കുരുത്തോലയോ കുരുവിയോ കാട്ടുചോലയോ കണിക്കൊന്നയോ തമ്മിലിണങ്ങി അണിചേര്‍ന്നു വരുംപോലെ ഗൃഹാതുരമായ ഒരു കേരളീയ മനോഹാരിത ജോണ്‍സന്റെ സംഗീതത്തില്‍ അലിഞ്ഞുകിടക്കുന്നു. ലളിതസംഗീതത്തിന്റെ ഭാവഹൃദയപരിചരണത്തിനു ചലച്ചിത്രഭാഷയുടെ ചമയസമൃദ്ധി കൂട്ടിച്ചേര്‍ത്താല്‍ പ്രത്യേകമായ ഒരു ഗാനസംസ്‌കാരം ജനകീയാസ്വാദനത്തിന്റെ പൊതുസ്വത്തായി വികാസം പ്രാപിക്കും. മണ്ണും മനസ്സും തൊട്ടറിഞ്ഞ ജി. ദേവരാജന്‍മാസ്റ്ററെ സൂക്ഷ്മതയോടെ നിരീക്ഷിച്ച ജോണ്‍സണ്‍, നമ്മുടെ ഗാനാസ്വാദനബോധത്തെ വിസ്മയിപ്പിച്ച സംഭാവനകള്‍ നല്കി. ആരവങ്ങളോ ആഘോഷതാളങ്ങളോ വിഴുങ്ങാത്ത ആത്മസാധകത്തിന്റെ വൈകാരികമൗനങ്ങളെ ഈണങ്ങളാക്കി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മൗലികത.

കതിരോലപ്പന്തലൊരുക്കി
പടകാളി മുറ്റമൊരുക്കി മാളോര്
ഉടവാളിന്‍തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ...
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്റെയീണം 
നാടാകെ പാടാന്‍ വായോ...! 


നേരത്തേ നിശ്ചയിച്ച സംഗീതം ഹാര്‍മോണിയത്തില്‍ മൂളിത്തരുമ്പോള്‍ യോജിച്ച വാക്കുകള്‍ പരതി വേവലാതിയോടെ എന്റെ മനസ്സു പറക്കുകയായിരുന്നു. 'കതിരോലപ്പന്തലൊരുക്കി...' കേട്ട മാത്രയില്‍ കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചുകൊണ്ട് സഹോദരതുല്യമായ സ്‌നേഹപ്രകടനത്തോടെ അദ്ദേഹം പറഞ്ഞു: 'കൊള്ളാം, പാട്ടു തുടങ്ങാന്‍ പറ്റിയ 'ബ്രൈറ്റ്' ആയ വാക്കുകളാണ്.' 'പടകാളി മുറ്റമൊരുക്കി മാളോര്...' അതിലെ 'മാളോര്' എന്ന വാക്ക് പല പ്രാവശ്യം പല ഈണത്തില്‍ മൂളിനോക്കി തൃപ്തിപ്പെട്ട് ഉത്സാഹത്തോടെ എന്നെ പ്രോത്സാഹിപ്പിച്ചു. മാളോര് എന്ന വാക്കു കൊള്ളാം. അതിനു പഴമയുണ്ട്. എല്ലാവരെയും പ്രതിനിധാനം ചെയ്യുന്ന അര്‍ഥവുമുണ്ട്. 'ഉടവാളിന്‍തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ...' എന്ന പദങ്ങള്‍ വായിച്ചുകേട്ട് ആഹ്ളാദത്തോടെയാണ് അദ്ദേഹമെന്നെ അഭിനന്ദിച്ചത്.

Ponnurukkum Pookkaalam
പുസ്തകം വാങ്ങാം

മദിരാശിയിലെ സെഞ്ച്വറി ഫിലിംസിന്റെ ഓഫീസ് ആസ്ഥാനത്ത് അനാര്‍ഭാടമായി തറയില്‍ വിരിച്ച പുല്ലുപായയില്‍ ലാളിത്യത്തോടെ ഇരുന്ന്, നര്‍മഭാഷണങ്ങളുടെ പൊട്ടുപൊടികള്‍ വാരിവിതറി, സംഗീതസംവിധാനമെന്ന ചലച്ചിത്രപ്രക്രിയയെ ആസ്വാദ്യമാക്കുന്ന ജോണ്‍സണ്‍ എന്ന വലിയ പ്രതിഭയെ മറക്കുന്നതെങ്ങനെ? പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ കമലിന്റെയും രഞ്ജിത്തിന്റെയും ഗ്രാമീണഭാവനയുടെ പ്രതിഫലനമായിരുന്നുവല്ലോ. നൂറു ദിവസം പ്രദര്‍ശനവിജയം നേടി, ആഘോഷപരിപാടിയുടെ സദസ്സില്‍ വലിയ നടനായ മമ്മൂട്ടിയുടെ കൈയില്‍നിന്ന് അനുമോദനഫലകം സ്വീകരിക്കുമ്പോഴും ജോണ്‍സണ്‍മാഷ് അഭിനന്ദിച്ചു: 'ഞാന്‍ പറഞ്ഞില്ലേ, നാടാകെ പാടുമെന്ന്.'

പൊന്നുരുകും പൂക്കാലം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

'മാഷിനോടുള്ള ഇഷ്ടത്തെ വിലയിരുത്താമോ' എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം ഒരു ഗാനത്തിലുണ്ടെന്നു പറയാം. 'പുല്‍ക്കൊടിതന്‍ ചുണ്ടത്തു പെയ്‌തൊരു കന്നിമഴയുടെ കുന്നിമണികള്‍...' ചിത്ര ആലപിച്ച ആ ഗാനത്തിനുമുണ്ട് ചലച്ചിത്രത്തിനു പുറത്തു പടരുന്ന ജോണ്‍സണ്‍മഹിമ. ശുഭയാത്രയെന്ന സിനിമയിലെ ഗാനങ്ങളായാലും സസ്‌നേഹത്തിലെ ഗാനങ്ങളായാലും സമാനസ്വഭാവമുള്ള ഓര്‍മകള്‍ എനിക്കു സമ്പാദ്യമായുണ്ട്. നാരായത്തിലെ 'ശ്രീരാമനാമം/ ജപസാരസാഗരം' ഞങ്ങളുടെ സൗഹൃദത്തിലെ രജതരേഖയാണ്. സാഹിത്യവും സംഗീതവും അതിന്റെ നിശ്ചിതമായ അളവുകള്‍ പരിശോധിച്ച് റെക്കോഡിങ് റൂമിലേക്ക് ധൃതിയില്‍ പോകുമ്പോള്‍ ജോണ്‍സണ്‍ തോളില്‍ തട്ടി പറഞ്ഞത് മറക്കുകയില്ല: 'ഗോപിച്ചേട്ടന് ഒരു ഹിറ്റ് പാട്ടുകൂടിയായി. ഉറപ്പ്!' ഞാനതു നിസ്സംഗതയോടെ കേട്ടു. കാരണം, പാട്ടിന്റെ വിജയം പല കാരണങ്ങളാല്‍ സംഭവിക്കുന്നതാണ്. സാഹിത്യഭംഗി, സംഗീതത്തിന്റെ ഹൃദ്യത, ഗായകരുടെ ശബ്ദസൂക്ഷ്മത, ചലച്ചിത്രത്തിന്റെ വിജയം, കേള്‍ക്കാനും പ്രചരിപ്പിക്കാനുമുള്ള സാധ്യതകള്‍... എല്ലാം ഒത്തുവരുമ്പോള്‍ സംഭവിക്കുന്നതല്ലേ വിജയം എന്ന പദവി. പരിചയസമ്പന്നനായ അദ്ദേഹത്തിനറിയാം, ഒരു ഗാനസൃഷ്ടിയുടെ ആയുസ്സു നിശ്ചയിക്കുന്ന ഘടകങ്ങള്‍.

peruvannapurathe viseshangal
രഞ്ജിത്ത്, പി.കെ.ഗോപി, കമൽ, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, ജോൺസൺ എന്നിവർ പെരുവണ്ണാപുരത്തെ വിശേഷങ്ങളുടെ കമ്പോസിങ് വേളയിൽ

ഖല്‍ബിലൊരൊപ്പനപ്പാട്ടുണ്ടോ
കൈയില് മുന്തിരിച്ചാറുണ്ടോ....
ഇസത്തിന്റെ ഹിഖ്മത്തിലള്ളാനെ മറന്നിട്ടു
തലപ്പാവു ബച്ചോരേ... 


ഇസത്ത്, ഹിഖ്മത്ത്, സക്കാത്ത്, നിസ്‌കാരത്തഴമ്പ് തുടങ്ങിയ പദങ്ങളുടെ അര്‍ഥവും ഭാവവും ചോദിച്ച് അദ്ദേഹം ഹാര്‍മോണിയത്തില്‍ തട്ടി പൊട്ടിച്ചിരിച്ചതോര്‍ക്കുന്നു. പ്രതീക്ഷിച്ചതുപോലെ ദേശീയാംഗീകാരം കിട്ടിയ നാരായം എന്ന സിനിമയിലെ ഗാനങ്ങള്‍ ഇന്നും സജീവം.
ജി. വേണുഗോപാല്‍തന്നെ പാടണം എന്നു തീരുമാനിച്ചു സംഗീതം ചെയ്തതുപോലെയാണ് സസ്‌നേഹത്തിലെ, 
താനേ പൂവിട്ട മോഹം
മൂകം വിതുമ്പുന്ന നേരം... 

വേണുവിന് റെക്കോഡിങ് ദിവസം മദിരാശിയില്‍ വരാനായില്ല. അന്ന് ട്രാക്ക് പാടാനുള്ള ജോണ്‍സന്റെ തീരുമാനത്തെ എല്ലാവരും കൗതുകത്തോടെ ശ്രദ്ധിച്ചു. ആ ട്രാക്ക് പഠിച്ചിട്ടാണ് വേണുഗോപാല്‍ 'താനേ പൂവിട്ട മോഹം' ആലപിച്ചത്. അദ്ദേഹത്തിനു സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുകയും ചെയ്തു. നന്മയില്‍ ഒന്നും പാഴാവുകയില്ല. നിറഞ്ഞ സ്‌നേഹത്തോടെ, ആദരവോടെ, മായാത്ത ചിത്രമായി മനസ്സിലുണ്ടാവും ഞങ്ങളുടെ പ്രിയപ്പെട്ട ജോണ്‍സണ്‍മാസ്റ്റര്‍.'

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പൊന്നുരുക്കും പൂക്കാലം എന്ന പുസ്തകത്തിൽ നിന്ന്)

പുസ്തകം വാങ്ങാം