കലാ പ്രവര്‍ത്തനത്തില്‍ മൂന്നര പതീറ്റാണ്ട് പിന്നിട്ട കാരിക്കേച്ചറിസ്റ്റും, ചലച്ചിത്ര നടനുമായ ജയരാജ് വാരിയരുമായി സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ 'ക്ലബ്ബ് ഹൗസില്‍' നടത്തിയ സംഭാഷണത്തില്‍ നിന്നും.....

കാരിക്കേച്ചര്‍ എന്ന നൂതന കലാരൂപത്തിന്റെ പിറവിയും അതിലേക്കുള്ള പരുവപ്പെടലും എങ്ങനെയായിരുന്നു..?

പ്രശസ്ത നാടകരചയിതാവും,  സംവിധായകനുമായജോസ് ചിറമ്മലിന്റെ 'തൃശൂര്‍ റൂട്ട് '' എന്ന നാടക സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ഞാന്‍. കണ്ടുമുട്ടുന്ന വ്യക്തികളെ അനുകരിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ എനിക്കുണ്ടായിരുന്നു. വീട്ടില്‍ വരുന്ന അതിഥികളുടെ മുന്നില്‍ അവരെ ചിരിപ്പിക്കാനായി ആ അനുകരണങ്ങളൊക്കെ  അവതരിപ്പിക്കും. ഓട്ടന്‍ തുള്ളല്‍  സ്‌കൂള്‍ കാലഘട്ടത്തില്‍ വേണു ആശാന്‍ എന്ന ഗുരുവിനു കീഴില്‍ പഠിച്ചിട്ടുണ്ടായിരുന്നു. സംഗീതത്തോടുള്ള അഭിവാഞ്ജ ജന്മനാ ഉള്ളതുമാണ് . ഇതെല്ലാം ചേര്‍ന്നുണ്ടായ ഒരു അവതരണം നാടക റിഹേഴ്‌സലിന്റെ ഇടവേളകളില്‍ സുഹൃത്തുക്കളെ രസിപ്പിക്കാനായി ഞാന്‍ ചെയ്യുമായിരുന്നു. 

പിന്നീട്  പ്രഗല്‍ഭ നാടകരചയിതാവും, സംവിധായകനുമായ ജയപ്രകാശ് കുളൂരിനെ സന്ദര്‍ശിച്ചതാണ് വഴിത്തിരിവായത്. '' നിന്നില്‍ നര്‍മ്മബോധമുണ്ട് ,  സംഗീതമുണ്ട് , അഭിനയമുണ്ട് , ഓട്ടന്‍തുള്ളലുണ്ട്....., ഇതെല്ലാം  ഒരു 'ചരടില്‍' കോര്‍ത്താല്‍ വേദികളില്‍ ഒരു ഏകാഭിനയക്കാരനാവാം. അതിനായി ഒരു കഥാപാത്രത്തെ കണ്ടെത്തണം ....ആ കഥാപാത്രത്തിലൂടെ പറയാനുള്ളത് പറയണം ! '' അങ്ങനെയാണ് തുള്ളല്‍കൃതികളുടെ ആമുഖത്തില്‍ നിന്ന് ' അച്ചോമച്ചാരെ' ഞാന്‍ കണ്ടെത്തുന്നതും , ' കാരിക്കേച്ചര്‍ '' എന്ന കലാരൂപത്തിന് മിഴിവേകുന്നതും !

കലാഭവന്‍ മണിയും ,  സലീംകുമാറും കലാരംഗത്തെ തുടക്കകാലത്ത്  വാരിയരുടെ നെടുപുഴയിലെ വീട്ടില്‍ വന്നിട്ടുണ്ടെന്നറിയാം....,എന്തിനായിരുന്നു അത് ?

ഒരു ദിവസം ഞാന്‍ നെടുപുഴയിലെ വീട്ടില്‍ ഇരിക്കുമ്പോള്‍ കറുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ കയറിവന്നു , ഞാന്‍ 'ചാലക്കുടി മണി ' ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി .അപ്പോള്‍ എനിക്ക് ആളെ മനസ്സിലായി സ്റ്റേജില്‍ കുടിയനെ അവതരിപ്പിക്കുന്ന ആളാണ് . ' ചേട്ടാ ഇപ്പോ ഞാന്‍ കലാഭവനില്‍ ആണ് ' കലാഭവന്‍ മണി ' എന്നാണ് അറിയപ്പെടുന്നത് .ഞാന്‍ കലാഭവനില്‍ ആബേലച്ചന്‍ പറഞ്ഞയച്ചിട്ടു വരികയാണ് . ഞാന്‍ ചോദിച്ചു എന്താണ് കാര്യം .? ചേട്ടന് കലാഭവനില്‍ ചേരാന്‍ താല്പര്യമുണ്ടോ എന്ന് ചോദിയ്ക്കാന്‍ പറഞ്ഞു . ഞാന്‍ പറഞ്ഞു ..മണീ !  കൂട്ടായ പ്രവര്‍ത്തനം നിലച്ചപ്പോള്‍ ഞാന്‍ ഒറ്റയ്ക്കു തേടിയ വഴിയാണിത് . സംഘമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല , തത്കാലം ! ........അച്ചനോട് പറയൂ ...എന്ന് പറഞ്ഞു അദ്ദേഹത്തെ മടക്കി അയക്കുകയാണ് ഉണ്ടായത് . അദ്ദേഹം പിന്നെ വലിയൊരു കലാകാരനായി മാറി ..എന്നും ഞങ്ങള്‍ തമ്മില്‍ നല്ല സ്‌നേഹമായിരുന്നു .

അതുപോലെ മറ്റൊരിക്കല്‍ മെലിഞ്ഞിട്ട് ബീഡി ഒക്കെ വലിച്ചു കൊണ്ട് ഒരാള്‍ കാണാന്‍ വന്നു പറവൂര്‍ ആണ് വീട് ,പേര് സലിംകുമാര്‍ എന്നുപറഞ്ഞു. അദ്ദേഹത്തിന്റെ വീടിനടുത്തെ ക്ഷേത്രത്തില്‍ ഞാന്‍ പ്രോഗ്രാം ചെയ്തിട്ടുണ്ടത്രേ , യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മത്സരിക്കാന്‍ ഒരു മോണോ ആക്ട് പറഞ്ഞു തരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.ഞാന്‍ ചില ഐറ്റങ്ങള്‍ കാണിച്ചു കൊടുത്തു ...ഒടുക്കം സലിം എന്റെ തന്നെ പ്രശസ്ത ഐറ്റം ആയ ' കള്ളന്‍ ' കവിതയുടെ അവതരണം കാണിച്ചു തന്നു എന്നെ ഞെട്ടിച്ചു .ആ ഐറ്റം യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ അവതരിപ്പിച്ചു ഫസ്റ്റ് പ്രൈസ് നേടുകയും ചെയ്തു.സലിംകുമാര്‍ പിന്നീട് സിനിമാ നടനായി ദേശീയ പുരസ്‌കാരവും നേടി ..ഇപ്പോഴും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്.

അതുപോലെ മറ്റൊരനുഭവം. പണ്ട് ഞാന്‍ എറണാകുളത്ത് ഒരു ക്ഷേത്രത്തില്‍ പ്രോഗ്രാമിന് പോയപ്പോള്‍ സ്റ്റേജിനു പുറകിലേക്ക് രണ്ട് പയ്യന്മാര്‍ വന്നു. അവര്‍ മിമിക്രി കലാകാരന്‍മാരാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അതിലൊരാളോട് ഞാന്‍ പറഞ്ഞു  ..'' തനിക്ക് ഒരു കലാകാരന്റെ മുഖമുണ്ട്. വലിയൊരു നടനാവും....ഭാവിയില്‍!''എനിക്ക് ഈ സംഭവം ഓര്‍മ്മയില്ല.  പിന്നീടൊരിക്കല്‍ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ലൊക്കേഷനില്‍ വെച്ച് ജയസൂര്യ ആണ് എന്നോട് ഈ കാര്യം പറഞ്ഞത്.ജയസൂര്യയോടാണത്രെ ഞാന്‍ അങ്ങനെ പറഞ്ഞത് ,കൂടെ ഉണ്ടായിരുന്ന പയ്യന്‍ ഇന്നത്തെ പ്രശസ്ത ഡയറക്ടര്‍ ജിസ്‌ജോയ് ആയിരുന്നു  .

'ചിരി ഒരു ഔഷധമാണ് ' എന്ന് പറയാറുണ്ട്,  ശരിയാണെന്ന് തോന്നിയിട്ടുണ്ടോ..? 

ഉണ്ട്. ഒരിക്കല്‍ ഒരു വേദിയില്‍ പ്രോഗ്രാം ആരംഭിക്കുന്ന സമയത്ത്  സദസ്സിന്റെ ഏറ്റവും മുന്‍പില്‍ വളരെ വിഷാദ മൂകരായ രണ്ട് പേരെ കാണുകയുണ്ടായി.
പക്ഷെ പ്രോഗ്രാം തുടങ്ങിയപ്പോള്‍ ഏറ്റവും ഉറക്കെ പരിസരം മറന്നു ചിരിച്ചത് അവരായിരുന്നു.. പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ സംഘടകരോട് അവര്‍  ആരായിരുന്നു എന്ന് അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത്. അവരുടെ രണ്ട് മക്കളും  രണ്ട് വര്‍ഷം മുന്‍പ് മരിച്ചു പോയതാണ്.. അതിനു ശേഷം അവര്‍ പുറത്തിറങ്ങിയിട്ടില്ല.. ആരോടും സംസാരിക്കാറുമുണ്ടായിരുന്നില്ല, പക്ഷെ ഇന്നവര്‍ എല്ലാം മറന്നു ചിരിച്ചു. ഇതുപോലെ കുറെ അനുഭവങ്ങളുണ്ട്. തീരെ വയ്യാത്ത കിടപ്പുരോഗികളായ ആളുകളും എന്നോട് സംസാരിക്കാനായി വിളിക്കാറുണ്ട്, ചിരി ഔഷദം തന്നെയാണ് സംശയമില്ല.

ജയരാജ് വാരിയര്‍ക്ക് എത്ര പാട്ടുകള്‍ കാണാതെ അറിയാം? പാട്ടിനെ പാട്ടിലാക്കിയതെങ്ങനെ..?

കൃത്യമായിട്ട് പറയാനാകില്ല. പക്ഷെ വളരെ ചെറുപ്പം മുതലെ റേഡിയോയിലൂടെ കേള്‍ക്കുന്ന പാട്ടുകള്‍ മനപ്പാീമാക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. എഴുതിയതും സംഗീതം ചെയ്തതും ആരാണ് എന്നെല്ലാം കൗതുകത്തോടെ ശ്രെദ്ധിക്കുമായിരുന്നു.ഇതൊന്നും 'പഠിക്കാന്‍ വേണ്ടി പഠിച്ചതല്ല' അഭിനിവേശം കൊണ്ടു ഞാന്‍ പോലുമറിയാതെ പഠിച്ചുപോയതാണ്.സംഗീതം എനിക്ക് എല്ലാമാണ്, രാവിലെ ദേവരാജന്‍ മാഷുടെ അഞ്ചാറു പാട്ടുകള്‍ കേള്‍ക്കുന്നത് ഒരു ദിനചര്യയാണ്. അങ്ങനെയാണ് ദിവസം തുടങ്ങുന്നത്.

രാജാസദസ്സില്‍ വിദൂഷകന്‍ എന്ന പോലെ കേരള 'നിയമസഭയുടെ നടുത്തളത്തില്‍' പ്രോഗ്രാം അവതരിപ്പിച്ച ഏക കലാകാരനാണല്ലോ താങ്കള്‍.. ആ അനുഭവത്തെ കുറിച്ച്..?

2003 ലാണ് ആ അവതരണം നടന്നത്. രാവിലെ സഭ കൂടുന്നത് വിശദമായി തന്നെ കണ്ടു മനസ്സിലാക്കി. രാവിലെ അവിടെ കണ്ട കാര്യങ്ങള്‍ തന്നെയാണ് വൈകീട്ട് നര്‍മ്മത്തില്‍ ചാലിച് അവതരിപ്പിച്ചത്. മുഖ്യമന്ത്രി എ. കെ. ആന്റണി യും പ്രതിപക്ഷ നേതാവ് വി. എസ് അച്യുതനന്ദനും സ്പീക്കര്‍ വക്കം പുരുഷോത്തമനുമടങ്ങുന്ന സാമാജികരൊക്കെ പരിപാടി നന്നായി ആസ്വദിച്ചു. 'ആഡര്‍..ആ ഡര്‍' എന്ന് പറയുന്ന വക്കം ഇടയ്ക്കിടെ 'കാപ്പി തരാം, എല്ലാവര്‍ക്കും കാപ്പി തരാം' എന്ന് പറയുന്നുണ്ട്. ഇത് കഴിഞ്ഞാല്‍' കാപ്പി ' കൊടുക്കുന്നുണ്ടാകും എന്നാണ് ഞാന്‍ കരുതിയത്. കാര്യം അതല്ലായിരുന്നു. തിരുവനന്തപുരത്തുകാരനായ വക്കം 'കോപ്പി തരാം ' എന്നാണ് ഉദ്ദേശിച്ചത്. തിരുവനന്തപുരത്ത് കോപ്പി എന്നതിനെ കാപ്പി എന്നാണല്ലോ പറയുന്നത്. എല്ലാ  രാഷ്ട്രീയക്കാരുമായും എനിക്ക് വ്യക്തി ബന്ധമുണ്ട്, എല്ലാ പാര്‍ട്ടിക്കാരും എന്നെ പ്രോഗ്രാമിന് വിളിക്കാറുമുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ പ്രഭാഷകനായ അഴീക്കോട് മാഷിനെ  മനോഹരമായി അനുകരിക്കരിക്കുന്നത് കാണാറുണ്ട് ...മാഷുമായുള്ള ബന്ധത്തെ കുറിച്ച് ...?

മാഷെ അവതരിപ്പിക്കുന്നതിനു എനിക്ക് ഒരുപാട് പ്രശംസ ലഭിച്ചിട്ടുണ്ട് ..അക്കൂട്ടത്തില്‍ ഏറ്റവും വലുതായി ഞാന്‍ കാണുന്നത് ,ഒരിക്കല്‍ തൃശ്ശൂരില്‍ നടന്ന ഒരു മീറ്റിങ്ങില്‍ 'ജസ്റ്റിസ് കമാല്‍ പാഷ'ക്കൊപ്പം ഞാന്‍ വേദി പങ്കിടുകയുണ്ടായി .അന്ന് അദ്ദേഹം അവിടെ പറയുകയുണ്ടായി 'ജയരാജ് വാരിയര്‍ '  അഴീക്കോട് മാഷെ അവതരിപ്പിക്കുന്നത് കണ്ടാണ് ഞാന്‍ സുകുമാര്‍ അഴീക്കോട് മാഷെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാനും അറിയുവാനും കാരണമായതെന്ന് ' ഒരു കലാകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിത് , പിന്നീട് കമാല്‍ പാഷ സാമൂഹ്യ വിമര്‍ശനത്തിലേക്കു വന്നു എന്നത് ചരിത്രമാണ് . അഴീക്കോട് മാഷെ അവതരിപ്പിക്കുന്നതിലുപരിയായി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് പുറകെയാണ് ഞാന്‍ സഞ്ചരിച്ചത്.മാഷ് വാത്സല്യത്തോടെ എന്നെ ചേര്‍ത്തുപിടിച്ചു.  ജീവിച്ചിരിക്കുമ്പോള്‍ തന്നെ മാഷുടെ പേരില്‍ രൂപീകൃതമായ ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറിയുമായി !

കേരളത്തില്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി സജീവമായിക്കഴിഞ്ഞു. പക്ഷെ 'കാരിക്കേച്ചര്‍' എന്ന കലാരൂപം ജയരാജ് വാരിയരില്‍ തുടങ്ങി ജയരാജ് വാരിയരില്‍ തന്നെ നില്‍ക്കുന്നു എന്താണ് കാരണം ..?

ഞാന്‍ സഞ്ചരിച്ച ഒരു വഴിയുണ്ട് നാടകത്തിന്റെയും , ഓട്ടന്‍തുള്ളലിന്റെയും , സംഗീതത്തിന്റെയും ,വായനയുടെയും ഒരു വഴി .ഇന്ന് ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്ന ഷോയുടെ അടിത്തറ അതാണ് .ഇന്നത്തെ രൂപത്തില്‍ എത്തണം എന്ന ആഗ്രഹം കൊണ്ടല്ല ഞാന്‍ ഈ ഷോ രൂപപ്പെടുത്തിയത് , നാടകത്തില്‍ നിന്നും മാറിയപ്പോള്‍ എന്നിലെ കലാകാരന് പെര്‍ഫോം ചെയ്യാന്‍ മറ്റൊരു ആര്‍ട്ട് ഫോം ആവശ്യമായിരുന്നു...അതിനു വേദികള്‍ വേണമായിരുന്നു . അങ്ങനെയാണ് ഞാന്‍ ഇതിലേക്ക് എത്തിയത്. ഒറ്റയ്ക്ക് കോമഡി മാത്രം ചെയ്യുന്ന ധാരാളം ആളുകള്‍ ഇവിടെ ഉണ്ട് .എന്നാല്‍  കാരിക്കേച്ചറിനും ഒരു തുടര്‍ച്ച തീര്‍ച്ചയായും ഉണ്ടാകും , പുതിയ ആളുകള്‍ വരും...... ജീവിതത്തിന്റെ അണിയറയില്‍ അവരറിയാതെ ഇപ്പോള്‍ പരിശീലിക്കുന്നുണ്ടാകും........, ഞാന്‍ കാത്തിരിപ്പാണ് ! 

Content highlights : actor and caricaturist jayaraj warrier talk