തമിഴ് സിനിമാ ലോകത്തെ വിവാദ പ്രണയ ജോടികളായ വരലക്ഷ്മിയും വിശാലും വേര്‍പിരിഞ്ഞെന്ന് സൂചന. വരലക്ഷ്മി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 

വേര്‍പിരിയലുകള്‍ പല തലത്തില്‍ എത്തിയിരിക്കുന്നു. ഒരാള്‍ ഏഴ് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് മാനേജര്‍ മുഖേനയാണ്. ലോകം എവിടെയാണ് ഇന്ന് നില്‍ക്കുന്നത്. സ്‌നേഹം എവിടെയാണ്'- വരലക്ഷ്മി ചോദിക്കുന്നു. 

ഒരു തട്ടുപൊളിപ്പന്‍ തമിഴ് സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു വരലക്ഷ്മി-വിശാല്‍ പ്രണയം. 

നടികര്‍ സംഘത്തിലെ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറും വിശാലും എതിര്‍ ചേരികളിലായിരുന്നു. ഇരുവരും തമ്മില്‍ കടുത്ത വാക് തര്‍ക്കങ്ങളുമുണ്ടായിരുന്നു. 

വരലക്ഷ്മിയുടെ രണ്ടാനമ്മ രാധിക വിശാലിന്റെ ജാതി പരാമര്‍ശിച്ച് പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. ഈ സമയത്തെല്ലാം വിശാലിന് വരലക്ഷ്മി പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. 

കുറച്ച് കാലങ്ങളായി വിശാലും വരലക്ഷ്മിയും തമ്മില്‍ അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം കഴിക്കുന്നതിന് വിശാല്‍ തിടുക്കം കാട്ടിയത് വരലക്ഷ്മിയെ ചൊടിപ്പിച്ചുവെന്നും വാര്‍ത്തകളുണ്ട്.