ലയാളികൾക്ക് അപരിചിതനല്ല അജ്മൽ അമീർ. പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ, ഒരൊറ്റ പാട്ട് കൊണ്ട് മലയാളിപെൺകുട്ടികളുടെ മനസിൽ കയറിക്കൂടിയ നായകൻ. പിന്നീട് വന്ന മാടമ്പി, ലോഹം, ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങളിൽ നായകനല്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്ത അജ്മലിന് പക്ഷേ ഹിറ്റുകൾ സമ്മാനിച്ചത് കോളിവുഡും ടോളിവുഡുമാണ്. ഡോക്ടറെന്ന പ്രൊഫഷൻ മാറ്റിവച്ചാണ് അജ്മൽ തന്റെ പാഷനായ അഭിനയം തിരഞ്ഞെടുത്തത്. അതും തികച്ചും യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുമുള്ള എതിർപ്പുകൾ മറികടന്ന്. ഇന്ന് വലിയ പ്രോജക്ടുകളുടെ ഭാഗമാണ് അജ്മൽ. വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുന്ന വേളയിൽ അജ്മൽ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.

എവിടെയായിരുന്നു അജ്മൽ?

ഏറെ കേട്ട ചോദ്യമാണ്, എവിടെ പോയി, സിനിമയിൽ കാണുന്നില്ലല്ലോ, എന്നത്..സത്യത്തിൽ അത് തമിഴും തെലുങ്കും ചിത്രങ്ങൾ കാണാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചേറെ നാളുകളായി അവിടെയാണ് എന്റെ തട്ടകം.. മലയാളത്തെ മറന്നതല്ല. നല്ല തിരക്കഥകൾ വന്നില്ല. പിന്നെ അതിനിടയ്ക്ക് പിജി പഠനത്തിനായി വിദേശത്ത് പോയി. അങ്ങനെ ചെറിയൊരു ഇടവേള വന്നു.ഇപ്പോ ൾ വീണ്ടും നല്ലൊരു തിരിച്ചു വരവ് പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണിന് തൊട്ട് മുമ്പ് ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. അമ്മ രാജ്യം ലോ കടപ്പ ബിഡലു എന്ന തെലുങ്ക് ചിത്രം. രാം ഗോപാൽ വർമയായിരുന്നു സംവിധായകൻ. ആന്ധ്ര പ്രദേശിലെ രാഷ്ട്രീയം പറയുന്ന ചിത്രത്തിൽ മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡിയുടെ വേഷമാണ് ചെയ്തത്.

നേട്രിക്കൺ എന്ന തമിഴ് ചിത്രമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. നയൻതാരയാണ് നായിക. അമ്പത് ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞതാണ്. അതിനിടെയാണ് കോവിഡ് വ്യാപനവും ലോക്ക്ഡൗണും വരുന്നതും ചിത്രീകരണം നിർത്തി വയ്ക്കേണ്ടി വന്നതും.

എന്നെ ഏറ്റവുമധികം തിരിച്ചറിയപ്പെടുന്നതും ഇഷ്ടപ്പെടുന്നതും തമിഴ്നാട്ടിലാണെന്നാണ് തോന്നുന്നത്.

അതിൽ എടുത്ത് പറയേണ്ട ചില ചിത്രങ്ങളുണ്ട്,. ഒന്ന് തീർച്ചയായും മിഷ്കിൻ ഒരുക്കിയ അഞ്ചാതെ ആണ്. അവിടുത്തെ സാധാരണക്കാരായ സിനിമാ ആസ്വാദകർ ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണത്. അതേസമയം കുട്ടികളും കുടുംബങ്ങളും ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് തിരു തിരു തുരു തുരു. ശ്രദ്ധ നേടിയ ചിത്രങ്ങളാണ് അവിടെ ചെയ്തതെല്ലാം.

തിരിച്ചു വരവിലെ മാറ്റങ്ങൾ

സിനിമ പ്രൊഫഷനാക്കാമെന്ന ഉദ്ദേശത്തോടെ വന്ന ആളല്ല ഞാൻ. ഒരു തമാശയ്ക്ക് വന്ന് ചെയ്തതാണ് ആദ്യ ചിത്രമെല്ലാം. പിന്നീട് ബാക്ക് ടു ബാക്ക് ചിത്രങ്ങൾ ലഭിച്ചപ്പോഴേക്കും വീട്ടിൽ നിന്നുള്ള സമ്മർദ്ദം കാരണം പി.ജി എടുക്കാനായി പോവേണ്ടി വന്നു. അന്നേരമാണ് സിനിമയോടുള്ള പാഷൻ തിരിച്ചറിയുന്നത്. എന്നാൽ പി.ജി എടുക്കാൻ പറ്റിയതുമില്ല, ആ ഒരു ഗ്യാപ് വന്നത് കാരണം സിനിമാ രംഗത്ത് നിന്നുള്ള ബന്ധങ്ങളും പലതും നഷ്ടമാവുകയും ചെയ്തു. തിരിച്ചു വന്നപ്പോഴേക്കും ഏറെ മാറ്റങ്ങൾ ഇവിടെ സംഭവിച്ചിരുന്നു. ആ വരവിൽ വിചാരിച്ച പോലെ സിനിമകൾ ചെയ്യാനായില്ല. പക്ഷേ ഇപ്പോൾ ഞാൻ നല്ല രീതിയിലാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ചെയ്യുന്നതെല്ലാം വലിയ കമ്പനികളുടെ പ്രോജക്ടുകളാണ്.

മനസ് മുഴുവൻ സിനിമ

പ്രൊഫഷണലി ഞാനൊരു ഡോക്ടറാണ്, ഒരു യാഥാസ്തിക കുടുംബത്തിൽ നിന്ന് വരുന്നത് കൊണ്ട് സിനിമ തിരഞ്ഞെടുക്കുന്നതിൽ കുറേയേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.. ഇപ്പോൾ പക്ഷേ സിനിമയും ഡോക്ടറെന്ന പ്രൊഫഷനും ഒന്നിച്ചു കൊണ്ടു പോകാൻ തന്നെയാണ് ആഗ്രഹം.

വീട്ടുകാർക്ക് എന്നെ ഒരു ഡോക്ടറായി കാണാൻ തന്നെ ആണ് ആഗ്രഹം. എനിക്ക് പക്ഷേ അതിന് കഴിയുന്നുമില്ല. മനസ് മുഴുവൻ സിനിമയാണ്.

കുടുംബമാണ് എന്റെ എല്ലാം. അവർക്ക് ഇഷ്ടമുള്ള അവർക്ക് കംഫർട്ടബിളായ ജീവിതം നയിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം,. അത് പക്ഷേ എന്നേകൊണ്ട് പറ്റുന്നില്ലായിരുന്നു. ഞാൻ ഏറെ പരിശ്രമിച്ചു. ഇന്ന് പറ്റിയില്ലെങ്കിൽ പിന്നെ എന്നാണ് പാഷന് പുറകേ പോവുക. അതുകൊണ്ട് പാഷനേതോ അത് തന്നെ പിന്തുടരാനുള്ള തീരുമാനം എടുത്തു. മുഴുവനായി സിനിമയിലേക്ക് ഇറങ്ങുന്നത് രണ്ട് വർഷം മുമ്പാണ്. അങ്ങനെ ചെയ്തതാണ് രാം ഗോപാൽ വർമ ചിത്രവും, ഇപ്പോഴിതാ നേട്രിക്കണ്ണും. അതോടൊപ്പം സിനിമാ നിർമാണത്തിലേക്കും കടക്കുകയാണ്. തമിഴ്-തെലുങ്ക് ഭാഷകളിൽ ഒരുക്കുന്ന ഒരു ചിത്രമാണ് ആദ്യം ചെയ്യുന്നത്..  കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ല. എന്തായാലും സജീവമായി സിനിമകൾ ചെയ്യാൻ തന്നെയാണ് ഇനി തീരുമാനം.

സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല, ഇനി അങ്ങനെയല്ല

ഞാൻ ഇതേവരെ ഒരു സിനിമ പ്രൊജക്ടാക്കാൻ ഇറങ്ങിയിട്ടില്ല. മലയാളത്തിലായാലും തമിഴിലായാലും അവിടുത്തെ അഭിനേതാക്കൾ നേരിട്ട് ഇറങ്ങിയാണ് ഒരു സിനിമ പ്രോജക്ടാക്കുന്നത്. നല്ല പോലെ പരിശ്രമിക്കുന്നുണ്ട് ഒരു സിനിമയ്ക്കായി. പലരുമുണ്ട് അങ്ങനെ. ഉദാഹരണത്തിന് ഇപ്പോൾ മലയാളത്തിൽ നിവിൻ, ഫഹദ്, ദുൽഖർ ഇവരൊക്കെ ഓരോ ടീം ഉണ്ടാക്കി അവർക്കിഷ്ടമുള്ള ചിത്രങ്ങൾ ബാക് ടു ബാക് ചെയ്യുകയാണ്. പക്ഷേ ഞാനിത് വരെ സിനിമയെ ബിസിനസായി കണ്ടിരുന്നില്ല. എനിക്ക് വരുന്ന വേഷങ്ങൾ ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നും ആലോചിക്കാറില്ല. എന്നാൽ ഇപ്പോൾ ഞാൻ തന്നെ എനിക്കൊരു ടീം ഉണ്ടാക്കി ഞങ്ങൾ പ്ലാൻ ചെയ്ത്, അതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇനി സിനിമയ്ക്കായി എഫേർട്ട് ഇട്ട് ഇറങ്ങാൻ തന്നെയാണ് തീരുമാനം.

നഷ്ടമായിപ്പോയ വേഷങ്ങൾ

മലയാളത്തിലേക്ക് തിരിച്ചു വരണം. നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്. നായക വേഷമേ ചെയ്യൂ എന്ന നിർബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല ആദ്യം. ഇവിടെ അതിഥി വേഷങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങളാണ് ലോഹവും ടു കൺട്രീസും. മലയാള സിനിമയുടെ ഭാഗമാകാനുള്ള കൊതി കൊണ്ട് ചെയ്തതാണ് ഈ ചിത്രങ്ങൾ. ഇഷ്ടപ്പെട്ട വേഷങ്ങൾ ചെയ്യുക എന്നതായിരുന്നു പ്രധാനം. നായകനേ ആവൂ എന്ന് ഉണ്ടായിരുന്നുവെങ്കിൽ പ്രണയകാലം കഴിഞ്ഞ സമയം മുതൽ അത്തരം വേഷങ്ങൾ മാത്രം ചെയ്യാമായിരുന്നു. പ്രൊഫഷണൽ ആയല്ല ഞാൻ സിനിമയെ കണ്ടിരുന്നത്. പക്ഷേ ഇപ്പോൾ ചെയ്യുന്നതെല്ലാം പ്രധാന കഥാപാത്രങ്ങളാണ്. ഇപ്പോൾ കൃത്യമായ ഒരു ടീമിനെ ഞാൻ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്, പ്ലാൻ ചെയ്യുന്നുണ്ട് നല്ലൊരു സിനിമ മലയാളത്തിൽ.

ഇന്നും ആളുകളുടെ മനസിൽ പതിഞ്ഞിരിക്കുന്ന ഗാനമാണ് പ്രണയകാലത്തിലെ ഒരു വേനൽപ്പുഴയിൽ എന്ന പാട്ട്. അതിന്റെ പേരിൽ തിരിച്ചറിയപ്പെടുന്നതും നമ്മളോടുള്ള ഇഷ്ടം കൊണ്ടാണ്. അത്തരം ഇഷ്ടങ്ങൾ പലരും പലപ്പോഴും പറയുമ്പോഴാണ് വീണ്ടും സിനിമയിലേക്ക് വരണമെന്ന ആഗ്രഹവും ശക്തമാവുന്നത്. പ്രത്യേകിച്ചും മലയാളത്തിൽ. പക്ഷേ ഞാൻ അന്യഭാഷാ ചിത്രങ്ങൾ ചെയ്തതോടെ പ്രതിഫലമൊക്കെ കൂടുതലാകുമെന്ന് കരുതിയും എന്നെ വിളിച്ച് കിട്ടാതെയും എനിക്ക് നഷ്ടമായിപ്പോയ കുറേ സിനിമകളുണ്ട്.

നേരത്തെ എനിക്ക് ഒരു സിനിമ ചെയ്യാൻ താത്‌പര്യം ഉണ്ട് എന്ന് പറഞ്ഞ് ഒരു സംവിധായകനെയും ഞാൻ വിളിച്ചിരുന്നില്ല. പക്ഷേ ഇന്ന് എനിക്കിഷ്ടമുള്ള സംവിധായകരെ ഞാൻ വിളിച്ച് അവരുടെ ചിത്രത്തിന്റെ ഭാഗമാകാൻ എനിക്കാഗ്രഹമുണ്ടെന്ന് പറയുമ്പോൾ അവരെന്നോട് ചോദിക്കുന്നത്,തനിക്കിത് നേരത്തെ പറയാമായിരുന്നില്ലേ എത്രയെത്ര വേഷങ്ങളാണ് താൻ ചെയ്യില്ലെന്ന് കരുതി വിളിക്കാതിരുന്നതെന്നാണ്. . സത്യത്തിൽ അത് കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.

സിനിമയെ എനിക്ക് വേണം

തിരിഞ്ഞു നോക്കുമ്പോൾ മനസിലാകും മലയാളത്തിലായാലും തമിഴിലായാലും തെലുങ്കിലായാലും ഞാൻ ചെയ്തിട്ടുള്ളതൊക്കെയും വലിയ ടീമിന്റെ ചിത്രങ്ങളാണ്. അത്തരം ടീമിന്റെ ഭാഗമാകാനുള്ള കൊതി കൊണ്ടാണ് പലപ്പോഴും നായകൻ എന്ന ലേബൽ നോക്കാതെ അഭിനയിച്ചിട്ടുള്ളതും. ഒരു വേഷത്തിൽ തളച്ചിടാതെ നോക്കാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്രണയകാലം ചെയ്ത ശേഷം വന്നതെല്ലാം കോളേജ് പയ്യൻ കഥാപാത്രങ്ങളായിരുന്നു. അതിനെ ബ്രേക്ക് ചെയ്താണ് അഞ്ചാതെ ചെയ്തത്. പിന്നീട് വന്നതെല്ലാം അത്തരം കഥാപാത്രങ്ങളായി. അതിനെ ബ്രേക്ക് ചെയ്യാനാണ് തിരു തിരു തുരു തുരു ചെയ്തത്. അതിന് ശേഷമാണ് പഠനത്തിന്റെ ഭാഗമായി പോവേണ്ടി വന്നത്. ആ സമയത്ത് ഒരുപാട് സിനിമകൾ മിസ് ചെയ്തത്.

ഭയങ്കര മോശമാണ് ഞാൻ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ. അതിലേറെ മോശമാണ് അത്തരം സൗഹൃദങ്ങൾ സിനിമയ്ക്കായി ഉപയോഗിക്കുന്ന കാര്യത്തിലും. നേരേ വാ നേരേ പോ എന്ന പോളിസി ആണ്. അതെല്ലാം സിനിമാരംഗത്ത് എനിക്ക് പ്രതികൂലമായിട്ടുമുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് സിനിമ വേണം അതുകൊണ്ട് എന്റെ ടീമിനെ ഞാൻ തന്നെ കണ്ടെത്തുന്നു. അവർക്ക് വേണ്ട നിർമാതാക്കൾ, മൂലധനം, മറ്റ് കാര്യങ്ങളെല്ലാം നമ്മൾ തന്നെ ശരിയാക്കി കൊടുക്കുന്നു.

കോവിഡ് കാലത്തെ സേവനം

ഡോക്ടർ എന്ന നിലയിൽ ഞാൻ പ്രാക്ടീസ് ചെയ്യുന്നില്ല ഇപ്പോൾ. പഠിച്ചിറങ്ങിയ ഉടനെയാണ് പ്രണയകാലം ചെയ്യുന്നത്. പിന്നെ അതിന് ശേഷം സിനിമകൾ വന്നതോടെ പ്രാക്ടീസിന് സാധിച്ചിട്ടില്ല. മാത്രമല്ല സർക്കാരാണല്ലോ കോവിഡിനെതിരെയുള്ള പോരാട്ടം എന്ന ദൗത്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. എന്റെ ഒരുപാട് സുഹൃത്തുക്കൾ കോവിഡ് ഡ്യൂട്ടി ചെയ്യുന്നുണ്ട്. അവർക്കെല്ലാം എന്നാലാവുന്ന സഹായങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. പിപിഇ കിറ്റുകളുടെ ദൗർലഭ്യം ഇവർക്ക് തുടക്കത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. തിരുപ്പൂരിൽ നമ്മുടെ സുഹൃത്തിന്റെ ഒരു മില്ലുണ്ട്, അവിടുന്ന് ഇവർക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ഈ കോവിഡ് കാലത്ത് അങ്ങനെ ചെയ്യാനായി എന്നതിൽ ഒരുപാട് സന്തോഷം. അതിൽ ഒരു ലാഭമോ ഒന്നും കണ്ടിട്ടില്ല. എന്നാലാവുന്നത് ചെയ്യുക എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ.

രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിത്

സങ്കടമുണ്ട് ഇന്നത്തെ സാഹചര്യങ്ങൾ കാണുമ്പോൾ. ഈ മഹാമാരിയുടെ സമയത്തും രാഷ്ട്രീയത്തിന്റെ പേരിൽ പലരും കാണിക്കുന്ന പോക്രിത്തരങ്ങളാണ് സാഹചര്യങ്ങളെല്ലാം വഷളാക്കിയത്. സാധാരണക്കാരെയാണ് ഇതെല്ലാം മോശമായി ബാധിച്ചത്. സിനിമയിലെ അവസ്ഥ എനിക്കറിയാം സത്യം പറഞ്ഞാൽ എന്നോടൊപ്പം ജോലി ചെയ്തവരിൽ നിന്ന് ഓരോ ദിവസവും എനിക്ക് നിരവധി കോളുകളാണ് വരുന്നത്. അഞ്ഞൂറ് രൂപയെങ്കിലും അയച്ചു തരാമോ എന്ന് ചോദിച്ച്. അത്രയ്ക്കും ദയനീയമാണ് പലരുടെയും അവസ്ഥ. സങ്കടം വരും പലപ്പോഴും. പലപ്പോഴും ചോദിക്കുന്നവർക്ക് എന്നാലാവുന്നത് ഞാൻ ചെയ്യാറുണ്ട്. ഇതാണ് സാഹചര്യം അതിനെ അതിജീവിച്ചേ പറ്റൂ. സിനിമ എന്ന് പറഞ്ഞിരുന്നാൽ അവിടെ ഇരിക്കുകയേ ഉള്ളൂ.

എന്നോട് സഹായം ചോദിച്ച് വിളിച്ചവർക്ക് ഒരു തവണ പൈസ അയച്ചു കൊടുത്താൽ ഞാൻ പറയുന്നത് ഇതാണ്. ഇനി എന്നെ വിളിക്കരുത്. എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത രീതിയിലേക്കെത്തി കാര്യങ്ങൾ, നിങ്ങൾ തന്നെ ഇതിന് ഒരു പരിഹാരം കണ്ടെത്തണമെന്നാണ്. അതുപോലെയാണ് ഇന്നത്തെ സാഹചര്യം. ലൈറ്റ് ബോയ് മുതൽ ഇങ്ങോട്ട് ഓരോരുത്തരും കഷ്ടപ്പാടിലാണ്. ഒരു ഛായാഗ്രാഹകൻ വരെ എന്നെ വിളിച്ചവരുടെ കൂട്ടത്തിലുണ്ട്. അവർക്ക് അറിയില്ല ഇനി എന്താണ് ചെയ്യുകയെന്ന്. ചില സമയത്ത് നമ്മൾ നിസഹായരാവുകയാണ്. ഒന്നിച്ച് അതിജീവിക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്. എന്തിനാണ് ആവശ്യമില്ലാത്ത രാഷ്ട്രീയം കളിക്കുന്നത്.. ഈ അവസ്ഥ അതിജീവിക്കാതെ സാധാരണ ജീവിതം ആർക്കും ഉണ്ടാകില്ലെന്ന് എല്ലാവരും മനസിലാക്കിയാൽ നല്ലതെന്നേ പറയാനുള്ളൂ.

Content Highlights : Actor Ajmal Ameer Interview Pranayakalam Anjathe Ko Movie Actor Netrikkann Nayanthara