രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജിയായ ‘ആണും പെണ്ണും’ തിയേറ്ററുകളിലെത്തി. സംവിധായകരായ വേണു, ആഷിക് അബു, ജെയ് കെ എന്നിവർ ഒരുക്കിയ മൂന്നു ഹ്രസ്വചിത്രങ്ങൾ ചേർന്നാണ് ‘ആണും പെണ്ണും’ എന്ന ആന്തോളജി സിനിമയാകുന്നത്. ആഷിക് അബു ഒരുക്കുന്ന ‘റാണി’ എന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ബെന്നി പി. നായരമ്പലം എന്നിവരും അണിനിരക്കുന്നു. ആർ. ഉണ്ണി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉണ്ണിയുടെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയിൽ നിന്നാണ് ഈ ചിത്രം പിറവിയെടുക്കുന്നത്. ഛായാഗ്രാഹകനായി ഷൈജു ഖാലിദും എഡിറ്ററായി സൈജു ശ്രീധരനും ചിത്രത്തിന്റെ ഭാഗമാകുന്നു.

പാർവതിയും ആസിഫ് അലിയും ജോഡിയാകുന്ന രണ്ടാമത്തെ ചിത്രം വേണുവാണ് സംവിധാനം ചെയ്യുന്നത്. ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നതും സംവിധായകനാണ്. ബീനാ പോളാണ് എഡിറ്റർ. ‘എസ്ര’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജയ് കെ ആണ് ‘സാവിത്രി’ എന്ന പേരിലെ മൂന്നാമത്തെ ചിത്രം ഒരുക്കുന്നത്. ജോജു ജോർജും സംയുക്ത മേനോനും ഇന്ദ്രജിത്തുമാണ് പ്രധാന താരങ്ങൾ. സന്തോഷ് ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ സുരേഷ് രാജനും എഡിറ്റർ ഭവൻ ശ്രീകുമാറുമാണ്.

രാച്ചിയമ്മയുടെ നിലപാടുകൾ

ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന കഥയെ അടിസ്ഥാനമായി ഒരുക്കിയ ചിത്രം താൻ ഇതുവരെ ചെയ്തതിൽനിന്നു വ്യത്യസ്തമായ ഒന്നാക്കാനാണ് ശ്രമിച്ചതെന്നാണ് സംവിധായകൻ വേണു പറയുന്നത്. ‘‘സാഹിത്യകൃതിയും സിനിമയും രണ്ടും രണ്ടിന്റേതായ മണ്ഡലങ്ങളിൽ നിൽക്കുന്നവയാണ്. ഒന്നിനെ മറ്റൊന്നിലേക്കു രൂപമാറ്റം വരുത്തുമ്പോൾ സൃഷ്ടിപരമായ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എഴുത്തുകാരുടെ കൂട്ടത്തിൽ മഹാസാഹിത്യകാരനായ ഉറൂബിന്റെ കഥയിലാണ് കൈവെച്ചിരിക്കുന്നത്. ആ വിലാസത്തിനുമുന്നിൽ പകച്ചുനിൽക്കാതെ സിനിമ ചെയ്യാൻ ശ്രമിച്ചെന്നാണ് എന്റെ വിശ്വാസം. രാച്ചിയമ്മയുടെ നിലപാടുകളാണ് ചിത്രത്തിൽ തെളിഞ്ഞൊഴുകുന്നത്. നമുക്കു പലപ്പോഴും പിടികിട്ടാത്ത ചില ചുഴികളായും ആ പുഴ ഇടയ്ക്കുമാറുന്നുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർവതിയും ആസിഫ് അലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കഥയിലും കഥാപാത്രത്തിലും അവർ അലിഞ്ഞുചേർന്ന വിധം ഒരു സംവിധായകനെന്ന നിലയിൽ എന്നെ ഏറെ ആശ്വാസതീരത്തെത്തിക്കുന്നതാണ്. എന്റെ സിനിമാവിഷ്കാരത്തിന്‌ ഇവർ രണ്ടുപേരും വലിയ സഹായങ്ങളാണ് ചെയ്തിരിക്കുന്നത്.’’ -വേണു പറഞ്ഞു.

റാണിയുടെ സ്വപ്നങ്ങൾ

പ്രണയത്തിന്റെ ആഴങ്ങളിലേക്കു ഒരു തൂവൽപോലെ പാറിപ്പോകാൻ ആഗ്രഹിക്കുന്നവളാണ് റാണി. അത്‌ ഏതു സാഹചര്യത്തിലായാലും അവൾ അങ്ങനെത്തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ആഗ്രഹങ്ങൾ ഏറെയുണ്ടെങ്കിലും പ്രണയത്തിനു ഒരു മറ വേണമെന്നു ചിന്തിക്കുകയും അങ്ങനെ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് റാണിയുടെ കാമുകൻ. ഈ ഫ്രെയിമുകളാണ് തന്റെ ചിത്രത്തിലേക്കു പകർത്താൻ ശ്രമിച്ചതെന്നാണ് സംവിധായകൻ ആഷിക് അബു പറയുന്നത്. ‘‘ഞാൻ ഒരുപാടു കാലം കൊച്ചി നഗരത്തിലെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ താമസിച്ചിരുന്നയാളാണ്. എന്റെ ഫ്ളാറ്റിന്റെ ജാലകങ്ങൾ തുറന്നാൽ താഴെ തീരത്തു പ്രണയത്തിന്റെ കുളിരിൽ കുറുകിയിരിക്കുന്ന ഒരുപാടുപേരെ കാണാമായിരുന്നു. പ്രണയത്തിന്‌ അവരെല്ലാം ഒരു മറ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അതിലേക്ക്‌ ഒളിഞ്ഞുനോക്കാനും അവരെ സദാചാരത്തിന്റെ കല്ലേറിനാൽ ഓടിക്കാനുമാണ് സമൂഹം ശ്രമിക്കുന്നത്. ‘റാണി’ എന്ന ചിത്രം ഒരുക്കുമ്പോൾ ഈ കാഴ്ചകളെല്ലാം എനിക്കു ചില അടയാളങ്ങൾ തന്നിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ റോഷനും ദർശനയും മികച്ച അഭിനേതാക്കളും അടുത്ത സുഹൃത്തുക്കളുമാണ്. അവർക്കിടയിൽ ഒരു ഓർഗാനിക് ആക്ടിങ് മെത്തേഡ് രൂപപ്പെടുന്നത് ഓരോ ഫ്രെയിമിലും എനിക്കു കാണാമായിരുന്നു. ഉണ്ണിയുടെ ഈ ചെറുകഥ നേരത്തേ വായിച്ചപ്പോൾ മുതൽ വലിയ ആഴത്തിലുള്ള ചില അടയാളങ്ങൾ ഉണ്ടെന്നു തോന്നിയിരുന്നു. അതു സിനിമയാക്കുമ്പോഴും അതേ അടയാളങ്ങളുടെ തീക്ഷ്ണത ചോരാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.’’-ആഷിക് അബു പറഞ്ഞു.

സാവിത്രിയുടെ പ്രതികാരം

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുകയും എന്നാൽ, കേരളപ്പിറവിയിലേക്ക്‌ എത്തിയിട്ടില്ലാത്തതുമായ ഒരു കാലഘട്ടത്തിലെ പെണ്ണിന്റെ മനസ്സും പ്രണയവും ആസക്തിയും ചതിയും പ്രതികാരവുമൊക്കെ നിറഞ്ഞ കഥയാണ് ‘സാവിത്രി’യെന്നാണ് സംവിധായകൻ ജെയ് കെ പറയുന്നത്. ‘‘സന്തോഷ് ഏച്ചിക്കാനമാണ് ഇങ്ങനെയൊരു തിരക്കഥയുടെ കാര്യം എന്നോടു പറയുന്നത്. ആന്തോളജി ചിത്രത്തിനായുള്ള എന്റെ അന്വേഷണം ആ കഥയിൽ കൃത്യമായി അവസാനിക്കുമെന്നു തോന്നി. കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണവും കർഷകസമരവും പോലീസ് വേട്ടയുമൊക്കെ നിറഞ്ഞ ആ കാലഘട്ടത്തെ പുനരവതരിപ്പിക്കൽ ഏറെ ദുഷ്‌കരമായിരുന്നു. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കാനുള്ള ചെമ്മൺപാത തേടി ഞങ്ങൾ എത്രയോ അലഞ്ഞിട്ടുണ്ട്. അതുപോലെ പൊള്ളാച്ചിയിൽനിന്നാണ് കാളവണ്ടി സംഘടിപ്പിച്ചത്. അങ്ങനെ ചിത്രീകരണത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും ‘സാവിത്രി’യെയും അവളുടെ കമ്യൂണിസ്റ്റ് പോരാട്ടവീര്യത്തെയും പ്രതികാരത്തെയുമൊക്കെ കൃത്യമായി അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.’’ -ജെയ് കെ പറഞ്ഞു.

Content Highlights: Aanum pennum aashiq abu Rajeev Ravi Venu Jay k Parvathy Asif Ali samyuktha