യൗവനത്തിന്റെ തുടിപ്പുള്ള 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്', പ്രണയവര്‍ണങ്ങളുമായെത്തിയ 'തട്ടത്തിന്‍മറയത്ത്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീത് ശ്രീനിവാസന്‍ എത്തുന്നത് ഒരു ത്രില്ലറുമായാണ്, 'തിര'. മൂന്നു ഭാഗങ്ങളുള്ള ചിത്രപരമ്പരയിലെ ആദ്യ ചിത്രമാണിത്.
വലിയൊരു ഇടവേളയ്ക്കു ശേഷം ശോഭന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് തുടക്കം കുറിക്കുന്നു. 'തട്ടത്തിന്‍ മറയത്തി'ലൂടെ ശ്രദ്ധേയനായ ദീപക്ക്, 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ലൂടെ സിനിമയിലെത്തിയ ഹരി എന്നിവരാണ് മറ്റു താരങ്ങള്‍. ഇന്ത്യന്‍ തിയേറ്റര്‍ രംഗത്തെ പ്രമുഖരായ ചിലരും 'തിര'യുടെ ഭാഗമാകുന്നു. ചിത്രത്തെക്കുറിച്ച് വിനീത് സംസാരിക്കുന്നു:

തട്ടത്തിന്‍ മറയത്ത് സംവിധാനം ചെയ്യുന്നതിനു മുമ്പ് ഒരു ത്രില്ലര്‍ ചെയ്യണമെന്ന് ഞാനും എന്റെ കസിന്‍ ബ്രദര്‍ രാകേഷ് മണ്ടോടിയും ചേര്‍ന്ന് ആലോചിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം രാകേഷേട്ടന്‍ ചെന്നൈയിലെ ബസവണ്ണ നഗറിലുള്ള അണ്ണാ സെന്റിനറി ലൈബ്രറിയില്‍ ചെന്ന് നിരവധി കാര്യങ്ങള്‍ റിസര്‍ച്ച് ചെയ്തു. അതില്‍ യഥാര്‍ത്ഥ സംഭവങ്ങളും പലരുടേയും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. റിസര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ കുറേ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി രാകേഷേട്ടന്‍ ഒരു വണ്‍ ലൈന്‍ ഉണ്ടാക്കി. കഴിഞ്ഞ ഫിബ്രവരി മുതല്‍ ഞങ്ങള്‍ ചര്‍ച്ചകളിലൂടെ 'തിര'യിലേക്കെത്തുകയായിരുന്നു.ശോഭനയെ കേന്ദ്രകഥാപാത്രമാക്കാനുള്ള ആലോചനയ്ക്കു പിന്നില്‍?


ഞങ്ങള്‍ ഉണ്ടാക്കിയെടുത്ത കഥ, ഫീമെയില്‍ ഓറിയന്റഡ് ത്രില്ലര്‍ എന്ന രീതിയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നിയപ്പോഴാണ് ശോഭന ചേച്ചിയെ സമീപിച്ചത്. ചേച്ചിയോട് കഥ പറഞ്ഞപ്പോള്‍ ഡോ.രോഹിണി പ്രണബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അവര്‍ സസന്തോഷം തയ്യാറായി. ശോഭന ചേച്ചിയല്ലാതെ മറ്റൊരാള്‍ ആ കഥാപാത്രത്തിന് അനുയോജ്യമാകുമെന്ന് തോന്നുന്നില്ല.


സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്?


അച്ഛന്റെ സുഹൃത്തുക്കളായ നിര്‍മ്മാതാക്കളും അഭിനേതാക്കളുമെല്ലാം ധ്യാനിനെ അഭിനയിപ്പിച്ചു കൂടെയെന്ന് എന്നോട് ചോദിക്കാറുണ്ടായിരുന്നു. അപ്പോഴൊന്നും അവന്‍ അഭിനയിക്കുമോയെന്നറിയില്ലായിരുന്നു. ഒരു ദിവസം അവന്റെ ലാപ്‌ടോപ്പില്‍ അവന്‍ അഭിനയിച്ച് സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം കണ്ടു. അങ്ങനെയാണ് 'തിര'യിലെ ഒരു പ്രധാന കഥാപാത്രമായ നവീനെ അവതരിപ്പിക്കാന്‍ ഞാനും രാകേഷേട്ടനും കൂടി ധ്യാനിനെ തീരുമാനിക്കുന്നത്. അവന്‍ നന്നായി അഭിനയിച്ചിട്ടുണ്ട്.


'തിര' പറയുന്നത്?


തന്റെ ജീവിതത്തില്‍ അവിചാരിതമായി നടക്കുന്ന ഒരു കാര്യത്തിന്റെ കാരണം അന്വേഷിച്ചിറങ്ങുകയാണ് ഡോ.രോഹിണി പ്രണബ്. അപ്പോള്‍ അന്വേഷണ വഴിയില്‍ അവരറിയാതെ നവീന്‍ എന്ന ചെറുപ്പക്കാരന്‍ സഹായവുമായെത്തുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് 'തിര' പൂര്‍ണമാകുന്നത്.'തിര' ട്രിലജി രീതിയില്‍ വരുന്ന സിനിമയായത് എങ്ങനെയാണ്?


'തിര' എഴുതാന്‍ വേണ്ടി സ്വീകരിച്ച റഫറന്‍സുകള്‍ ചേര്‍ത്ത് വെച്ച് ആദ്യം തയ്യാറാക്കിയ തിരക്കഥയില്‍ മൂന്നു സിനിമയില്‍ പറയാവുന്ന വിഷയമുണ്ടായിരുന്നു. പിന്നീട് അതില്‍ നിന്ന് ഒരു പ്രത്യേക കാര്യം ഫോക്കസ് ചെയ്ത് ഒരു കഥ പറഞ്ഞു. അതിന്റെ ബാക്കി ഭാഗങ്ങളാണ് മറ്റു രണ്ടു സിനിമകളില്‍ വരുന്നത്.


തിര ഒരുക്കുന്നവര്‍ബാനര്‍: റീല്‍സ് മാജിക്, നിര്‍മ്മാണം: മനോജ് മേനോന്‍, കഥ, തിരക്കഥ: രാകേഷ് മണ്ടോടി, സംവിധാനം: വിനീത് ശ്രീനിവാസന്‍, ഛായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍, എഡിറ്റിങ്: രഞ്ജന്‍ അബ്രഹാം, കലാസംവിധാനം: അജയന്‍ മങ്ങാട്, വസ്ത്രാലങ്കാരം: സമീറാസനീഷ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, സംഗീതം: ഷാന്‍ റഹ്മാന്‍, ഗാനരചന: അനു എലിസബത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് ഷൊര്‍ണ്ണൂര്‍, വിതരണം: എല്‍.ജെ.ഫിലിംസ്.