മേക്കോവറും അതിനുവേണ്ടിയുള്ള ശസ്ത്രക്രിയയുമൊന്നും പുതുമയുള്ളതല്ല താരങ്ങള്‍ക്ക്. മേക്കോവറിനുവേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാണ് ചിലര്‍. എന്നാല്‍, ചിലപ്പോഴെങ്കിലും ചില മേക്കോവര്‍ ശ്രമങ്ങള്‍ പാഴാവാറുണ്ട്. ആളു തന്നെ മാറിപ്പോയ കഥയുമുണ്ട്.

ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന സംസാരവിഷയം ഇങ്ങനെയൊരു മേക്കോവറാണ്.  അല്ലെങ്കില്‍ മേക്കോവര്‍ പിഴവാണ്. രണ്ടാം വരവ് നടത്തിയ പഴയകാല താരറാണി ശ്രീദേവിക്ക് മേക്കോവര്‍ ശ്രമത്തില്‍ ചെറുതായൊന്ന് പിഴച്ചോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

ശ്രീദേവിയുടെ ചുണ്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇതുവരെ നമ്മള്‍ കണ്ട ചുണ്ടല്ല ഇപ്പോള്‍ ശ്രീദേവിയുടേതെന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും പറയുന്നു. കടന്നല്‍ക്കുത്തേറ്റ പോലെയും അലര്‍ജി വന്നതുപോലെയുമെല്ലാം തടിച്ച് കൂര്‍ത്തിരിക്കുന്ന ചുണ്ടിനെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്.

മുംബൈയില്‍ അനുരാഗ് ബസുവിന്റെ സാരസ്വത പൂജയ്‌ക്കും കമൽഹാസനൊപ്പമുള്ള ഒരു അവാർഡ്ദാനചടങ്ങിലും   പരിപാടിക്കുമെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോയിലാണ് ശ്രീദേവിയുടെ ചുണ്ടിന്റെ കഥ ചര്‍ച്ചയായത്. ശ്രീദേവി ചുണ്ടിന് ശസ്ത്രക്രിയ നടത്തിയതാണെന്നാണ് വലിയൊരു വിഭാഗം ആരാധകരും സമര്‍ഥിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും ഇത് ഇഷ്ടപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ശസ്ത്രക്രിയയില്‍ വന്ന പിഴവാണ് ഇതിന് കാരണമെന്നും എല്ലാവരും ഒരേ സ്വരത്തില്‍ സമര്‍ഥിക്കുന്നു.

ഇതാദ്യമായല്ല ശ്രീദേവി ഇത്തരം മേക്കോവറുകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും പഴി കേള്‍ക്കേണ്ടിവരുന്നതും മറുപടി പറയേണ്ടിവരുന്നതും. കരിയറിന്റെ തുടക്കത്തില്‍ തന്നെ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്നത് പരസ്യമായ രഹസ്യമാണ്. പഴയകാല ചിത്രങ്ങള്‍ തന്നെ സ്വയം സംസാരിക്കുന്നുണ്ട്. പിന്നീട് ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ രണ്ടാം വരവ് നടത്തിയപ്പോഴും ശസ്ത്രക്രിയാ ആരോപണം ശ്രീദേവിയെ പിന്തുടര്‍ന്നു. ശ്രീദേവി മുഖത്ത് ശസ്ത്രക്രിയ നടത്തിയെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍, ശ്രീദേവി തന്നെ പരസ്യമായി അന്നത് ഇത് നിഷേധിച്ചു. ചിട്ടയോടെയുള്ള ഒരു ജീവിതം നയിക്കുന്ന ആളാണ് ഞാന്‍. യോഗ ചെയ്യുന്നുണ്ട്. ടെന്നിസും കളിക്കുന്നുണ്ട്. പഥ്യമുണ്ട്. ഇതൊക്കെയാണ് എന്റെ മാറ്റത്തിന് കാരണം-ഒരു അഭിമുഖത്തില്‍ ശ്രീദേവി പറഞ്ഞു.

Content Highlights: Sridevi Lips MakeOver, Bollywood Actress, Make over failures