്കുന്നത്. ഉൾക്കടൽ 1978 ലും ശാലിനി എന്റെ കൂട്ടുകാരി 1980 ലും പുറത്തിറങ്ങി. ഉൾക്കടലിൽ ഞങ്ങൾക്ക് കോമ്പിനേഷൻ രംഗങ്ങൾ കുറവായിരുന്നു. അതിൽ ശോഭയും വേണുച്ചേട്ടനുമായിരുന്നു (വേണു നാഗവള്ളി)   പ്രധാനകഥാപാത്രങ്ങൾ. പിന്നീട് ശാലിനി എന്റെ കൂട്ടുകാരിയുടെ സെറ്റിലാണ് ഞാൻ ശോഭയെ കാണുന്നത്. കോഴിക്കോട്ടായിരുന്നു ഷൂട്ടിങ്. ഒരു മാസത്തോളം അളകാപുരി ഹോട്ടലിൽ ഞങ്ങൾ ഒരുമിച്ച് താമസിച്ചു. അങ്ങനെയാണ് ഞങ്ങൾ പരസ്പരം അടുക്കുന്നത്.

 

തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന പെൺകുട്ടി...

Actor Jalaja Interview about yesteryear actress Sobha death suicide controversy Moviesഷൂട്ടിങ്ങിന് പോകുന്നതും വരുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പുറത്ത് കറങ്ങാൻ പോകും. സിനിമകാണാനും ഷോപ്പിങ് നടത്താനുമെല്ലാം. ചിലപ്പോൾ ശോഭ പറയും, ''ജലജാ.. നമുക്ക് ഒരു ഐസ്ക്രീം കഴിച്ചാലോ'', ''പിന്നെന്താ'' എന്ന് പറഞ്ഞ ഞാനും കൂടെ പോകും. സിനിമയെക്കുറിച്ചായിരുന്നു ഞങ്ങൾ കൂടുതൽ സംസാരിച്ചിരുന്നത്. ഡയലോഗുകളെല്ലാം ഒരുമിച്ച് പറഞ്ഞ് പഠിക്കാറുണ്ട്. ശാലിനി എന്റെ കൂട്ടുകാരിയുടെ ചില ഭാഗങ്ങൾ ഗുരുവായൂരപ്പൻ കോളേജിൽ ചിത്രീകരിച്ചിരുന്നു. ഒരിക്കൽ ശോഭ എന്നോട് പറഞ്ഞു, ''ജലജാ, സിനിമയിൽ അഭിനയിക്കുമ്പോഴാണ് അറിയുന്നത് ഈ കോളേജ് കാമ്പസും ജീവിതവുമെല്ലാം എത്ര രസകരമാണ്.'' ശോഭയ്ക്ക് കോളേജിൽ പോകാൻ പറ്റിയിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

ശോഭയുടെ സ്വഭാവം വളരെ രസകരമായിരുന്നു. ഒരുപാട് സംസാരിക്കുന്ന തമാശകൾ പറയുന്ന പ്രകൃതക്കാരി. പെട്ടന്ന് തന്നെ എല്ലാവരുമായി അടുക്കും. യാതൊരു ഈഗോയുമില്ലാത്ത എല്ലാവരോടും വിനയത്തോടെ പെരുമാറുന്ന പെൺകുട്ടിയായിരുന്നു അവർ. അതുകൊണ്ടു തന്നെ ഞാനും ശോഭയും വളരെ പെട്ടന്ന് അടുക്കുകയും സുഹൃത്തുക്കളാകുകയും ചെയ്തു. എന്റെ ജീവിതത്തിൽ വളരെ സന്തോഷപ്രദമായ, ഒരിക്കലും മറക്കാനാകാത്ത ഒരു മാസമായിരുന്നു ശോഭയോടൊപ്പം ഞാൻ ചെലവഴിച്ചത്. ഷൂട്ടിങ് തീർന്നപ്പോൾ ഏറെ സങ്കടത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. ഇനി മറ്റൊരു സിനിമയിലും നമുക്ക് ഒന്നിക്കാം എന്ന് പറഞ്ഞാണ് പിരിഞ്ഞുപോയത്.അപ്രതീക്ഷിതമായെത്തിയ ആ ദുഃഖവാർത്ത

Actor Jalaja Interview about yesteryear actress Sobha death suicide controversy Movies

ഷൂട്ടിങ് കഴിഞ്ഞ്  ശോഭ ചെന്നെെയിലേക്കും ഞാൻ തിരുവനന്തപുരത്തേക്കും പോയി. ഇന്നത്തെ പോലെ അന്ന് നമുക്ക് മൊബെെൽ ഫോണൊന്നുമില്ലല്ലോ. അതുകൊണ്ടു തന്നെ മൂന്ന് മാസം പരസ്പരം സംസാരിക്കാൻ ഞങ്ങൾ തമ്മിൽ കോണ്ടാക്ട് ഒന്നുമില്ലായിരുന്നു. ഒരു ദിവസം രാവിലെ ഞാൻ പത്രമെടുത്തപ്പോൾ, മുൻ പേജിൽ ഒരു വാർത്ത, നടി ശോഭ ആത്മഹത്യ ചെയ്തു. ഞാൻ തകർന്നുപോയി എനിക്കത് വിശ്വസിക്കാനായില്ല.

ശോഭ എന്തിനീ കടും കെെ ചെയ്തു?

Actor Jalaja Interview about yesteryear actress Sobha death suicide controversy Movies

ശോഭയുടെ മരണത്തെക്കുറിച്ച് കുറേ ഊഹാപോഹങ്ങൾ ഉണ്ടായി. കഥകളുണ്ടായി. അതൊക്കെ കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഒരാൾ ആത്മഹത്യ ചെയ്യണമെങ്കിൽ അതിന് തക്കതായ കാരണം വേണം. ശോഭ സങ്കടത്തോടെ ഇരിക്കുന്നത് ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. എപ്പോഴും ഉന്മേഷവതിയായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് യാതൊരു തരത്തിലുള്ള സൂചനകളും ലഭിച്ചിട്ടില്ല. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള സംസാരമൊന്നും ഞങ്ങളുടെ ഇടയിൽ കടന്നുവന്നിട്ടില്ല. എന്നോട് ശോഭയും ചോദിച്ചിട്ടില്ല, ഞാൻ തിരിച്ചും.  അങ്ങനെ ചോദിക്കേണ്ടി വന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പറയുന്നതായിരിക്കും ശരി.

Actor Jalaja Interview about yesteryear actress Sobha death suicide controversy Movies
ജലജ

ശോഭ എന്തിനിത് ചെയ്തു, എന്ന് ഞാൻ ഒരുപാട് തവണ ആലോചിട്ടുണ്ട്,  അതും പതിനേഴാമത്തെ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി ദേശീയ പുരസ്കാരം വരെ നേടിയ നടി. ശോഭ ജീവിച്ചിരുന്നുവെങ്കിൽ സിനിമയിൽ ഒരുപാട് അംഗീകാരങ്ങൾ അവരെ തേടിയെത്തിയേനേ. ഒരു നിമിഷത്തെ തോന്നലായിരിക്കാം ശോഭയെ ആത്മഹത്യ ‌ചെയ്യാൻ പ്രേരിപ്പിച്ചത്. അത് ഇന്നും ഒരു ദൂരൂഹതയായി തുടരുന്നു.

Content Highlights: Actor Jalaja Interview about yesteryear actress Sobha, 40th death anniversary, ulkkadal, shalini ente koottukari, Movies