മലയാളത്തിന്റെ രണ്ട് നെടുന്തൂണുകൾ ഒന്നിച്ച് അഭിനയിച്ചതു മാത്രമായിരുന്നില്ല ഫാസിലിന്റെ ഹരികൃഷ്ണൻസിന്റെ പ്രത്യേകത. ബോളിവുഡിൽ നിന്ന് ജൂഹി ചൗള വന്ന് മുഖം കാണിച്ചതുമായിരുന്നില്ല. ഇരട്ട ക്ലൈമാക്സ് എന്നൊരു പരീക്ഷണം കൂടി നടത്തി ഫാസിൽ മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രത്തിൽ. തിയ്യറ്ററിൽ തകർത്തോടിയ ചിത്രം ഈ പരീക്ഷണത്തിന്റെ പേരിൽ മാത്രം അതിലും വലിയ ഒച്ചപ്പാടാണ് പുറത്തുണ്ടാക്കിയത്. ഇരുപത് വർഷമായി മലയാളത്തിന് എണ്ണം പറഞ്ഞൊരു ഹിറ്റും മികച്ച കുറേ ഗാനങ്ങളും ഫാസിലിന് അതിലും വലിയ വിമർശനങ്ങളും സമ്മാനിച്ച ഹരികൃഷ്ണൻസ് വെള്ളിത്തിരയിൽ നിറഞ്ഞാടിയിട്ട്. അന്ന് ചിത്രത്തിൽ ഫാസിലിന്റെ സഹായിയായിരുന്നു ബാബു ഷാഹിർ. നടൻ സൗബിന്റെ അച്ഛൻ. ഇരുപത് കൊല്ലം കഴിഞ്ഞിട്ടും ബാബു ഷാഹിറിന്റെ ഓർമകളിൽ എവർഗ്രീൻ ഹിറ്റാണ് ചിത്രം. ആ ഓർമകളാണ് ബാബു ഷാഹിർ മാതൃഭൂമി ഡോട്ട് കോമുമായി പങ്കിടുന്നത്.

ഡബിള്‍ ക്ലൈമാക്‌സ്-മലയാള സിനിമയിലെ വേറിട്ടൊരു പരീക്ഷണം

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ടു സൂപ്പര്‍താരങ്ങള്‍. രണ്ടുപേര്‍ക്കും ഒരേ പോലെ പ്രാധാന്യം നല്‍കണം. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കുറഞ്ഞുപോയാല്‍ ആരാധകര്‍ നിരാശപ്പെടും. അത് ഫാസില്‍ സാര്‍ നന്നായി കൈകാര്യം ചെയ്തു. ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്സ് ഉണ്ടായിരുന്നു. കേരളത്തിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇതു രണ്ടും കാണിച്ചു. ചിലയിടങ്ങളില്‍ ഹരിക്ക് നറുക്ക് വീഴും മറ്റു ചിലയിടങ്ങളില്‍ കൃഷ്ണനും. രണ്ടു കൂട്ടരുടെയും ആരാധകരെ തൃപ്തിപ്പെടുത്താനായിരുന്നു. മലയാളത്തില്‍ അങ്ങനെയൊരു പരീക്ഷണം. എന്റെ അറിവില്‍ അതിനു മുന്‍പും ശേഷവും മലയാള സിനിമയില്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.

വില്ലനായെത്തിയ മഴ

ഊട്ടിയില്‍ കുറച്ച് ചിത്രീകരിച്ചപ്പോഴേക്കും കടുത്ത മഴ വന്നു അങ്ങനെ ഷൂട്ടിങ് മുടങ്ങി. പക്ഷേ ഫാസില്‍ സാര്‍ ഷൂട്ടിങ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. കാരണം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഡേറ്റ് കുറവായിരുന്നു. അന്ന് രാത്രി തന്നെ ഉദയ സ്റ്റുഡിയോസിലേക്ക് വന്ന് ഫെറ്റ് സീന്‍ ഷൂട്ട് ചെയ്തു. അതിനുശേഷം തിരുവനന്തപുരത്ത് വച്ച്  കോടതി സീന്‍ ചെയ്തു. അതിനുശേഷം ഹരികൃഷ്ണന്‍സിന്റെ വീടൊക്കെ ഷൂട്ട് ചെയ്തത് ഫാസില്‍ സാറിന്റെ വീട്ടിലായിരുന്നു. കൊടൈക്കനാലായിരുന്നു ബാക്കിയുളള ഭാഗം ചിത്രീകരിച്ചത്.

BABU SHAHIR
ബാബു ഷാഹിര്‍, മമ്മൂട്ടി മോഹന്‍ലാല്‍ ഫാസില്‍ എന്നിവര്‍ക്കൊപ്പം

ഷാരൂഖ് ആയിരുന്നു ആ കാമുകന്‍

മലയാള സിനിമയ്ക്ക് പരിചയമില്ലാത്ത ഒരു നായികയെ അവതരിപ്പിക്കണമായിരുന്നു. ഒരു പുതിയ മുഖം. അങ്ങനെയാണ് ബോളിവുഡിലെ ജൂഹി ചൗളയെ നായികയാക്കുന്നത്. കഥ കേട്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. അങ്ങനെ അഭിനയിക്കാമെന്ന് സമ്മതിച്ചു. ഹിന്ദി സിനിമയില്‍ ആ കാലത്ത് സൂപ്പര്‍താരമായിരുന്നു അവര്‍. മറ്റു തിരക്കുകളെല്ലാം മാറ്റിവച്ച് അവര്‍ ഹരികൃഷ്ണന്‍സിന്റെ സെറ്റിലെത്തി.

HARIKRISHNANS

ചിത്രത്തില്‍ മൂന്നാമതൊരാളായി ഷാരൂഖ് ഖാനെ കാണ്ടുവരണമെന്ന് വിചാരിച്ചിരുന്നു. മീരയുടെ കാമുകനായി. ഹരികൃഷ്ണന്‍സിന്റെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിക്കുമ്പോള്‍ ഷാരൂഖ് അവിടെ ഉണ്ടായിരുന്നു. ഏതോ ഹിന്ദി സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഊട്ടിയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ഒരു ഹോട്ടലുണ്ട്. ഷാരൂഖ് ഖാന്‍ അവിടെയാണ് താമസിച്ചിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അതെ. അവിടെ വച്ച് അവരെല്ലാവരും കണ്ടുമുട്ടി. ജൂഹി ചൗളയുടെ അടുത്ത സുഹൃത്താണ് ഷാരൂഖ്. ഫോട്ടോ ഷൂട്ടൊക്കെ അറേഞ്ച് ചെയ്തിരുന്നു. അപ്പോള്‍ തോന്നിയ ആശയമാണ് ഷാരൂഖിനെ കാമുകനായി  അവതരിപ്പിക്കുക എന്നത്. പിന്നീട് എന്തുകൊണ്ടോ അത് വേണ്ടെന്ന് വച്ചു.

ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമോ?

HARIKRISHNANS

ചിത്രത്തിന്റെ ഷൂട്ടിങ് കൊടൈക്കനാലില്‍ വച്ചു നടക്കുമ്പോള്‍ ഒരു സംഭവമുണ്ടായി. ടൗണില്‍ നിന്ന്  70 കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഫാമിലായിരുന്നു ഷൂട്ടിങ്. അന്നത്തെ കാലത്ത് കാര്യമായി മൊബൈല്‍ ഫോണൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവിടെ റെയ്ഞ്ച് ഇല്ല. ഫുഡ് സര്‍വീസിനുള്ള വണ്ടി അവിടെ എത്തിപ്പെടാന്‍ അടുത്ത ടൗണില്‍ നിന്ന് കുറഞ്ഞത് ഒരു അഞ്ച് മണിക്കൂറെങ്കിലും എടുക്കും. ഒരിക്കല്‍ ഉച്ചയായിട്ടും വണ്ടി വരുന്നില്ല. എല്ലാവരും വിശന്ന് പൊരിഞ്ഞ് ഇരിക്കുകയാണ്. ആ വണ്ടി വരുന്ന വഴിയില്‍ പഞ്ചറായി. അവസാനം ഫോറസ്റ്റ് അധികൃതരുടെ സഹായത്തോടെയാണ് ഫുഡ് എത്തിച്ചത് അപ്പോഴേക്കും വൈകുന്നേരം അഞ്ചു മണിയായി. ഇന്നത്തെ കാലത്ത് അങ്ങനെയൊന്നും സംഭവിക്കാന്‍ സാധ്യതയില്ല.

HARIKRISHNANS

ഫാസില്‍ സാര്‍ തിരിച്ചു വരും

HARIKRISHNANS

ഫാസില്‍ സാറിന്റെ സിനിമകളുടെ അഭാവം മലയാള സിനിമയിലുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം മികച്ചവയായിരുന്നു. മണിച്ചിത്രത്താഴ് പോലൊരു സിനിമ ഇനിയുണ്ടാകുമോ? അവരൊക്കെ മാറിനില്‍ക്കുമ്പോള്‍ വിഷമമുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണല്ലോ. ഫാസില്‍ സാര്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

Content Highlights: 25 years of harikrishnans mammootty mohanlal shahrukh khan juhi Chawla innocent Kunchacko Boban