തീയേറ്ററുകളില്‍ മികച്ച വിജയം നേടി പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും..കട്ടയ്ക്ക് നിന്ന് അയ്യപ്പനും കോശിയും കൊമ്പ് കോര്‍ത്തപ്പോള്‍ മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് ചോര കുടിച്ച കുറുക്കനെ പോലെ ഒരാള്‍ ഈ കഥയിലുമുണ്ടായിരുന്നു. അയ്യപ്പന്റെ വലം കൈ എന്ന് വിശേഷിപ്പിക്കാവുന്ന സി.പി.ഒ സുജിത്ത്. യുവതാരം അനു മോഹനാണ് ചിത്രത്തില്‍ സുജിത്തായി എത്തിയത്. മലയാള സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തമായ താരകുടുംബത്തില്‍ നിന്നാണ് അനുവിന്റെ വരവ്. മുത്തച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍,അമ്മാവന്‍ സായ് കുമാര്‍, അമ്മ ശോഭാ മോഹന്‍,സഹോദരന്‍ വിനു മോഹന്‍ തുടങ്ങി ശക്തമായ സിനിമാ പാരമ്പര്യമുണ്ട് അനുവിന്.  അയ്യപ്പനെയും കോശിയെയും എന്ന പോലെ സുജിത്തിനെയും പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷത്തില്‍ സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി ഡോട് കോമുമായി പങ്കുവയ്ക്കുകയാണ് അനു മോഹന്‍. 

സച്ചിയേട്ടന്‍ ഏല്‍പ്പിച്ച സുജിത്ത്

പിക്കറ്റ് 43 ചെയ്യുന്ന സമയം മുതലേ എനിക്ക് സച്ചിയേട്ടനെ അറിയാം. ഞാന്‍ ഇടക്ക് മെസേജ് അയക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. ഒരു തവണ അങ്ങനെ മെസേജ് അയച്ചപ്പോഴാണ് നീ ഒന്ന് വീട്ടിലേക്ക് വാ എന്ന് സച്ചിയേട്ടന്‍ പറയുന്നത്. പക്ഷേ അപ്പോഴും സിനിമയെപ്പറ്റി സംസാരിക്കാനാണ് എന്നൊന്നും അറിയില്ലായിരുന്നു. അവിടെ ചെന്നപ്പോഴാണ് അയ്യപ്പനും കോശിക്കും വേണ്ടിയാണ് വിളിപ്പിച്ചതെന്ന് അറിയുന്നത്. ക്ലീന്‍ ഷേവ് ഒക്കെ ചെയ്ത് സുജിത്തുമായി യാതൊരു ബന്ധവുമില്ലാത്ത കോലത്തിലാണ് ഞാന്‍ കയറി ചെന്നത്. കണ്ട പാടെ സച്ചിയേട്ടന്‍ പറഞ്ഞു 'ഡാ ഇതൊരു പോലീസ് ഓഫിസര്‍ വേഷമാണ് ഇപ്പൊ നിന്നെ കണ്ടാല്‍ പ്ലസ് ടു ലുക്കാണ് ഇത് മാച്ചാകില്ല' എന്ന്. എനിക്കൊരു രണ്ടാഴ്ച്ച സമയം തരണം, ഞാന്‍ മീശ വളര്‍ത്തി വന്നോളാം എന്ന് പറഞ്ഞു സച്ചിയേട്ടനോട്. അങ്ങനെ സമയമെടുത്ത് താടിയും തടിയും മീശയുമൊക്കെ വച്ച് ചെന്നു. 

തിരക്കഥ വായിക്കുമ്പോഴേ സച്ചിയേട്ടന്‍ പറഞ്ഞിരുന്നു ഇതൊരു പോലീസ് കോണ്‍സ്റ്റബിള്‍ വേഷമാണെങ്കിലും സാധാരണ കാണുന്ന, മനസില്‍ വരുന്ന പോലീസ് ചിത്രം പോലെയല്ല. ഇത് അട്ടപ്പാടിയിലെ ആനഗദ എന്ന സ്ഥലത്തെ ഒരു പോലീസ് സ്റ്റേഷനാണ്. അവിടെ അത്രയും വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത സ്റ്റേഷനാണ്. അവിടുത്തെ ഉദ്യാഗസ്ഥര്‍ തമ്മില്‍ പോലും ഔദ്യോഗിക ബന്ധത്തേക്കളുപരി ഒരു സ്നേഹമുണ്ട്. വീട്ടിലുള്ളവരെ പോലെ ആണ്. അതുകൊണ്ട് സാധാരണ പോലീസ് കഥാപാത്രത്തെ പിടിക്കണ്ട. സുജിത്തിന്  സ്വന്തം നിലപാടുകള്‍ ഉണ്ട് എന്നെല്ലാം പറഞ്ഞു തന്നിരുന്നു.

സുജിത്തിനെ എല്ലാവരും സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം. സി.പി.ഒ സുജിത്ത് എന്ന പറഞ്ഞാണ് പലരും വിളിക്കുന്നതും മെസേജ് അയക്കുന്നതും. അത് ഭയങ്കര സന്തോഷം തോന്നുന്ന കാര്യമാണ്. ആ സിനിമയിലെ ഓരോ കഥാപാത്രവും അവര്‍ക്ക് കിട്ടിയ വേഷം ഗംഭീരമാക്കി എന്ന് തന്നെയാണ് ചിത്രം കണ്ട ഓരോരുത്തരും പറയുന്നത്. വെറുതേ ഒരു സീനില്‍ വന്നു പോകുന്നവര്‍ക്ക് വരെ കഥയില്‍ വലിയ പ്രാധാന്യമുണ്ട്. അത് സച്ചിയേട്ടന്റെ തിരക്കഥയുടെ ബ്രില്യന്‍സാണ്.

അപ്‌ഡേറ്റഡ് രാജുവേട്ടന്‍, ഫ്രണ്ട്‌ലി ബിജുവേട്ടന്‍

രാജുവേട്ടനോടൊപ്പം എന്റെ മൂന്നാമത്തെ ചിത്രമാണ്. ആദ്യം സെവന്‍ത് ഡേ, പിക്കറ്റ് 43, ഇപ്പോള്‍ അയ്യപ്പനും കോശിയും. ആദ്യം വര്‍ക്ക് ചെയ്യുമ്പോഴുണ്ടായിരുന്ന പേടി ഈ സിനിമയിലുണ്ടായിരുന്നില്ല. ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. സിനിമയിലെ ഓരോ അപ്ഡേറ്റുകളും കൃത്യമായി പിന്തുടരുന്ന മനുഷ്യനാണ് രാജുവേട്ടന്‍. പുള്ളിയുടെ സംസാരത്തില്‍ 80 ശതമാനവും സിനിമാ സംബന്ധിയായ കാര്യങ്ങളാകും അത്രയധികം പഠിക്കാനാകും നമുക്ക്.

ബിജു  ചേട്ടനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. പെട്ടെന്ന് വന്ന് ചേര്‍ന്ന ചാന്‍സ് ആണ് ഇത്. ബിജു ചേട്ടന്റെ കഥാപാത്രത്തെ ഭയങ്ക ആരാധനാപൂര്‍വം കാണുന്ന കഥപാത്രമാണ് സുജിത്ത്. അതില്‍ ഭയങ്കര  എക്സൈറ്റഡായിരുന്നു. നമ്മളെ വര്‍ഷങ്ങളായി അറിയുന്ന പോലെയാണ് ബിജു ചേട്ടന്റെ പെരുമാറ്റം. ഒരു ടെന്‍ഷനും രണ്ട് പേരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പിന്നെ സച്ചിയേട്ടനെ നേരത്തെ അറിയാം, നമ്മുടെ ഒക്കെ പ്രായമുള്ള ആളാണ് ക്യാമറാമാന്‍, ഭയങ്കര സിങ്ക് ആയിരുന്നു മുഴുവന്‍ ടീമുമായി

നിമിത്തം പോലെത്തിയ ചട്ടമ്പിനാടിലെ വേഷം

തീവ്രം ചെയ്യുന്നത് വരെ സിനിമയാണ് എന്റെ പാഷന്‍ എന്നോ പ്രൊഫഷന്‍ എന്നോ ഞാന്‍ ചിന്തിച്ചിരുന്നില്ല. അഭിനയത്തിനോട് ഭയങ്കര ക്രേസ്  ഉണ്ടായിരുന്നില്ല. ടെക്നിക്കല്‍ വശങ്ങളോടായിരുന്നു താത്പര്യം. സിനിമാട്ടോഗ്രാഫി  ആര്‍ട്ട് ഡയറക്ഷന്‍ ഇവയൊക്കെ ഭയങ്കര താത്പര്യമായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും ഞാന്‍ സ്റ്റേജില്‍ കയറിയിട്ടില്ല. അത്രയ്ക്ക് സ്റ്റേജ് ഫിയര്‍ ആയിരുന്നു. സുഹൃത്തുക്കളൊക്കെ അന്ന് ചോദിച്ചിട്ടുണ്ട് നിന്റെ വീട്ടിലെ എല്ലാവരും ഭയങ്കര അഭിനേതാക്കള്‍ അല്ലേ നീയെന്താ ഒരു നാടകം പോലും കളിക്കാത്തേ എന്ന്. എനിക്ക് ഭയങ്കര പേടിയായിരുന്നു. കോളേജ് വരെയും അങ്ങനെ തന്നെ ആയിരുന്നു.  നിമിത്തെ പോലെ ആണ് സിനിമയിലെത്തിയത്. ഞാന്‍ പടം വരയ്ക്കുമായിരുന്നു, അതുകൊണ്ട് ഡിസൈനിംഗ് കോഴ്സ് പഠിച്ചു, പഠനം കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലിക്ക് കയറി. 

ഒരിക്കല്‍ ലീവിന് നാട്ടിലേക്ക് വന്ന സമയത്താണ് ചട്ടമ്പിനാടിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. വീട്ടിലെ എല്ലാവരും അച്ഛനും ചേട്ടനും അമ്മയും അമ്മാവനും എല്ലാവരും ലൊക്കേഷനിലാണ്. പളനിയില്‍. ഞാനും എന്റെ കസിനും ചുമ്മാ ഒരു ട്രിപ്പ് അടിക്കാമെന്ന് കരുതി ചട്ടമ്പിനാടിന്റെ ലൊക്കേഷനില്‍ പോയി. അവര്‍ മമ്മൂക്കയുടെ ചെറുപ്പം അഭിനയിക്കാന്‍ പറ്റിയ പയ്യനെ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഞാന്‍ കയറി ചെല്ലുന്നത്. നിര്‍മാതാവ് ആന്റോ ചേട്ടന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു മമ്മൂക്ക വിളിക്കുന്നുണ്ട് കാരവാനിലേക്ക് ചെല്ല് എന്ന്. ഞാന്‍ ആദ്യമായാണ് മമ്മൂക്കയെ പരിചയപ്പെടുന്നത്. മമ്മൂക്ക എന്റെ പഠിത്തത്തിന്റെ കാര്യമൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഷാഫിക്കയും മറ്റുള്ളവരുമൊക്കെ വന്നു അവര്‍ ഓകെ പറഞ്ഞു പോയി. 

എനിക്കൊന്നും മനസിലായില്ല. ആന്റോ ചേട്ടനാണ് പറയുന്നത് മമ്മൂക്കയുടെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് നീയാണെന്ന്. എനിക്ക് ഭങ്കര ടെന്‍ഷനായി. പറ്റില്ലെന്നൊക്കെയാണ് ആദ്യം പറഞ്ഞത്. പിന്നെ എല്ലാവരും വന്ന് കുറേ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്യാം എന്ന് സമ്മതം ഒക്കെ പറഞ്ഞ് തിരുവനന്തപുരത്തേക്ക് മുങ്ങി. കാണാതായപ്പോള്‍ അച്ഛന്‍ വിളിച്ച് ഷൂട്ട് തുടങ്ങാറായി വരാന്‍ പറഞ്ഞപ്പോഴാണ് തിരികെ വന്ന് ചട്ടമ്പിനാട് ചെയ്യുന്നത്. പക്ഷേ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോഴെ ചെറിയ ഇഷ്ടം വന്ന് തുടങ്ങിയിരുന്നു. 

പിന്നീടാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലേക്ക് കോള്‍ വരുന്നത്. നിവേദ്യത്തിന്റെ അസിസ്റ്റന്റ് ഡയകടര്‍ ഒരുക്കിയ ചിത്രമായിരുന്നു അത്. തിരക്കഥ ഭയങ്കര ഇഷ്ടമായി, പിന്നെ എന്റെ പ്രായത്തിലുള്ള കുറേ സുഹൃത്തുക്കളാണ് അതില്‍ വേഷമിടുന്നത്. ലാലു അലക്സ് അങ്കിളിന്റെ മകന്‍, സിബി മലയില്‍ അങ്കിളിന്റെ മകന്‍ ഇവരൊക്കെയാണ്.

തീവ്രത്തോടെ സിനിമയോടുള്ള ഇഷ്ടം 'തീവ്ര'മായി

അപ്പോഴും സിനിമ സീരിയസായി എടുത്തിരുന്നില്ല. പിന്നീടാണ് രൂപേഷേട്ടനെ പരിചയപ്പെടുന്നത്. അന്ന് ചേട്ടന്റെ കയ്യില്‍ തീവ്രത്തിന്റെ തിരക്കഥ ഉണ്ടായിരുന്നു അത് ഞാന്‍ വായിച്ച് കേട്ടിരുന്നു അപ്പോഴും അതില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. പിന്നീട് കുറേ നാള്‍ കഴിഞ്ഞാണ് രൂപേഷേട്ടന്‍ എന്നെ വിളിച്ച് ചോദിക്കുന്നത് വില്ലനായ രാഘവന്റെ റോള് നിനക്ക് ചെയ്യാന്‍ പറ്റില്ലേ എന്ന്. രാഘവന്റേത് ഭയങ്കര മെച്ച്വേര്‍ഡ് ആയ കഥപാത്രമാണ്, ഞാനാണെങ്കില്‍ മെലിഞ്ഞുണങ്ങിയ രൂപമാണ് അന്ന്. കണ്ടാല്‍ ഒരു മെച്ചൂരിറ്റി ഒക്കെ വേണ്ടെ എന്നായിരുന്നു എന്റെ മറുപടി.

അപ്പോള്‍ രൂപേഷേട്ടനാണ് പിന്തുണച്ചത്. നീ തടി ഒക്കെ വച്ച് വാ,  എനിക്ക് കണ്ടാല്‍ വില്ലനെന്ന് തോന്നാത്ത ഒരു പുതുമുഖത്തെ ആണ് വേണ്ടതെന്ന്. ശ്രമിക്കാം ഉറപ്പ് വയ്ക്കേണ്ടെന്നാണ് ഞാന്‍ രൂപേഷേട്ടനോട് പറഞ്ഞത്. പിന്നെ പടം തുടങ്ങുന്നതിന് മുന്‍പുള്ള കുറേ നാള്‍ സത്യത്തില്‍ ഒരു ക്വാറന്റൈന്‍ കാലമായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഭക്ഷണവും ഉറക്കവുമായി തടിവയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു. അങ്ങനെയാണ് രാഘവനാകുന്നതും തീവ്രം ചെയ്യുന്നതും. .തീവ്രത്തോടെയാണ് ഇതാണ് പ്രൊഫഷന്‍ എന്ന് ഞാന്‍ മനസിലാക്കുന്നത്. ആ സിനിമയുടെ തുടക്കം മുതല്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നു ആ പ്രോസസ് എന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുണ്ട്.

താരകുടുംബം എന്നത് വെല്ലുവിളിയല്ല ടെന്‍ഷനായിരുന്നു

താരകുടുംബത്തിലെ അംഗം എന്നത് എനിക്ക് വെല്ലുവിളി അല്ല ടെന്‍ഷന്‍ തന്നിട്ടുണ്ട്. അപ്പൂപ്പനും അമ്മാവനും അമ്മയുമൊക്കെ ചെയ്ത വേഷങ്ങള്‍ വച്ച് എന്നെ കമ്പയര്‍ ചെയ്യല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ഥന. എന്തൊക്കെ പറഞ്ഞാലും പുതിയ ആള്‍ പുതിയ ആള്‍ തന്നെയാണ്. ആദ്യം വലിയ ടെന്‍ഷന്‍ തന്നെയായിരുന്നു.

പിന്നെ അങ്ങനെ ഒരു കുടുംബത്തില്‍ നിന്ന് വന്നത് കൊണ്ട് ഒരു ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ അപരിചിതത്വം ഇല്ല  എന്നതാണ് ഏറ്റവും വലിയ ഗുണം. യൂണിറ്റിലെ ചേട്ടന്മാര്‍ മുതല്‍ എല്ലാവരെയും ഞാന്‍ ചെറുപ്പം മുതല്‍ കാണുന്നതാണ്. എല്ലാവരും അറിയുന്നവരാണ്. അതല്ലാതെ സ്റ്റാര്‍ ഫാമിലിയില്‍ നിന്ന് വരുന്നത് കൊണ്ട് എല്ലാം എളുപ്പമാണെന്ന് പറയാന്‍ പറ്റില്ല. കാരണം തീവ്രം സിനിമ ഒന്ന് ഓണ്‍ ആകാനായി രണ്ടര വര്‍ഷത്തോളമാണ് നടന്നത്. അപ്പോള്‍ ഈ സ്റ്റാര്‍ ഫാമിലി എന്ന ലേബല്‍ ഒന്നും രക്ഷയായെന്ന് വരില്ല.

വീട്ടില്‍ സിനിമാ ചര്‍ച്ചകളൊന്നും ഉണ്ടാകാറില്ല, എല്ലാ പടങ്ങളും കാണും. അല്ലാതെ ചര്‍ച്ചകളില്ല. സിനിമ കമ്മിറ്റ് ചെയ്ത് കഴിഞ്ഞിട്ടേ  വീട്ടില്‍ പറയാറ് പോലുമുള്ളൂ. അതുപോലെ സിനിമ പ്രൊഫഷനാക്കിയപ്പോള്‍ ആരും എതിര് നിന്നിട്ടുമില്ല . ഡിസൈനിംഗ് കോഴ്സ് ആണ് ഞാന്‍ പഠിച്ചത്. ഇഷ്ടമുളളത് ചെയ്യാനാണ് അച്ഛന്‍ പണ്ട് മുതലേ പറഞ്ഞിട്ടുള്ളത്. 9-5 ജോലി ആണ് ഞാന്‍ ബാംഗ്ലൂരില്‍ ചെയ്തിരുന്നത്. എനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നായിരുന്നില്ല അത്. സിനിമ തിരഞ്ഞെടുത്തപ്പോള്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. കാരണം അപ്പൂപ്പന്‍ മുതല്‍ നമ്മള്‍ ജീവിക്കുന്നത് സിനിമ കൊണ്ടാണല്ലോ.

കഥാപാത്രത്തിനാണ് പ്രാധാന്യം

നായകനായിട്ടേ അഭിനയിക്കൂ എന്നൊന്നും ഇല്ല. മമ്മൂക്കയുടെ ചെറുപ്പക്കാലം അഭിനയിച്ചാണ് സിനിമയിലെത്തിയത്. പിന്നെ ചെയ്തത് വില്ലന്‍ വേഷവും. തിരക്കഥ വായിക്കുമ്പോള്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്നേ ഞാന്‍ നോക്കാറുള്ളൂ. നായകനേ ആകൂ എന്നൊന്നുമില്ല കാരണം ഇനി അങ്ങനെ അല്ല. സിനിമ മാത്രമേ ആളുകള്‍ ശ്രദ്ധിക്കൂ.. ഇന്ന് സിനിമ നല്ലതാണെങ്കില്‍ നല്ല രീതിയില്‍ തന്നെ സ്വീകരിക്കപ്പെടുന്നുണ്ട്. നല്ല സിനിമയുടെ ഭാഗമാവുക എന്നതാണ് ലക്ഷ്യം.

ക്വാറന്റൈന്‍ ദിനങ്ങള്‍

വീട്ടില്‍ തന്നെയാണ്. ഞാനും ഭാര്യയും കുഞ്ഞും അമ്മയുമുണ്ട് വീട്ടില്‍. ചേട്ടന്‍ വിദ്യേച്ചിയുടെ വീട്ടിലാണ് അവിടെ കുടുങ്ങിപ്പോയി എറണാകുളത്തേക്ക് വരാന്‍ പറ്റിയില്ല. ഇത്രയും സമയം അടുപ്പിച്ച് വീട്ടില്‍ തന്നെയിരിക്കുന്നത് കുറവല്ലേ. ഒന്നുമില്ലേലും കൂട്ടുകാരെ കാണാന്‍ എങ്കിലും നമ്മള്‍ പുറത്ത് ഇറങ്ങില്ലേ. പക്ഷേ ഇത് പൂര്‍ണമായും വീട്ടില്‍ തന്നെ. പക്ഷേ അതൊരു നല്ല കാര്യത്തിനായത് കൊണ്ട് കുഴപ്പമില്ല. സിനമകള്‍ കണ്ട് തീര്‍ക്കുക, പടം വരയ്ക്കുക ഇതൊക്കെയാണ് പരിപാടികള്‍. ചിത്രം വരക്കാറുണ്ട് പണ്ടു മുതലേ. മുന്‍പ് ഫ്രീ ടൈം കിട്ടുമ്പോഴേ വരച്ചിരുന്നുള്ളൂ, ഇപ്പോള്‍ പിന്നെ അത് ധാരാളമുണ്ടല്ലോ. 

വിലക്ക് ലംഘിക്കുന്നവരോട്

ഇതിനെക്കുറിച്ച് കൃത്യമായിട്ടുള്ള അറിവ് ഇപ്പോഴും പലര്‍ക്കും ആയിട്ടില്ല എന്നതാണ് സത്യം. ചുറ്റും നോക്കിക്കഴിഞ്ഞാല്‍ കാണാം പല ഭാഗത്ത് നിന്നും മുന്നറിയിപ്പുകളും മറ്റും ഉണ്ട്. എന്നിട്ടും അതൊന്നും കേള്‍ക്കാതെ അതിനെ പറ്റി ഒരു ധാരണ സ്വയം ഉണ്ടാക്കാന്‍ ശ്രമിക്കാത്തവരോട് എന്ത് പറയാനാണ്. പറയേണ്ട ആള്‍ക്കാര്‍ നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. സാധാരണക്കാരുള്‍പ്പടെ ഇതിനെ പറ്റി തന്നെയാണ് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നത്. അത്രയ്ക്കും സീരിയസാണ് കാര്യങ്ങള്‍. എന്നിട്ടും പറയുന്നത് കേള്‍ക്കാത്തവരോട് ബലപ്രയോഗം തന്നയേ രക്ഷയുളളൂ എന്നാണ് എന്റെ അഭിപ്രായം. ഇതിനെ തരണം ചെയ്യുക എന്നതാണ് പ്രധാനം. എന്തിനാണ് മറ്റുള്ളവര്‍ക്ക് കൂടി ദോഷം ചെയ്യുന്നത്. നാടിനെ നശിപ്പിക്കുന്നത്. വീടിനകത്ത് തന്നെ ഇരിക്കുക എന്നതാണ് ഏക രക്ഷ.  

Content Highlights : Actor Anu Mohan Interview Ayyappanum Koshiyum, Sobha Mohan, Vinu Molhan, Saikumar