എഴുപത്തിയൊന്ന് ജൂണിലാണ്. ഞാന്‍ ആറാംതരത്തില്‍ പഠിക്കുന്നു. റേഡിയോവില്‍ പ്രഭാതവാര്‍ത്ത കേട്ട് അച്ഛന്‍ തളര്‍ന്നിരുന്നു. ഞങ്ങളെയൊക്കെ വിളിച്ചുപറഞ്ഞു. സത്യന്‍ മരിച്ചു.
എന്റെ മനസ്സ് ഇരുണ്ടുകനത്തു. തലേന്നു കണ്ട 'കുട്ട്യേടത്തി'യിലെ കഥാപാത്രം മുന്നില്‍ നില്‍ക്കുന്നതുപോലെ... ചെറുതിലെ എന്റെ ഇഷ്ടതാരം പ്രേംനസീറായിരുന്നു. അന്ധമായ ആരാധനയായിരുന്നു. വഴിവാണിഭക്കാരനില്‍നിന്ന് നസീറിന്റെ ഒരു കലണ്ടര്‍ ചിത്രം നറുക്കെടുപ്പിലൂടെ കിട്ടിയ ദിവസം ഞാനുറങ്ങിയിരുന്നില്ല. കട്ടിലിനുമീതെ ചുമരില്‍നിന്ന് നസീര്‍ എന്നോട് ചിരിച്ചു. യേശുദാസിന്റെ ശബ്ദത്തില്‍ പാടി:
'നിറകുടം തുളുമ്പീ... നിന്റെ തിരുമുഖം തിളങ്ങീ
നിലാവേ... നിലാവേ... നീയൊരു ഗോപസ്ത്രീ...'

സത്യന് മരിച്ചതില്‍പ്പിന്നെയാണ് ആ നടന്റെ വലിപ്പം എനിക്ക് ബോധ്യപ്പെട്ടു തുടങ്ങിയത്. നസീറിന്റെ സി.ഐ.ഡി. സിനിമകള്‍ കണ്ട് കൈയടിച്ചപ്പോഴും എന്റെ ഉള്ളില്‍ സത്യന്‍ വിങ്ങുന്ന വേദനയായി. മരണശേഷം പുറത്തുവന്ന 'അനുഭവങ്ങള്‍ പാളിച്ചകള്‍' ആണ് എന്നെ കരയിച്ച ആദ്യത്തെ സിനിമ. അതൊരു നല്ല സിനിമയായി ഇന്നും തോന്നുന്നുണ്ട്. മകന്റെ കുഴിമാടത്തിനരികില്‍ വന്നുനിന്ന് പഠിച്ചു മിടുക്കനാകണം എന്ന് മകനെ അനുഗ്രഹിക്കുന്ന സത്യന്‍ എന്നെ പൊട്ടിക്കരയിച്ചു. തകഴിയുടെ കഥാപാത്രത്തിന് ആ നടന്‍ നല്‍കിയ വ്യാഖ്യാനം ഗംഭീരമാണ്. 'അനുഭവങ്ങള്‍ പാളിച്ചകളോ'ടൊപ്പം സത്യന്റെ അന്ത്യയാത്രയും പ്രദര്‍ശിപ്പിച്ചിരുന്നു. മുപ്പതുപൈസ ടിക്കറ്റില്‍ ശങ്കര്‍ ടാക്കീസിലെ ബെഞ്ചില്‍ ഞാന്‍ കരഞ്ഞുതളര്‍ന്ന് ഇരുന്നു. സിനിമയിലെ അവസാനരംഗങ്ങള്‍ മുഴുമിപ്പിക്കുന്നതിനു മുന്‍പാണ് സത്യന്‍ മരിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെല്ലപ്പന്റെ അന്ത്യസമയങ്ങള്‍ വയലാര്‍ പാട്ടില്‍ രംഗഭാഷ നല്‍കി.
'അഗ്‌നിപര്‍വതം പുകഞ്ഞു
ഭൂചക്രവാളങ്ങള്‍ ചുവന്നു
മൃത്യുവിന്റെ ഗുഹയില്‍ പുതിയൊരു
രക്തപുഷ്പം വിടര്‍ന്നു...'
വളരെ പെട്ടെന്നുതന്നെ നസീര്‍ എന്റെ മനസ്സില്‍നിന്നും ഇറങ്ങിപ്പോയി. നല്ല തമാശയായിത്തോന്നി പിന്നീട് ആ അഭിനയം. പാട്ടുസീനിലെ നസീര്‍ പലപ്പോഴും ചിരിപ്പിച്ചു. രണ്ട് പൊട്ടന്മാരാണ് നസീറിന്റെ അഭിനയ ജീവിതത്തിന്റെ ആകെയുള്ള കാതല്‍. 'ഇരുട്ടിന്റെ ആത്മാവി'ലും 'അടിമകളി'ലുമുള്ള പൊട്ടന്മാര്‍ നസീറിന്റെ മിക്കവാറും പ്രകടനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സത്യനും നസീറും ഒന്നിച്ച ഒരു ചിത്രമായിരുന്നു 'കരിനിഴല്‍.' സത്യന്റെ അസാധാരണമായ നടനസാന്നിദ്ധ്യംകൊണ്ട് മാത്രം ചൈതന്യം കിട്ടിയ ഒരു സിനിമ. അതിലാണ് നിറകുടം തുളുമ്പിയത്. ഓടയില്‍നിന്ന്, കരകാണാക്കടല്‍, വാഴ്‌വേമായം, അടിമകള്‍, ത്രിവേണി... നടന്റെ ജ്വലനമുണ്ടായ ചിത്രങ്ങള്‍ പറഞ്ഞാല്‍ തീരുന്നില്ല. അത്ഭുതംപോലെ എന്റെ മനസ്സില്‍ ഇന്നും വളര്‍ന്നുനില്‍ക്കുന്ന നടന്‍ സത്യനാണ്. മരിച്ചിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞുപോയിട്ടും അത് മാഞ്ഞുപോകുന്നില്ല. കാല്‍നൂറ്റാണ്ടായി നമ്മുടെ സിനിമയില്‍ നിറഞ്ഞുനിന്ന ഒരു നടനും പിന്നീട് അങ്ങനെയൊരു പ്രതിഫലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സത്യന്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ ചില ആത്മഗാനങ്ങളും കൂടെ വരുന്നു.
'തുളസീ... തുളസീ... വിളികേള്‍ക്കൂ...
ഇണക്കുയിലേ... ഇണക്കുയിലേ...
ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ...'
ബാബുരാജിന്റെ ഈണത്തില്‍ പി.ബി. ശ്രീനിവാസ് 'കാട്ടുതുളസി'യില്‍ പാടിയ പാട്ടാണ്. അത് ബാബുരാജ് തന്നെ പാടിയത് കഴിഞ്ഞ ദിവസം വീണ്ടും കേട്ടു. ബാബുരാജ് പാടുമ്പോള്‍ കാലവിസ്തൃതിയില്‍ ഒരു പുരാതന കിന്നരഗായകന്‍ ജീവിക്കുന്നതുപോലെ.
സത്യന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ പലതും സാഹിത്യകൃതികളിലേതാണ്. എഴുത്തുകാരുടെ പിന്‍ബലം ആ നടനു കിട്ടി. 'നക്ഷത്രങ്ങളേ കാവല്‍' വായിച്ച് പത്മരാജനെ വിളിച്ച് അത് സിനിമയാക്കി തനിക്ക് അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സത്യനെക്കുറിച്ച് കേട്ടിട്ടുണ്ട്. 'അരനാഴികനേര'ത്തിലെ കുഞ്ഞേനാച്ചനെ കൊട്ടാരക്കരയ്ക്ക് നല്‍കി ഒരു ചെറിയ വേഷത്തില്‍ ഒതുങ്ങിയ സത്യന്‍ എന്ന കലാകാരന്റെ വലിയ മനസ്സും അറിയാം. ഇന്നത്തെ ഏത് താരത്തിന് അങ്ങനെ സാധ്യമാകും? സാഹിത്യകൃതികളുടെ ചലച്ചിത്രഭാഷ്യങ്ങള്‍ സത്യന്റെ മരണാനന്തരവുമുണ്ടായി. അവയൊക്കെ ആ നടന്റെ ശൂന്യത ഓര്‍മ്മിപ്പിച്ചു. 'ഉമ്മാച്ചു'വും 'ദേവി'യും 'നാടന്‍പ്രേമ'വും 'പുള്ളിമാനും' 'ഏണിപ്പടികളും' 'കലിയുഗ'വുമെല്ലാം നായകസ്ഥാനത്ത് സത്യനെ സങ്കല്പിച്ച് മനസ്താപപ്പെട്ടു.
'സ്വര്‍ഗഗായികേ ഇതിലേ ഇതിലേ
സ്വപ്‌നലോലുപേ ഇതിലേ ഇതിലേ
ഹൃദയമണിയറയില്‍ നിന്നെന്‍ കല്പന
മധുരഭാഷിണിയായി മന്ത്രിക്കുന്നു.'
വിമര്‍ശകനായ കെ.പി. അപ്പനോട് മൂന്നു കാര്യത്തില്‍ എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. ഒന്നാമത് ടി. പത്മനാഭന്റെ കഥകളില്‍ ഇല്ലാത്ത രാഗധാരയും വെളിച്ചവും കണ്ടെത്തിയത്. രണ്ടാമത്തേത് കാരൂരിന്റെ കഥകളെ അംഗീകരിക്കാത്തത്. മൂന്നാമത്തേത് സത്യന് അഭിനയിക്കാനറിയില്ലെന്ന കാഴ്ചപ്പാട്. കാരൂരിന്റെ കഥകളും സത്യന്റെ അഭിനയവും കെ.പി. അപ്പനെ ആകര്‍ഷിക്കാതെ പോയതിലും പത്മനാഭന്‍ ഏറെ ആകര്‍ഷിക്കപ്പെടുന്നതിലുമുള്ള പൊരുള്‍ എനിക്ക് മനസ്സിലാകുന്നില്ല. അനുഭവവും ഭാവനയും സംയോജിപ്പിച്ചുകൊണ്ട് കഥാപാത്രത്തിന് സത്യന്‍ സ്വത്വം നല്‍കി. തികഞ്ഞ സത്യസന്ധത അഭിനയത്തില്‍ കാണിച്ചു.
(ആത്മഗാനം എന്ന പുസ്തകത്തില്‍ നിന്ന്)