ബോളിവുഡ് നടി അഥിയ ഷെട്ടിയെ ദേവതയെന്ന് വിളിച്ച് പ്രശംസിച്ച് കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക് രംഗത്ത്. അഥിയയുടെ ഇരുപത്തിയാറാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായെടുത്ത ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡ്രേക്ക് ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

എന്റെ ഷെട്ടി, ദേവതേ എന്നൊക്കെയാണ് ഡ്രേക്ക് അഥിയയെ അഭിസംബോധന ചെയ്തിരിക്കുന്നത്. അഥിയ ഷെട്ടി പ്രധാന വേഷത്തിലെത്തിയ മുബാറകന്‍ മൂന്നു പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടെന്നും ഡ്രേക്ക് പറയുന്നു. ഡ്രേക്കിന്റെ പോസ്റ്റിനു താഴെ മുബാറകന്‍ കാണാന്‍ ഹിന്ദി അറിയുമോ എന്നും മറ്റും ചോദിച്ച്‌ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. 

അനീസ് ബസ്മിയുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ മുബാറകന്‍ എന്ന ചിത്രത്തില്‍ അനില്‍ കുമാര്‍, അര്‍ജുന്‍ കപൂര്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. 

ഇതാദ്യമായല്ല, അഥിയയുടെ പോസ്റ്റുകളെ പിന്‍തുടര്‍ന്ന് ഡ്രേക്ക് എത്തുന്നത്. മുമ്പൊരിക്കല്‍ പിതാവ് സുനില്‍ ഷെട്ടിക്കൊപ്പം അഥിയ നില്‍ക്കുന്ന ഫോട്ടോയിലും ഡ്രേക്ക് നടിയെ അങ്ങേയറ്റം പ്രശംസിച്ചു കൊണ്ടുള്ള കമന്റുമായെത്തിയിരുന്നു. ലണ്ടനിലെ ഒരു നിശാക്ലബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതെന്നും അതിനു ശേഷമാണ് ഡ്രേക്ക് അഥിയയെ പിന്‍തുടരാനാരംഭിച്ചതെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം മോട്ടിച്ചൂര്‍ ചക്‌നാചൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ താരം.

drake