ടി അമലാ പോളും സംവിധായകന്‍ എ.എല്‍ വിജയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തകള്‍ ഏറെക്കാലമായി സിനിമാ ലോകത്ത് ചര്‍ച്ചാവിഷയമാണ്. വാര്‍ത്തകൾ ശരിവച്ച് വിജയിന്റെ പിതാവ് അളഗപ്പന്‍ ഒരു തമിഴ് ചാനലിനോട് സംസാരിച്ചത് വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവങ്ങള്‍ക്ക് വിശദീകരണവുമായി വിജയ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നു. പത്രക്കുറിപ്പിലൂടെയാണ് വിജയുടെ മറുപടി 

താനും അമലയും പിരിയുന്നു.  വിവാഹമോചന വാര്‍ത്തകള്‍ സത്യമാണെന്നും സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹജീവിതത്തിന്റെ അടിത്തറയെന്നും അത് തകര്‍ന്നാല്‍ എല്ലാം തകരുമെന്നും വിജയ് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിശദീകരണം ഇങ്ങനെ...

"അമലയും ഞാനും പിരിയുന്നതിനെക്കുറിച്ചു ധാരാളം കഥകള്‍ പ്രചരിക്കുന്നുണ്ട്. ഈ കഥകളിലെല്ലാം ഒറ്റ വാസ്തവം മാത്രമേയുള്ളു. അത് ഞങ്ങള്‍ പിരിയുന്നുവെന്നത് മാത്രമാണ്. സിനിമയ്ക്കും പുറത്തുമുള്ള എന്റെ പല സുഹൃത്തുക്കളും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എന്നോട് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്റ് സ്വകാര്യത നഷ്ടപ്പെടുന്നത് ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്യാതിരുന്നത്. ഈ അവസ്ഥയിലാണ് എന്റെ അച്ഛന്‍ ഒരു തമിഴ് ചാനലിനോട് പ്രതികരിക്കുന്നത്. എന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കണ്ടിട്ടുള്ള അസ്വസ്ഥകള്‍ മൂലമാണ് അദ്ദേഹം അന്നങ്ങിനെ പ്രതികരിച്ചത്. നിർഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങളെല്ലാം വളച്ചൊടിക്കപ്പെട്ടു.

ഇതുവരെ ഒന്‍പതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം ആത്മാഭിമാനം ഉള്ളവരാണ്. സ്ത്രീകളോടുള്ള എനിക്കുള്ള ബഹുമാനത്തിന്റെ പ്രതിഫലനമാണ് എന്റെ സിനിമകള്‍. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ഇഷ്ടങ്ങള്‍ക്കും ഒരുപാട് മൂല്യം നല്‍കുന്ന വ്യക്തിയാണ് ഞാന്‍. 

വിവാഹശേഷവും അമല അഭിനയം തുടരണമെന്ന് പറഞ്ഞപ്പോള്‍ അവരുടെ ആഗ്രഹത്തെ ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പിന്തുണയ്ക്കുകയാണ് ചെയ്തത്. സിനിമയില്‍ അഭിനയിക്കാന്‍ ഞാനോ എന്റെ  കുടുംബമോ ഒരിക്കലും തടസമായി നിന്നിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. വിശ്വാസ്യതയും സത്യസന്ധതയുമാണ് വിവാഹത്തിന്റെ അടിത്തറയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ വിശ്വാസം എപ്പോള്‍ ഇല്ലാതാകുന്നുവോ അപ്പോള്‍ മുതല്‍ വിവാഹജീവിതം അര്‍ത്ഥശൂന്യമാകും. കുടുംബജീവിതത്തിനും വിവാഹത്തിനും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് ഞാന്‍. അമലയുമായുള്ള ബന്ധം ഇത്തരത്തില്‍ ആയിത്തീരുമെന്ന്  ഞാൻ സ്വപ്നത്തില്‍ പോലും ചാരിച്ചില്ല. എന്നാല്‍ ഇന്നെനിക്ക് വേറെ നിവൃത്തിയില്ല. ഒരു പാട് ദു:ഖമുണ്ട്. യഥാര്‍ത്ഥ കാരണം അറിയാതെ ചില ഭാഗത്തുനിന്നും ഉണ്ടാകുന്ന കുറ്റപ്പെടുത്തലുകള്‍ എന്റെ വ്യക്തി ജീവിതത്തെയും സിനിമാ ജീവിതത്തെയും ബാധിക്കുന്ന തരത്തിലെത്തിയപ്പോഴാണ് പ്രതികരിക്കുന്നത്. എന്റെ പ്രശ്‌നങ്ങളില്‍ എന്നോടൊപ്പം നിന്ന എല്ലാര്‍ക്കും നന്ദി പറയുന്നു."