ഹാസ്യപരിപാടികളിലൂടെയും സിനിമയിലെ തമാശ രംഗങ്ങളിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ച് കൈയിലെടുക്കുന്ന നടനാണ് വിനോദ് കോവൂര്‍. സ്‌ക്രീനില്‍ നമ്മെ ചിരിപ്പിക്കുന്ന വിനോദ് ഇടയ്ക്കിടെ നമ്മെ കരയിപ്പിക്കാറുമുണ്ടിപ്പോള്‍. ചില ഹ്രസ്വ ചിത്രങ്ങളിലൂടെ..ജീവിതത്തില്‍ തന്റെയടുക്കല്‍ വരുന്ന മാതാപിതാക്കള്‍ പറയുന്ന വ്യത്യസ്തങ്ങളായ വേദനിപ്പിക്കുന്ന അനുഭവകഥകള്‍ കേട്ട് അവയില്‍ പലരും പറഞ്ഞ ഒരു പ്രധാന വിഷയം പ്രമേയമാക്കി ഒരു കുഞ്ഞു ചിത്രം സംവിധാനം ചെയ്തു. അതാണ് ആകസ്മികം. അച്ഛന്‍ മകളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്' എന്ന ടാഗ്‌ലൈനോടെയാണ് ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വൈറലാവുകുന്ന സന്തോഷം പങ്കു വെച്ച് വിനോദ് കോവൂര്‍ മാതൃഭൂമി ഡോട്ട് കോമിനോട്..

ഏറെ ചിരിപ്പിച്ചിട്ടുള്ള വിനോദ് കോവൂര്‍ ഇത്തരമൊരു സാമൂഹ്യ പ്രാധാന്യമുള്ള വിഷയം സിനിമയാക്കുന്നു. അതും ആദ്യമായി...എങ്ങനെ ഇത് സംഭവിച്ചു?

ആളുകളെ ചിരിപ്പിക്കാന്‍ ആണ് പ്രയാസം. കരയിപ്പിക്കാന്‍ എളുപ്പമല്ലേ? ഹാസ്യം ഇഷ്ടമാണ്. സീരിയസ് റോളുകള്‍ ചെയ്യാനാണ് എനിക്കേറെയിഷ്ടം. അഭിനയത്തിലെത്തും മുമ്പെ നാട്ടില്‍ പഞ്ചായത്ത് തലത്തിലെല്ലാം സഹകരിച്ച് കൗണ്‍സിലിങ് നടത്തിയിരുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി എടുത്ത അത്തരം രണ്ട് മൂന്ന് ക്ലാസുകളില്‍ നിന്നുണ്ടായ അനുഭവമാണ് ഈ കുഞ്ഞു ചിത്രത്തിനാധാരം. പ്രണയത്തിലകപ്പെട്ട പെണ്‍കുട്ടികളോട് സംസാരിക്കണമെന്ന് അവരുടെ മാതാപിതാക്കള്‍ നിര്‍ദേശിക്കുമ്പോള്‍ അവരോട് സംസാരിക്കും. അവര്‍ വളരെ ബോള്‍ഡ് ആയിരിക്കും. ഇതില്‍ എന്റെ മകളായി വരുന്ന കഥാപാത്രം എന്നോട് പറയുന്ന അതേ ഡയലോഗാണ് അവരും പറയുക. ഒരാളുമായി പ്രണയത്തിലാണ്. വിവാഹം നടത്തി തന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കും. ഇതു കേള്‍ക്കുമ്പോള്‍ ആ അച്ഛന്റെയും അമ്മയുടെയും മനസില്‍ ഉണ്ടാകുന്ന  നീറ്റല്‍. അതു മനസില്‍ തട്ടിയാണ് ഇത്തരമൊരു സിനിമ ചെയ്യണമെന്ന തോന്നലുണ്ടാകുന്നത്. ഇരുപതു വയസു വരെ വളര്‍ത്തിക്കൊണ്ടു വന്ന മാതാപിതാക്കളെക്കാള്‍ ഇന്നലെ കണ്ടു പരിചയപ്പെട്ട വ്യക്തിക്ക് ഈ പെണ്‍കുട്ടികള്‍ നല്‍കുന്ന പ്രാധാന്യം... കഥകള്‍ വിശദീകരിക്കുന്ന മാതാപിതാക്കളുടെ അവസ്ഥ.. ഇതെല്ലാം നേരിട്ടു കണ്ടിട്ടുള്ള ആളെന്ന നിലയ്ക്കാണ് സിനിമ സംവിധാനം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. 

അഭിനേതാക്കള്‍..?

അഭിനയിച്ചവരെല്ലാം സുഹൃത്തുക്കളാണ്. കോഴിക്കോട് പാളയം മാര്‍ക്കറ്റിലും പരിസരത്തുമായി ഒറ്റ ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്.

ക്ലൈമാക്‌സ് എന്തേ ഇങ്ങനെയാക്കിയെന്ന് പലരും ചോദിച്ചിരുന്നില്ലേ?

സന്തോഷകരമായി പര്യവസാനിച്ചാല്‍ ഈ സിനിമ ആരുടെയും മനസില്‍ കിടക്കില്ല. കണ്ട് മറന്നു പോകും. ഇതിപ്പോള്‍ ഒരു നീറ്റലായി അവിടെ കിടക്കും. ആഴത്തിലുള്ള മുറിവുണ്ടാക്കുന്നുണ്ട്. അതിനു വേണ്ടി തന്നെയാണ് ഇങ്ങനെയാക്കിയത്. സഹസംവിധായകന്‍ കബീറും ഞാനും കൂടിയെടുത്ത തീരുമാനമാണത്. ചിത്രം കണ്ട് നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചില ഹ്രസ്വ ചിത്രമേളകളില്‍ ഈ ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് ലഭിച്ചു. സന്തോഷം മാത്രം.

അതേ കാരണത്താല്‍ എന്ന ദേശീയ പുരസ്‌കാരം നേടിത്തന്ന ഹ്രസ്വ ചിത്രവും ഒരു സീരിയസ് സബ്ജക്ട് ആണ് കൈകാര്യം ചെയ്തത്...

'അതേ കാരണത്താല്‍' കണ്ട് മമ്മൂക്കയാണ് വര്‍ഷത്തിലേക്ക് എന്നെ സജസ്ട് ചെയ്തത്. ആകസ്മികം ഞാന്‍ ആദ്യം കാണിച്ചത് മമ്മൂക്കയെയാണ്. ഈ ചിത്രം വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള പെണ്‍കുട്ടികള്‍ മാത്രം കണ്ടാല്‍ പോര, സ്‌കൂളുകളിലും പ്രദര്‍ശിപ്പിച്ച് കൂടുതല്‍ പേരിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഗോപിനാഥ് മുതുകാടും ഇതേ അഭിപ്രായം പറഞ്ഞു. 

ഷോര്‍ട്ട് ഫിലിമുകളിലാണിപ്പോള്‍..

സുരഭി ലക്ഷ്മിയുമായി അധികം വൈകാതെ ഒരു ഹ്രസ്വ ചിത്രം ചെയ്യുന്നുണ്ട്. എയ്ഡ്‌സ് രോഗിയുടെ കഥയാണ്‌. ഹിന്ദു മുസ്ലിം സൗഹൃദത്തെ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി അധികം വൈകാതെ ചെയ്യുന്നുണ്ട്. ഒക്കെ ഒന്ന് സെറ്റാക്കി വലിയ സിനിമകളും ചെയ്യണമെന്നുണ്ട്.

Content Highlights : Aakasmikam new malayalam shortfilm directed by Vinod Kovoor