സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടൻ ബാബുരാജ് തിരക്കഥയെഴുതി സംവിധാനംചെയ്ത ‘ ബ്ലാക്ക് കോഫി’ പ്രദർശനത്തിനെത്തി. തീൻമേശയിലെ രുചിവൈവിധ്യം വിവരിച്ച സോൾട്ട് ആൻഡ് പെപ്പറിലെ കുക്ക് ബാബുവും കാളിദാസനും മായയും മൂപ്പനുമെല്ലാം ബ്ലാക്ക് കോഫിയിലൂടെ വീണ്ടും തിയേറ്ററുകളിലേക്കെത്തി. വിശേഷങ്ങൾ വിവരിച്ച് ബാബുരാജ് സംസാരിക്കുന്നു...

സോൾട്ട് ആൻഡ് പെപ്പറിനൊരു രണ്ടാം ഭാഗം, എങ്ങനെയായിരുന്നു അത്തരമൊരു ചിന്ത

ഞാനിതിനുമുമ്പ് സംവിധാനംചെയ്ത രണ്ടുചിത്രങ്ങളും ത്രില്ലർ, ക്രൈം വിഭാഗത്തിൽപ്പെട്ടതാണ്. എന്തുകൊണ്ടൊരു കോമഡിചിത്രം ചെയ്യുന്നില്ല എന്നചോദ്യം കുറെക്കാലമായി പലരും ചോദിച്ചു. സോൾട്ട് ആൻഡ് പെപ്പർ ഹിറ്റായിമാറിയ ഉടനെതന്നെ ചിത്രത്തിനൊരു രണ്ടാംഭാഗം എന്ന ചിന്ത ഉയർന്നിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്നൊരു തുടർച്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു. സിനിമയ്ക്കുപറ്റിയൊരു കഥ കിട്ടിയപ്പോൾ ആഷിക്ക് അബുവിനോട് കാര്യം പറഞ്ഞു. സോൾട്ട് ആൻഡ് പെപ്പറിനൊരു തുടർച്ചയെന്നു കേട്ടപ്പോൾ ആഷിക്കിനും സന്തോഷം. ഞാൻ സംവിധാനംചെയ്യുന്നതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. തുടക്കത്തിൽ ആസിഫ് അലിയുടെയും മൈഥിലിയുടെയുമെല്ലാം വേഷങ്ങൾക്ക് കഥയിൽ സ്ഥാനമുണ്ടായിരുന്നു. പക്ഷേ, മൈഥിലി അമേരിക്കയിൽ താമസമായതിനാൽ ആ കഥാപാത്രങ്ങളെയെല്ലാം മാറ്റിനിർത്തേണ്ടിവന്നു.

വർഷങ്ങൾക്കുശേഷം കുക്ക് ബാബുവായി വീണ്ടുമെത്തുമ്പോൾ

സ്ത്രൈണതയുള്ള, ആരോഗ്യത്തിൽ കാര്യമായി ശ്രദ്ധചെലുത്തുന്ന, ഹനുമാൻ ഭക്തനായ കഥാപാത്രം. കുക്ക് ബാബുവിന്റെ മാനറിസങ്ങൾക്ക് തുടർച്ചകൊണ്ടുവരാനാണ് രണ്ടാംവരവിലും ശ്രമിച്ചത്. സംവിധാനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകുന്നതിന്റെ ചില തലവേദനകളുണ്ടായിരുന്നു. ക്യാമറയ്ക്കു പിറകിൽനിന്ന് കാര്യങ്ങൾ ഗൗരവമായി പറഞ്ഞ് ഓടിച്ചെന്ന് സ്ത്രൈണതയോടെ അഭിനയിക്കുകയെന്നത് ഭാരിച്ച ജോലിതന്നെയായിരുന്നു. ചിത്രീകരണത്തിന്റെ തുടക്കത്തിൽ ചില സംശയങ്ങളുണ്ടായി, കാര്യങ്ങൾ ശരിയായ രീതിയിലാണോ പോകുന്നതെന്ന സംശയമായിരുന്നു അത്. ഷൂട്ടിങ് പുരോഗമിക്കവേ സംവിധാനവും അഭിനയവും ആസ്വദിച്ചുതന്നെ മുന്നോട്ടുകൊണ്ടുപോകാനായി.

വില്ലൻവേഷത്തിൽനിന്ന് കോമഡിയിലേക്കുള്ള മാറ്റത്തെക്കുറിച്ച്

വില്ലൻവേഷങ്ങൾചെയ്ത ഒരുപാട് നടന്മാർ ഒരുകാലം കഴിഞ്ഞപ്പോൾ ഹാസ്യത്തിലേക്കു ചുവടുമാറിയതായി നമ്മൾ കണ്ടിട്ടുണ്ട്. എന്റെ മാറ്റം പെട്ടെന്നായിരുന്നു. സോൾട്ട് ആൻഡ് പെപ്പറിനുശേഷം കോമഡിവേഷങ്ങളുടെ ഘോഷയാത്രയായി. കഥാപാത്രം ഹിറ്റായതോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്ന് ദോശചുടലായിരുന്നു പ്രധാനപരിപാടി. ഹോട്ടൽ ഉദ്ഘാടനങ്ങളുടെ നീണ്ട നിര! കോമഡിട്രാക്കിൽ തളച്ചിടപ്പെട്ടുപോകുമെന്ന് മനസ്സിലായപ്പോൾ ബോധപൂർവം കുതറിമാറി. ‘ കൂദാശ’ പോലുള്ള സിനിമകൾ അങ്ങനെയാണ് സംഭവിച്ചത്. കരിയറിൽ മികച്ച അഭിപ്രായം ലഭിച്ച സിനിമയായിരുന്നു കൂദാശ. വേണ്ടത്ര തിയേറ്റർ സപ്പോർട്ട് ലഭിക്കാത്തത് അന്ന് കൂദാശ സിനിമയ്ക്ക് തിരിച്ചടിയായി.

സോൾട്ട് ആൻഡ് പെപ്പറിലെ പാചകക്കാരന്റെ വേഷം എങ്ങനെയാണ് തേടിയെത്തിയത്

വില്ലൻവേഷങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് സോൾട്ട് ആൻഡ് പെപ്പറിലേക്കു വിളിക്കുന്നത്. ആഷിക്ക് അബുവിന്റെ ‘ ഡാഡികൂളി’ ൽ അഭിനയിച്ച സൗഹൃദം ഗുണംചെയ്തു. കഥകേൾക്കാൻ ആഷിക്കിന്റെ താമസസ്ഥലത്തേക്കു ചെന്നപ്പോൾ ശ്യാമും ദിലീഷുമെല്ലാം അവിടെയുണ്ടായിരുന്നു. ഭക്ഷണത്തിന്റെ സമയമായപ്പോൾ നമുക്കെന്തെങ്കിലും ഉണ്ടാക്കാമെന്നുപറഞ്ഞ് ഞാനും ആഷിക്കും ബൈക്കെടുത്തുപോയി അങ്ങാടിയിൽനിന്ന് ഇറച്ചിയെല്ലാം വാങ്ങി അടുക്കളയിൽ കയറി. പാചകം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവർ പറഞ്ഞത് ഈ സിനിമയിൽ കരുതിവെച്ച വേഷം ഇതുതന്നെയാണെന്ന്. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടി. പക്ഷേ, കുക്ക് ബാബുവിന്റെ മാനറിസങ്ങളെല്ലാം കൃത്യമായ അളവിൽ അവർ എഴുതിവെച്ചിരുന്നു. കുക്കിന്റെ വേഷത്തിലേക്ക് ആദ്യമവർ മറ്റേതോ കോമഡിതാരത്തെയായിരുന്നു കണ്ടിരുന്നത്. അവസാനറൗണ്ടിലാണ് ഞാൻ വന്നുകയറുന്നത്.

ബ്ലാക്ക് കോഫിയുടെ ചിത്രീകരണവിശേഷങ്ങൾ

പാചകത്തിന് പ്രാധാന്യമുള്ള സീനുകൾ ഏറെയുള്ള സിനിമയാണ് ബ്ലാക്ക് കോഫി. ചിത്രീകരണത്തിനായി ഭക്ഷണമുണ്ടാക്കാൻ രണ്ടുപേരെ സെറ്റിൽ ചുമതലപ്പെടുത്തിയിരുന്നു. അവർ രുചിയേറിയ ഭക്ഷണങ്ങൾ ഭംഗിയോടെ തീൻമേശയിൽ നിരത്തിവെക്കും. ഷൂട്ടിങ് സമയമാകുമ്പോഴേക്കും അതിൽ പകുതിയും കാണാതാകുന്നത് സ്ഥിരം പതിവായിരുന്നു.

കഥാപാത്രത്തെപ്പോലെ യഥാർഥജീവിതത്തിലും നന്നായി പാചകംചെയ്യുന്ന വ്യക്തിയാണ് ബാബുരാജ് എന്നുകേട്ടിട്ടുണ്ട്

ഭക്ഷണമുണ്ടാക്കുകയെന്നത് ഇഷ്ടപ്പെട്ടകാര്യമാണ്. ഞാനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് വാണിക്ക് (വാണിവിശ്വനാഥ്) എന്നോട് പ്രണയം തുടങ്ങുന്നത്.

ഇന്ത്യ മൊത്തം യാത്രചെയ്ത് ഭക്ഷണം കഴിക്കാറുണ്ട്. ഉൾഗ്രാമങ്ങളിലെല്ലാം ചെന്ന് അവരുടെ പാചകക്കൂട്ടുകൾ ചോദിച്ചറിയുന്നതും എഴുതിയെടുക്കുന്നതും യാത്രകളിലെ പ്രധാനപരിപാടിയാണ്. നടി ഷീലാമ്മയെപ്പോലുള്ളവർ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച് കൈപ്പുണ്യത്തെക്കുറിച്ച് വാഴ്ത്തിയിട്ടുണ്ട്. കൊറോണക്കാലത്ത് പാചകപരീക്ഷണങ്ങൾ ഒരുപടികൂടി മുന്നോട്ടുകയറി. യൂട്യൂബിൽ നോക്കി തായ് ഫുഡുകൾ ഒരുപാട് പഠിച്ചു. ഞാനുണ്ടാക്കുന്ന കായയും കോഴിയും കടച്ചക്കയും ബീഫുമെല്ലാം സുഹൃത്തുക്കൾക്കിടയിൽ വലിയ ഹിറ്റാണ്.

Content Highlights :Actor Baburaj Interview Salt And Pepper Black Coffee Movie Vani Viswanath