പൂര്‍വസുന്ദരമായ കൂട്ടായ്മയുടെ 'സുഗന്ധം' നീലക്കുയിലിലെ ഗാനങ്ങളില്‍ നമ്മള്‍ അനുഭവിച്ചു.ശൂന്യതയില്‍നിന്ന് സൃഷ്ടിച്ച ഈണങ്ങളായിരുന്നു അവയെല്ലാമെന്ന് മാസ്റ്റര്‍ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല

''ഒരു പാട്ടുണ്ടാക്കാന്‍ എത്ര നേരമെടുക്കും മാഷ്?'' രാഘവന്‍ മാസ്റ്ററോടാണ് ചോദ്യം. മറുപടിയായി മാസ്റ്റര്‍ ഒരു കഥ പറഞ്ഞു. 'കുരുക്ഷേത്ര'ത്തിന്റെ ഗാനസൃഷ്ടിക്കായി മദ്രാസില്‍ ചെന്ന സമയം. പോകേണ്ട എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. ലീവില്ല. സിനിമാക്കാരാണെങ്കില്‍ മറ്റുള്ളവരുടെ സമയത്തിന് തരിമ്പു പോലും വിലകല്പിക്കാത്തവരും. ചെന്നൈയില്‍ത്തന്നെയുള്ള മറ്റേതെങ്കിലും സംഗീതസംവിധായകനെ പരീക്ഷിച്ചുകൂടേ എന്നു ചോദിച്ച് ഒഴിഞ്ഞുമാറാന്‍ നോക്കി ആദ്യം. പക്ഷേ, ഭാസ്‌കരന്‍ മാഷുണ്ടോ വഴങ്ങുന്നു. ഗത്യന്തരമില്ലാതെ ഒരു നിബന്ധന വെച്ചു രാഘവന്‍ ഒറ്റ ദിവസം കൊണ്ട് പാട്ടുണ്ടാക്കി മടങ്ങിപ്പോകാന്‍ അനുവദിക്കണം. ഇല്ലെങ്കില്‍ ആകാശവാണിയിലെ ജോലി പോകും. ഭാസ്‌കരന് പൂര്‍ണസമ്മതം.

ചെന്നപ്പോള്‍ വാസു സ്റ്റുഡിയോയില്‍ അക്ഷമനായി കാത്തിരിക്കുകയാണ് ഭാസ്‌കരന്‍. ഗാനസന്ദര്‍ഭം പെട്ടെന്നു വിവരിച്ച ശേഷം ''അഞ്ചു മിനിറ്റ് ഇരിക്കൂ'' എന്നു പറഞ്ഞ് അകത്തുപോയ കവി തിരിച്ചുവന്നത് ഒരു കടലാസുമായാണ്; തിടുക്കത്തില്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ഗാനത്തിന്റെ വരികളുമായി. ഒരു നിമിഷം പോലും പാഴാക്കാതെ രാഘവന്‍ തിരികെ കാറില്‍ തന്റെ വാടകമുറിയിലേക്ക് കുതിക്കുന്നു. ശോഭനാ പരമേശ്വരന്‍ നായരുമുണ്ട് ഒപ്പം. ഓടുന്ന കാറില്‍ അദ്ദേഹം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല മാസ്റ്റര്‍. ചിന്ത മുഴുവന്‍എത്രയും വേഗം പാട്ടുണ്ടാക്കിക്കൊടുത്ത് നാട്ടിലേക്ക് വണ്ടികയറുന്നതിനെക്കുറിച്ചു മാത്രം. കീശയില്‍നിന്ന് ഭാസ്‌കരന്റെ വരികളെടുത്തു വായിച്ചുനോക്കി. കൊള്ളാം, നാട്ടിന്‍പുറത്തിന്റെ ശാലീനത തുളുമ്പുന്ന പ്രണയഗാനം. പല്ലവിയിലൂടെ കണ്ണോടിച്ചപ്പോള്‍ ഉപബോധമനസ്സില്‍ ഒരു ഈണം ഉരുത്തിരിഞ്ഞുവന്നു. പക്ഷേ, ചിട്ടപ്പെടുത്തിവെക്കാന്‍ ഹാര്‍മോണിയമില്ല. കാറിന്റെ ഡാഷ് ബോര്‍ഡാണ് ആകെയുള്ള ആശ്രയം. പാഴാക്കാന്‍ സമയമില്ലാത്തതുകൊണ്ട് ഡാഷ് ബോര്‍ഡില്‍ താളമിട്ട് നിശ്ശബ്ദമായി ആ ഈണം മൂളി നോക്കി. പിന്നിലേക്ക് കണ്ണഞ്ചിക്കുന്ന വേഗത്തില്‍ ഓടിമറയുന്ന നഗരചിത്രങ്ങളൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല അപ്പോള്‍ മാസ്റ്റര്‍; ചുറ്റുമുള്ള ശബ്ദഘോഷവും. അര മണിക്കൂറിനകം ഈണം തയ്യാര്‍!

ലക്ഷ്മിബായ് തെരുവിലെ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി ഇറങ്ങാനൊരുങ്ങിയ പരമേശ്വരന്‍ നായരോട് രാഘവന്‍ മാസ്റ്റര്‍ ചോദിച്ചു. പാട്ടു കേള്‍ക്കണ്ടേ? സ്തബ്ധനായി നിന്ന സുഹൃത്തിന്റെ മുഖം നോക്കി ഒരു ചെറുപുഞ്ചിരിയോടെ, താന്‍ ചിട്ടപ്പെടുത്തിയ ഗാനം പൂര്‍ണമായി മൂളിക്കൊടുക്കുന്നു രാഘവന്‍. പരമേശ്വരന്‍ നായരുടെ മുഖം വിടര്‍ന്നു ''മതി മാഷേ... ഗംഭീരം!'' ജയചന്ദ്രന്റെ ഭാവമാധുര്യമാര്‍ന്ന ശബ്ദത്തില്‍ പിറ്റേന്ന് റെക്കോഡ് ചെയ്ത ആ ഗാനം മലയാളസിനിമയില്‍ കേട്ട മധുരോദാരമായ പ്രണയഗീതങ്ങളില്‍ ഒന്നായി നിലനില്‍ക്കുന്നു ഇന്നും: ''പൂര്‍ണേന്ദുമുഖിയോടമ്പലത്തില്‍വെച്ചു പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു...''

ഇതൊരു രീതി. മറിച്ചുള്ള അനുഭവങ്ങളും അപൂര്‍വമല്ല രാഘവന്റെ സംഗീതജീവിതത്തില്‍. ''ആകാശവാണിയില്‍നിന്നു ലഭിച്ചതാണ് വേഗത്തില്‍ പാട്ടുണ്ടാക്കാനുള്ള പരിശീലനം. ജോലിയുടെ ഭാഗമായി ക്ലിപ്തസമയത്തിനുള്ളില്‍ ഗാനസൃഷ്ടി നടത്തേണ്ടിവരുമ്പോള്‍ വേറെ നിവൃത്തിയില്ലല്ലോ. വരികള്‍ സംഗീതാത്മകമല്ലാതെവരുമ്പോഴാണ് നമ്മള്‍ വലയുക. ഭാസ്‌കരനും തമ്പിയും ഒ.എന്‍.വി.യുമൊക്കെ എഴുതിത്തരുന്ന വരികളുടെ ഒരു കോമപോലും മാറ്റേണ്ടിവരാറില്ല. ആദ്യകാലത്ത് വയലാര്‍ ഇക്കാര്യത്തില്‍ കുറച്ചു പിന്നിലായിരുന്നെങ്കിലും പതുക്കെ അദ്ദേഹവും സാഹചര്യങ്ങളോട് ഇണങ്ങിച്ചേര്‍ന്നു'' വയലാറിന്റെ ആദ്യചിത്രമായ 'കൂടപ്പിറപ്പി'ല്‍ ''തുമ്പീ തുമ്പീ വാവാ'' (ശാന്ത പി. നായര്‍), ''പാത്തുമ്മാ ബീബീടെ'' (രാഘവനും സംഘവും) തുടങ്ങിയ ഗാനങ്ങള്‍ സ്വരപ്പെടുത്തിയ മാസ്റ്റര്‍ പറഞ്ഞു.

നീലക്കുയിലിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ആഴ്ചകളെടുത്താണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് അതൊരു വെല്ലുവിളിയായിരുന്നല്ലോ. ആലുവയില്‍ ഒരു വീടെടുത്ത് ആഘോഷപൂര്‍വമാണ് കമ്പോസിങ്. രാമു കാര്യാട്ടും ഭാസ്‌കരനും സിറ്റുവേഷന്‍ വിവരിച്ചുതരും. ഭാസ്‌കരന്‍ പാട്ടെഴുതും. രാഘവന്‍മാഷുടെ ഹാര്‍മോണിയത്തില്‍ ഈണങ്ങള്‍ മാറിമാറി വരും. രാമുവിനിഷ്ടപ്പെട്ടാല്‍ ഭാസ്‌കരനു പിടിക്കില്ല; ഭാസ്‌കരനിഷ്ടപ്പെട്ടാല്‍ രാമുവിനും. ഇരുവരും ഓക്കേ ചെയ്താല്‍ അടുത്ത മുറുമുറുപ്പ് ശോഭനാ പരമേശ്വരന്‍ നായരുടെ വകയായിരിക്കും! ''എങ്കിലും മറക്കാനാവാത്ത അനുഭവമായിരുന്നു ആ ഗാനങ്ങളുടെ സൃഷ്ടി. ഇരുന്നു മടുത്താല്‍ ഞങ്ങളെല്ലാവരുംകൂടി ആലുവാപ്പുഴയില്‍ കുളിക്കാന്‍ പോകും. കരയ്ക്കിരുന്നു സോപ്പു തേക്കുമ്പോഴാകും ഭാസ്‌കരന് കവിത വരുന്നത്. ഒന്നുരണ്ടു തവണ മുങ്ങാംകുഴിയിട്ട് തിരിച്ചുവരുമ്പോഴേക്കും ഞാനതിനൊരീണം കണ്ടെത്തിയിട്ടുണ്ടാകും. പിന്നെയെല്ലാവരും കൂടി ഒരുമിച്ചുള്ള സംഗീതസദിരാണ്. മറ്റൊരു സിനിമയ്ക്കു വേണ്ടിയും അത്രയും ആസ്വദിച്ചു പാട്ടു ചെയ്തിട്ടില്ല.''

അപൂര്‍വസുന്ദരമായ ആ കൂട്ടായ്മയുടെ 'സുഗന്ധം' നീലക്കുയിലിലെ ഗാനങ്ങളില്‍ നമ്മളും അനുഭവിച്ചുവെന്നതല്ലേ സത്യം. എത്രയെത്ര വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍, വ്യക്തിത്വമാര്‍ന്ന ശബ്ദങ്ങള്‍... ഒമ്പതു പാട്ടുകളായിരുന്നു നീലക്കുയിലില്‍; ഏഴോളം പാട്ടുകാരും. ''എങ്ങനെ നീ മറക്കും'' (കോഴിക്കോട് അബ്ദുള്‍ഖാദര്‍), ''കായലരികത്ത്'' (രാഘവന്‍), ''മാനെന്നും വിളിക്കില്ല'' (മെഹബൂബ്), ''കുയിലിനെത്തേടി'', ''എല്ലാരും ചൊല്ലണ്'' (ജാനമ്മ ഡേവിഡ്), ''ഉണരുണരൂ ഉണ്ണിക്കണ്ണാ'' (ശാന്ത പി. നായര്‍), ''ജിഞ്ചകം താരോ'' (രാഘവനും ഹാജി അബ്ദുല്‍ഖാദറും സംഘവും), ''കടലാസുവഞ്ചിയേറി'' (കോഴിക്കോട് പുഷ്പ). കേവലമൊരു നുറുങ്ങുപാട്ടില്‍ക്കൂടിയാണെങ്കില്‍പ്പോലും പുതിയൊരു ഗായകനെ/ഗായികയെ അവതരിപ്പിക്കുന്നത് മഹാസാഹസമായി കൊട്ടിഗ്‌ഘോഷിക്കുന്ന ഇന്നത്തെ സംഗീതസംവിധായകര്‍, ആറു പതിറ്റാണ്ടു മുന്‍പ് രാഘവന്‍ മാസ്റ്റര്‍ കാണിച്ച ചങ്കൂറ്റത്തെ എന്തു വിളിക്കും?

ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച ഈണങ്ങളായിരുന്നു അവയെല്ലാമെന്ന് മാസ്റ്റര്‍ പറയുമ്പോള്‍ നമുക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. റേഡിയോ നമ്മുടെ നാട്ടില്‍ അപൂര്‍വ വസ്തുവാണ് അക്കാലത്ത്; ഗ്രാമഫോണ്‍ ഒരു ആഡംബരവും. ഹിന്ദി, തമിഴ് ഗാനങ്ങള്‍ വല്ല കല്യാണവീട്ടിലെയും കോളാമ്പിയിലൂടെ കാതില്‍ വന്നു വീണെങ്കിലായി, അത്ര മാത്രം. സ്വാധീനിക്കപ്പെടാനും പ്രചോദനം കൊള്ളാനും പൂര്‍വമാതൃകകള്‍ കുറവ്. ''കുട്ടിക്കാലത്ത് കേട്ട ഞാറ്റുപാട്ടും തോറ്റംപാട്ടും മാപ്പിളപ്പാട്ടുമൊക്കെ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ പതിഞ്ഞുകിടന്നിരിക്കാം. പിന്നെ കേട്ടിട്ടുള്ളത് ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഖവ്വാലി ഗായകരായ കാദര്‍ ബാഷയുടെയും ഗുല്‍മുഹമ്മദിന്റെയും മറ്റും സംഗീതക്കസര്‍ത്തുകളാണ്.''

താന്‍ സൃഷ്ടിച്ച പാട്ടുകള്‍ക്ക് അനുയോജ്യമായ ഗായകശബ്ദങ്ങള്‍ തേടിപ്പിടിക്കാനാണ് രാഘവന്‍ മാസ്റ്റര്‍ എന്നും ശ്രമിച്ചത്. ''കരിമുകില്‍ക്കാട്ടിലെ'' ജയചന്ദ്രനും ''മാനത്തെ കായലിന്‍'' ബ്രഹ്മാനന്ദനും ''വെള്ളിനക്ഷത്രമേ'' കെ.പി. ഉദയഭാനുവും പാടിക്കേള്‍ക്കുമ്പോള്‍, ആ പാട്ടുകള്‍ അവര്‍ക്കുവേണ്ടി മാത്രം പിറന്നവയാണെന്ന് നാം തിരിച്ചറിയുന്നതും അതുകൊണ്ടാവാം. മറ്റു പല സമകാലിക സംഗീതസംവിധായകരെയും പോലെ യേശുദാസിന്റെ ആലാപനസൗകുമാര്യത്തിന്റെ ചുറ്റുവട്ടത്ത് സ്വന്തം പ്രതിഭയെ തളച്ചിടാന്‍ മുതിര്‍ന്നില്ല മാസ്റ്റര്‍. ''എല്ലാം തികഞ്ഞ ഗായകനാണ് യേശുദാസ്. ഏതു പാട്ടും അദ്ദേഹത്തിന് പാടാന്‍ കഴിയും. പക്ഷേ, കഥാപാത്രത്തിന്റെ വ്യക്തിത്വത്തിനും സ്വഭാവത്തിനും കൂടുതലിണങ്ങുന്ന മറ്റൊരു ശബ്ദമുണ്ടെങ്കില്‍ എന്തിനു നാമതുപയോഗിക്കാന്‍ മടിക്കണം?'' ഒരു കൂടിക്കാഴ്ചയില്‍ രാഘവന്‍ മാസ്റ്റര്‍ പറഞ്ഞു. 'നീലിസാലി'യിലെ ''നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറ കെട്ടാന്‍'' എന്ന ഗാനം മെഹബൂബല്ലാതെ മറ്റാരു പാടിയാലും ആ എഫെക്ട് ലഭിക്കില്ല. അതുപോലെ ''എങ്ങനെ നീ മറക്കും'' അബ്ദുല്‍ഖാദറിനു പാടാനുള്ള പാട്ടാണ്; ''ശ്രീമഹാദേവന്‍ തന്റെ'' എന്ന പുള്ളുവന്‍പാട്ട് ബ്രഹ്മാനന്ദനും. എന്നാല്‍ ''ഹൃദയത്തിന്‍ രോമാഞ്ചം'' എന്ന പാട്ട് യേശുദാസ് തന്നെ പാടണം. മറ്റാരു പാടിയാലും അത്രയും ഭാവഗാംഭീര്യം ലഭിക്കില്ല അതിന്.

ഉത്തരായനത്തിലെ ആ അനശ്വരകാവ്യഗീതത്തിന്റെ പിറവിക്കു പിന്നില്‍ സംവിധായകന്‍ അരവിന്ദന്റെ പ്രചോദനവുമുണ്ട്. കോഴിക്കോടന്‍ കാലം മുതലേ രാഘവന്‍ മാസ്റ്ററുടെ സുഹൃദ്‌വലയത്തില്‍ അംഗമായിരുന്നു അരവിന്ദന്‍. ആനിഹാള്‍ റോഡിലെ രത്‌നഗിരി ഹോട്ടലില്‍വെച്ച് 'കള്ളിച്ചെല്ലമ്മ'യിലെ പാട്ടുകള്‍ സൃഷ്ടിക്കുമ്പോള്‍ അന്ന് സര്‍ക്കാറുദ്യോഗസ്ഥനായിരുന്ന അരവിന്ദനുമുണ്ടൊപ്പം. ഓരോ പാട്ടിനും ഈണമിടുന്നത് നിശ്ശബ്ദനായി നോക്കിയിരിക്കുമദ്ദേഹം. പാട്ട്

പൂര്‍ത്തിയായാല്‍ അത് എഴുതിയെടുത്തു മനഃപാഠമാക്കും. പിന്നെ സുഹൃല്‍സദസ്സുകളില്‍ പാടി കേള്‍വിക്കാരെ അമ്പരപ്പിക്കും. അതായിരുന്നു അരവിന്ദന്റെ ശൈലി. ആദ്യമായി ഒരു പടം സംവിധാനം ചെയ്യുമ്പോള്‍ സംഗീതസംവിധായകനായി രാഘവന്‍ മാസ്റ്റര്‍ കൂടെയുണ്ടാവണമെന്ന് അന്നേ മനസ്സിലുറച്ചിരിക്കാം അരവിന്ദന്‍.

''സംഗീതജ്ഞാനമുള്ള സംവിധായകനാണ് അരവിന്ദന്‍. ജി. കുമാരപിള്ള എഴുതിയ വരികള്‍ ചിട്ടപ്പെടുത്താനിരിക്കുമ്പോള്‍ അദ്ദേഹംതന്നെ ഒരു നിര്‍ദേശം വെച്ചു. ശുഭപന്തുവരാളി രാഗത്തില്‍ അധികം പാട്ടുകള്‍ വന്നിട്ടില്ല. ഇത് ആ രാഗം വെച്ചൊന്നു പിടിച്ചുനോക്കിയാലോ? വിഷാദഭാവമല്ലേ വേണ്ടത്. അതേ ഇരിപ്പിലിരുന്നുണ്ടാക്കിയ പാട്ടാണ് 'ഹൃദയത്തിന്‍ രോമാഞ്ചം' ''. പില്‍ക്കാലത്ത് പല ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും ഈ ഗാനത്തിന്റെ ക്രെഡിറ്റ് വിധികര്‍ത്താക്കള്‍ എം.ബി. ശ്രീനിവാസന് നല്‍കുന്നതു കേട്ട് വേദനിച്ചിട്ടുണ്ട് രാഘവന്‍ മാസ്റ്ററുടെ മനസ്സ്. ''അത് അരവിന്ദനോടു കൂടി ചെയ്യുന്ന അനീതിയല്ലേ?'' ഒരിക്കല്‍ മാസ്റ്റര്‍ ചോദിച്ചു. ഇവിടെ കൗതുകമുള്ള മറ്റൊരു സംഭവം കൂടി ഓര്‍മവരുന്നു. 'അശ്വമേധം' നാടകത്തിനു വേണ്ടി ''പാമ്പുകള്‍ക്ക് മാളമുണ്ട്'', ''തലയ്ക്കു മീതെ ശൂന്യാകാശം'' തുടങ്ങിയ അനശ്വര നാടകഗാനങ്ങള്‍ സൃഷ്ടിക്കാന്‍ രാഘവന്‍ മാസ്റ്റര്‍ കെ.പി.എ.സി.യില്‍ എത്തുന്നത് ഇതേ എം.ബി.എസ്സിന്റെ പകരക്കാരനായാണ്. എം.ബി.എസ്. നേരത്തേ ചെയ്തുവെച്ച ഈണങ്ങള്‍ നാടകശില്പികള്‍ക്ക് ബോധിക്കാതെപോയതാണ് കാരണം.

യേശുദാസിനു വേണ്ടി മാസ്റ്റര്‍ സൃഷ്ടിച്ച ഈണങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും പത്തരമാറ്റാണവയ്ക്ക്: ''മഞ്ജുഭാഷിണീ'' (കൊടുങ്ങല്ലൂരമ്മ), ''നഗരം നഗരം'' (നഗരമേ നന്ദി), ''ശ്യാമസുന്ദരപുഷ്പമേ'' (യുദ്ധകാണ്ഡം), ''ആറ്റിനക്കരെ'' (ഉമ്മാച്ചു), ''അമ്പലപ്പുഴ വേല കണ്ടൂ ഞാന്‍'' (കാക്കത്തമ്പുരാട്ടി), ''ആകാശത്തിലെ കുരുവികള്‍'' (റബേക്ക), ''നാളികേരത്തിന്റെ'', ''പാര്‍വണേന്ദുവിന്‍'' (തുറക്കാത്ത വാതില്‍), ''അനുരാഗക്കളരിയില്‍'' (തച്ചോളി അമ്പു)... അങ്ങനെ പോകുന്നു ആ പട്ടിക. ജയചന്ദ്രന്‍ (ഏകാന്തപഥികന്‍, നീലമലപ്പൂങ്കുയിലേ, പൂര്‍ണേന്ദുമുഖി, വെള്ളിലക്കിങ്ങിണി ), ബ്രഹ്മാനന്ദന്‍ (മാനത്തെ കായലില്‍, കണ്ണീരാറ്റിലെ തോണി, ക്ഷേത്രമേതെന്നറിയാത്ത), ഉദയഭാനു (വെളുത്ത പെണ്ണേ, എന്തിനിത്ര പഞ്ചസാര, കാനനച്ഛായയില്‍, പെണ്ണായിപ്പിറന്നെങ്കില്‍), എ.എം. രാജ (അന്നു നമ്മള്‍ കണ്ടതില്‍പ്പിന്നെ, കിളിവാതിലില്‍ മുട്ടിവിളിച്ചത്, ദൈവത്തിന്‍ പുത്രന്‍), കമുകറ (അശോകവനത്തിലെ), മെഹബൂബ് (എന്തൊരു തൊന്തരവ്, ഓട്ടക്കണ്ണിട്ടുനോക്കും), പി.ബി. ശ്രീനിവാസ് (ഇനിയൊരു ജനനമുണ്ടോ, വാനിലെ മണിദീപം), വി.ടി. മുരളി (ഓത്തുപള്ളീലന്നു നമ്മള്‍), നിലമ്പൂര്‍ ഷാജി (അഹദോന്റെ), ജി. വേണുഗോപാല്‍ (നക്ഷത്രനാളങ്ങളോ)... ഓരോ ഗായകനും അവരവരുടെ ആലാപനശൈലിക്കിണങ്ങുന്ന ഈണങ്ങള്‍ സൃഷ്ടിച്ചുനല്‍കി രാഘവന്‍.

ഗായികമാരുടെ തിരഞ്ഞെടുപ്പിലും കാണാം ഈ വൈവിധ്യം. കൂടുതല്‍ ഹിറ്റുകള്‍ പിറന്നത് എസ്. ജാനകിയുമായുള്ള കൂട്ടുകെട്ടില്‍നിന്നാവണം: ''മഞ്ഞണിപ്പൂനിലാവ്'', ''ഉണരുണരൂ ഉണ്ണിപ്പൂവേ'', ''കൊന്നപ്പൂവേ'', ''ഉത്രട്ടാതിയില്‍'', ''കാലം മുടിക്കെട്ടില്‍'', ''ഭദ്രദീപം കരിന്തിരി കത്തി''... അങ്ങനെയങ്ങനെ ഇളനീര്‍മധുരമുള്ള കുറെ പാട്ടുകള്‍. പി. സുശീലയുടെ ഏറ്റവും മികച്ച ഗാനങ്ങളില്‍, മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ''മാനത്തെ മഴമുകില്‍'' (കണ്ണപ്പനുണ്ണി), ''പതിവായി പൗര്‍ണമി തോറും'' (ആദ്യകിരണങ്ങള്‍), ''കന്നിരാവിന്‍ കളഭക്കിണ്ണം'' (നഗരമേ നന്ദി) എന്നിവയുണ്ടാകുമെന്നുറപ്പ്. ഒപ്പനക്കൂട്ടങ്ങളിലും, ക്ലബ് ഡാന്‍സ് രംഗങ്ങളിലും തളച്ചിടപ്പെട്ട തനിക്ക് വ്യത്യസ്തമായ കുറച്ചു ഗാനങ്ങള്‍ ('അര്‍ച്ചന'യിലെ ''എത്ര കണ്ടാലും'', ''ഓമനപ്പാട്ടുമായ്'') പാടാന്‍ അവസരം തന്ന രാഘവന്‍മാഷോടുള്ള കടപ്പാട് നിറകണ്ണുകളോടെ ഒരിക്കല്‍ എല്‍.ആര്‍. ഈശ്വരി പ്രകടിപ്പിച്ചത് ഓര്‍മവരുന്നു. പി. ലീല (ഊഞ്ഞാല് പൊന്നൂഞ്ഞാല്, പ്രാണന്റെ പ്രാണനില്‍, പൊന്നണിഞ്ഞിട്ടില്ല, കഥകഥപ്പൈങ്കിളിയും, പ്രാണനായകന്‍), ഗായത്രി ശ്രീകൃഷ്ണന്‍ (നാഴിയുരിപ്പാലു കൊണ്ട്), വാണി ജയറാം (നാദാപുരം പള്ളിയിലെ), വസന്ത (നീര്‍വഞ്ചികള്‍ പൂത്തു), ലതിക (നിലാവിന്റെ പൂങ്കാവില്‍) തുടങ്ങിയവര്‍ക്കും മനോഹരമായ സോളോകള്‍സമ്മാനിച്ചു രാഘവന്‍.

പാട്ടുകാരനായ രാഘവനെ ഒഴിച്ചുനിര്‍ത്തി മലയാളിക്ക് ഒരു ചലച്ചിത്രസംഗീതചരിത്രമില്ല. ''പല പാട്ടുകളും പാടാനുദ്ദേശിച്ചതല്ല, പാടിപ്പോയതാണ്‍ ഭാഗ്യവശാല്‍ അവയില്‍പ്പലതും ആളുകള്‍ക്കിഷ്ടപ്പെട്ടുവെന്നു മാത്രം'' മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു. ഹാജി അബ്ദുല്‍ഖാദര്‍ എന്ന ഗായകനെ മനസ്സില്‍ക്കണ്ട് സൃഷ്ടിച്ച നീലക്കുയിലിലെ ''കായലരികത്ത്'' എന്ന ഗാനം, നിര്‍മാതാവ് പരീക്കുട്ടി സാഹിബിന്റെ നിര്‍ബന്ധപ്രകാരമാണ് രാഘവന്‍ പാടി റെക്കോഡ് ചെയ്തത്. അസുരവിത്തിലെ ''പകലവനിന്നു മയങ്ങുമ്പോള്‍'' പാടേണ്ടിവന്നത് യേശുദാസിനെ സമയത്തിന് ഒത്തുകിട്ടാഞ്ഞതുകൊണ്ടും. 'കൃഷ്ണകുചേല'യിലെ ''മായല്ലേ മറയല്ലേ രാധേ'' എന്ന ഗാനം പാടിയത് കുഞ്ചാക്കോ വാശിപിടിച്ചതുകൊണ്ടു മാത്രമായിരുന്നു. യേശുദാസിനു വേണ്ടി ചിട്ടപ്പെടുത്തിയ ''അപ്പോഴും പറഞ്ഞില്ലേ'' എന്ന, 'കടമ്പ'യിലെ ഗാനവും പ്രതീക്ഷിക്കാതെ പാടേണ്ടിവന്നതാണ്. പാട്ടിലെ ഫോക് അംശം ആലാപനത്തില്‍ ആവിഷ്‌കരിക്കാന്‍ രാഘവനേ പറ്റൂ എന്നായിരുന്നു സംവിധായകന്‍ പി.എന്‍. മേനോന്റെ വിശ്വാസം. ആ ധാരണ തെറ്റായിരുന്നില്ലെന്ന് കാലം തെളിയിച്ചു.

ചെറുപ്പത്തില്‍ നല്ല പന്തുകളിക്കാരനായിരുന്നു രാഘവന്‍. മുംബൈ കാല്‍ട്ടെക്‌സിന്റെ വിങ്ങുകളിലൂടെ കണ്ണഞ്ചിക്കുന്ന വേഗത്തില്‍ പന്തുമായിക്കുതിച്ച ഈ തലശ്ശേരിക്കാരന്‍ ഫോര്‍വേഡ്, ഗോളുകളേറെയുമടിച്ചുകൂട്ടിയത് മലയാളിയുടെ സംഗീതമനസ്സിലാണെന്നു മാത്രം. ഫുട്‌ബോളിനു നന്ദി; രാഘവനെ നിരുപാധികം സംഗീതത്തിനു വിട്ടുകൊടുത്തതിന്.