• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

'ഉണ്ണിയേട്ടാ.. അമൃതാഞ്ജന്റെ ഗന്ധത്തേക്കാള്‍ മദ്യത്തിന്റെ ഗന്ധമാണ് എനിക്കിഷ്ടം'

May 28, 2018, 03:26 PM IST
A A A

കല്യാണിയമ്മ അവിവാഹിതയായിരുന്നു. ജാരസന്തതിയാകയാല്‍ ആ സ്ത്രീ പരിഭ്രമിച്ചു നില്‍ക്കെ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മേലോട്ടു നോക്കി 'ഇപ്പോള്‍ നല്ല മഴപെയ്യുമെന്ന് തോന്നുന്നു. നല്ല കോളിനുള്ള ലക്ഷണമുണ്ട്' എന്ന് പറഞ്ഞ് തികച്ചും ഗ്രാമ്യമായ ഒരു ഭാവത്തോടെ കല്യാണിയമ്മയുടെ മുന്നില്‍ നിന്ന് മോഹന്‍ലാലിനെ വിളിച്ചുകൊണ്ടുപോകുന്ന ഒരു രംഗം അപ്പുണ്ണിയില്‍ ഉണ്ട്.

# സത്യന്‍ അന്തിക്കാട്‌
oduvil
X

photo : mathrubhumi archives/ praveen kumar vp, hari guruvayoor

ലാളിത്യത്തിന്റെ പര്യായമായി നാലുപതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന, തനിമയാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് മനോധര്‍മത്തിന്റെയും ഗ്രാമീണതയുടെയും നിഷ്‌കളങ്കതയുടെയും ഭാവങ്ങള്‍ പകര്‍ന്നുനല്‍കിയ, അഭിനയകലയുടെ ഒടുവിലത്തെ ഉത്തരമായ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന മലയാളികളുടെ പ്രിയങ്കരനായ നടന്‍ ഓര്‍മയായത് മേയ് 27നാണ്. ഒടുവിലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ഒടുവിലിനെ  ഓര്‍ക്കുന്നു. 

നെടുമുടി വേണുവും ഗോപിയും ഒരു പ്രത്യേക ക്ലാസില്‍ പെടുന്ന സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ് ഞാന്‍ 'അപ്പുണ്ണി' എന്ന സിനിമയെടുക്കുന്നത്. വി.കെ.എന്‍ എഴുതിയ കഥയും തിരക്കഥയും ആധാരമാക്കി ഒരു സിനിമ എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. വേറൊരു മാധ്യമത്തിനും പിന്തുടരാന്‍ കഴിയാത്തവിധം മൗലികവും നിശിതവുമാണ് വി.കെ.എന്നിന്റെ ഭാഷയും ഘടനയും. സിനിമ എന്നത് വിട്ടുവീഴ്ചയുടെ കലയാണ്. മുതല്‍ മുടക്കുന്നയാളുടെ ലാഭമോഹങ്ങള്‍ക്ക് വലിയൊരു പരിധിവരെ ഈ കലാനിര്‍മാണവേളയില്‍ പല സംവിധായകരും വശംവദരാവാന്‍ നിര്‍ബന്ധിതമാകാറുണ്ട്. വലിയ എഴുത്തുകാരുടെ രചനകള്‍ ഈ വ്യാവസായിക കലയുടെ ചട്ടക്കൂട്ടിലേക്ക് ഒതുക്കിക്കൊണ്ടു വരുമ്പോഴുള്ള സ്വാഭാവികമായ ചില ആശങ്കകള്‍ ഉണ്ടായിരിക്കേത്തന്നെ, വി.കെ.എന്നിന്റെ കഥയുടെ അഭ്രാവിഷ്‌കാരം വലിയ സാധ്യതകള്‍ മുന്നില്‍ തുറന്നുവെച്ചു. 'അപ്പുണ്ണി'യിലെ കുറുപ്പുമാഷാണ് ഒടുവില്‍. കുറുപ്പുമാഷിനുണ്ടാവണം എന്ന് വി.കെ.എന്‍ ആഗ്രഹിച്ച നാടന്‍ ശരീരഭാഷ ഉണ്ണിയേട്ടനുണ്ടായിരുന്നു. കുറുപ്പുമാഷ് എന്ന കഥാപാത്രത്തിലൂടെയാണ് ഉണ്ണിയേട്ടന്‍ എന്റെ ജീവിതത്തിലേക്ക് സീരിയസ്സായി കടന്നുവരുന്നത്.

'അപ്പുണ്ണി'യിലെ അനായാസമായ അഭിനയവും ഒരു നാട്ടിന്‍പുറത്തുകാരന്റെ സ്വാഭാവികമായ രീതികളും ഉണ്ണിയേട്ടനെ പ്രിയപ്പെട്ട ഒരാളാക്കിത്തീര്‍ത്തു എന്നതായിരുന്നു സത്യം. ആ സിനിമതൊട്ട് എന്നോടൊപ്പം കൂടിയ രണ്ടുപേര്‍ മോഹന്‍ലാലും ഉണ്ണിയേട്ടനുമാണ്. മോഹന്‍ലാലും ഉണ്ണിയേട്ടനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെടുക്കുന്നത് ഒരു സംവിധായകന്‍ എന്ന നിലയില്‍ നര്‍മമാധുര്യത്തോടെ മാത്രം ഓര്‍മിക്കാവുന്ന കാര്യങ്ങളാണ്. ചില കൈയാംഗ്യങ്ങള്‍, ചില കാര്യങ്ങള്‍ പറയാന്‍ ക്ലേശിക്കുമ്പോഴുള്ള മുഖഭാവങ്ങള്‍, ചില നോട്ടങ്ങള്‍, ചുണ്ടിലെവിടെയോ ഒളിപ്പിച്ചുവെച്ച ചിരി ഇതൊക്കെ ഉണ്ണിയേട്ടന്റെ അഭിനയത്തെ പലതലങ്ങളില്‍ മികവുറ്റതാക്കി. അപ്പുണ്ണിയില്‍ കുട്ട്യേടത്തി വിലാസിനി അവതരിപ്പിച്ച കല്യാണിയമ്മ എന്ന കഥാപാത്രത്തിന് ഒരു കുട്ടിയുണ്ട്. കല്യാണിയമ്മയുടെ വീടന്വേഷിച്ച് വരുന്ന മോഹന്‍ലാല്‍, അമ്മാളുഅമ്മയോട് 'കുട്ടിയുടെ അച്ഛന്‍ എന്തുചെയ്യുന്നു?' എന്ന് തിരക്കുന്നുണ്ട്. കല്യാണിയമ്മ അവിവാഹിതയായിരുന്നു. ജാരസന്തതിയാകയാല്‍ ആ സ്ത്രീ പരിഭ്രമിച്ചു നില്‍ക്കെ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മേലോട്ടു നോക്കി 'ഇപ്പോള്‍ നല്ല മഴപെയ്യുമെന്ന് തോന്നുന്നു. നല്ല കോളിനുള്ള ലക്ഷണമുണ്ട്' എന്ന് പറഞ്ഞ് തികച്ചും ഗ്രാമ്യമായ ഒരു ഭാവത്തോടെ കല്യാണിയമ്മയുടെ മുന്നില്‍ നിന്ന് മോഹന്‍ലാലിനെ വിളിച്ചുകൊണ്ടുപോകുന്ന ഒരു രംഗം അപ്പുണ്ണിയില്‍ ഉണ്ട്. കല്യാണിയമ്മയുടെ രഹസ്യങ്ങള്‍ അറിയാവുന്ന ഒരാളുടെ ഭാവം വളരെ റിയലിസ്റ്റിക്കായി ഒടുവില്‍ മുഖത്ത് പ്രകടിപ്പിച്ചു. നാട്ടിന്‍പുറത്തുകാരനായ ഒരാള്‍ നാഗരികനേക്കാള്‍ സൗമ്യമായി ജീവിതത്തോട് പെരുമാറുന്നു.

ഒരു പച്ച മനുഷ്യനായിരുന്നു ഉണ്ണിയേട്ടന്‍. അമിതമായ യാതൊരു മോഹങ്ങളും കൂടെകൊണ്ടുനടക്കാത്ത ഒരാള്‍. ബുദ്ധകഥയിലെ സംന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളെയും കടവില്‍ ഉപേക്ഷിച്ചു പോന്ന ഒരു ഗ്രാമീണന്‍. ആരോടും പരിഭവമില്ലാതെ പെരുമാറുന്ന വിനയാന്വിതന്‍. ചുണ്ടില്‍ ലിപ്സ്റ്റിക് തേച്ചതുപോലെയുള്ള ഒരു വിനയമായിരുന്നില്ല അത്. മേക്കപ്പ് പോലെ, പിന്നീട് തുടച്ചുകളയാവുന്ന, വിനയം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന എത്രയോ പേര്‍ ഈ രംഗത്തുണ്ട്. എന്നാല്‍, ജന്മപ്രകൃതമായിരുന്നു ഉണ്ണിയേട്ടന് വിനയം. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളോടെ പെരുമാറാന്‍ ഉണ്ണിയേട്ടന് സാധിച്ചു. അപ്പുണ്ണിയുടെ ലൊക്കേഷനില്‍ അക്കാലത്തെ പ്രശസ്തനായ ഒരു സിനിമാ റിപ്പോര്‍ട്ടര്‍ ഉണ്ണിയേട്ടനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു. 'നിങ്ങളെയൊക്കെ ഞാനാണ് പ്രശസ്തനാക്കുന്നത്' എന്ന ധിക്കാരം കലര്‍ന്ന ഒരു ഭാവം ആ റിപ്പോര്‍ട്ടര്‍ക്കുണ്ടായിരുന്നു. ഒടുവില്‍ അന്ന് അത്രയൊന്നും പ്രശസ്തനായിരുന്നില്ല. സംസാരത്തിനിടയിലെപ്പോഴോ പത്രലേഖകനുമായി ഒടുവില്‍ തെറ്റിപ്പിരിഞ്ഞു. പിന്നീട് പത്രലേഖകന്‍ ഒടുവിലിനോട് 'നിങ്ങള്‍ എന്നോട് സൂക്ഷിച്ചു കളിക്കണം. ഒരു നടനെ വളര്‍ത്താനും തളര്‍ത്താനും ഞങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും' എന്ന് പറഞ്ഞു. പിന്നീട് ഈ റിപ്പോര്‍ട്ടര്‍ അയാളുടെ മാഗസിനില്‍ ഉണ്ണിയേട്ടനെക്കുറിച്ച് മോശം റിപ്പോര്‍ട്ടുകള്‍ എഴുതുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടന് തുണയായിത്തീര്‍ന്നു എന്നുള്ളതായിരുന്നു രസകരം. സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഓര്‍ക്കാവുന്ന ഒരു പേരായി ഉണ്ണിയേട്ടന്‍ മാറി. ഒരാളെ ബോധപൂര്‍വം ചെറുതാക്കാന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒരിക്കലും അത് ഉദ്ദേശിച്ച ഫലം ചെയ്തു എന്നുവരില്ല; സിനിമയില്‍ എത്രയോ ഉദാഹരണങ്ങള്‍ ഈ കാര്യത്തിനുണ്ട്.

sathyan anthikadinte grameenar
പുസ്തകം വാങ്ങാം

അപ്പുണ്ണിക്കു ശേഷം 'വെറുതെ ഒരു പിണക്കം' എന്ന സിനിമ ഞാന്‍ ചെയ്തു. ആ സിനിമ സാമ്പത്തികമായി അത്ര വിജയിച്ചില്ല. ഉദ്ദേശിച്ച സാമ്പത്തികവിജയം കിട്ടാതെയായപ്പോള്‍ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്റെ ആത്മവിശ്വാസത്തെ അത് പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് ആക്ഷന്‍ ഒറിയന്റഡായിട്ടുള്ള ഒരു കൊമേഴ്‌സ്യല്‍ പടം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി. 'ലാല്‍ അമേരിക്കയില്‍' എന്ന പേരില്‍ പില്‍ക്കാലത്ത് റിലീസായ പടമായിരുന്നു അത്. ഞാന്‍ തുടങ്ങിവെക്കുകയും പലകാരണങ്ങളാല്‍ നീണ്ടുപോവുകയും സഹസംവിധായകര്‍ പൂര്‍ത്തിയാക്കുകയും ചെയ്ത സിനിമ. ഈ സിനിമയുടെ ഷൂട്ടിങ്ങിനായി ഞങ്ങളോടൊപ്പം ഉണ്ണിയേട്ടനും അമേരിക്കയില്‍ വന്നു. അമേരിക്കയില്‍ ന്യൂജഴ്‌സിയിലാണ് ഞങ്ങള്‍ താമസിച്ചത്. 'ഗ്രെയ്റ്റ് അഡ്വഞ്ചര്‍' എന്നൊരു കാര്‍ണിവല്‍ നടക്കുന്ന സ്ഥലമുണ്ടായിരുന്നു. അവിടെവെച്ച് ഒരു പാട്ട് ചിത്രീകരിച്ചു. സന്ധ്യയായപ്പോള്‍ ഞങ്ങള്‍ ഹോട്ടലുകളിലേക്ക് മടങ്ങി.

തിരിച്ചെത്തിയപ്പോഴാണറിയുന്നത്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മിസ്സിങ്ങാണ്. ഒടുവിലിനെ കാണ്മാനില്ല! ഇതെല്ലാവരെയും പരിഭ്രാന്തിയിലാഴ്ത്തി. പലയിടത്തും ഒടുവിലിനെ അന്വേഷിച്ച് ആളുകള്‍ പോയി. മധുനായര്‍ ന്യൂയോര്‍ക്കായിരുന്നു അന്ന് ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചിരുന്നത്. മധുനായരുടെ വണ്ടിയില്‍ മോഹന്‍ലാലും ഞാനും ഗ്രെയ്റ്റ് അഡ്വഞ്ചറിലേക്ക് തിരിച്ചു. ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നും രണ്ടുമണിക്കൂര്‍വരെ ഓടിയാലെത്തുന്ന അകലെയായിരുന്നു ഗ്രെയ്റ്റ് അഡ്വഞ്ചര്‍. ഞങ്ങളവിടെയെത്തുമ്പോള്‍ കാര്‍ണിവല്‍ അവസാനിച്ചിരുന്നു. പരിഭ്രമത്തോടെ ഞങ്ങള്‍ അകത്തുകയറി. അപ്പോള്‍, ഒരു കോര്‍ണറില്‍ കുറേ നീഗ്രോകള്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ പൊട്ടിച്ചിരിയോടെ പലതും പറഞ്ഞിരിക്കുന്ന ഒടുവിലിനെ കണ്ട്, അസ്വസ്ഥതകള്‍ക്കിടയിലും ഞങ്ങള്‍ ചിരിച്ചു. വളരെ സരസമായിട്ട്, ഉണ്ണിയേട്ടന്‍ അവരോട് മലയാളം പറഞ്ഞ് ചിരിക്കുന്നു! ഒരു അന്യഗ്രഹജീവിയുടെ ഭാഷ കേട്ടിട്ടെന്നപോലെ ചുറ്റും കൂടിനിന്ന് മറ്റുള്ളവരും ചിരിക്കുന്നു. ശരിയായ കാര്‍ണിവല്‍.

കൂട്ടം തെറ്റി ഒറ്റപ്പെട്ടുപോയ ഉണ്ണിയേട്ടനെയും പൊക്കിയെടുത്ത് ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു. മടങ്ങുമ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു: ''ഉണ്ണിയേട്ടന്‍ അവരോടെന്താണ് മലയാളത്തില്‍ പറഞ്ഞത്?'' ''എന്തൊക്കെയോ പറഞ്ഞു. എന്റെ പേര് ഒടുവില്‍ ഉണ്ണികൃഷ്ണനാണെന്നും മലയാളിയാണ് എന്നുമൊക്കെ... എന്റെ ഭാഷ ചതിക്കില്ല എന്ന് മനസ്സിലായി. ആരും എന്റെ മുഖത്തു കൈവെച്ചില്ല.'' ഉണ്ണിയേട്ടന്റെ മറുപടി കേട്ട് മോഹന്‍ലാല്‍ തിരിച്ചുപറഞ്ഞു:
''ഗ്രെയ്റ്റ് അഡ്വഞ്ചര്‍!'' ഉണ്ണിയേട്ടന്‍ സ്ഥിരം പാടുന്ന ഒരു പാട്ടുണ്ട്. അദ്ദേഹം സംഗീതം നല്‍കിയ 'മണിനാഗങ്ങളേ' എന്നു തുടങ്ങുന്ന പാട്ട്. ഏതു സ്റ്റേജിലും ഉണ്ണിയേട്ടന്‍ ആ പാട്ടുപാടുമായിരുന്നു. അഭിനയത്തോടൊപ്പം സംഗീതവാസനയും ഉണ്ണിയേട്ടനുണ്ടായിരുന്നു.

ഉണ്ണിയേട്ടനെ ലൊക്കേഷനിലെത്തിക്കുക ബുദ്ധിമുട്ടാണ്. എത്തിക്കഴിഞ്ഞാല്‍ തിരിച്ചയയ്ക്കുന്നതും ബുദ്ധിമുട്ടായിരുന്നു. വൈകിവന്ന് വൈകിപോയിക്കൊണ്ടിരുന്ന ഒരാള്‍. സദ്യയ്ക്ക് വിളിക്കുന്നതുപോലെയാണ് ഞാന്‍ എന്റെ സെറ്റിലേക്ക് ഉണ്ണിയേട്ടനെ വിളിക്കാറ്. ''പടം തുടങ്ങ്വാണ്. നേരത്തെ വന്നേക്കുക'', ഔപചാരികമായ യാതൊരു കെട്ടുപാടുകളും ഞങ്ങള്‍ക്കിടയിലില്ലായിരുന്നു. സ്‌നേഹത്തിന്റെ ഒരു സ്വാതന്ത്ര്യം എനിക്കദ്ദേഹത്തോടും സൗഹൃദത്തിന്റെ ഒരു ഭയം തിരിച്ചുമുണ്ടായിരുന്നു.

പാതിരായ്ക്ക് പോലും ഉണ്ണിയേട്ടന്‍ ഫോണ്‍ ചെയ്യുമായിരുന്നു. രാത്രിയില്‍ ടെലിവിഷനില്‍ പടംകണ്ട് അപ്പോള്‍ മാത്രം നോട്ട്‌ചെയ്യുന്ന ഏതെങ്കിലും തമാശയില്‍ പിടിച്ചുകയറി വാചാലനായി ചിരിക്കാനായിരിക്കും ആ പാതിരാവിളി. നാടോടിക്കാറ്റ് എന്ന സിനിമയില്‍ ശ്രീനിവാസന്റെ ഒരു ഡയലോഗുണ്ട്: ''ജീവിക്കാന്‍ വേണ്ടി പോലീസാവാന്‍പോലും ഞങ്ങള്‍ക്ക് മടിയില്ല സാര്‍.'' ഒരു പോലീസുദ്യോഗസ്ഥനോടാണ് ശ്രീനിവാസന്‍ ഇത് പറയുന്നത്. ഈ സംഭാഷണം ടെലിവിഷനില്‍ കേട്ട മാത്രയില്‍ പാതിരായ്ക്ക് ഉണ്ണിയേട്ടന്‍ എന്നെ വിളിച്ചു. ദീര്‍ഘനേരം അതേക്കുറിച്ചു പറഞ്ഞു ചിരിച്ചു. ഉണ്ണിയേട്ടാ, നമുക്ക് രാവിലെ സംസാരിക്കാം; ചിലപ്പോള്‍ ഉറക്കച്ചടവോടെ ഞാന്‍ പറയും. ഓ, എന്നാല്‍ ഞാന്‍ അടൂരിനെ വിളിക്കാം അങ്ങനെ പറഞ്ഞ് ഫോണ്‍ വെക്കും. അപ്പോള്‍ തന്നെ ഉണ്ണിയേട്ടന്‍ അടൂരിനെ വിളിച്ചിരിക്കും. പാതിരായ്ക്ക് അടൂര്‍ ഗോപാലകൃഷ്ണനുമായി തമാശപറഞ്ഞ് ചിരിക്കാനുള്ള സ്‌നേഹസ്വാതന്ത്ര്യം കിട്ടിയ ഒരേയൊരു നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനായിരിക്കുമെന്ന് തീര്‍ച്ച.

'പൊന്മുട്ടയിടുന്ന താറാവാ'ണ് കേരളത്തിന്റെ നാട്ടിന്‍പുറക്കാഴ്ചകള്‍ തന്മയത്വത്തോടെ ആവിഷ്‌കരിച്ച ഒരു സിനിമ. അതില്‍ 'പശുവിനെ കളഞ്ഞ പാപ്പി'യാണ് ഒടുവില്‍. മൂത്ത തട്ടാന്‍ മരിച്ചു എന്നു കേട്ടപ്പോള്‍ താന്‍ വാങ്ങിക്കൊണ്ടുപോരുകയായിരുന്ന പശുവിനെ കളഞ്ഞ് തട്ടാന്റെ വീട്ടിലേക്ക് ഓടിക്കയറിയ പാപ്പി. പിന്നീടൊരിക്കലും പാപ്പിക്ക് പശുവിനെ തിരിച്ചുകിട്ടുന്നില്ല. പിന്നീടയാള്‍ സ്വയം പരിചയപ്പെടുത്തുന്നതുപോലും 'ഞാന്‍ പശുവിനെ കളഞ്ഞ പാപ്പി' എന്നാണ്. തീവ്രമായ ആ നഷ്ടബോധം ഒരു നാട്ടിന്‍പുറത്തുകാരന്റേതാണ്. തന്റേതായ ഒരു 'മുതല്‍' വിട്ടുകൊണ്ട് നാഗരികനായ ഒരാള്‍ മരണവീട്ടിലേക്ക് പാഞ്ഞുകയറില്ല. സ്‌നേഹത്തിന്റെയും നന്മയുടെയും പുറമേയ്ക്ക് പതച്ചുയരാത്ത കൊച്ചുകൊച്ചു കുന്നായ്മകളുടെയും ഒരു ചുറ്റളവിനെയാണ് നമ്മള്‍ ഗ്രാമം എന്നു വിളിക്കുന്നത്. ഒരു ഗ്രാമീണന്റെ കറകളഞ്ഞ മനുഷ്യത്വമാണ് 'പശു'വിനെ കളഞ്ഞതിലൂടെ പാപ്പി പ്രദര്‍ശിപ്പിച്ചത്. മൂത്ത തട്ടാന്‍ മരിച്ചുപോയിരുന്നെങ്കില്‍ പാപ്പി പശുവിന്റെ കാര്യം അത്ര പെട്ടെന്ന് ഓര്‍ക്കുക പോലുമില്ലായിരുന്നു.

ഒരുപാട് മോശം സിനിമകളിലൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും നല്ല സിനിമയുടെ ഭാഗത്ത് നില്‍ക്കുന്ന നടനായിരുന്നു ഉണ്ണിയേട്ടന്‍. അതിനെപ്പറ്റി ഒരിക്കല്‍ ഉണ്ണിയേട്ടന്‍ പറഞ്ഞതിങ്ങനെയാണ്: നമ്മള്‍ പറയുന്നതൊന്നും ചില കൊമേഴ്‌സ്യല്‍ സംവിധായകര്‍ക്ക് മനസ്സിലാവില്ല. അവര്‍ പറയുന്നതൊക്കെ നമുക്കു മനസ്സിലാവുകയും ചെയ്യും. അതാണ് കഷ്ടം! നമ്മള്‍ പറയുന്നത് പരസ്പരം മനസ്സിലായിരുന്നില്ലെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ അവരുടെ വിഡ്ഢിത്തങ്ങള്‍ മുഴുവന്‍ നമുക്ക് മനസ്സിലാകും...

നമ്മുടെ പല സിനിമാനടന്മാരും സീരിയല്‍ലോകത്തേക്ക് ചേക്കേറിയപ്പോഴേക്കും ചിലര്‍ ഉണ്ണിയേട്ടനേയും സീരിയലിലഭിനയിപ്പിക്കാനൊന്നു ശ്രമിച്ചുനോക്കി. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ചില ശീലങ്ങള്‍ മരണം വരെ അദ്ദേഹം മുറുകെപ്പിടിച്ചു. 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയുടെ ഷൂട്ടിങ് കോയമ്പത്തൂരില്‍വെച്ച് നടക്കുമ്പോള്‍, അവിടത്തെ ഒരു സാംസ്‌കാരിക സംഘടന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഉണ്ണിയേട്ടനെ ക്ഷണിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വിസമ്മതം കാണിക്കാറുള്ള ഉണ്ണിയേട്ടന്‍ ആ ക്ഷണം നിരസിച്ചു. ''വെറുതെ വേണ്ട. ഇരുപതിനായിരം തരാം'' സംഘാടകര്‍ പറഞ്ഞു. ''എനിക്ക് നിങ്ങള്‍ വിലയിട്ട അവസ്ഥയ്ക്ക് തീരെ വരുന്നില്ല.'' ഉണ്ണിയേട്ടന്‍ തീര്‍ത്തുപറഞ്ഞു. ഇങ്ങനെ ചില മൂല്യങ്ങള്‍ ഉണ്ണിയേട്ടനുണ്ടായിരുന്നു. സാംസ്‌കാരിക പരിപാടികള്‍ക്ക് പോലും വലിയ 'വില' ഈടാക്കുന്ന താരമനോഭാവത്തോട് ഉണ്ണിയേട്ടന്‍ മുഖംതിരിച്ചുനിന്നു.

ഉണ്ണിയേട്ടനുമായി ബന്ധപ്പെട്ട ചിരിസന്ദര്‍ഭങ്ങള്‍ എന്റെ ഓര്‍മയില്‍ ഒരുപാടുണ്ട്. 'കളിക്കളം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അത്തരമൊരു സന്ദര്‍ഭം. ഉണ്ണിയേട്ടനെയും ഇന്നസെന്റിനെയും വെച്ച് ഒരു രംഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. വൈകുന്നേരമാണ് ആ സീന്‍ ചിത്രീകരിക്കേണ്ടത്. പഴയ ചില കൂട്ടുകാരുമായി മുറിയില്‍ സല്ലപിച്ചിരിക്കയായിരുന്നു ഉണ്ണിയേട്ടന്‍. മുന്‍പ് കെ.പി.എ.സിയിലായിരുന്നതുകൊണ്ട് നാടകരംഗത്തുള്ള പലരും അദ്ദേഹത്തിന്റെ സുഹൃദ്‌വലയത്തിലുണ്ടായിരുന്നു. വര്‍ത്തമാനവും മദ്യപാനവും ചിരിയുമൊക്കെയായി സംഭവം കൊഴുക്കുമ്പോഴാണ് സംവിധാനസഹായി ഉണ്ണിയേട്ടനെ തേടി അവിടെയെത്തുന്നത്. ബീര്‍ കുടിച്ചാല്‍പോലും ലഹരി പിടിക്കുന്ന പ്രകൃതമാണ്. 'എനിക്ക് തീരെ വയ്യ എന്ന് സത്യനോടു പറയൂ' ഉണ്ണിയേട്ടന്‍ വലിയ ഉദാസീനതയോടെ പറഞ്ഞു.

ആ സീന്‍ ചിത്രീകരിച്ചില്ലെങ്കില്‍ ഷെഡ്യൂള്‍ മുഴുവന്‍ അവതാളത്തിലാകുമെന്ന് സംവിധാനസഹായി പറഞ്ഞപ്പോള്‍, ഉണ്ണിയേട്ടന്‍ ലൊക്കേഷനിലേക്ക് പുറപ്പെട്ടു. മദ്യപിച്ച കാര്യം എനിക്ക് മനസ്സിലാകാതിരിക്കാന്‍ വേണ്ടി ശരീരം മുഴുവന്‍ അമൃതാഞ്ജന്‍ പുരട്ടിക്കൊണ്ടായിരുന്നു ഉണ്ണിയേട്ടന്‍ സെറ്റിലെത്തിയത്. അമൃതാഞ്ജന്റെ രൂക്ഷഗന്ധത്തേക്കാള്‍ മദ്യത്തിന്റെ ഗന്ധമാണ് എനിക്കിഷ്ടം എന്നു ഞാന്‍ പറഞ്ഞപ്പോള്‍, കാല്‍ച്ചുവട്ടില്‍ നോക്കി ഉണ്ണിയേട്ടന്‍ ഒരു ചിരി ചിരിച്ചു. പിടിക്കപ്പെട്ട ഒരാളുടെ ചിരി. ഒരു തൃശ്ശൂര്‍ക്കാരന്‍ ചിട്ടിക്കാരനായിട്ടാണ് ഉണ്ണിയേട്ടന്‍ അതിലഭിനയിച്ചത്. മദ്യപിച്ചതിന്റെ യാതൊരു ലാഞ്ഛനയുമില്ലാതെ ഉണ്ണിയേട്ടന്‍ അന്നഭിനയിച്ചു. അഭിനയകലയോട് അത്രയും തീവ്രമായ ഒരു സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു.

ഉണ്ണിയേട്ടന്‍ എന്ന മനുഷ്യന്റെ നന്മ വളരെ വലുതായിരുന്നു. എന്റെ യൂണിറ്റിലെ മെയ്ക്കപ്പ്‌മേന്‍ പാണ്ഡ്യന് വൃക്കരോഗം വന്ന്, രണ്ട് വൃക്കകളും തകരാറിലായി വളരെ ക്രിട്ടിക്കലായ ഒരവസ്ഥ. പണം കൊടുത്താല്‍ കിഡ്‌നി വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നവരുണ്ട്. പാണ്ഡ്യന്റെ കൈയില്‍ ഒരു കിഡ്‌നിവാങ്ങാനുള്ള പണമില്ലായിരുന്നു. അങ്ങനെയൊരു സങ്കടാവസ്ഥയറിഞ്ഞാണ് ഞാന്‍ ഉണ്ണിയേട്ടനെ വിളിച്ചത്. പാണ്ഡ്യന്റെ രോഗവിവരം പറഞ്ഞു. ''ഞാനൊരു ഇരുപത്തയ്യായിരം രൂപ തരാം'' ഉണ്ണിയേട്ടന്‍ പറഞ്ഞു. അത് ഉണ്ണിയേട്ടന് നല്‍കാവുന്ന വലിയൊരു തുകയായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ ശ്രീനിയേയും മോഹന്‍ലാലിനെയും വിളിച്ചു. പാണ്ഡ്യന്റെ രോഗവിവരം വിശദീകരിച്ചതിനു ശേഷം ഞാന്‍ പറഞ്ഞു: ''ഉണ്ണിയേട്ടന്‍ ഇരുപത്തയ്യായിരം രൂപ തരാമെന്നു പറഞ്ഞിട്ടുണ്ട്'' ഉണ്ണിയേട്ടന്‍ തരുന്നതിനേക്കാള്‍ കുറഞ്ഞൊരു തുക അവര്‍ക്ക് ആലോചിക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെ പലരെയും വിളിച്ചു. ഉണ്ണിയേട്ടന്‍ നല്‍കുന്ന സഹായത്തുകയെപ്പറ്റി ആദ്യം സൂചിപ്പിച്ചു. എല്ലാവരും സംഭാവന നല്‍കി. പാണ്ഡ്യന്റെ കിഡ്‌നി മാറ്റിവെച്ചു. നടന്മാരില്‍ ദരിദ്രനായിരുന്നു ഉണ്ണിയേട്ടന്‍. സമ്പാദിച്ചത് ജീവിക്കാന്‍ വേണ്ടി മാത്രമായിരുന്നു. സുഖിച്ചു കഴിയാന്‍ വേണ്ടി അദ്ദേഹം ഒന്നും സമ്പാദിച്ചിരുന്നില്ല. ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും വേണ്ടി അദ്ദേഹം അഭിനയിച്ചു.

'രസതന്ത്രം' എന്ന സിനിമയില്‍ പുനര്‍ജന്മത്തിന്റെ ഉന്‍മേഷത്തോടെ പാണ്ഡ്യന്‍ വന്നു. വീര്‍ത്തു വിങ്ങിയ മുഖവുമായി ഉണ്ണിയേട്ടന്‍ പാണ്ഡ്യന് മുന്നില്‍ മെയ്ക്കപ്പിടാനിരുന്നു. അപ്പോഴേക്കും ഒരു കിഡ്‌നിരോഗിയായി മാറിക്കഴിഞ്ഞിരുന്നു ഉണ്ണിയേട്ടന്‍. ആ കാഴ്ച കണ്ടുനില്‍ക്കേ വിധിയുണ്ടാക്കുന്ന അപ്രതീക്ഷിതമായ ആഘാതങ്ങളെക്കുറിച്ചോര്‍ത്ത് എന്റെ മനസ്സ് പതറി. ഇതാ, നന്മയുള്ള ഒരു മനുഷ്യന്‍, ആരുടെ രോഗം ഭേദമാക്കാന്‍ മുന്നിട്ടിറങ്ങിയോ, രോഗാവസ്ഥയില്‍നിന്ന് മുക്തനായ ആ പാണ്ഡ്യന്റെ മുന്നില്‍ അതേ രോഗത്തിന്റെ ബലിയായി നിസ്സഹായതയോടെ ഇരിക്കുന്നു. ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മയുള്ള മനസ്സിനേക്കാള്‍ ദൈവത്തിന്റെ മനസ്സിന് നഗരവാസിയോടാണ് അടുപ്പമെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.

ദൈവം നാട്ടിന്‍പുറത്തുകാരനോ, അതോ നഗരവാസിയോ? ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മ ദൈവത്തില്‍ എത്രത്തോളമുണ്ട്?
വളരെ തീവ്രമായ വേറൊരു ജീവകാരുണ്യത്തിന്റെ ഓര്‍മയുമുണ്ട്. കിഡ്‌നി തകരാറിലായി, നിരന്തരമായ ഡയാലിസിസിന് വിധേയനായി ഉണ്ണിയേട്ടന്‍ ആകെ തളര്‍ന്നിരിക്കുന്ന സമയം. അപ്പോഴത്തെ അവസ്ഥയില്‍ അവനവന്റെ ജീവിതത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും വേറൊരാള്‍ക്ക് ആകുലപ്പെടാന്‍ കഴിയുമായിരുന്നില്ല. ഒരു ദിവസം ഉണ്ണിയേട്ടന്റെ ഫോണ്‍കോള്‍  ''സത്യാ, നമ്മുടെ ഫോട്ടോഗ്രാഫര്‍ ടോണിയ്ക്ക് സുഖമില്ല. അവന്റെ കിഡ്‌നി തകരാറിലാണ്. ഡയാലിസിസ് ചെയ്യാന്‍ പണമില്ല. ഒന്ന് സഹായിക്കൂ. എന്നാലാവുന്നത് ഞാന്‍ ചെയ്യുന്നുണ്ട്'' അസാധ്യമായ ഒരു മനുഷ്യത്വമായിരുന്നു അത്. ഒരു ഗ്രാമീണന്റെ ജീവകാരുണ്യപരമായ സ്പന്ദനങ്ങള്‍ താരമായിരിക്കുമ്പോഴും ഉണ്ണിയേട്ടന്‍ ഉപേക്ഷിച്ചില്ല. ഉയരുമ്പോള്‍ ഉപേക്ഷിക്കേണ്ടവയല്ല ജീവിതത്തിന്റെ സനാതനമൂല്യം എന്ന ബോധം ഉണ്ണിയേട്ടനുണ്ടായിരുന്നു. ക്യാമറമാന്‍ ടോണി മരണത്തിന് വേഗം തന്നെ പിടികൊടുത്തു.

ഉണ്ണിയേട്ടന്റെ അസുഖം ഒരു ഇടിത്തീപോലെയാണ് ഞങ്ങള്‍ അറിഞ്ഞത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വെച്ച് കിഡ്‌നിരോഗമാണെന്ന് കണ്ടുപിടിക്കുംവരെ ഉണ്ണിയേട്ടന്‍ വിശ്വസിച്ചിരുന്നത് പ്രഷര്‍ അല്‍പം കൂടി എന്നു മാത്രമായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായയുടനെ ഉണ്ണിയേട്ടന്‍ പറഞ്ഞു: ''സൗകര്യപ്പെടുമെങ്കില്‍ ഈ വഴിയൊന്നു വരണം. എന്തെങ്കിലും പുസ്തകങ്ങള്‍ കൈയില്‍ കരുതിക്കോളൂ.'' കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും ചുള്ളിക്കാടിന്റെ ചിദംബരസ്മരണയുമായി ഞാന്‍ ആശുപത്രിയില്‍ ചെന്നു. തീരെ അവശനായിരുന്നു ഉണ്ണിയേട്ടന്‍.

''കുഴപ്പമൊന്നൂല്യ. പ്രഷറ് കൂടിയതാണ്''
ചിരിയോടെ കട്ടിലില്‍ നിവര്‍ന്നിരിക്കാനുള്ള ശ്രമം വിഫലമായി. ഉണ്ണിയേട്ടനോട് കുറേ നാടന്‍ തമാശകള്‍ പറഞ്ഞു ചിരിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങി. രാത്രിയായപ്പോള്‍ ഉണ്ണിയേട്ടനെ ചികിത്സിക്കുന്ന ഡോ. ബാലഗോപാലന്റെ ഫോണ്‍:
''ബി.പി.യൊന്നുമല്ല. കിഡ്‌നിക്കെന്തൊക്കെയോ പ്രശ്‌നങ്ങള്‍.''

അതുവരെക്കുമുണ്ടായ ചിരി ദൈവം തിരിച്ചെടുക്കാന്‍ പോവുകയാണെന്ന ചിന്ത ആ രാത്രിയെ മാത്രമല്ല പിന്നീടുള്ള രാത്രികളെയും അശാന്തമാക്കി.

അച്ചുവിന്റെ അമ്മയുടെ സ്‌ക്രിപ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയം. ഉണ്ണിയേട്ടനെ കാണാന്‍ ഞാന്‍ അദ്ദേഹത്തിന്റെ ഗ്രാമമായ കേരളശ്ശേരിയിലേക്ക് ചെന്നു. ഒരു ഇരുട്ടുമുറിയില്‍ അദ്ദേഹം തനിച്ച് കിടക്കുകയായിരുന്നു. അപ്പോഴേക്കും ഡയാലിസിസ് തുടങ്ങിയിരുന്നു.
''ഇനിയെനിക്ക് സിനിമയില്‍ ആക്ടീവാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല'' വളരെ ദൈന്യതയോടെ ഉണ്ണിയേട്ടന്‍ പറഞ്ഞു.
''ഉണ്ണിയേട്ടന്‍ ഭയപ്പെടേണ്ട. ഡയാലിസിസ് തുടങ്ങിയിട്ടും എത്രയോ വര്‍ഷം ജീവിച്ചിരുന്ന ആളെ എനിക്കറിയാം. എല്ലാം ഭേദമായി ഉണ്ണിയേട്ടന്‍ എത്രയോ കാലം നമ്മോടൊപ്പമുണ്ടാവും.''

അച്ചുവിന്റെ അമ്മയില്‍ അബ്ദുള്ള എന്ന കഥാപാത്രത്തെ ഉണ്ണിയേട്ടന്‍ അവതരിപ്പിച്ചു. ആദ്യത്തെ ദിവസം ലൈറ്റ് മുഖത്തു തട്ടിയപ്പോള്‍ അല്‍പമൊന്ന് അവശനായി. പിന്നീടുള്ള ദിവസങ്ങളില്‍ ആ മുഖത്ത് ക്ഷീണത്തിന്റെ ചെറിയ കരുവാളിപ്പ്‌ പോലുമുണ്ടായിരുന്നില്ല. ഒരു ജീവനൗഷധിപോലെ അഭിനയം ആ ശരീരത്തില്‍ പ്രവര്‍ത്തിച്ചു. ഡയാലിസിസ് ചെയ്യുന്നതിനിടയില്‍ എണീറ്റുവന്ന ഒരാളാണ് അബ്ദുള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

'രസതന്ത്ര'ത്തിന്റെ ഷൂട്ടിങ്ങിനു വന്നപ്പോള്‍ ഉണ്ണിയേട്ടന്റെ ജീവിതം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണെന്ന് എനിക്ക് ബോധ്യമായി. മുഖത്തെ നീരും നിരന്തരമായ പനിയും ആ ശരീരത്തെ കൂടുതല്‍ തളര്‍ത്തിക്കൊണ്ടിരുന്നു. ശരീരത്തിന്റെ നീര് കണ്ടപ്പോള്‍ ഉണ്ണിയേട്ടന്‍ വിശ്വസിക്കാന്‍ ശ്രമിച്ചത്, തന്റെ തടിയല്പം മെച്ചപ്പെട്ടിട്ടുണ്ട് എന്നായിരുന്നു. ചെട്ട്യാര്‍ എന്ന വേഷമാണ് 'രസതന്ത്ര'ത്തില്‍ ചെയ്യേണ്ടത്. ആ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ നേരത്തെ പറയുകയും ചെയ്തിരുന്നു. പക്ഷേ, രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ആ വേഷം അവതരിപ്പിക്കാന്‍ ഉണ്ണിയേട്ടന് വിഷമമായിരിക്കുമെന്ന് എനിക്കു തോന്നി.

''ഒരു ഗസ്റ്റ്‌റോളില്‍ അഭിനയിക്കുന്നതല്ലേ ഈയവസ്ഥയില്‍ നല്ലത്. അടുത്ത സിനിമയില്‍ നല്ലൊരു...''
ഫോണില്‍ എന്നെ മുഴുമിക്കാന്‍ വിട്ടില്ല.

''വേണ്ട, വേണ്ട ഞാന്‍ ചെട്ട്യാരായിട്ട്തന്നെ അഭിനയിക്കും. ഞാന്‍ മുടിവെട്ടിയതും കടുക്കനിട്ടതും ഒരു കായസഞ്ചിപോലും സംഘടിപ്പിച്ചതും എന്തിനുവേണ്ടിയാ?''

മനസ്സ്‌കൊണ്ടും ഉണ്ണിയേട്ടന്‍ ചെട്ട്യാരായി മാറിയിരിക്കുന്നുവെന്ന് എനിക്ക് തീര്‍ച്ചയായി. വീല്‍ച്ചെയറിലാണ് ഉണ്ണിയേട്ടന്‍ ഡബ്ബിങ്ങിനു വന്നത്. ഉച്ചയ്ക്ക് ട്രിവാന്‍ഡ്രം ക്ലബ്ബിലെ മീന്‍കറിയോടൊപ്പം ചോറുണ്ണാനും തിരിച്ചു പോകുമ്പോള്‍ ഏതോ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കാനും ഉണ്ണിയേട്ടന്‍ ആഗ്രഹിച്ചു. ഭക്ഷണത്തിനൊക്കെ പ്രത്യേകം നിയന്ത്രണമുണ്ടായിരുന്നിട്ടും ഞങ്ങളാരും ഉണ്ണിയേട്ടന്റെ ആ ആഗ്രഹത്തിന് തടസ്സം നിന്നില്ല. ഉണ്ണിയേട്ടന്‍ ജീവിതത്തില്‍ നിന്ന് പോയിക്കൊണ്ടിരിക്കയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

'ഒടുവിലു'ണ്ടായിരുന്ന ഒരു സിനിമാകാലം ഗ്രാമ്യമായ ജീവിതത്തിന്റെ വേഷപ്പകര്‍ച്ചകളായി പ്രേക്ഷക മനസ്സിനു മുന്നിലുണ്ട്. 'മഴവില്‍ക്കാവടി'യിലെ കൊച്ചാപ്പു സജീവമായ ഒരു നാട്ടിന്‍പുറത്തുകാരനാണ്. കൊച്ചാപ്പുവിന് പല തൊഴിലുകളുണ്ട്. കൊച്ചാപ്പു 'ബ്രോക്കര്‍ കൊച്ചാപ്പു'വാണ്. അതേ സമയം 'ചെത്തുകാരന്‍ കൊച്ചാപ്പു'വും 'വെടിക്കാരന്‍ കൊച്ചാപ്പു'വുമാണ്. ഇങ്ങനെ ഒരുപാട് നാട്ടിന്‍പുറത്തുകാരുടെ ഒരു പ്രതീകമാണ് കൊച്ചാപ്പു. നമ്മുടെ നാട്ടിലൊക്കെ സ്ഥിരം കണ്ടുപരിചയമുള്ള ഒരു കഥാപാത്രം. ഒരു മുണ്ടും മാടിക്കുത്തി അമ്പലങ്ങളില്‍ വെടിക്കാരനാവുന്നതും ചെത്തുകാരനായി തെങ്ങില്‍ കയറുന്നതും അതാതു മേഖലകളില്‍ കുറേക്കാലമായി വ്യാപരിക്കുന്ന ഒരാളുടെ സ്വാഭാവികതയോടെയാണ്. അന്തിക്കാട്ടെ ഷണ്മുഖന്‍ എന്ന ചെത്തുകാരന്റെ പണിയായുധങ്ങളാണ് ആ സിനിമയിലുപയോഗിച്ചിരിക്കുന്നത്. ഷണ്മുഖന്‍ ചെത്തുകാരനാണെങ്കിലും വായിക്കാറുള്ളത് കലാകൗമുദിയും മാതൃഭൂമിയുമൊക്കെയാണ്. വലിയ വായനക്കാരന്‍.

'വരവേല്പ്' എന്ന സിനിമയില്‍ ഒരു റസ്റ്റോറന്റ് നടത്തുന്ന നാട്ടിന്‍പുറത്തുകാരനാണ് ഉണ്ണിയേട്ടന്‍. മോഹന്‍ലാലിന്റെ ഏട്ടന്‍, നാരായണന്‍ എന്ന കഥാപാത്രം. അയാളുടെ മുണ്ടുടുക്കുന്ന രീതിയും ബാഗും ടോര്‍ച്ചും കക്ഷത്തില്‍വെച്ചുള്ള നടപ്പും ഗ്രാമത്തില്‍ പലരിലും കാണുന്നത് അതേപടി പകര്‍ത്തുകയാണ്. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ വരുമ്പോഴും ടോര്‍ച്ചും ബാഗും കക്ഷത്തിലുണ്ടാവും. ശരീരത്തിന്റെ കൂടെത്തന്നെയുള്ള അവയവം പോലെയാണ് ടോര്‍ച്ചും ബാഗും. ഇതൊരു ഗ്രാമചിത്രമാണ്.

'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ സരസനായ അച്ചന്‍ ശുദ്ധനായ ഒരു നാട്ടിന്‍പുറത്തുകാരനാണ്. 'സന്ദേശ'ത്തിലെ അച്ചുവേട്ടന്‍ എന്ന കഥാപാത്രത്തില്‍ അഭിനയത്തിന്റെ വളരെ സൂക്ഷ്മമായ അംശങ്ങള്‍ കണ്ടെത്താം. അതിലൊരു സീനില്‍ മണ്ണ് പരിശോധിക്കാന്‍ വരുമ്പോള്‍ സിദ്ധിഖ് പറമ്പില്‍ വഴുതിവീഴുന്നു. അതുകണ്ട് മാതുവും ഉണ്ണിയേട്ടനും തിലകനും ചിരിക്കുന്നു. ചിരിച്ചതിന് സിദ്ധിഖ് മാതുവിനെ ശാസിക്കുമ്പോള്‍ 'ഒടുവില്‍' ചിരി മായ്ചുകളയുന്ന ഒരു രംഗമുണ്ട് വളരെ സൂക്ഷ്മമായ ഒരഭിനയമാണത്. കൈപ്പടം കൊണ്ടു മുഖം തുടച്ച് ചിരിയെ മായ്ച്ചു കളയുന്നു. തൊട്ടുമുന്നേ ആ മുഖത്ത് ചിരിയുണ്ടായിരുന്നു എന്നുപോലും ആ നിമിഷം തോന്നില്ല. അത്രയ്ക്കും സ്വാഭാവികമായ ഒരു ഭാവമാറ്റം.

'തലയണമന്ത്രം' എന്ന സിനിമയിലെ ഡാന്‍സ് ടീച്ചറുടെ വേഷം വളരെ തന്മയത്വത്തോടെയാണ് ഉണ്ണിയേട്ടന്‍ അഭിനയിച്ചത്. ആ വേഷമിട്ട് സെറ്റിലെത്തിയ ആദ്യ ദിവസം ഒരു ഷോട്ടുമെടുക്കാന്‍ ഉണ്ണിയേട്ടന്‍ സമ്മതിച്ചില്ല. 'ഡാന്‍സ് ടീച്ചര്‍ അത്രയ്ക്കങ്ങ് ഉള്ളില്‍ കയറിട്ടില്ല. നാളെ മതി'' ഉണ്ണിയേട്ടന്‍ പറഞ്ഞു. രാശിക്കു ദോഷം വരാതിരിക്കാന്‍, വേഷമിട്ടു വന്ന ദിവസം ഒരുഷോട്ടെങ്കിലും ചിത്രീകരിക്കണം എന്നൊരു വിശ്വാസം സെറ്റിലുണ്ട്. ഉണ്ണിയേട്ടന് അത്തരം വിശ്വാസങ്ങളൊന്നുമുണ്ടായിരുന്നില്ല. അടുത്ത ദിവസം ഉണ്ണിയേട്ടന്‍ സെറ്റിലെത്തിയപ്പോള്‍ ഭാവം കൊണ്ടും ചലനം കൊണ്ടും ശരിയായ ഒരു ഡാന്‍സ് ടീച്ചറായി മാറിക്കഴിഞ്ഞിരുന്നു. ഹരിഹരന്റെ 'സര്‍ഗം' എന്ന ചിത്രത്തില്‍ ഒരു മൂളല്‍കൊണ്ടുമാത്രം ഈ നടന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. 'നിഴല്‍ക്കുത്ത്' എന്ന സിനിമയില്‍ ഭാര്യ കുളിപ്പിക്കുമ്പോള്‍ ആരാച്ചാരുടെ ശരീരഭാഷയിലുണ്ടാക്കുന്ന വിറയല്‍ സൂക്ഷ്മാഭിനയത്തിനു ഉദാഹരണമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടനു നല്‍കിയ സ്വാതന്ത്ര്യമാണ് ആ സിനിമയിലെ ആരാച്ചാര്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. അടൂരുമായും ഗായകന്‍ ജയചന്ദ്രനുമായും ഒരാത്മബന്ധം ഉണ്ണിയേട്ടനുണ്ടായിരുന്നു. ജീവിതം ജീവിക്കാന്‍വേണ്ടിത്തന്നെ തിരഞ്ഞെടുത്ത ഒരു നാട്ടിന്‍പുറത്തുകാരനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന ഉണ്ണിയേട്ടന്‍. ഭരതന്റെ 'ചെണ്ട' എന്ന സിനിമയിലെ ഒരൊറ്റരംഗം മാത്രം മതി ആ നടനെ എന്നേയ്ക്കുമായി ഓര്‍ക്കാന്‍. ആര്‍ക്കോ വഴി പറഞ്ഞുകൊടുക്കുന്ന ഒരു വഴിപോക്കന്‍.

ഒരു വഴിപോക്കനായിരുന്നു അവസാനം വരെയും ഉണ്ണിയേട്ടന്‍ . ഓര്‍മകളെ ഭൂമിയില്‍ മേയാന്‍ വിട്ട ഒരു യാത്രികന്‍. മനസ്സിന്റെ മഹത്ത്വമാണ് മനുഷ്യന്റെ മഹത്ത്വം എന്നോര്‍മിപ്പിച്ചുകൊണ്ടിരുന്ന ഒരാള്‍...

(മാതൃഭൂമി പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

PRINT
EMAIL
COMMENT
Next Story

സംഘട്ടനരംഗങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ ജയൻ കൊടുത്ത ആ ഉപദേശമാണ് ഇപ്പോഴും മോഹന്‍ലാലിന്റെ മനസ്സില്‍

ആക്ഷന്‍ ഹീറോ പട്ടം മോഹന്‍ലാലിന് മുന്‍പേ മലയാളം ചാര്‍ത്തിക്കൊടുത്തത് .. 

Read More
 

Related Articles

'17 വർഷം മുന്നേ ജൂലൈ നാലിനാണ്‌ 'സിഐഡി മൂസ'യും ജോണി ആന്റണി എന്ന സംവിധായകനും പിറവി കൊണ്ടത്'
Movies |
Movies |
ഒടുവിൽ ഇലയിലേ ഉണ്ണൂ, അതിൽ നിന്ന് ഒരുപിടി നമുക്കും വാരിക്കഴിക്കാൻ തോന്നും
Movies |
'മരണ വാർത്ത'യ്ക്ക് പതിനായിരം രൂപ കൊടുക്കേണ്ടി വന്ന ചാക്കോച്ചൻ, സഹായത്തിന് നന്ദി പറഞ്ഞ ഒടുവിലും
Movies |
'ആ ഡയമൻഷനിലുള്ള ഒടുവിലിൻ്റെ കാഴ്ച വല്ലാത്തൊരു കഴിവാണ്'
 
  • Tags :
    • Oduvil Unnikrishnan
    • Mohanlal and Oduvil Unnikrishnan
    • Oduvil Unnikrishnan memorial
    • Oduvil Unnikrishnan songs
    • oduvil orormmathettupole
    • oduvil unnikrishnan sathyan anthikkad
More from this section
mohanlal and jayan
സംഘട്ടനരംഗങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ ജയൻ കൊടുത്ത ആ ഉപദേശമാണ് ഇപ്പോഴും മോഹന്‍ലാലിന്റെ മനസ്സില്‍
jayan and thyagarajan
ജയന്‍ അന്ന് പറഞ്ഞു: 'നാളെ സന്ധ്യയ്ക്ക് മുന്‍പേ ഞാന്‍ വരും; ഇല്ലെങ്കില്‍ എന്റെ ബോഡി എത്തും'
jayan and madhu
മധു ഓർക്കുന്നു: അന്ന് ജയന്റേത് ഒരു വെറും ചാൻസ് ചോദിച്ചുള്ള വരവായിരുന്നില്ല
johson
തോളില്‍ തട്ടി അന്ന് ജോണ്‍സണ്‍ പറഞ്ഞു: ഗോപിച്ചേട്ടന് ഒരു ഹിറ്റ് കൂടി ഉറപ്പ്
sukumaran
സുകുമാരന്റെ നടക്കാതെ പോയ മോഹം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.