'ഖയാമത് സേ ഖ്വയാമത് തക്' എന്ന സിനിമ പുറത്തിറങ്ങുന്നതിനും എത്രയോ മുന്‍പ്, ആമിര്‍ഖാന്റെ അങ്കിള്‍ നാസിര്‍ ഹുസൈന്റെ സിനിമാ ലൊക്കേഷനില്‍ വെച്ചാണ്, ഞാനാദ്യമായി ആമിറിനെ കാണുന്നത്. അന്ന് അദ്ദേഹം ആ സിനിമയുടെ സഹസംവിധായകനായിരുന്നു. പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളായി അദ്ദേഹം ഉയര്‍ന്നപ്പോഴും ആമിര്‍ എന്ന വ്യക്തി മാറിയില്ല. ഏറ്റവും പുതിയ ചിത്രമായ ദംഗല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കി ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിട്ടും ആമിറിന് ഒരു മാറ്റവുമില്ല. ഓരോ സിനിമ കഴിയുന്തോറും അഭിനയം കൂടുതല്‍ മെച്ചപ്പെടുന്നതായി അദ്ദേഹം പറയുന്നു. മുന്‍പ് വളരെ വേഗത്തില്‍ സംസാരിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതം സിനിമയ്ക്കായി മാറ്റിയെടുത്തിരിക്കുന്നു. ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ആമിറിന്റെ ദംഗല്‍ റിലീസ് ചെയ്ത് വെറും മൂന്നുമാസം കൊണ്ട് 400 കോടി രൂപ കളക്ഷന്‍ നേടി. പിന്നീട് പുറത്തിറങ്ങിയ സീക്രട്ട് സൂപ്പര്‍ സ്റ്റാറും മികച്ച വിജയമായി. വിജയ് കൃഷ്ണാചാരി ഒരുക്കുന്ന തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലൂടെ വ്യത്യസ്തമായ ഒരു പരീക്ഷണം പ്രേക്ഷകര്‍ക്ക് മുന്പില് അവതരിപ്പിക്കുകയാണ് ആമിര്‍.
ജീവിതത്തിലാദ്യമായി അമിതാഭ് ബച്ചനോടൊപ്പം ഒരു ചിത്രത്തില്‍ ഒന്നിക്കുകയാണല്ലോ?
അമിതാഭ് ബച്ചനുമായി ഒരു ചിത്രത്തിലെങ്കിലും ഒന്നിച്ചഭിനയിക്കുക എന്നത് എന്റെ വലിയൊരാഗ്രഹമായിരുന്നു. ജീവിതത്തിലുടനീളം എന്നില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് അമിത്ജി. തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലൂടെ ആ ആഗ്രഹം സഫലമാവുകയാണ്.
ജനങ്ങള്‍ സൂപ്പര്‍സ്റ്റാര്‍ എന്നുവിളിക്കുമ്പോള്‍ എന്തു തോന്നുന്നു?
എനിക്ക് അദ്ഭുതമാണ് തോന്നാറ്. കാരണം ഞാനൊരു സൂപ്പര്‍സ്റ്റാര്‍ അല്ല. ഒരു മുറിയിലേക്ക് ഞാന്‍ കയറുമ്പോള്‍ എന്നെ ആളുകള്‍ സല്മാന് ഖാനെപ്പോലെയൊ ഷാരൂഖിനെപ്പോലെയൊ ശ്രദ്ധിക്കാറില്ല. അവിടെ ഞാന്‍ ഒരു വെയ്റ്ററെപ്പോലെയാണ്. ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. എനിക്ക് അതിനുള്ള യോഗ്യതകളില്ല. ക്ഷമിക്കണം, വെയ്റ്റര്‍ എന്ന് പ്രയോഗിച്ചത് സാധാരണക്കാര്‍ എന്ന നിലയില്‍ മാത്രമാണ് അല്ലാതെ വെയ്റ്റര്‍മാരെ അപമാനിക്കാനല്ല. അമിതാഭ്ജിയെപ്പോലെയൊ സല്മാന് ഖാനെപ്പോലെയൊ ഷാരൂഖ് ഖാനെപ്പോലെയൊ ഞാന്‍ ഒരു സൂപ്പര്‍സ്റ്റാറല്ല. അതുപോലെ അജയ് ദേവ്ഗണും ഋത്വിക് റോഷനുമെല്ലാം വലിയ താരങ്ങളാണ്. ഇവരില്‍ ആരാണ് വലിയ താരം എന്ന് പറയാനാകില്ല.
സിനിമയ്ക്ക് കാഴ്ചക്കാരില്‍ വലിയ സ്വാധീനം ചെലുത്താനാകും എന്ന് കരുതുന്നുണ്ടോ?
സിനിമയെടുക്കുന്ന നാം ഓരോരുത്തരും പ്രസക്തിയുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കണം. എന്റെ ചിത്രമായ താരേ സമീന്‍ പര് കുട്ടികള്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കണം എന്നതിനെ സംബന്ധിച്ചുള്ളതാണ്. 3 ഇഡിയറ്റ്സ് എന്ന ചിത്രവും ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ സമൂഹത്തിനുമുന്നില്‍ കാണിക്കുന്ന ചിത്രമാണ്.
താങ്കള്‍ എപ്പോഴും ഇമേജ് മാറ്റി പരീക്ഷിക്കാറുണ്ടോ?
എനിക്ക് സ്ഥിരമായുള്ള ഇമേജ് ഇല്ല എന്നതാണ് വാസ്തവം. ഖ്വയാമത് സേ ഖ്വയാമത് തക് ഹിറ്റായപ്പോള്‍ ഒരു റൊമാന്റിക് ഹീറോ പരിവേഷമാണ് എനിക്ക് ലഭിച്ചത്. അതുകൊണ്ട് ഞാന്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിന് ഉദാഹരണമാണ് ദില്‍ എന്ന ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച രാജ എന്ന കഥാപാത്രം. ദില്‍ ഹേ കെ മാന്താ നഹീ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച രഘു ജയ്റ്റ്ലി എന്ന കഥാപാത്രവും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നായിരുന്നു. ജോ ജീത്താ വോഹീ സിക്കന്ദറിലെ സഞ്ജയ് ലാല്‍ എന്ന കഥാപാത്രവും അതുപോലെ വ്യത്യസ്തമാണ്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ എത്തിക്കാനാണ് എന്റെ ശ്രമം. എന്റെ ആരാധകര്‍ക്ക് എപ്പോഴും വേറിട്ട അനുഭവം നല്കാന് ഞാന്‍ ശ്രമിക്കാറുണ്ട്.
താങ്കള്‍ നിര്‍മിക്കുന്ന ചിത്രങ്ങളുടെ ബജറ്റ് എങ്ങനെയാണ് തീരുമാനിക്കുന്നത്?
നിര്‍മാതാവായുള്ള എന്റെ ആദ്യ ചിത്രമായിരുന്നു ലഗാന്‍. ചിത്രത്തിനായി ഞാന്‍ 15 കോടിയാണ് മാറ്റിവെച്ചത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോഴേക്കും അത് ഏതാണ്ട് 25 കോടിയോളമെത്തി. ഇതുപോലെ താരേ സമീന്‍ പര് എന്ന ചിത്രം നിര്‍മിക്കാന്‍ ഏതാണ്ട് എട്ടുകോടി രൂപ മതിയാകുമെന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 15 കോടി രൂപ എനിക്ക് ചെലവഴിക്കേണ്ടിവന്നു. അനുഷ റിസ്വി സംവിധാനം ചെയ്ത പീപ്ലി ലൈവ് എന്ന ചിത്രം നിര്മിക്കാനുദ്ദേശിച്ചപ്പോള് 6 കോടി രൂപയായിരുന്നു ഞാന്‍ മനസ്സില്‍ കണ്ടത്. എന്നാല്‍ അവിടെയും സ്ഥിതി വ്യത്യാസമായിരുന്നില്ല. ഏതാണ്ട് 12 കോടി രൂപയാണ് ആ ചിത്രത്തിനായി ചെലവാക്കേണ്ടിവന്നത്.
നടന്, നിര്‍മാതാവ് എന്ന നിലയില്‍ ഒരു സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെങ്ങനെയാണ്?
ഞാനൊരിക്കലും എന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ കൊമേഴ്സ്യല്‍ മൂല്യത്തിന്റെ മാനദണ്ഡത്തിലോ ഒരു സിനിമ ചെയ്യാറില്ല. ഒരു സിനിമ പ്രേക്ഷകന് എന്ത് സന്ദേശമാണ് സമ്മാനിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സിനിമ നിര്‍മിക്കണോ അല്ലെങ്കില്‍ അഭിനയിക്കണോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍ ഒരു സിനിമയുടെ സബ്ജക്ട് എന്നെ ആകര്ഷിക്കുകയാണെങ്കില് തീര്‍ച്ചയായും ആ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാകും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് രംഗ് ദേ ബസന്തി എന്ന ചിത്രം. നമ്മുടെയെല്ലാം അഭിമാനമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജീവിതവുമായി ബന്ധമുള്ള തിരക്കഥയായിരുന്നു ചിത്രത്തിന്റെത്. എന്നാല്‍ അദ്ദേഹത്തിന്റെ കഥപറഞ്ഞ നാലുചിത്രങ്ങള്‍ അതിനോടകം ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നു. പക്ഷേ, എന്റെ മനസ്സ് ആ ചിത്രം ഏറ്റെടുക്കണമെന്നു പറഞ്ഞു. അങ്ങനെയാണ് രംഗ് ദേ ബസന്തിയുടെ സംവിധായകന് രാകേഷിനോട് ഞാന്‍ സമ്മതം മൂളുന്നത്. ചിത്രം എന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാകുകയും ചെയ്തു.
നിര്‍മാതാക്കള്‍ക്ക് സിനിമാമേഖലയില്‍ പിടിച്ചുനില്ക്കാന് താരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിലപാടിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
എന്റെ അഭിപ്രായത്തില്‍ താരങ്ങള്‍ അവരുടെ പ്രതിഫലം കുറയ്ക്കണം. എന്നാല്‍ മാത്രമേ നിര്‍മാതാവിന് സിനിമയില്‍നിന്നും മികച്ച ലാഭം നേടാനാകൂ. ഒരു സിനിമയുടെ വിജയത്തിനുവേണ്ടി തുച്ഛമായ പ്രതിഫലത്തിന് ചോരനീരാക്കി ജോലിചെയ്യുന്നവരുണ്ട്. അവരുടെയും ഉന്നമനത്തിനായി താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം.
താങ്കള്‍ ഒരു മെത്തേഡ് ആക്ടര്‍ ആണ് എന്നത് സത്യമാണോ?
അത് ജനങ്ങളുടെ വെറും തെറ്റിദ്ധാരണ മാത്രമാണ്. ഞാന്‍ ഒരു മെത്തേഡ് ആക്ടര്‍ അല്ല. മെത്തേഡ് ആക്റ്റിങ് എന്താണെന്നുപോലും എനിക്കറിയില്ല. നസറുദ്ദീൻ ഷായെപോലെയോ ഓം പുരിയെ പോലെയോ ഞാന്‍ ഒരു ട്രെയിന്‍ഡ് ആക്ടറുമല്ല. ജന്മസിദ്ധമായി ലഭിച്ച അഭിനയമേ എനിക്കറിയൂ. ഒരു തിരക്കഥ എന്ത് പറയുന്നു, അല്ലെങ്കില്‍ സംവിധായകന് എന്ത് നിര്‍ദേശിക്കുന്നു എന്നതിനനുസരിച്ചാണ് ഞാന്‍ അഭിനയിക്കാറ്. ഞാന്‍ നിരവധി ഹോളിവുഡ് താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ലഗാന്റെയും ദ റൈസിങ്ങിന്റെയും സെറ്റില്‍ വെച്ച് അവര്‍ അഭിനയിക്കുന്നത് നിരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ അഭിനേതാക്കളില്‍നിന്നും വ്യത്യസ്തമായി അവര്‍ കഥാപാത്രത്തിനായി നിരവധി റിഹേഴ്സലുകള്‍ നടത്തിയാണ് ക്യാമറയ്ക്കുമുന്നില്‍ എത്തുന്നത്.
ഇന്ത്യയിലെ പുരസ്കാരങ്ങളോടുള്ള താങ്കളുടെ നിലപാട് ഓസ്കര് അവാര്‍ഡിന്റെ കാര്യത്തില്‍ വ്യത്യസ്തമായിരുന്നല്ലോ...?
വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍തന്നെ പറയട്ടെ, ഇന്ത്യയിലെ പുരസ്കാരനിര്‍ണയ സംവിധാനത്തില്‍ എനിക്ക് വിശ്വാസമില്ല. പക്ഷേ, എന്റെ സഹപ്രവര്‍ത്തകരെ അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍നിന്ന് ഞാന്‍ തടയാറില്ല. ലഗാന്റെ കാര്യത്തിലും താരെ സമീന്‍ പര്റിന്റെ കാര്യത്തിലായാലും ഇതായിരുന്നു നിലപാട്. ലഗാന്‍ ഓസ്കറിന് പരിഗണിച്ചപ്പോള്‍ റിസര്‍വേഷന്‍ പോലുമില്ലാതെയാണ് ഞാന്‍ യു.എസില്‍ പോയത്. കൂടുതല്‍ പ്രേക്ഷകരിലേക്കെത്താന്‍ ആഗ്രഹിച്ചിരുന്നതുകൊണ്ടുതന്നെ ലഗാന്‍ ഒരു അന്താരാഷ്ട്ര പ്ലാറ്റ്ഫോം കിട്ടുന്നതില്‍ ഞാന്‍ ആകാംക്ഷാഭരിതനായിരുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി താങ്കള്‍ സിനിമാരംഗത്തുണ്ട്. സിനിമ താങ്കളെ എന്താണ്
പഠിപ്പിച്ചത്?
നല്ലതും മോശപ്പെട്ടതുമായ പല കാര്യങ്ങളും സിനിമ എന്നെ പഠിപ്പിച്ചു. സിനിമാമേഖല മറ്റുള്ളവയില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരിടമാണ്. അവിടെ ചിലര്‍ നല്ലവര്‍, മറ്റുചിലര്‍ മോശക്കാര് (ചിരിക്കുന്നു). അത് എല്ലായിടത്തും അങ്ങനെയാണല്ലോ. അത് നമ്മള് മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിന് അനുസരിച്ചിരിക്കും. കൂടുതല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഇടമാണ് സിനിമ. അവിടെ നമ്മുടെ ഓരോ ചുവടുകളും പലരും വീക്ഷിച്ചുകൊണ്ടേയിരിക്കും. ഒരു സിനിമ ഹിറ്റാകുകയാണെങ്കിലും പരാജയപ്പെടുകയാണെങ്കിലും അത് പെട്ടെന്നാണ് പ്രചരിക്കുന്നത്. സിനിമ എന്ന മാധ്യമം നിരവധി പ്രേക്ഷകരുടെ കൈകളിലെത്തുന്നതിനാല് എപ്പോഴും പ്രേക്ഷകര്‍ നമ്മെ വിടാതെ പിന്തുടരും. മറ്റു മേഖലകളിലൊന്നും ഇതുപോലുള്ള സമ്മര്‍ദ്ദം അനുഭവിക്കേണ്ടതില്ലല്ലോ. ഒരു സിനിമ പരാജയപ്പെട്ടാല്‍ മുഖം മറച്ചുപോലും നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ഒരു നടന് എന്ന പേര് നേടിയെടുക്കാന്‍ എത്രമാത്രം കഷ്ടപ്പെട്ടു?
ഒരു മികച്ച നടനാകാന്‍ കഷ്ടതകളൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. എന്നാല്‍ ഒത്തിരി ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. സബര്‍ദസ്ത്, മന്‍സില്‍ മന്‍സില്‍ എന്നീ ചിത്രങ്ങളില്‍ എന്റെ അങ്കിള്‍ നസീര്‍ സാബിന്റെ കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി നാലുവര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതിനുമുന്‍പ് രണ്ടുവര്‍ഷത്തോളം മറ്റു പല ചിത്രങ്ങളിലും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ അഭിനയജീവിതത്തില്‍ ആദ്യത്തെ ഹിറ്റ് സമ്മാനിച്ച ഖ്വയാമത് സേ ഖ്വയാമത് തക് എന്ന ചിത്രത്തിനു മുന്‍പ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആക്ടര്‍ എന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ സ്വായത്തമാക്കാന്‍ ഞാന്‍ രണ്ട് ചിത്രങ്ങളില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. അച്ഛന്റെയും അങ്കിളിന്റെയും അനുവാദമില്ലാതെ പുണെയില്‍ പോയി ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് കേതന് മെഹ്ത എന്റെ ഒരു സിനിമ കണ്ട് ഇഷ്ടപ്പെട്ട് ഹോളി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു വേഷം നല്‍കുന്നത്. ചെറുതാണെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അത്. ഒരു അലമാരയ്ക്കുള്ളില്‍ ഇരിക്കുന്ന ഒരു കഥാപാത്രം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സിനിമ റിലീസ് ചെയ്തില്ല. പക്ഷേ, ദൂരദര്ശന് ചാനലില്‍ സിനിമ പ്രക്ഷേപണം ചെയ്തു. അതുകണ്ട് ഇഷ്ടപ്പെട്ട നസീര്ജിയും മന്‍സൂറും എന്നെ ഖ്വയാമത് സേ ഖ്വയാമത് തക് എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് ഞാന്‍ ഒരു നായകനാകുന്നത്.
താങ്കളിലെ അഭിനേതാവിനെ എങ്ങനെയാണ് ഒരുക്കുന്നത്?
സിനിമയെക്കുറിച്ച് പഠിക്കുമ്പോഴേ എന്നെങ്കിലുമൊരിക്കല്‍ നടനാകുമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. സഞ്ജീവ് കുമാര്‍, സണ്ണി ഡിയോള്‍, അംരീഷ് പുരി, ജയപ്രദ, പ്രേം ചോപ്ര, രതി അഗ്നിഹോത്രി, കുല്ഭൂഷണ് ഖര്ബാനന്ദ തുടങ്ങിയവരുടെ വേറിട്ട അഭിനയരീതികള്‍ ഞാന്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. അവരുടെ മികച്ചതും മോശപ്പെട്ടതുമായ എല്ലാ അഭിനയ രീതികളില്‍നിന്നും ഞാന്‍ പഠിച്ചു.
അഭിനയത്തില്‍ താങ്കള്‍ക്ക് താത്പര്യമില്ലായിരുന്നു എന്നത് സത്യമാണോ?
ഒരു വ്യക്തിയുടെ ജീവിതം വിജയിക്കണമെങ്കില്‍ കഴിവും ഭാഗ്യവും ഒരുപോലെ വേണം. നമ്മള് ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ഭാഗ്യം നമ്മുടെ കൂടെ നില്ക്കും. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബസു ഭട്ടാചാര്യയുടെ മകനായ ആദിത്യ ഭട്ടാചാര്യ എന്റെ അടുത്ത സുഹൃത്തായിരുന്നു. അവന് സിനിമാസംവിധായകനാകണമെന്നായിരുന്നു ആഗ്രഹം. എനിക്ക് അഭിനയത്തില്‍ വലിയ താത്പര്യമൊന്നുമില്ലായിരുന്നു. എന്നാല്‍ അവന്റെ നിര്‍ബന്ധപ്രകാരം ഞാന്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള അവന്റെ ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു. അതിനുശേഷം എനിക്ക് സിനിമയോട് പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി. പരനോയ്യ എന്ന ഒരു നിശ്ശബ്ദ ചിത്രമായിരുന്നു അത്. പിന്നീട് ആദിത്യയുടെ ആദ്യ സിനിമാസംരംഭമായ രഖ് എന്ന ചിത്രത്തില്‍ എനിക്ക് അവസരം തന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്. സുപ്രിയ പഥക് ആണ് എന്നോടൊപ്പം നായികയായി അഭിനയിച്ചത്. രഖ് ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും ആ സിനിമയില്‍നിന്നും ഞാന്‍ നിരവധി കാര്യങ്ങള്‍ പഠിച്ചു. ഒരു നടനാകണം എന്ന ഉറച്ച തീരുമാനം ഞാന്‍ എടുക്കുന്നത് രഖില്‍ അഭിനയിച്ചതിനുശേഷമാണ്.
താങ്കള്‍ അഭിനയിച്ചവയില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളേതെല്ലാം?
എന്റെ അഭിനയത്തിന്റെയും എനിക്ക് ലഭിച്ച വേഷത്തിന്റെയും അടിസ്ഥാനത്തില്‍ ഖ്വയാമത് സേ ഖ്വയാമത് തക്, ദില്‍, ദില്‍ ഹേ മാന്താ നഹീം, ജോ ജീത്താ വോ ഹീ സിക്കന്ദര്‍, രഖ്, ദീവാനാ മുച്സാ നഹീം എന്നീ ആറു ചിത്രങ്ങളാണ് എന്റെ പ്രിയപ്പെട്ട ചിത്രങ്ങള്‍.
ഏറ്റവും പ്രിയപ്പെട്ട നടന്മാര്?
യൂസഫ് സാബും അമിത്ജിയും ഓം പുരിയും നസ്റുദ്ദീന്‍ ഷായുമാണ് എന്റെ പ്രിയപ്പെട്ട നടന്മാര്. അതുപോലെ എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് രഘുബീര്‍ യാദവ്. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും കേട്ടവര്‍ ചുരുക്കമാണെങ്കിലും അദ്ദേഹത്തിന്റെ അഭിനയം എന്നെ അദ്ഭുതപ്പെടുത്തി. മികച്ച അഭിനേതാവും അതിലുപരി നര്‍ത്തകനുമായ ഗോവിന്ദ എന്റെ ഫേവറിറ്റ് ആണ്. നടിമാരില്‍ ജൂഹി ചൗള, മാധുരി ദീക്ഷിത്, പൂജാഭട്ട്, ശ്രീദേവി എന്നിവരെയാണ് എനിക്കേറെയിഷ്ടം.
മാതാപിതാക്കളെക്കുറിച്ച്?
എനിക്ക് ഈ ലോകത്ത് ഏറ്റവുമിഷ്ടം എന്റെ അമ്മയോടാണ്. അമ്മയുമായാണ് എനിക്ക് കൂടുതല്‍ അടുപ്പം. നിറയെ സ്നേഹം തന്ന് എന്നെ വളര്‍ത്തിയ അവരോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഞങ്ങളുടെത് ഒരു യാഥാസ്ഥിതിക കുടുംബമാണ്. നിര്‍മാതാവായി എന്റെ അച്ഛന് കഴിഞ്ഞ 25 വര്‍ഷങ്ങളോളം സിനിമയില്‍ സജീവമാണ്. എന്നിട്ടുപോലും ഞങ്ങള്‍ സാധാരണ ജീവിതമാണ് നയിച്ചത്. മാതാപിതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെയും ത്യാഗങ്ങളുടെയുമെല്ലാം മഹത്വം ഞാന്‍ ഒരു പിതാവായപ്പോഴാണ് അറിയുന്നത്. അത് മാതാപിതാക്കളോടുള്ള എന്റെ അടുപ്പത്തിന്റെ ആഴം കൂട്ടി.
ഖ്വയാമത് സേ ഖ്വയാമത് തക് റിലീസാകുന്നതിനു മുന്‍പ് അഭിനയ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത നേട്ടമെന്താണ്?
ഖ്വയാമത് സേ ഖ്വയാമത് തകിലൂടെ 1988-ലാണ് ഞാന്‍ സിനിമയില്‍ നായകനായി അരങ്ങേറുന്നത്. എപ്പോഴും സിനിമയില്‍നിന്നും പഠിക്കാന്‍ ശ്രമിക്കാറുണ്ട്. പുതിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അഭിനയം മെച്ചപ്പെടുത്താന്‍ ഞാന്‍ ഓരോ സെക്കന്‍ഡും ശ്രമിച്ചുകൊണ്ടിരിക്കും. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ നേടിയെടുത്ത ഏറ്റവും വലിയ അംഗീകാരമാണത്.
(മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റൈലില്‍ പ്രസിദ്ധീകരിച്ചത്)