''പലരും അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എനിക്ക് നല്ല ഉറപ്പുണ്ട്. ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോകുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്'' -ലോഹിതദാസ്

രണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് 'മാതൃഭൂമി'യുമായുള്ള ഒരു അഭിമുഖത്തില്‍ ലോഹിതദാസ് പറഞ്ഞ വാക്കുകളാണിത്. ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമക്ക് ഏഴ് വയസ്സാവുകയാണ്. 2009 ജൂണ്‍ 29 നാണ് ലോഹിതദാസ് ഒട്ടേറെ കഥാപാത്രങ്ങളെ ബാക്കിയാക്കി കടന്നുപോയത്. ലോഹിതദാസ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത് വെറും 20 വര്‍ഷമാണ്. അതില്‍ തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍ സജീവമായിരുന്നത് 12 വര്‍ഷം മാത്രം. എന്നിട്ടും ആ എഴുത്തുകാരന്‍ മലയാള സിനിമയുടെ ഭാവി നിര്‍ണയിച്ചു. തിയേറ്ററുകളില്‍ ആളു കൂടണമെങ്കില്‍ ലോഹി എഴുതണം എന്ന അവസ്ഥയായിരുന്നു ആ കാലത്ത്. പുതുമുഖ നടന്‍മാര്‍ ലോഹിയുടെ ചിത്രങ്ങള്‍ നല്ല രാശിയായി കരുതി. ലോഹിയുടെ അനുഗ്രഹം വാങ്ങി ചായമിട്ടവരെല്ലാം വലിയ ഹീറോകളായി. ടൈപ്പുകളില്‍ കുടുങ്ങിക്കിടന്ന ഹീറോകളാവട്ടെ വലിയ നടന്മാരായി പേരെടുത്തു. പലരും മഹാനടന്‍മാരായി അറിയപ്പെട്ടു. എണ്ണമറ്റ പുരസ്‌കാരങ്ങള്‍ അവര്‍ വാരിക്കൂട്ടി. പക്ഷെ ലോഹിയുടെ ജീവിതമാവട്ടെ ഒടുവില്‍ ഒറ്റപ്പെട്ട് കടക്കെണിയുടെ ദുരിതത്തിലാണ് ചെന്നെത്തിയത്. തന്റെ കഥകളിലെ ഒരു നായകന്റെ അന്ത്യം പോലെ അവസാനിച്ചു ലോഹിതദാസ്.

എം.ടി.യും പത്മരാജനും ജോണ്‍പോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനില്‍ക്കുന്ന കാലത്താണ് നാടക അണിയറയില്‍ നിന്ന് ലോഹിതദാസ് സിനിമയിലേക്ക് കടന്നുവന്നത്. ഏറെ കൊതിച്ചിരുന്നു ലോഹി ഒരു തിരക്കഥ എഴുതാന്‍. പല തവണ അവസരം അടുത്തെത്തി. പക്ഷെ നിര്‍ഭാഗ്യങ്ങള്‍ അകറ്റി. 1987 ല്‍ 'തനിയാവര്‍ത്തന'ത്തിലൂടെ ലോഹിയുടെ ആദ്യ തിരക്കഥ സിനിമയായി.
''എല്ലാരും പറയ്യ്യാ മാഷേ.. മാഷ്‌ക്ക് ഭ്രാന്താന്ന്'' ക്ലാസ്സ് റൂമില്‍ വെച്ച് ഒരു പെണ്‍കുട്ടി ബാലന്‍മാഷോട് ഇങ്ങനെ ചോദിക്കുമ്പോള്‍ കാണികള്‍ നെഞ്ചുരുകി വീര്‍പ്പടക്കിയാണ് ആ രംഗം കണ്ടത്. തറവാട്ടിലെ ഭ്രാന്തിന്റെ പാരമ്പര്യത്തിലേക്ക് ഒരു കണ്ണി കൂടി ചേരുകയായിരുന്നു അവിടെ. മലയാള സിനിമ പുതിയ ഊര്‍ജം നേടുകയായിരുന്നു  ലോഹിയുടെ ആ ചിത്രത്തിലൂടെ. സിനിമക്കു വേണ്ടി ജനിച്ചവനെ സിനിമാലോകം തിരിച്ചറിഞ്ഞ പോലെ. പൈങ്കിളി സിനിമകളില്‍ നിരന്തരമായി അഭിനയിച്ച് താരപദവി പോലും ചോദ്യം ചെയ്യപ്പെട്ട സമയത്ത് മമ്മൂട്ടി എന്ന നടന്‍ വീണ്ടും ഉയരങ്ങളിലേക്ക് കുതിച്ചത് 'തനിയവര്‍ത്തന'ത്തിലൂടെയാണ്.

ലോഹിയുടെ തിരക്കഥകള്‍ക്ക് പ്രേക്ഷകര്‍ കാത്തുനില്‍ക്കുന്നതാണ് പിന്നീട് കണ്ടത്. ഹീറോ എന്ന വാക്കിന് അതുവരെ നമ്മുടെ സിനിമ കണ്ട അര്‍ഥങ്ങള്‍ പൊളിച്ചെഴുതി ലോഹിതദാസ്. വിധിയുടെ ക്രൂരവിനോദത്തിനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന നായകന്മാര്‍ ലോഹിയുടെ തിരക്കഥകളില്‍ പിറന്നു. മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍ (മമ്മൂട്ടി), ദശരഥത്തിലെ രാജീവ്‌മേനോന്‍, കിരീടത്തിലെ സേതുമാധവന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള (മോഹന്‍ലാല്‍)-നായകകഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ താരസിംഹാസനങ്ങള്‍ ഉറപ്പിച്ചു.  വെറും താരങ്ങള്‍ മാത്രമല്ല, നല്ല നടന്മാര്‍ കൂടിയാണ് ഇവരെന്ന് വാഴ്ത്തപ്പെടാനും ഈ ചിത്രങ്ങള്‍ സഹായിച്ചു. മലയാള സിനിമയുടെ പുഷ്‌കലമായ ആ കാലത്ത് എഴുത്തുകാരന്റെ രാജസിംഹാസനത്തിലിരുന്നു ലോഹിതദാസ്.

എഴുതാപ്പുറങ്ങള്‍, ആധാരം, മുക്തി, സസ്‌നേഹം, കുടുംബപുരാണം, മാലയോഗം, മുദ്ര, ജാതകം, ധനം, കമലദളം, കൗരവര്‍, ചെങ്കോല്‍, തൂവല്‍ക്കൊട്ടാരം, സല്ലാപം.... ലോഹിക്ക് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എഴുതുന്നതെല്ലാം ഹിറ്റായി മാറി. നല്ല സിനിമ സൃഷ്ടിക്കാനുള്ള മാന്ത്രികദണ്ഡ് കയ്യിലുള്ളവനെ പോലെയായി നിര്‍മാതാക്കള്‍ക്ക് ലോഹിതദാസ്. ലോഹിയുടെ തിരക്കഥക്ക് അവര്‍ കാത്തുനിന്നു എത്ര പണം കൊടുക്കാനും തയ്യാറായി. കഥയുടെ അക്ഷയഖനിയുമായി ലോഹി എഴുതിക്കൊണ്ടിരുന്നു. പക്ഷെ മസാലക്കൂട്ടുകൊണ്ട് സൂത്രത്തിലൂടെ വിജയം നേടിയതല്ല ലോഹിയുടെ സിനിമകള്‍. കാമ്പുള്ള കഥകള്‍, നീറിപ്പിടിച്ച് മുന്നേറുന്ന കഥാസന്ദര്‍ഭങ്ങള്‍. വികാരതീവ്രമായ മുഹൂര്‍ത്തങ്ങള്‍, നമ്മുടെ പരിസരങ്ങളില്‍ കണ്ട കഥാപാത്രങ്ങള്‍, പരിചിതമായ സംഭാഷണങ്ങള്‍- ലോഹിയുടെ രചനയ്ക്ക് അവകാശപ്പെട്ടതാണ് ഇതെല്ലാം. വികാരതീവ്രമായ മുഹൂര്‍ത്തം എഴുതുന്ന അതേ മികവില്‍ ഹാസ്യരംഗംപോലും ലോഹി എഴുതി ഫലിപ്പിച്ചു. വെറുതെ ചിരിച്ചുതള്ളാവുന്ന ഹാസ്യമല്ല ലോഹി എഴുതിയത്. സല്ലാപത്തിലെ ആശാരിപ്പണിക്കാരെ ലോഹി ചിത്രീകരിച്ചപ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചു. പക്ഷെ നമ്മള്‍ കണ്ടിട്ടുള്ള ആശാരിമാരെല്ലാം ഇങ്ങനെയാണെന്ന് പിടികിട്ടുമ്പോഴാണ് ചിരി വ്യത്യസ്തമാവുന്നത്. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിച്ചത് സാഹിത്യഭാഷയിലല്ല, നമ്മള്‍ കേട്ടു പരിചയമുള്ള ഭാഷയിലാണ്.

അന്നേവരെ പടിക്കു പുറത്തു നിര്‍ത്തിയ പല ജനവിഭാഗങ്ങളെയും (ബഹിഷ്‌കൃതര്‍) മലയാളസിനിമക്കകത്തേക്ക് കൊണ്ടുവന്നത് ലോഹിതദാസാണ്. ദുര്‍ഗുണപരിഹാരപാഠശാലയിലെ കുട്ടികള്‍ (മുദ്ര), അപരിഷ്‌കൃതനായ വേട്ടക്കാരന്‍ ( മൃഗയ), കടലിനോട് മല്ലിട്ട് ജീവിക്കുന്ന മുക്കുവര്‍ (അമരം), മൂശാരിമാര്‍ (വെങ്കലം), ആശാരിമാര്‍ (സല്ലാപം), അലക്കുകാര്‍ (വീണ്ടും ചില വീട്ടുകാര്യങ്ങള്‍), സര്‍ക്കസ് കോമാളികള്‍ (ജോക്കര്‍), വേശ്യകള്‍ (സൂത്രധാരന്‍)- അവര്‍ക്കെല്ലാം ലോഹി ഇടംകൊടുത്തു.

വള്ളുവനാടന്‍ ഗ്രാമങ്ങളോടും ആ ഗ്രാമത്തിലെ ജീവിതത്തോടും വല്ലാത്തൊരു അഭിനിവേശവുമുണ്ടായിരുന്നു ലോഹിതദാസിന്. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. സല്ലാപത്തിലും വാത്സല്യത്തിലും തൂവല്‍ക്കൊട്ടാരത്തിലും അരയന്നങ്ങളുടെ വീടിലുമെല്ലാം വള്ളുവനാടിന്റെ ഗ്രാമീണജീവിതമാണ് ഉള്ളത്. എം.ടി.യുടെ പിന്തുടര്‍ച്ചക്കാരനായിരുന്നു ഇക്കാര്യത്തില്‍ ലോഹിതദാസ്. പക്ഷെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ലോഹിതദാസ് എം.ടി.യില്‍ നിന്ന് വ്യക്തമായ അകലം പാലിച്ചു. നീണ്ടുകിടക്കുന്ന തീവണ്ടിപ്പാളവും പരന്നുകിടക്കുന്ന നെല്‍പ്പാടവും ഫുള്‍പാവാടയിട്ട പെണ്‍കുട്ടിയും പനയും ചെത്തുകാരും ഷാപ്പും അമ്പലവും അമ്പലക്കമ്മിറ്റിക്കാരും എല്ലാം നിറഞ്ഞ 'സല്ലാപം' ലോഹിയുടെ മനസ്സിലെ വള്ളുവനാടിന്റെ പൂര്‍ണതയാണ്.ഓരോ മനുഷ്യനും ഓരോ സ്വഭാവമുണ്ട്. ഏതു സ്വഭാവക്കാരനും ഓരോ പെരുമാറ്റശൈലിയുമുണ്ട്. ദൗര്‍ബല്യങ്ങളാവട്ടെ അവന്റെ കൂടെപ്പിറപ്പാണ്. മനുഷ്യര്‍ക്കിടയിലെ ഈ അടിസ്ഥാനവ്യത്യസ്തതകള്‍ മലയാള സിനിമ ഏറ്റവുമധികം കണ്ടത് ലോഹിയുടെ സിനിമകളില്‍ നിന്നാണ്. ആധാരത്തില്‍ ചെറിയ കഥാപാത്രത്തെയാണ് അബൂബക്കര്‍ എന്ന നടന്‍ അവതരിപ്പിച്ചത്. ''പരദൂഷണം പറയുക എന്ന ശീലം എനിക്കില്ല'' എന്നു പറഞ്ഞാണ് അയാള്‍ പരദൂഷണം തുടങ്ങുക. വലിയ തറവാട്ടുകാരോട് സംസാരിക്കുമ്പോള്‍ 'നമ്മള്‍ തറവാടികള്‍' എന്ന് സംയുക്തമായി സംബോധന ചെയ്യും അയാള്‍. ഈ കഥാപാത്രത്തെ നമ്മള്‍ ഓര്‍ക്കുന്നത് അവരുടെ സ്വഭാവസവിശേഷത കൊണ്ടാണ്. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ പപ്പു അവതരിപ്പിക്കുന്ന വര്‍ക് ഷാപ്പുകാരന്‍ കുഞ്ഞിരാമനാശാന്‍. ഒന്നോ രണ്ടോ സീനിലേ എത്തുന്നുള്ളൂ ഇയാള്‍. ജയറാമിനെ ശകാരിക്കുന്ന രംഗത്ത് പപ്പു പറയുന്നു- ''തന്തേം തള്ളേം നയിച്ചുണ്ടാക്കീത് തിന്നിട്ട് എല്ലിന്റള്ളില്‍ കുത്ത്യപ്പോ.... ഓന്റൊരവസ്ഥ. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കൂലടോ''. എന്നാണ്. ഇതിലൂടെ ആ കഥാപാത്രത്തിന്റെ ജീവിതവീക്ഷണം നമ്മള്‍ മനസ്സിലാക്കുന്നു. സല്ലാപത്തിലെ ഒടുവിലിന്റെ കഥാപാത്രം അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. 'പെണ്ണുങ്ങളെവിടെയുണ്ടോ അവിടെയുണ്ടാവും നമ്മുടെ പ്രസിഡന്റ്‌ എന്ന് ഇയാളെ കുറിച്ച് മറ്റൊരു കഥാപാത്രം പറയുന്നതില്‍ നിന്നു തന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവം പിടികിട്ടും.

ഒടുവില്‍ അവതരിപ്പിച്ച മാലയോഗത്തിലെ കലികാലം പരമു നായര്‍ ചായക്കടക്കാരനാണെങ്കിലും വേദാന്തിയാണ്. കിരീടത്തിലെ ജഗതിയുടെ കഥാപാത്രം ഏതു ജോലിക്കു പോയാലും അവിടെ നില്‍പ്പുറക്കാത്തയാളാണ്. വിദ്യാഭ്യാസം തീരെ കുറവാണെങ്കിലും 'ആ ജോലിയൊന്നും നമുക്കു പറ്റിയതല്ലെ'ന്ന് കരുതുന്ന ഉഴപ്പനാണ് അയാള്‍. ഏതു ചെറിയ കഥാപാത്രവും ലോഹി എഴുതുമ്പോള്‍ അതിന് എന്നെന്നും ഓര്‍മിക്കപ്പെടുന്ന വ്യക്തിത്വമുണ്ടാവുന്നു എന്നതിന് നിരത്താന്‍ ഇനിയും ഉദാഹരണങ്ങള്‍ ഏറെയുണ്ട്.

സമൂഹത്തിലെ ചില ജനവിഭാഗങ്ങളെ ലോഹി സൂക്ഷ്മമായി കാണാന്‍ ശ്രമിച്ചിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അലക്കുകാരുടെ വീട്ടിലെ വഴക്കും ബഹളവും വെങ്കലത്തില്‍ മൂശാരിമാരുടെ വീട്ടില്‍ പെണ്ണുങ്ങള്‍ പുറം തിരിഞ്ഞിരുന്നത് സംസാരിക്കുന്നതുമെല്ലാം ആ ജനവിഭാഗത്തെ സൂക്ഷ്മമായി കണ്ട ഒരാള്‍ക്കേ ഇത്ര മനോഹരമായി ഫലിപ്പിക്കാന്‍ കഴിയൂ.
സിനിമക്ക് വേണ്ടി ജീവിച്ചയാള്‍ ആയിരുന്നില്ല ലോഹിതദാസ്. സിനിമക്കു വേണ്ടി ജനിച്ചയാളായിരുന്നു.

 

സിനിമയുടെ എഴുത്തുകാരനായി തിളങ്ങി നില്‍ക്കുമ്പോഴാണ് ലോഹിതദാസ് സംവിധായകനായത് 1997 ല്‍ പുറത്തുവന്ന ഭൂതക്കണ്ണാടിയിലൂടെയാണ്. ആദ്യചിത്രം ഭേദപ്പെട്ട അഭിപ്രായവും പുരസ്‌കാരങ്ങളും വാങ്ങിക്കൂട്ടി. മകളെ കുറിച്ചോര്‍ത്ത് ആധിയോടെ കഴിയുന്ന ഒരു വാച്ചുമെക്കാനിക്കിനെയാണ് ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസ് കാണിച്ചുതന്നത്. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഈ ചിത്രങ്ങളില്‍ പലതും ഭേദപ്പെട്ട കളക്ഷന്‍ നേടിയെങ്കിലും നല്ല തിരക്കഥാകൃത്തായിരുന്ന ലോഹിതദാസിന് അത്രയും പേരെടുക്കാന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ കഴിഞ്ഞില്ല. ലോഹിയുടെ പ്രതിഭ അതിന്റെ മാറ്റ് നേരത്തെ തിരക്കഥയില്‍ തെളിയിച്ചതായിരിക്കാം കാരണം, അല്ലെങ്കില്‍ ആ തിരക്കഥകള്‍ മറ്റൊരാള്‍ സിനിമയാക്കുന്നതാവണം പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരിക്കുക.

ലോഹിയുടെ സംവിധാനത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ വന്നു. സിനിമ മോശമായതുകൊണ്ടല്ല, തിരക്കഥാ രചനയാണ് ലോഹിക്ക് നല്ലത് എന്നതായിരുന്നു വിമര്‍ശനത്തിനു പിന്നില്‍. സ്വന്തമായി സംവിധാനം ആരംഭിച്ച ശേഷം സത്യന്‍ അന്തിക്കാടിനു വേണ്ടി 1999 ല്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. പിന്നീട് പത്തുവര്‍ഷം മറ്റാര്‍ക്കും വേണ്ടി എഴുതിയിട്ടില്ല. 2007 ല്‍ പുറത്തിറങ്ങിയ നിവേദ്യമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഇതിനിടെ സാമ്പത്തിക ബാധ്യതകള്‍ വന്നുതുടങ്ങിയിരുന്നു. കസ്തൂരിമാന്‍ തമിഴിലെടുത്തതോടെ ബാധ്യത കുന്നുകൂടി. കടം പെരുകിപ്പെരുകിവന്നു. എന്നാല്‍, വീണ്ടും തിരക്കഥാരംഗത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ലോഹിതദാസ്. തന്റെ രചനയില്‍ നിന്ന് ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള സിബി മലയിലുമായി ചേര്‍ന്ന് ഒരു ചിത്രത്തിന്റെ ആലോചനകളിലാണെന്ന് അവസാനകാലത്ത് പറയുകയും ചെയ്തു. പക്ഷെ, തന്റെ നായകന്മാരെ പോലെ സ്വപ്നങ്ങളുടെ മൂര്‍ധന്യത്തില്‍ തേടിയെത്തുന്ന ദുരന്തം ലോഹിയെയും പിടികൂടി. നിര്‍ദയം പെരുമാറിയ വിധിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ആ കഥാകാരന്‍ വിടവാങ്ങി.

മലയാള സിനിമക്ക് ജനകീയത നഷ്ടമാവുന്നു എന്ന ആശങ്കകള്‍ സിനിമാപ്രവര്‍ത്തകര്‍ പോലും സമ്മതിക്കുന്നു. കഥയില്ലായ്മയും പ്രതിഭാ ദാരിദ്ര്യവും അല്‍പ്പന്‍മാരുടെ വിളയാട്ടവും സിനിമയെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കുമ്പോള്‍ ലോഹിതദാസിനെയും പത്മരാജനെയും പോലെ പ്രതിഭകളെ ഓര്‍ക്കാതെവയ്യ.