ഒരു ഇടവേളയ്ക്കുശേഷം ഐ.പി.എല്‍ ഒത്തുകളി വിവാദം വീണ്ടും ചൂടുപിടിക്കുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനെ ചോദ്യം ചെയ്തതിലൂടെ പുറത്തുവന്ന വിവരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വാതുവെപ്പ് വിവാദം ഇപ്പോഴും സജീവമാണെന്ന സൂചന നല്‍കുന്നത്.

വാതുവെപ്പ് വഴി പണം വാരുകയല്ല, നഷ്ടപ്പെടുകയാണ് ചെയ്തതെന്നാണ് അര്‍ബാസ് കഴിഞ്ഞ ദിവസം പുണെ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. എന്നാല്‍, പണം മാത്രമല്ല, മലൈകയുമായുള്ള അര്‍ബാസിന്റെ ദാമ്പത്യം തകരാനും ഈ വാതുവെപ്പാണ് കാരണമായത്.

അര്‍ബാസിനെ വാതുവെപ്പില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മലൈക പരമാവധി ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്നാല്‍, മലൈകയുടെ വാക്കുകള്‍ക്കൊന്നും അര്‍ബാസ് ചെവി കൊടുത്തിരുന്നില്ല. വൈകാതെ ദാമ്പത്യം തകരുകയും ചെയ്തു.

മലൈക മാത്രമല്ല, സഹോദരന്മാരായ സല്‍മാനും സുഹൈലും അച്ഛന്‍ സലീം ഖാനും അര്‍ബാസിനെ വാതുവെപ്പില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പരമാവധി പരിശ്രമിച്ചിരുന്നുവെന്നാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് അര്‍ബാസും മലൈകയും വേര്‍പിരിയുന്നത്. എന്നാല്‍, തമ്മില്‍ പിരിയാനുള്ള കാരണം ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല. ഏതെങ്കിലും ഒരു വ്യക്തി കാരണമല്ല തങ്ങള്‍ പിരിയുന്നതെന്നാണ് മലൈക അന്ന് പറഞ്ഞത്. തമ്മില്‍ പിരിയുന്നതിന് പിന്നില്‍ സാമ്പത്തിക കാരണങ്ങളുമില്ലെന്നാണ് മലൈക അന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.

Content Highlights: Arbaaz Khan Malaika Arora IPL betting Bollywood Salman Khan