'സമയതീരത്തില്‍ ബന്ധനമില്ലാതെ
മരണസാഗരം പൂകുന്ന നാള്‍ വരെ' എന്ന് ഒരു പാട്ടില്‍ എഴുതിയ ഭാസ്‌കരന്‍മാഷ് ആസ്വാദക മനസ്സിലേക്ക് ഗാനമായും കവിതയായും ആവോളം പെയ്തിറങ്ങിയാണ് മരണസാഗരത്തെ പൂകിയത്. പെയ്തു വീണ ആ തുള്ളികളാവട്ടെ ഇളനീരിന്റെ മധുരമുള്ളതും.
നാലഞ്ചു തുമ്പ കൊണ്ട് മാനത്ത് പൊന്നോണം തീര്‍ക്കുന്നത് കാട്ടിത്തന്ന മാഷ് എല്ലാരും ചൊല്ലണ ഇത്തരം നൂറു നൂറു പാട്ടുകളിലൂടെ ഇന്നും മറക്കാത്ത സാന്നിധ്യമാണ്. 'പരിചിതമേതോ ഗാനം പാടി അരികത്തായ് ഞാന്‍ നിന്നല്ലോ' എന്ന ഭാവത്തില്‍ അദ്ദേഹം ഇപ്പോഴുമുണ്ട് നമുക്കൊപ്പം.

സ്വപ്നങ്ങളൊക്കെയും പങ്കുവെച്ച്
സ്വപ്നങ്ങള്‍ എല്ലാ കാലത്തും കാല്പനിക കവികളുടെ ഇഷ്ടവിഷയമാണ്.
പുലര്‍കാല സുന്ദരസ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി എന്ന് സ്വപ്നത്തിന്റെ അനുഭൂതിയെ വളരെ ലളിതമായി വര്‍ണിച്ചിട്ടുണ്ട് പി ഭാസ്‌കരന്‍.
സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
ദുഖഭാരങ്ങളും പങ്കുവെയ്ക്കാം എന്നാണ് മാഷിന്റെ ഭാവനയില്‍ രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ മനസ്സു പങ്കുവെയ്ക്കുന്നത്. ഈ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ അവസാന കാലത്തെ പാട്ടുകളാണ്. പക്ഷെ ആദ്യകാലം തൊട്ടുള്ള ഗാനങ്ങള്‍ നോക്കിയാലും സ്വപ്നം ഒരു വല്ലാത്ത അനുഭൂതി വിശേഷമായി അദ്ദേഹം പകര്‍ത്തുന്നതു കാണാം.
പൊന്‍കിനാവിന്‍ പുഷ്പരഥത്തില്‍, എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍ എന്നിങ്ങനെ സ്വപ്നം (കിനാവ്) ഭാസ്‌കരന്റെ പാട്ടുകളില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. ചിലപ്പോഴൊക്കെ ആ സ്വപ്നത്തിന്റെ ചിറകിലേറെ സ്വയം മറന്നു പറക്കുന്നുമുണ്ട്.

സുന്ദരസ്വപ്നമേ നീയെനിക്കേകിയ
വര്‍ണച്ചിറകുകള്‍ വീശി... എന്നു തുടങ്ങുന്ന ഗാനത്തില്‍ ആ വര്‍ണച്ചിറുകളുമായി
താരുണ്യസങ്കല്‍പ്പ രാസവൃന്ദാവന താരാപഥങ്ങളിലൂടെ.... എന്നെ മറന്ന്, എല്ലാം മറന്ന് ചുറ്റിപ്പറന്നതിന്റെ ആവാച്യമായ അനുഭൂതി വരച്ചിടുന്നുണ്ട്.
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായ്
അവിടുത്തെ അരികില്‍ ഞാന്‍ ഇപ്പോള്‍ വന്നെങ്കില്‍ എന്നും ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു എന്നും എഴുതിയ ഭാസ്‌കരന്‍ മാഷ് നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍ സ്വപ്നത്തിന്‍ കളിയോടം കിട്ടിയതും ഹൃദ്യമായ അനുഭവമായി പങ്കുവെയ്ക്കുന്നു. സ്വപ്നമാലിനി തീരത്ത് കൊച്ചുകല്യാണമണ്ഡപവും തീര്‍ത്തു അദ്ദേഹം.

സ്വപ്നം സുഖകരമായ അനുഭൂതിയാണെങ്കില്‍ അത് നഷ്ടമാവുന്നത് ദുഃഖകരവുമാവണം. അതെ.
ഒരു ഗാനത്തില്‍ വ്രണിതമായ സ്ത്രീഹൃദയം ചോദിക്കുന്നത്
സ്വര്‍ണമുകിലേ.. സ്വര്‍ണമുകിലേ
സ്വപ്നം കാണാറുണ്ടോ..നീയും എന്നാണ്.
മറ്റൊരു വിഷാദഗാനത്തില്‍
പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്
കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ.... എന്നും ഗദ്ഗദസ്വരത്തിലും അദ്ദേഹത്തിന്റെ വരികളിലൂടെ പാടിക്കേള്‍ക്കുന്നു.

വേറിടാതെ പ്രകൃതിയും പ്രണയവും
പ്രണയം പ്രകൃതിയോട് വിട്ടുപിരിയാത്ത ഒന്നാണ് ഭാസ്‌കരന്. ആ പ്രണയമാവട്ടെ അതിന്റെ മുഴുവന്‍ ഋതുഭംഗികളോടും കൂടി പൂത്തുലഞ്ഞുനില്‍ക്കുന്നുമുണ്ട് ഗാനങ്ങളില്‍.
നാലഞ്ചുതാരകള്‍ യവനികക്കുള്ളില്‍ നിന്നും
നീലച്ച കണ്‍മുനകള്‍ എറിഞ്ഞപ്പോള്‍
കോമളവദനത്തിന്‍ കുങ്കുമക്കുറിയുമായ്
ഹേമന്ദ കൗമുദി ഇറങ്ങിവന്നു (വൃശ്ചികരാത്രി തന്‍...)
പ്രകൃതിയും പ്രണയവും ഋതുശോഭയോടെ ഒന്നാവുന്നു ഇവിടെ.
കാമുകിയുടെ ഭാവങ്ങളില്‍ വരുന്ന മാറ്റങ്ങളെ പ്രകൃതിദശ്യങ്ങളുമായി കോര്‍ത്ത് താളബദ്ധമായി ഭാസ്‌കരന്‍ എഴുതിയ ഗനങ്ങളേറെയാണ്.
തെളിഞ്ഞു പ്രേമയമുന വീണ്ടും
ഒഴിഞ്ഞു ബാഷ്പവര്‍ഷമേഘം
വിരിഞ്ഞു മന്ദഹാസമാം ചന്ദ്രലേഖ
നിന്‍ സുന്ദരാധരത്തില്‍.. എന്ന് പ്രേമയമുന തെളിയുമ്പോഴത്തെ കാമുകീഭാവത്തെ വരച്ചുകാട്ടുന്നു.
മല്ലികാബാണന്‍ തന്റെ വില്ലെടുത്തു എന്ന യുഗ്മഗാനത്തില്‍ പ്രകൃതിബദ്ധമായ പ്രേമത്തിന്റെ ഒരു ആഘോഷം തന്നെയാണ് ഭാസ്‌കരന്‍ ചമയ്ക്കുന്നത്.
അകലെയകലെയാ സൗന്ദര്യത്തിന്‍
അളകനന്ദയുടെ തീരത്ത്
കല്പനാലക്ഷങ്ങള്‍ പൂമാരി ചൊരിയും
രാഗാനുഭൂതി തന്‍ വസന്തോത്സവം
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം .. എന്നിങ്ങനെ ആ പ്രേമോത്സവം കൊണ്ടാടുന്നത്.
പുലയനാര്‍ മണിയമ്മ എന്ന പാട്ടിലും കാണാം പ്രേമാതുരമായ മനസ്സ് പ്രകൃതിയുമായി ചേരുന്നത്.
....അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
മലവേടച്ചെറുക്കന്റെ മനം തുടിച്ചു
അവളുടെ പാട്ടിന്റെ ലഹരിയില്‍ അവന്‍മുങ്ങി
ഇളംകാറ്റിലിളകുന്ന വല്ലി പോലെ... എന്നിങ്ങനെ പോകുന്നു അത്. വിസ്തരിച്ചാല്‍ ഏറെയുണ്ടാവും ഇനിയും.


കാവ്യകല്പനകള്‍
കാവ്യബിംബങ്ങള്‍ ഗാനങ്ങളില്‍ ഏറ്റവുമധികം പ്രയോഗിച്ചത് ഭാസ്‌കരനാണ്. അത്തരം വരികള്‍ ഗാനങ്ങളില്‍ കുറിയ്ക്കാന്‍ അസാമാന്യ പ്രതിഭയുടെയുള്ള കവികള്‍ക്കേ കഴിയൂ.
കുഞ്ഞുമേഘങ്ങളെ മുലകൊടുത്തുറക്കിയ
മഞ്ഞണിക്കുന്നുകള്‍ തോഴികളെ പോല്‍..(സ്വര്‍ഗ ഗായികേ ഇതിലേ ഇതിലേ) എന്ന ഒറ്റ പ്രയോഗം മാത്രം മതിയാവും അതിന്.
കാര്‍മേഘമാലകളുടെ സഞ്ചാരവും അത് മഴയായ് പെയ്യുന്നതും ഭാസ്‌കരന്‍ ഒരുപാട് ഗാനങ്ങളില്‍ ഹൃദ്യമായ കാവ്യബിംബങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്.
ഒരു കുടം തണ്ണീരുമൊക്കത്തുവെച്ചൊരാ
കരിമുകുല്‍ പെണ്‍കൊടിയെങ്ങുപോയി എന്ന് മഴമുകില്‍ പെണ്‍കൊടി എന്ന കവിതയില്‍ തന്നെ അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. തണ്ണീര്‍ക്കുടവുമായ പോകുന്ന ഈ പണ്‍കൊടിയുടെ മറ്റൊരു മുഖഭാവമാണ് ഉണരുണരൂ ഉണ്ണിപ്പൂവേ എന്ന ഗാനത്തില്‍
''പതിവുപോല്‍ പടിഞ്ഞാറേ
കടലീന്നു കുടവുമായി
പടവുകള്‍ കയറുന്ന മുകിലേ
പടവുകള്‍ കയറുന്ന മുകിലേ... എന്ന പ്രയോഗത്തിലും കാണുന്നത്.
ഹേമന്ദരാത്രിയില്‍ കാണുന്ന മേഘങ്ങളാവട്ടെ ഈറനുടുത്തും കൊണ്ടംബരം ചുറ്റുകയാണെന്നും ഭാസ്‌കരന്‍ മാഷിലെ കവിഭാവന കല്‍പ്പിക്കുന്നു.
നിലാവാകട്ടെ,
പതിവായി പൗര്‍ണമി തോറും
പടിവാതിലിനപ്പുറമെത്തി
കണിവെളളരി കാഴ്ചവെയ്ക്കുന്നുവെന്നും മാഷിന്റെ പാട്ടിലുണ്ട്.
മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍
അയ കെട്ടും മധുമാസന്ധ്യകളെ, ഉഷാകിരണങ്ങള്‍ പുല്‍കി പുല്‍കി തുഷാരബിന്ദുവിന്‍ വദനം ചുവന്നൂ. കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളീത്തേരില്‍, കണ്ണീരുമൊലിപ്പിച്ചു കൈവഴികല്‍ പിരിയുമ്പോള്‍ കരയുന്നോ പുഴ ചിരിക്കുന്നോ എന്നിങ്ങനെ പ്രകൃതിയെ മനുഷ്യഭാവങ്ങളോടും തിരിച്ച് മനുഷ്യാവസ്ഥകളെ പ്രകൃതിഭാവങ്ങളോടും താദാദ്ത്മ്യപ്പെടുത്തി അതിമനോഹരമായ ഭാവനകള്‍ ഭാസ്‌കരന്‍ രചിച്ചിട്ടുണ്ട്.
പാര്‍വണേന്ദുവിന്‍ ദേഹമടക്കീ
പാതിരാവിന്‍ കല്ലറയില്‍ എന്ന് വിരഹതീവ്രമായി കേഴുമ്പോള്‍ പ്രകൃത്യാവസ്ഥയും മനുഷ്യാവസ്ഥയും വിഷാദതീവ്രമായ വേളയില്‍ ഒന്നായി മാറുകയാണ്. ദുഖസാന്ദ്രമായ അവസ്ഥയില്‍ മാത്രമല്ല സുന്ദരമായ പുലര്‍കാലത്തെ കുറിച്ച്,
ആറാട്ടുകടവിങ്കല്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങിയെന്നാണ് ഭാസ്‌കരന്‍ വര്‍ണിച്ചത്. ചെപ്പുകുടം കടവത്തു വെച്ച് കുളിക്കാനിറങ്ങിയ പെണ്ണിനെയാണ് ഈ ഗാനത്തിന്റെ പല്ലവി കേള്‍ക്കുമ്പോള്‍ പെട്ടന്ന് മനസ്സിലോര്‍ക്കുക. പക്ഷെ പുലര്‍കാലത്തെയാണ് ഇവിടെ വര്‍ണിക്കുന്നത്. മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചുവെച്ചു നീരാടുന്ന സമാനമായ മറ്റൊരു ചിത്രവും നേരത്തെ ഭാസ്‌കരന്‍ എഴുതിയിട്ടുണ്ട്.
ഇങ്ങനെ മനുഷ്യ-പ്രകൃതിഭാവങ്ങള്‍ ഇഴപിരിയാത്ത വിധം ഒന്നായി മാറുകയാണ്. കവിയെന്ന നിലയില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമായിരുന്ന പി ഭാസ്‌കരന്‍ സിനിമയില്‍ സജീവമായതിനാല്‍ അദ്ദേഹത്തിലെ കവിഭാവനകള്‍ ഉപകാരപ്പെടുത്തിയത് സിനിമാഗാനങ്ങളാണ്.
ഇന്നെനിക്ക് പൊട്ടുകുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട് - എന്നെഴുതാന്‍ നിസ്സാരമായ കവിഭാവന പോരല്ലോ...

 


അനുരാഗക്കരിക്കിന്‍ വെള്ളം
സംസ്‌കൃതീകരിച്ച പദങ്ങളില്‍ ഭാസ്‌കരനും പാട്ടുകളില്‍ എഴുതിയിട്ടുണ്ട്. പക്ഷെ നമ്മുടെ നാടോടി വഴക്കങ്ങളെ 'പാട്ടിലാക്കാന്‍' കഴിഞ്ഞത് ഭാസ്‌കരന്‍ മാഷിനു മാത്രമാണ്. മാപ്പിളപ്പാട്ടിന്റെ തരിവളകള്‍ കിലുക്കിയെത്തിയ ഗാനങ്ങളും ഏറെ. ഭാസ്‌കരന്റെ പാട്ടുകളിലൂടെ മാത്രമേ നമ്മുടെ ഗ്രാമ്യ ഭാഷ കേള്‍ക്കാനാവൂ.
നെഞ്ചിലാകെ കരിക്കിന്‍ വെള്ളം നിറയ്ക്കുന്ന അനുരാഗത്തെ കുറിച്ച് അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം എന്ന ഗാനത്തിലെഴുതിയ ഭാസ്‌കരന്‍ പക്ഷെ അനുരാഗം തലയ്ക്കു പിടിച്ചുപോയ ഒരു സാധുവിന്റെ അവസ്ഥ
അമ്പെഴും നിന്റെ പുരികക്കൊടിയുടെ
വമ്പ് കണ്ട് ഞരമ്പുകള്‍
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ
കമ്പി പോലെ വലിഞ്ഞുപോയ് .. എന്ന മട്ടിലായതും എഴുതിവെച്ചു. ഏതു ഭാവത്തിനും വഴങ്ങുന്ന വിധം സമൃദ്ധമായ പദസമ്പത്തുള്ള കവിയ്ക്കു മാത്രമെ ഇങ്ങനെ എഴുതാന്‍ കഴിയൂ. നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതാനായത് അതുകൊണ്ടാണല്ലോ.
പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര
ചെക്കന്റെ മോറ് ചെന്താമര എന്ന വരികളില്‍ മുഖത്തിന് തെക്കേ മലബാറിലെ പറയുന്ന ഗ്രാമ്യഭാഷ (മോറ്) ഉപയോഗിച്ചത് ശ്രദ്ധേയമാണ്.
കദളിവാഴക്കയ്യിലിരുന്ന്, വറുത്ത പച്ചരി ഇടിച്ചുതള്ളുന്നാ, വെളുക്കുമ്പൊ കുളിയ്ക്കാന്‍ പോകുന്ന വഴിവക്കില്‍, ആട്ടെ പോട്ടെ ഇരിയ്ക്കട്ടെ, നയാപ്പൈസയില്ലാ കയ്യിലൊരു നയാപ്പൈസയില്ലാ, ഹാലു പിടിച്ചൊരു പുലിയച്ചന്‍ പുലിവാലു പിടിച്ചൊരു നായരച്ചന്‍, കണ്ടം ബെച്ചൊരു കോട്ടാണ് തുടങ്ങി വാമൊഴിവഴക്കങ്ങളുടെ സൗന്ദര്യം നിറഞ്ഞ കുറേയധികം ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ആദ്യകാലത്തെ പാട്ടുകളില്‍ കാണാം.

പാട്ടിന്റെ വഴിയിലേക്ക്
വിദ്യാര്‍ഥിയായിരിക്കെ കാല്‍പ്പനിക വഴിയില്‍ കവിതയെഴുത്തിലേക്ക്. പിന്നീട് വിപ്ലവത്തിന്റെ തീവെയില്‍ കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തകന്‍. മഹാരാജാസ് കോളെജിലെ വിദ്യാര്‍ഥിയായിരുന്ന നാളില്‍ തന്നെ ഏറെ ആരാധകരുള്ള യുവകവിയായി മാറിയിരുന്നു പി ഭാസ്‌കരന്‍. തുടര്‍ന്ന് രാഷ്ട്രീയത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും നാളുകള്‍. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗാനങ്ങള്‍ അന്നേ എഴുതിയിരുന്നു. 26- ാം വയസ്സിലാണ് ചന്ദ്രിക എന്ന ചിത്രത്തിന് ഗാനങ്ങൊളൊരുക്കി മലയാള സിനിമയില്‍ പാട്ടെഴുത്തുകാരനാവുന്നത്. അക്കാലത്തെ മലയാളം സിനിമാഗാനങ്ങള്‍ ഹിറ്റായ ഹിന്ദി, തമിഴ് ഗാനങ്ങളുടെ ഈണത്തിനൊപ്പിച്ച വരികളായിരുന്നു. പക്ഷെ 1954 ല്‍ 'നീലക്കുയില്‍' എന്ന സിനിമയില്‍ പി ഭാസ്‌കരന്‍ ഇതില്‍ നിന്ന് മാറി മലയാളിത്തമുള്ള പാട്ടുകള്‍ രചിച്ച് പുതിയ പാട്ടുവഴി പരിചയപ്പെടുത്തി. പി ഭാസ്‌കരന്‍- കെ രാഘവന്‍ കൂട്ടുകെട്ട് പിറന്നതും നിലക്കുയിലൂടെ തന്നെ. മാനെന്നും വിളിക്കില്ല, എല്ലാരും ചൊല്ലണ്, കായലരികത്ത് വലയെറിഞ്ഞപ്പോ, എങ്ങനെ നീ മറക്കും, കുയിലിനെ തേടി തുടങ്ങിയ ആ പാട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് കൊണ്ടാടി. നാട്ടുവഴികളിലും നാലാള്‍ കൂടുന്ന മുക്കിലുമൊക്കെ അത് ഗാനലഹരിയായി പടര്‍ന്നു.
നീലക്കുയിലിലൂടെ മലയാള സിനിമക്കു പുതിയ പാട്ടുവഴികള്‍ വെട്ടിക്കൊടുത്ത ഭാസ്‌കരന്‍ പിന്നീട് സംവിധായകനായും ഗാനരചയിതാവുമൊക്കെയായി സിനിമാ രംഗത്തു നിറഞ്ഞു. അനശ്വരമായ ഒരുപിടി ഗാനങ്ങള്‍ കര്‍മരിതമായ നാലുപതിറ്റാണ്ടിനുള്ളില്‍ രചിച്ചു. ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍, തളിരിട്ട കിനാക്കള്‍ തന്‍, വാസന്തപഞ്ചമി നാളില്‍, താമസമെന്തേ വരുവാന്‍, ഒരു പുഷ്പം മാത്രമെന്‍, പ്രാണസഖി ഞാന്‍ വെറുമൊരു, നഗരം നഗരം മഹാസാഗരം, അനുരാഗ നാടകത്തിന്‍, ഏകാന്തതയുടെ അപാരതീരം, പകല്‍ക്കിനാവിന്‍ സുന്ദരമാകും, കേശാദിപാദം തൊഴുന്നേന്‍, ഏകാന്തപഥികന്‍ ഞാന്‍, ഹര്‍ഷബാഷ്പം തൂകി, താമരക്കുമ്പിളല്ലോ മമഹൃദയം, നീ മധുപകരൂ, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, ചെമ്പകപ്പൂങ്കാവനത്തില് പൂമരച്ചോട്ടില്‍, കായലൊന്ന് ചിരിച്ചാല്‍, ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത്, നീലമലപ്പൂങ്കുയിലേ നീ കുടെപ്പോരുന്നോ, ഓര്‍മ്മ തന്‍ വാസന്ത നന്ദനത്തോപ്പില്‍, ഇരു ഹൃദയങ്ങളിലൊന്നായ് വീശി, പത്തുവെളുപ്പിന് മുറ്റത്തു നിക്കണ തുടങ്ങി അതില്‍ ചിലതെങ്കിലും എടുത്തുപറയാതെ വയ്യ.

രാമു കാര്യാട്ടിനൊപ്പം ചേര്‍ന്ന് നീലക്കുയില്‍, പിന്നീട് രാരിച്ചന്‍ എന്ന പൗരന്‍, ഇരുട്ടിന്റെ ആത്മാവ്, ആദ്യകിരണങ്ങള്‍, അമ്മയെ കാണാന്‍, തുറക്കാത്ത വാതില്‍ ഭാഗ്യജാതകം, വിത്തുകള്‍, മൂലധനം, കള്ളിച്ചെല്ലമ്മ, തുടങ്ങി നാല്‍പ്പതിലേറെ ചിത്രങ്ങളും സംധാനം ചെയ്തു. കെ എസ് എഫ് ഡി സി ചെയര്‍മാനായിരിക്കെ ഭാവനാപരമായ പല പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ടു. ഗാനരചനക്ക് മൂന്നു വട്ടം സംസ്ഥാന പുരസ്‌കാരം നേടിയ അദ്ദേഹത്തിന് മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകളുടെ പേരില്‍ ജെ സി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചു. സിനിമക്കും സാഹിത്യത്തിനും അതിലൊപ്പം ജനകീയ ഗാനശാഖക്കും ഒരുപോലെ മഹതിമായ സംഭാവനകളര്‍പ്പിച്ച ഭാസ്‌കരന്‍ മാഷിന് പക്ഷെ ഒരു പത്മപുരസ്‌കാരത്തിനു പോലും ശുപാര്‍ശ ചെയ്യപ്പെട്ടില്ല. ആ അനീതി ചിലരൊക്കെ ചൂണ്ടിക്കാണിക്കുകയുമുണ്ടായി.

സര്‍ക്കാരിന്റെ ആദരവ് കൊണ്ടു മാത്രം ഒരു വ്യക്തിയെയും അനശ്വരനാവുന്നില്ല. പാട്ടെഴുത്തുകാരനായ പി ഭാസ്‌കരന് മലയാളികളുടെ മനസ്സില്‍ എല്ലാ ബഹുമതികള്‍ക്കും മുകളിലാണ്.
ഒടുവില്‍ നീയെത്തുമ്പോള്‍
ചെവിയില്‍ മൂളാനായി,
ഒരു ഗാനമെങ്കിലും
ഹൃദയത്തില്‍ സൂക്ഷിച്ചവരുടെ മനസ്സില്‍ പി ഭാസ്‌കരന് സ്ഥാനമുണ്ടാവും.