ർഷ ഭാരത സംസ്കാരം എന്നതിന്റെ ചുരുക്കെഴുത്താണ് ആഭാസം എന്ന സിനിമ. കേരളത്തിലെ സെൻസർ ബോർഡിൽനിന്നും  മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽനിന്നും പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ചിത്രം  ഫിലിം ട്രിബ്യൂണലിന്റെ യു.എ. സർട്ടിഫിക്കറ്റുമായാണ് വിഷുക്കാലത്ത് തിയേറ്ററുകളിലേക്ക് എത്തുന്നത്.

നഗ്നതയോ വയലൻസോ അശ്ലീല സംഭാഷണമോ ഇല്ലാത്ത ചിത്രം എന്തിന്റ പേരിലാണ് സെൻസർ ബോർഡ് വിലക്കിയതെന്നതിന്റെ  ഉത്തരം തിയേറ്ററിൽനിന്നുതന്നെ ഇനി കണ്ടറിയാം.

ആക്ഷേപഹാസ്യത്തിലാണ് കഥപറഞ്ഞുപോകുന്നതെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന രംഗങ്ങളൊന്നുംതന്നെ ചിത്രത്തിലില്ലായെന്നും സംവിധായകൻ ജുബിത്ത് നമ്രാഡത്ത് പറയുന്നു. ചിത്രീകരണസമയത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ചും സെൻസറിങ് സമയത്തെ പൊല്ലാപ്പുകളെക്കുറിച്ചും സംവിധായകൻ സംസാരിക്കുന്നു.

ആദ്യസിനിമയുടെ പേര് ആഭാസം, എന്താണ് ഇങ്ങനെയൊരു തീരുമാനം?

ആർഷ ഭാരത സംസ്കാരം എന്ന വാക്കിനെ ചുരുക്കിയാണ് ആഭാസം എന്നാക്കി മാറ്റിയത്. അല്ലാതെ അതൊരു മോശം വാക്കായി ഉപയോഗിച്ചതല്ല. 2010-ൽ ഡെമോക്രസി ടു ഈച്ച് ഹിസ് ഓൺ എന്നൊരു ഹ്രസ്വചിത്രം ഞാൻ സംവിധാനം ചെയ്തിരുന്നു. കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോൾ അതിലൊരു സിനിമയ്ക്ക് സ്ഥാനമുണ്ടെന്ന് തോന്നുകയായിരുന്നു. സാധാരണ മലയാള സിനിമകളിൽ കണ്ടുവരുന്നതുപോലെ   ചിത്രത്തിൽ ഒരു നായകനോ നായികയോ ഇല്ല. നിരവധി കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സമകാലിക പ്രശ്നങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ഒരു ആക്ഷേപ ഹാസ്യ ചിത്രമാണിത്. ഡെമോക്രസി എന്ന ട്രാവൽസുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. ട്രാവൽസിൽ ഗാന്ധി, ജിന്ന, മാർക്സ്, അംബേദ്കർ, ഗോഡ്‌സെ എന്നീ ബസുകളാണ് സർവീസ് നടത്തുന്നത്. അതിൽ ഗാന്ധി ബസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ബാക്കിയുള്ള ബസുകൾ സഹ അഭിനേതാക്കളാണ്. ഗാന്ധി ബസിലെ ഒരു യാത്രയിൽ ഒരു രാത്രിയുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. 

പ്രദർശനാനുമതി നിഷേധിക്കപ്പെടാൻ സെൻസർ ബോർഡ്  ചൂണ്ടിക്കാണിച്ച കാരണങ്ങൾ എന്തെല്ലാമായിരുന്നു?

കേരള സെൻസർ ബോർഡിന് മുൻപാകെ ചിത്രം സമർപ്പിച്ചപ്പോൾ ചിത്രത്തിന് പ്രദർശനാനുമതി നൽകില്ലെന്നാണ് ആദ്യം പറഞ്ഞത്.
ചിത്രത്തിലെ പല സംഭാഷണങ്ങളും ഒഴിവാക്കിയാൽ അനുമതി നൽകാമെന്നായിരുന്നു സെൻസർ ബോർഡിന്റെ തീരുമാനം. ആക്ഷേപഹാസ്യമെന്നതിനപ്പുറം ആരുടെയും വികാരവിചാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ സിനിമയിലില്ല എന്ന വ്യക്തമായ ബോധ്യമുള്ളതിനാൽ സെൻസറിങ് കമ്മിറ്റിക്കുമുൻപിൽ കീഴടങ്ങാതെ നിയമയുദ്ധത്തിനുതന്നെ ഒരുങ്ങി.
കേരള സെൻസർ ബോർഡിനെക്കാൾ വലിയ താക്കീതാണ്  മുംബൈയിലെ റിവ്യൂ കമ്മിറ്റി നൽകിയത്. മൂന്നിടങ്ങളിൽ ശബ്ദമൊഴിവാക്കാനാണ് കേരളത്തിൽനിന്ന് പറഞ്ഞതെങ്കിൽ ഇരുപതിടങ്ങളിൽ ശബ്ദമൊഴിവാക്കിയാലേ എ സർട്ടിഫിക്കറ്റ് നൽകൂ എന്നതായിരുന്നു മുംബൈ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. നിയമപോരാട്ടത്തിനൊടുവിൽ   ഡൽഹി ട്രിബ്യൂണലിൽ (F.C.A.T) നിന്ന്‌ ലഭിച്ച യു.എ. സർട്ടിഫിക്കറ്റുമായാണ് ചിത്രം  തിയേറ്ററുകളിലേക്കെത്തുന്നത്. 

ചിത്രീകരണ സമയത്തുണ്ടായ പ്രധാന വെല്ലുവിളികൾ?

ആഭാസത്തിന്റെ ചിത്രീകരണം വിവാദങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. ബെംഗളൂരുവിൽ ഷൂട്ടിങ്ങിനിടെ ജിന്നയുടെ തല പതിച്ച ബസിന്റെ ചിത്രം പകർത്തി അവിടത്തെ എ.ബി.വി.പി. പ്രവർത്തകർ അത് വൈറലാക്കിയിരുന്നു. അതോടൊപ്പം തെറ്റായ വാർത്തകളും നൽകി. ഷൂട്ടിങ്ങിന്റെ അവസാന ദിവസമാണത് സംഭവിച്ചത്. ആദ്യ ദിവസങ്ങളിൽ മറ്റോ ആയിരുന്നെങ്കിൽ ഷൂട്ടിങ് പൂർണമായും മുടങ്ങിപ്പോയേനേ. പിന്നീട് സെൻസർ ബോർഡിൽനിന്നും തിരിച്ചടി നേരിട്ടു. ഒരു നവാഗത സംവിധായകനെന്ന നിലയിൽ വലിയ വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സിനിമയിൽ അത്ര പരിചയമില്ലായിരുന്നു. ഒരു ഹിന്ദിചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ചത് മാത്രമായിരുന്നു ആകെയുള്ള മുൻപരിചയം. എന്നാൽ ചിത്രത്തിലെ മറ്റ് പ്രവർത്തകർ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു. 

ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ?

ഒരാളെയും കുത്തിനോവിക്കുന്ന തരത്തിലുള്ള  രംഗങ്ങളും ഡയലോഗുകളും ആഭാസത്തിലില്ല. ഒരിക്കൽ കണ്ടും കേട്ടും മറന്ന കാര്യങ്ങളെ ചിത്രം വീണ്ടും ഓർമിപ്പിക്കും എന്നുമാത്രം. വിവാദമാകാൻ പോന്ന ഒന്നും സിനിമയിലില്ലെന്നാണ് വിശ്വാസം. വലിയചിത്രങ്ങൾക്കൊപ്പം മത്സരത്തിനിറങ്ങുമ്പോൾ ആശങ്കയുണ്ട്. സൂപ്പർതാരസിനിമകൾ ഇറങ്ങാത്ത ഒരു ദിവസംവരെ ആഭാസത്തിന്റെ റിലീസ് നീട്ടുന്നതിൽ അർഥമില്ല.  വിഷുവിന് വലിയ ചിത്രങ്ങളുമായി മത്സരിക്കേണ്ടിവരുമെന്നറിയാം. പക്ഷേ, വ്യത്യസ്തമായ പ്രമേയമാണ് ഞങ്ങളുടെ ചിത്രത്തിന്റെ പ്രത്യേകത. അവധിക്കാലമായതുകൊണ്ട് പ്രേക്ഷകർ ചിത്രം കാണുമെന്ന പ്രതീക്ഷയുണ്ട്.