ളരെ ചെറിയ കാലംകൊണ്ട് കുടുംബപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയസാന്നിധ്യമാകാൻ കഴിഞ്ഞ താരമാണ് അരുൺ രാഘവ്. പൂക്കാലം വരവായി, ഭാര്യ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അഭിനയരംഗത്തേക്ക് വളരെ യാദൃശ്ചികമായിട്ടുള്ള കടന്നുവരവായിരുന്നെങ്കിലും പല സാധ്യതകളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞത് അരുണിന് നേട്ടമായി. അഭിനയത്തിന് പുറമെ ക്രിയേറ്റീവ് ആയി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന അന്വേഷണം കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള കരിയർ. സാമൂഹികപ്രസക്തിയുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ച് ചെറിയ വീഡിയോസ് പുറത്തിറക്കാൻ കഴിഞ്ഞതും അങ്ങനെയാണ്. കൊവിഡിനെത്തുടർന്ന് ലോക്ഡൗൺ വരികയും സീരിയൽ ഷൂട്ടിംഗ് അനിശ്ചിതമായി നിർത്തിവെക്കേണ്ടതായി വന്നപ്പോഴും അദ്ദേഹം തന്റെ ആശങ്കകളെയെല്ലാം നേരിട്ട് ചെറിയ സന്തോഷങ്ങളിൽ മുഴുകാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് :

കുടുംബത്തോടൊപ്പം ആത്മവിശ്വാസത്തോടെ

എല്ലാവരേയുംപോലെ എനിക്കും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണ്. മുമ്പ് കേട്ടുകേൾവിയില്ലാത്ത ഒരു സംഭവം ലോകമാകെ പടർന്നുപിടിക്കുകയും വീടിനുള്ളിൽ അടച്ചിരിക്കേണ്ട സാഹചര്യവുമുണ്ടാകുന്നു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയാനാകാത്ത അവസ്ഥയായിരുന്നു. ലോക്ഡൗൺ സമയത്ത് ഞാൻ നാട്ടിൽ, തൃശ്ശൂരിൽ ആയിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയ അവസരമായിരുന്നു അത്. കഴിഞ്ഞ ഒരു പത്തു വർഷത്തിനിടയിൽ ഇത്രയധികം സമയം കുടുംബത്തോടൊപ്പം നിൽക്കാൻ പറ്റിയത് ഇപ്പോഴാണ്. അതുകൊണ്ടുതന്നെ കൊവിഡിന്റെ ഒരു ടെൻഷൻ എന്നെ കാര്യമായി ബാധിച്ചില്ല. തുടക്കത്തിൽ കൊവിഡ് കേസുകളും കുറവായിരുന്നു. ആ സമയങ്ങളിലൊക്കെ പേടിയേക്കാളും ആത്മവിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. വളരെ പെട്ടെന്ന് തന്നെ നമ്മളിതിനെ അതിജീവിച്ച് പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുമെന്ന്.

പിന്നീട് ഒരു മാസം കഴിഞ്ഞപ്പോൾ ഭാര്യക്ക് ജോലിയിൽ തിരിച്ച് കയറേണ്ടി വന്നു. റെയിൽവേയിലാണ് ഭാര്യയ്ക്ക് ജോലി. അങ്ങനെ ഞങ്ങൾ തിരിച്ച് കൊച്ചിയിലെ ഫ്ളാറ്റിലേക്ക് വന്നു. വൈകാതെ സീരിയലുകളുടെ ഷൂട്ടിംഗ് ആരംഭിക്കാമെന്ന അറിയിപ്പ് വന്നു. ഞാനും ഷൂട്ടിന്റെ തിരക്കുകളിലേക്ക് പോയി. എന്നാൽ കൊവിഡ് കേസുകൾ മുമ്പത്തേക്കാൾ കൂടി വരികയായിരുന്നു. വീണ്ടും ലോക്ഡൗൺ വരുമോ എന്ന ടെൻഷൻ ആ സമയങ്ങളിലുണ്ടായി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ആളുകൾ കൊവിഡിനെ വളരെ ലാഘവത്തോടെ എടുക്കാൻ തുടങ്ങി. ഷോപ്പിംഗ് മാളുകളും സിനിമാ തീയേറ്ററുകളും തുറന്നു. അപ്പോഴൊക്കെ തോന്നിയിരുന്നു മുമ്പത്തേക്കാൾ രൂക്ഷമായ സാഹചര്യത്തിലേക്ക് നമ്മളെത്തുമെന്ന്. ഇപ്പോൾ പതിനായിരത്തിലധികം കേസുകളാണ് വരുന്നത്.

arun raghav family

ആത്മവിശ്വാസം പോയി ആശങ്കയിലേക്ക്...

മുമ്പുണ്ടായിരുന്ന ആത്മവിശ്വാസമൊക്കെ എന്നിൽനിന്ന് നഷ്ടപ്പെടുന്ന ഒരു സ്ഥിതിയാണ് ഇപ്പോഴുള്ളത്. എന്നാണ് പഴയ അവസ്ഥയിലേക്ക് നമ്മളെത്തുക എന്ന് അറിയാൻ കഴിയാത്തത് എന്നെ വേട്ടയാടുന്നുണ്ട്. ജോലിയെപ്പറ്റിയുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്. മറ്റെല്ലാ മേഖലകളെയുംപോലെ ടെലിവിഷൻരംഗത്ത് പ്രവർത്തിക്കുന്നവർക്കെല്ലാം ഇത്തരമൊരു ആശങ്കയുണ്ട്. വീട്ടിലാണെങ്കിലും നമ്മുടെ ചെലവുകളെല്ലാം കൂടിവരികയാണ്. ഇപ്പോഴുള്ള ഫിനാൻഷ്യൽ സ്റ്റെബിലിറ്റി വെച്ച് എത്രകാലം തുടരാമെന്ന് അറിയില്ല. സീരീയലുകളുടെ കാര്യമെടുത്താൽ ഒരു പരിധിയിൽ കൂടുതൽ ബ്രേക്ക് എടുത്താൽ ആ തുടർച്ച നഷ്ടമാകും. പ്രേക്ഷകർ കഥയൊക്കെ മറന്നുപോകും. ദിവസവേതനം ആയതുകൊണ്ട് ഒരു ദിവസം വർക്ക് ചെയ്യാതിരുന്നാൽ അന്നത്തെ പൈസ കിട്ടില്ല. സീരിയൽ ആർട്ടിസ്റ്റുകളും അത്തരത്തിൽ വലിയൊരു ആശങ്കയിലൂടെയാണിപ്പോൾ കടന്നുപോകുന്നത്. പിന്നൊരു കാര്യം കുറെ ടെൻഷനടിച്ച് ഇരിക്കുന്നതിലും കാര്യമില്ലെന്നാണ് തോന്നുന്നത്. പരമാവധി ഫ്രീയായി ഇരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

ചെറിയ സന്തോഷങ്ങളിലേക്ക്, പോസിറ്റീവായി

ഇപ്പോൾ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ. അതിന്റെ ഭാഗമായി വീട്ടിൽ ചെടികൾ വെച്ചുപിടിപ്പിച്ചു. ചെടികളെ പരിപാലിക്കുന്നതിലും മറ്റുമാണ് ഇപ്പോൾ ശ്രദ്ധ. എല്ലാദിവസവും രാവിലെ വർക്ക്ഔട്ട് ചെയ്യും. അപ്പേഴൊക്കെ മനസ് ഒന്ന് ഫ്രെഷാകും. പിന്നെ മകന്റെയൊപ്പം സമയം ചെലവഴിക്കും. അവൻ എൽ.കെ.ജി. കഴിഞ്ഞ് ഒന്നാംക്ലാസിലേക്ക് കടന്നിരിക്കുന്നു. സ്കൂളിൽ പോകാൻ കഴിയാത്തതിന്റെ ചെറിയ ബുദ്ധിമുട്ടുകൾ അവനുമുണ്ട്. കൊവിഡിന് മുമ്പ് മകനൊപ്പം സമയം ചെലവഴിക്കുക വളരെ അപൂർവമായിരുന്നു. ജോലിയുടെ തിരക്കും രാത്രി വൈകിയുള്ള വരവുമൊക്കെയായിരുന്നു അതിന് കാരണം. ഈ സമയത്ത് അതിന് മാറ്റം വന്നു. അവനൊപ്പം ഇരിക്കുമ്പോൾ കാര്യങ്ങളെ കൂടുതൽ പോസറ്റീവായി കാണാൻ കഴിയുന്നുണ്ട്. ചെറിയ സന്തോഷങ്ങൾ കണ്ടെത്തി ഓരോരുത്തരും ഈ മോശം സമയത്തെ മറികടക്കാൻ ശ്രമിക്കുക.

അഭിനയത്തിലേക്ക് യാദൃച്ഛികമായി, ക്രിയേറ്റീവ് ആയി തുടരും

വളരെ യാദൃശ്ചികമായിട്ടായിരുന്നു അഭിനയരംഗത്തേക്കുള്ള എന്റെ വരവ്. ഐ.ടി. മേഖലയിലായിരുന്നു ഞാൻ വർക്ക് ചെയ്തിരുന്നത്. മുംബൈയിൽ. ജോലി തുടർന്നുപോകുന്നതിനിടയിൽ ഒരു ബന്ധു 'അഭിനയിക്കാൻ താല്പര്യമുണ്ടോ' എന്ന് ചോദിച്ചു. ഒരു ശ്രമം നടത്താം എന്ന് വിചാരിച്ച് ഓഡിഷനിൽ പങ്കെടുത്തു. അഭിനയരംഗത്തേക്കെത്തുമെന്ന് സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടില്ല. ഓരോ അവസരങ്ങൾ വന്നുകൊണ്ടിരുന്നു. അഭിനയം തുടരാമെന്ന് ചിന്തിച്ചു. 'വിളക്കുമരം' എന്ന സിനിമയിൽ അഭിനയിച്ചു. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഒരിക്കലും അവസരങ്ങൾ അന്വേഷിച്ചുപോയിട്ടില്ല. എന്റെ പ്രകൃതം അങ്ങനെയായതുകൊണ്ടാണ്.

എന്തെങ്കിലും ക്രിയേറ്റീവ് ചെയ്യണമെന്ന ആലോചനയിലാണ് എപ്പോഴും. രാജേഷ് ഹെബ്ബാർ, സാജൻ സൂര്യ എന്നിവർക്കൊപ്പം ചേർന്ന് അതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു പ്രൊഡക്ഷൻ ഹൗസ് പോലൊന്ന് ഞങ്ങൾ തുടങ്ങിവെച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യം വന്നതുകൊണ്ട് അത് നിന്നുപോയി. എന്നാലും ഞങ്ങൾ നിരന്തരമായി ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. മകനെ വെച്ച് ഒരു ചെറിയ വീഡിയോ പ്ലാൻ ചെയ്തിട്ടുണ്ട്. അങ്ങനെ ചെറിയ ബജറ്റിൽ ഒരുക്കാൻ പറ്റുന്നതെന്തോ അത് ചെയ്യുക എന്ന നിലയിലാണ് ഇപ്പോൾ. സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്നതുതന്നെയാണ് എന്നെ സംബന്ധിച്ച് പ്രധാനം. പറ്റുന്നത്രയും കാലം ക്രിയേറ്റീവ് ആയി നിൽക്കാൻ തന്നെയാണ് തീരുമാനം. അഭിനയവും ഒപ്പം കൊണ്ടുപോകും.

Content highlights :actor arun raghav interview on lockdown days and his career