Jayan And Kamalhassan

ജീവിച്ചിരുന്നെങ്കില്‍ ജയന് ഇപ്പോള്‍ എത്ര പ്രായമുണ്ടാകും? ചിലപ്പോഴെല്ലാം ഞാനാലോചിച്ചു പോകാറുണ്ട്. ജയന്റെ കാര്യത്തില്‍ അങ്ങനെയൊരു ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ലെന്നാണ് അപ്പോഴെല്ലാം എനിക്കു ലഭിക്കുന്ന ഉത്തരം. കാരണം, ജരാനരകള്‍ ബാധിച്ച ഒരു ജയനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല എന്നതാണ് സത്യം. എല്ലാ കാലത്തും യുവതലമുറകളുടെ പ്രതിനിധിയായിരുന്നു ജയന്‍. തലമുറകളുടെ താരമായി ജീവിക്കാതെ ജീവിക്കുന്ന ഒരു നടന്‍ മാത്രമെ നമുക്കുണ്ടായിട്ടുള്ളു. അത് ജയനാണ്. പലപ്പോഴും എന്റെ സിനിമാ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ കടന്നുവരാറുണ്ട്. ഈ കഥാപാത്രത്തെ ജയന്‍ അവതരിപ്പിച്ചിരുന്നെങ്കിലെന്ന് വെറുതെ ഞാന്‍ ആഗ്രഹിച്ചു പോകാറുമുണ്ട്. ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തില്‍ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളില്‍ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യന്‍ സിനിമയില്‍ ജയനു മാത്രം സാധ്യമായ അപൂര്‍വതയാണ്. 

jayan

മരിച്ച് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വേദന കലര്‍ന്ന ഒരുപിടി ഓര്‍മകള്‍ മാത്രമാണ് എനിക്കിന്നും ജയന്റെ വേര്‍പാട്. ഉയരങ്ങളില്‍നിന്നുള്ള വീഴ്ച ജയനെ കവര്‍ന്നെടുത്ത ദിവസം എന്റെ മനസ്സില്‍ മായ്ക്കാനാവാത്ത തരത്തില്‍ പതിഞ്ഞിരിക്കുന്നു.
 
1980 നവംബര്‍ 16-ാം തീയതി ജെമിനി റിക്കോര്‍ഡിങ് സ്റ്റുഡിയോവില്‍ വെച്ചാണ് ജയന്റെ മരണവാര്‍ത്ത ഞാന്‍ അറിയുന്നത്. ജയന്‍ അപകടത്തില്‍പ്പെട്ട് മരിച്ചു എന്നത് ആദ്യം വിശ്വസിക്കാനായില്ല. അതിനുള്ള ധൈര്യവുമുണ്ടായില്ല. എന്റെ ജ്യേഷ്ഠന്‍ ചാരുഹാസന്‍ സ്റ്റുഡിയോവില്‍ വന്ന് പറഞ്ഞ ശേഷമാണ് ജയന്‍ ഇനിയില്ല എന്ന് ഞാന്‍ വിശ്വസിച്ചത്. സാഹസികതകളിലേക്ക് സധൈര്യം ഇറങ്ങിച്ചെന്ന ജയനെ സാഹസികത തന്നെ ഒടുവില്‍ കീഴ്‌പ്പെടുത്തി എന്നത് എന്നെ ഇന്നും വേദനിപ്പിക്കുന്നു. 

jayan

jayanജയന്‍ : അഭ്രലോകത്തിന്റെ ഇതിഹാസനായകന്‍

ടി.കെ.കൃഷ്ണകുമാര്‍ എഴുതിയ പുസ്തകം വാങ്ങാം

ജയനെ ആദ്യം കണ്ട നിമിഷം ഇന്നും എന്റെ ഓര്‍മയിലുണ്ട്. തിരുവനന്തപുരത്ത് 'അഗ്നിപുഷ്പ'ത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തായിരുന്നു അത്. അന്നു ഞാന്‍ താമസിച്ചിരുന്ന താര ഹോട്ടലില്‍ വെച്ച് ജയഭാരതിയാണ് ജയനെ പരിചയപ്പെടുത്തി തന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. നല്ല മസിലൊക്കെയുള്ള ആ കരുത്തന്‍ നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തത് മറക്കാനാവില്ല. മലയാളത്തില്‍ ഞാന്‍ സജീവമായിരുന്ന കാലമായിരുന്നു അത്. ആരും എന്നോട് പറയാതെ തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു: കഴിയാവുന്ന സഹായങ്ങള്‍ ജയന് ചെയ്തുകൊടുക്കണം. എന്നാല്‍ സഹായങ്ങളൊന്നും ജയന് ചെയ്തുകൊടുക്കേണ്ടി വന്നില്ല. അവസരങ്ങള്‍ ജയനെ തേടി എത്തുകയായിരുന്നു.
 
അഗ്നിപുഷ്പത്തിന്റെ ലൊക്കേഷനിലിലെ ഏതാനും മണിക്കൂറുകള്‍കൊണ്ട് ജയന്‍ എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. 'മദനോത്സവം', 'ആദ്യപാഠം', 'ഓര്‍മകള്‍ മരിക്കുമോ?', 'കാത്തിരുന്ന നിമിഷം', 'ആശീര്‍വാദം' തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങളില്‍ ജയനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു. ആ കാലത്ത് പലപ്പോഴും ഞങ്ങള്‍ ഒരേ മുറിയില്‍ താമസിച്ചു.

അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയന് കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്റെ കടന്നുവരവോടുകൂടിയായിരുന്നു. ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച് ജയന്‍ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. ജയന്റെ ശബ്ദവും അതുവരെ മലയാള സിനിമ കേള്‍ക്കാത്ത തരത്തില്‍ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി എന്നതാണ് വാസ്തവം. 

jayan

രാത്രി എത്ര വൈകുംവരെ ഷൂട്ടിങ് ഉണ്ടായാലും വെളുപ്പിന് നാലുമണി മുതല്‍ ജയന്റെ ഒരു ദിവസം ആരംഭിച്ചിരിക്കും. നല്ല ഉറക്കത്തിലായിരിക്കുന്ന എന്നെ തട്ടി ഉണര്‍ത്തിയിട്ട് പറയും 'കമല്‍ എഴുന്നേല്‍ക്ക്.' വ്യായാമം ചെയ്യാനാണ് വിളിക്കുന്നത്. എന്നെ പിടിച്ച് എഴുന്നേല്‍പിച്ച് വ്യായാമം ചെയ്യിപ്പിക്കും. ഒരിക്കല്‍ എറണാകുളത്ത് വച്ച് അതിരാവിലെ ജയനോടൊപ്പം വ്യായാമം ചെയ്യുന്നതിനിടയില്‍ മുഷ്ടി ചുരുട്ടി മസിലു പെരുപ്പിച്ച് എന്നെ കാണിച്ച് പുഞ്ചിരിച്ച ജയന്റെ മുഖം ഇന്നും ജീവനുള്ളതുപോലെ മനസ്സില്‍ തെളിയുന്നു. ആ ചിരി മനസ്സില്‍ നില്കുകന്നതുകൊണ്ട് ചേതനയറ്റ ജയന്റെ ശരീരം കാണാന്‍ പോകണ്ട എന്നു തന്നെയായിരുന്നു എന്റെ ആദ്യ തീരുമാനം. എന്നിട്ടും എന്തോ ഒരു ഉള്‍വിളിപോലെ അന്ത്യയാത്രക്കുള്ള ഒരുക്കങ്ങള്‍ തീരുന്നതിനുമുമ്പ് ഞാന്‍ ഓടിയെത്തി. എന്നെ പലപ്പോഴും വിസ്മിപ്പിച്ച ആ ശരീരം സിനിമാ പ്രവര്‍ത്തകരുടെയും ആരാധകരുടെയും നടുവില്‍ ചലനമറ്റു കിടക്കുന്നത് അധികനേരം നോക്കിനില്ക്കാനായില്ല. 

അപകടകരമായ ഏതു സീനിലും വളരെ കൃത്യതയോടെ ഇടപെട്ടിരുന്ന ജയന് ഇങ്ങനെയൊരു പാളിച്ച സംഭവിച്ചത് എന്തുകൊണ്ടാണെന്നറിയാന്‍ അന്ന് ഞാന്‍ പലരോടും അന്വേഷിച്ചു. എന്നാല്‍ സാഹസിക രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ സൂക്ഷിക്കണമെന്ന് മാത്രമായിരുന്നു ജയന്റെ അനുഭവം ചൂണ്ടിക്കാട്ടി പലര്‍ക്കും പറയാനുണ്ടായിരുന്നത്. ഇന്നും ആ സംശയം എന്നില്‍ അവശേഷിക്കുന്നു. ജയന്റ അസാധ്യമായ പ്രകടനങ്ങള്‍ക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണത്തിന് ഒടുവില്‍ ജയന്‍ കീഴ്‌പെട്ടുപോയത് എന്തുകൊണ്ടാണ്? 

ഞാന്‍ നായകനും ജയന്‍ വില്ലനുമായി അഭിനയിച്ച 'ആദ്യപാഠ'ത്തിലെ  ഒരു സന്ദര്‍ഭം ഓര്‍മയില്‍ വരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ട്രെയിനിനു മുകളിലൂടെ ജയന്‍ എന്നെ പിന്തുടര്‍ന്നോടുന്ന ഒരു സീന്‍ ഉണ്ടായിരുന്നു ആ ചിത്രത്തില്‍. ഓട്ടത്തിനിടയില്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍നിന്നും മറ്റൊരു കംപാര്‍ട്ട്‌മെന്റിലേക്ക് കുതിച്ചു ചാടുന്ന രംഗം ഞാന്‍ ഡ്യൂപ്പില്ലാതെ ചെയ്തു. പക്ഷെ, ജയന്‍ അന്നതിനു തയ്യാറായില്ല. അത്തരം രംഗങ്ങള്‍ ഡ്യൂപ്പിട്ടു തന്നെ ചെയ്യണമെന്ന് ജയന്‍ ഏറെനേരം എന്നെ ഉപദേശിക്കുകയും ചെയ്തു. എത്ര കഷ്ടപ്പെട്ടു ചെയ്താലും കാഴ്ചക്കാര്‍ ഡ്യൂപ്പാണെന്നേ പറയൂ. നമ്മള്‍ ആപത്തില്‍പെട്ടാല്‍ നിര്‍മാതാക്കളുടെ ഗതി എന്താകും? എന്നെല്ലാം പറഞ്ഞ വിവേകിയായ ജയന്‍ പിന്നീട് ആ നിലപാട് മാറ്റി. പ്രത്യക്ഷത്തില്‍ തന്നെ അപകടകരമായ എത്രയെത്ര രംഗങ്ങള്‍ ജയന്‍ ഡ്യൂപ്പില്ലാതെ ചെയ്തു. ഓരോ പ്രകടനവും  അമ്പരപ്പിക്കുന്നതായിരുന്നു. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനില്‍ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റന്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ത്തു മുന്നേറാനോ വലിയ കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. 

jayan

തനിക്ക് ലഭിക്കുന്ന കയ്യടികള്‍ തന്റെ അദ്ധ്വാനത്തിന്റെ ഫലമായിരിക്കണമെന്ന് ജയന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരിക്കാം എന്നോട് പറഞ്ഞത് പലപ്പോഴും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ജയന് കഴിയാതെപോയത്. ഡ്യൂപ്പും മനുഷ്യരാണ്. അവരുടെ ജീവനും വിലയുണ്ട്. ആരു മരിച്ചാലും അനാഥമാകുന്നത് ഒരു കുടുംബമാണ്. ഈ രീതിയില്‍ ജയന്റെ കാഴ്ചപ്പാട് പിന്നീട് മാറി. കാത്തിരുന്നപോലെ മരണം ജയനെ കീഴടക്കുകയും ചെയ്തു. 'കോളിളക്ക'ത്തില്‍ ജയനോടൊപ്പം അപകടത്തില്‍പെട്ട ബാലന്‍ കെ. നായരെ കാണാന്‍ ഞാന്‍ പോയിരുന്നു. വലിയ പരിക്കുകളുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കരുതി ജയന്റെ മരണവാര്‍ത്ത ബാലന്‍ കെ. നായരെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. 'ജയന്‍ രക്ഷപ്പെട്ടല്ലോ. ഞാനാണ് നിര്‍ഭാഗ്യവാന്‍.' ജയന്‍ ജീവിച്ചിരിക്കുന്നെന്നു കരുതി ബാലന്‍ കെ നായര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉള്ളില്‍ വിതുമ്പി. അദ്ദേഹത്തോടൊന്നും പറയാന്‍ കഴിയാതെ അവിടെ നിന്നും ഇറങ്ങിയ ആ നിമിഷം ഇന്നും എന്നെ നോവിക്കുന്നു. 

വര്‍ഷങ്ങള്‍ എത്രയോ കടന്നുപോയി. സിനിമ അടിമുടി മാറിക്കഴിഞ്ഞു. പക്ഷെ, ഓര്‍മകള്‍ക്കുമാത്രം മരണമില്ല. ഓര്‍മകള്‍ മരിക്കുമോ എന്നത് ഞാനും ജയനും ഒന്നിച്ചഭിനയിച്ച ഒരു ചിത്രത്തിന്റെ പേരാണ്. മൂന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്ന് കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയന്‍ തോല്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരിക്കലും, എന്റെ മനസ്സില്‍ ജയനെന്ന വലിയ നടന് മരണമില്ല. ആ ഓര്‍മകള്‍ക്കും.

തയ്യാറാക്കിയത് ഭാനുപ്രകാശ്‌