ണ്ണം പറഞ്ഞ സ്പോർട്സ് ചിത്രങ്ങളുടെ ഇടയിലേക്കാണ് വടംവലിയുടെ ചൂടും ആവേശവും നിറച്ച് നവാ​ഗതനായ ബിപിൻ പോൾ സാമുവൽ ഒരുക്കുന്ന 'ആഹാ' എന്ന ചിത്രവുമെത്തുന്നത്. വടംവലി, അധികം പാടിപ്പുകഴ്ത്തപ്പെട്ടിട്ടില്ലാത്ത ആർഭാടം കുറഞ്ഞ, എന്നാൽ ആവേശം ഒട്ടും കുറവില്ലാത്ത കായിക വിനോദം. 'ആഹാ' വടംവലിക്കും വടംവലി കളിക്കാർക്കുമുള്ള സമർപ്പണമാണെന്ന് പറയുകയാണ് ബിപിൻ പോൾ. ഇന്ദ്രജിത്ത് സുകുമാരൻ, മനോജ്.കെ.ജയൻ, അമിത് ചക്കാലക്കൽ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രം നവംബർ 19ന് പ്രദർശനത്തിനെത്തുന്ന വേളയിൽ സംവിധായകൻ മാതൃഭൂമി ഡോട് കോമിനോട് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ആഹാ ഒരു പ്രസ്താവന

ആഹാ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രസ്താവനയാണ്. കാരണം ഇങ്ങനെയൊരു വടംവലി ലോകം കേരളത്തിലുണ്ട് എന്ന് എല്ലാവരും അറിയേണ്ടത് നമ്മുടെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ്. രണ്ട് ലക്ഷത്തോളം കളിക്കാർ, അവരുടെ കുടുംബം, അവരുടെ ആരാധകർ എന്നിവർ അടങ്ങുന്ന വലിയൊരു വടംവലി ലോകം ഈ കേരളത്തിലുണ്ട്. പക്ഷേ ഇവരെക്കുറിച്ചോ ഈ കായികവിനോദത്തെക്കുറിച്ചോ പലർക്കും ധാരണയില്ല എന്നതാണ് സത്യം. വേണ്ടത്ര അം​ഗീകാരങ്ങളോ പരി​ഗണനയോ ഈ കളിക്കോ, കളിക്കാർക്കോ ലഭിക്കുന്നില്ല. രാത്രിയിലാണ് വടംവലി നടത്താറുള്ളത്.  ഇത് സാധാരണക്കാരായ തൊഴിലാളികളുടെ കായികവിനോദമാണ്. അവരെ സംബന്ധിച്ച് ഇത് ജീവിതത്തിന്റെ തന്നെ ഭാ​ഗമാണ്. ആഘോഷിക്കാനുള്ള വേളയാണ്. വടംവലിക്കുള്ള സമർപ്പണം തന്നെയാണ് ആഹാ. ഒപ്പം നല്ലൊരു കുടുംബകഥയും ചിത്രം പറയുന്നുണ്ട്. 

വടംവലിയുടെ ആവേശം ഉൾക്കൊണ്ടിട്ടാണ് നമ്മൾ ആഹാ ഒരുക്കിയിരിക്കുന്നത്. ഒരുപാട് വടംവലി കളിക്കാർ ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്. വടംവലിക്കാരെ സംബന്ധിച്ച് ആഘോഷിക്കാനുള്ള ചിത്രമാണ് ആഹായെന്ന് നൂറ് ശതമാനം ഉറപ്പെനിക്ക് നൽകാനാവും. ആ ആത്മവിശ്വാസം എനിക്കുണ്ട്. സിനിമയുടെ ഫൈനൽ‌ കണ്ട് ഒരുപാട് സന്തുഷ്ടനാണ്. ഈ കായികവിനോദത്തെ ഇഷ്ടപ്പെടുന്നവർക്ക് ആഘോഷമാക്കാനും കുടുംബ പ്രേക്ഷകർക്ക് ആസ്വദിച്ച് കണ്ട് മനസ് നിറച്ച് തീയേറ്ററിൽ നിന്ന് ഇറങ്ങി പോരാൻ സാധിക്കുന്ന ചിത്രമായിരിക്കും ആഹാ. 

എഡിറ്റിങ്ങിൽ നിന്ന് സംവിധാനത്തിലേക്ക്

എന്റെ ആദ്യ ചിത്രമാണ് ആഹാ. 101 ചോദ്യങ്ങൾ എന്ന സിദ്ധാർഥ് ശിവയുടെ ചിത്രത്തിലൂടെ എഡിറ്ററായാണ് സിനിമയിൽ തുടക്കം. അതിന് ശേഷം ചെറിയ ചെറിയ സിനിമകളൊക്കെ ചെയ്തു. അന്നും സംവിധാനം മനസിലുണ്ടായിരുന്നു. ഷോർട് ഫിലിമുകളും പരസ്യ ചിത്രങ്ങളുമൊക്കെ സംവിധാനം ചെയ്തിരുന്നു. നല്ലൊരു തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെയാണ് ആഹായുടെ കഥയുമായി ടോബിത് ചിറയത്തിനെ കണ്ടുമുട്ടുന്നത്. ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലാത്ത വടംവലിയുടെ ലോകത്തെക്കുറിച്ചുള്ള നല്ലൊരു സ്പോർട്സ് ഡ്രാമ. ഒരു യുണീക് ആയുള്ള തീം ആണെന്ന് തോന്നിയതോടെ പ്രോജക്ടുമായി മുന്നോട്ട് പോവുകയായിരുന്നു. തുടക്കം മുതൽ ഈ നിമിഷം വരെ നിർമാതാവായ പ്രേം അബ്രഹാം തന്ന പിന്തുണയാണ് ആ​ഹായെ ഞങ്ങൾക്ക് തീയേറ്ററുകളിൽ തന്നെയെത്തിക്കാൻ സാധ്യമാക്കിയത്. 

​ഗംഭീര അഭിനേതാക്കൾ അണിനിരക്കുന്ന ആഹാ

​ഗംഭീര അഭിനേതാക്കൾ തന്നെ വേണം ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എന്ന് എനിക്ക് നിർബന്ധമുള്ള കാര്യമായിരുന്നു. നല്ല നടന്മാരായിരിക്കണം. ഈ കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മികച്ച അഭിനേതാക്കളാണ് ആഹായിൽ അണിനിരക്കുന്നത്. ഇന്ദ്രജിത്ത്, മനോജ്.കെ.ജയൻ, അമിത്എ ചക്കാലക്കൽ, അശ്വിൻ കുമാർ, ശാന്തി ബാലചന്ദ്രൻ, സിദ്ധാർഥ് ശിവ തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രധാന വേഷത്തിൽ ഇന്ദ്രേട്ടൻ തന്നെയായിരുന്നു ആദ്യം മുതലേ മനസിലുണ്ടായിരുന്നത്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന കഥാപാത്രമാണ് മനോജേട്ടന്റേതും. സിനിമയുടെ ഭാ​ഗമായി ആറ് മാസത്തോളം നീണ്ട വർക്ക്ഷോപ്പുകൾ ഉണ്ടായിരുന്നു. ഇന്ദ്രേട്ടനും അമിത് ചക്കാലക്കലും അടക്കമുള്ളവർ ഒരു മാസത്തോളം വടംവലിയുടെ ട്രെയ്നിങ്ങ് എടുത്തിട്ടുണ്ട്. 

സയനോരയുടെ സം​ഗീതം

സയനോര സം​ഗീത സംവിധായികയാവുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. സ്പോർട്സ് മൂവി ആയതുകൊണ്ട് തന്നെ ഇതിന് ദേശീയ ശ്രദ്ധ നേടണമെങ്കിൽ പാട്ടുകളായാലും പശ്ചാത്തലസം​ഗീതമായാലും കുറച്ച് കുറച്ച് വ്യത്യാസമുള്ളത് ചെയ്യണം എന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അന്നേരം എനിക്കാദ്യം മനസിൽ വന്നത് സായയെ ആണ്. സായ ചെയ്ത ചിത്രങ്ങളിലെല്ലാം സം​ഗീതത്തിന് ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ ചെയ്ത പാട്ടുകൾ തന്നെ ഉദാഹരണം. നാല് ജോണറിലുള്ള, നാല് ​ഗംഭീര ​ഗാനങ്ങൾ ആഹായ്ക്കായി സായ ഒരുക്കിയിട്ടുണ്ട്. സൂരജ്.എസ്.കുറുപ്പും ചിത്രത്തിനായി ഒരു പാട്ട് ചെയ്തിട്ടുണ്ട്.

തീയേറ്റർ പ്രതീക്ഷകളും ആശങ്കകളും

പുറത്തിറങ്ങിയ ചിത്രങ്ങൾ‌ക്ക് മികച്ച പ്രേക്ഷക പ്രതികരണവും സഹകരണവും ലഭിക്കുന്നത് വലിയ പ്രതീക്ഷയാണ്. മരക്കാർ പോലുള്ള വലിയ സിനിമകളൊക്കെ തീയേറ്ററിൽ വരാനിരിക്കുന്നുണ്ട്. അതും പ്രതീക്ഷനൽകുന്നു. സിനിമാ മേഖല തിരിച്ചുവരണമെങ്കിൽ തീയേറ്ററുകൾ സജീവമായേ തീരൂ. തീയേറ്ററുകളെ പിന്തുണയ്ക്കുന്ന നിലപാട് സർക്കാരും കൈക്കൊള്ളണം. കേരളത്തിൽ മാത്രമേ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുള്ളൂ. ഇനിവരുന്ന ദിവസങ്ങളിൽ നല്ലൊരു മാറ്റം തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷ. 

Content Highlights : Aaha Movie based on Vadamvali Director Bipin Paul Samuel Interview Indrajith Manoj K Jayan