ജനവരിയുടെ നഷ്ടം

മണ്‍മറഞ്ഞുപോയ അസംഖ്യം സിനിമാപ്രതിഭകള്‍ നമുക്കുണ്ട്. പക്ഷേ, അവരില്‍ ഒരു ഗന്ധര്‍വ്വനേയുള്ളു. 46വയസ്സിനുള്ളില്‍ 36 സിനിമകള്‍ക്ക് തിരക്കഥ രചിച്ച് 1991 ജനവരി 23-ാം തീയതി രാവില്‍ കോഴിക്കോട്ടെ ഒരു ഹോട്ടലില്‍വെച്ച് ഗന്ധര്‍വ ലോകത്തേക്ക് പറന്നുപോയ നമ്മുടെ പ്രിയപ്പെട്ട പത്മരാജന്‍. പതിനെട്ട് സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു.
ആദ്യത്തെ സിനിമയായ പ്രയാണത്തിന്റെ തിരക്കഥ (സംവിധാനം ഭരതന്‍) കാമ്പിശ്ശേരിയുടെ സിനിമാ പ്രസിദ്ധീകരണമായ സിനിരമയ്ക്ക് അയയ്ക്കുമ്പോള്‍ പത്രാധിപര്‍ക്ക് ഒരു നീണ്ട കത്ത് പത്മരാജന്‍ എഴുതിയിരുന്നു. കത്തില്‍ അദ്ദേഹം ഇങ്ങനെയെഴുതി: ഞാനാദ്യമെഴുതുന്ന ഫിലിം സ്‌ക്രിപ്റ്റ് 'പ്രയാണ'ത്തിന്റെതല്ല. എങ്കിലും ആദ്യം പ്രദര്‍ശനം ആരംഭിക്കാന്‍ സാധ്യതയുള്ള ചിത്രം ഇതായതുകൊണ്ട്, ഇപ്പോള്‍ ഈ സ്‌ക്രിപ്റ്റ് പ്രസിദ്ധീകരണത്തിനയയ്ക്കുന്നു. (പത്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകള്‍ ഡി.സി.ബുക്സ്. മാര്‍ച്ച് 2004) പത്മരാജന്റെ എക്കാലത്തെയും പ്രിയപ്പെട്ട തട്ടകം സാഹിത്യം തന്നെയായിരുന്നു.

സിനിമയില്‍ വന്നതിനു ശേഷം സാഹിത്യ തമ്പുരാക്കന്മാര്‍ തന്നെ അവഗണിച്ചതിലുള്ള ഖേദം തീര്‍ക്കാനാവണം പ്രതിമയും രാജകുമാരിയും എന്ന നോവല്‍ അദ്ദേഹം എഴുതിയത്. കെ.പി.അപ്പന്‍ അതിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ആ മനസ്സ് സന്തോഷിക്കുകയും ചെയ്തു.വൈവിധ്യവും മൗലികവുമായ സിനിമാ രചനകള്‍ കൊണ്ട് പത്മരാജന്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ അദ്ദേഹത്തിന്റെ പ്രതിഭ തേരോട്ടം നടത്തി. കാവ്യാത്മകമായ തലക്കെട്ടുകളോടെ എത്രയെത്ര സിനിമകള്‍. ഒരിടത്തൊരു ഫയല്‍വാന്‍, തൂവാനത്തുമ്പികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ്, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, നവംബറിന്റെ നഷ്ടം, ദേശാടന കിളി കരയാറില്ല, ഇന്നലെ, അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍, കൂടെവിടെ, ഇതാ ഇവിടെ വരെ, കാണാമറയത്ത്, രതിനിര്‍വ്വേദം..... 


പത്മരാജന്റെ ഏറ്റവും മികച്ച സിനിമ 1981-ല്‍ പുറത്തിറങ്ങിയ ഒരിടത്തൊരു ഫയല്‍വാന്‍ തന്നെയാണ്. ഫയല്‍വാന്റെ വൈശിഷ്ട്യം നമ്മുടെ സിനിമക്കാര്‍ തിരിച്ചറിഞ്ഞില്ലെങ്കിലും കോലാലംപൂരില്‍ നടന്ന 27-ാമത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ചിത്രത്തിനും ഏറ്റവും നല്ല തിരക്കഥയ്ക്കുമുള്ള, സ്വര്‍ണ ട്രോഫികള്‍ നേടി. നമ്മള്‍ വെച്ചുനീട്ടിയത് കേരളാ ഫിലിം ക്രിട്ടിക്സിന്റെ തിരക്കഥയ്ക്കുള്ള സമ്മാനം മാത്രവും. ഫയല്‍വാന്റെ എഡിറ്റിങ് നിര്‍വഹിച്ചതും പത്മരാജനായിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട ഏത് പെണ്ണെഴുത്തു കാണുന്നതിനേക്കാളുമപ്പുറമാണ് പത്മരാജന്‍ ഈ സിനിമയില്‍ സ്ത്രീ മനഃശാസ്ത്രം നോക്കിക്കണ്ടത്. ഫയല്‍വാന്‍ പോകുമ്പോള്‍ അയാളുടെ എക്സര്‍സൈസ് സാധനങ്ങളൊക്കെ സൂക്ഷിച്ചുവെച്ചേക്കണം, മഴയും വെയിലും കൊള്ളാതെ എന്നു ചക്കരയോട് പറയുന്നുണ്ട്. അവള്‍ തലയാട്ടുകയും ചെയ്തു. പിറ്റേന്നു നമ്മള്‍ കാണുന്നത് അയാളുടെ ഉപകരണങ്ങള്‍ വെയില് കൊണ്ട് അനാഥമായി കിടക്കുന്നതാണ്. തുടക്കത്തിലെ ആവേശമൊക്കെ അവളില്‍ അണഞ്ഞുപോയെന്നുവേണം കരുതാന്‍. ഭര്‍ത്താവ് കൂടെക്കെടന്നുറങ്ങിയില്ലേല്‍, ഭാര്യ അവര്‍ക്ക് തോന്നിയത് ചെയ്യുവോ എന്ന കണ്ണന്റെ ചോദ്യത്തിനും ചക്കരയ്ക്ക് വ്യക്തമായ മറുപടിയുണ്ട്: ചെലപ്പോ!


നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം എന്ന കെ.കെ. സുധാകരന്റെ നോവലാണ് നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളായത്. അന്നേവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ക്ലൈമാക്സായിരുന്നു അത്. പോള്‍ പൈലോക്കാരനായി തിലകന്‍ തകര്‍ത്താടിയ സിനിമയുംകൂടിയായിരുന്നു മുന്തിരിത്തോപ്പുകള്‍. തിലകന്റേത് തികച്ചും നെഗറ്റീവ് ക്യാരക്ടര്‍ ആയിരുന്നെങ്കിലും സിനിമ കണ്ടവരാരും ഇന്നും പൈലോക്കാരനെ മറക്കുമെന്നു തോന്നുന്നില്ല. പൈലോക്കാരന്‍ നശിപ്പിച്ച തന്റെ പെണ്ണിനെ (സോഫിയ), സോളമന്‍ (മോഹന്‍ലാല്‍) സ്വീകരിക്കുന്നിടത്താണ് ചിത്രത്തിന്റെ അവസാന ടൈറ്റിലുകള്‍ തെളിയുന്നത്.
നായകന്റെ നിഴല്‍പറ്റി നിന്നിരുന്ന സ്ത്രീ കഥാപാത്രങ്ങളെയെല്ലാം നട്ടെല്ല് നല്‍കി പത്മരാജന്‍ തന്റെ സിനിമയിലൂടെ പുനരുജ്ജീവിപ്പിച്ചു.


1982-ല്‍ പുറത്തിറങ്ങിയ നവംബറിന്റെ നഷ്ടം അത്രയെളുപ്പം മറന്നു കളയേണ്ട സിനിമയല്ല. തന്നേക്കാളേറെ സ്‌നേഹിച്ച കാമുകന്‍ ചതിച്ചപ്പോള്‍ അയാളെ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തി മാനസികാശുപത്രിയിലെത്തിയ മീരപിള്ള (23) എന്ന പെണ്‍കുട്ടി. (മാധവി അനശ്വരമാക്കിയ കഥാപാത്രം). മാനസികാശുപത്രിയിലെ 11-ാം നമ്പര്‍ സെല്ലില്‍ അവള്‍ അവസാനം തൂങ്ങിമരിക്കുകയാണ്.
തൂവാനത്തുമ്പികളിപ്പോഴും നമ്മുടെ ന്യൂജന്‍ പോലും (1987) ആവര്‍ത്തിച്ച് കാണുന്ന സിനിമയാണ്. ക്ലാരയെ (സുമലത) അവര്‍ക്കത്ര ഇഷ്ടമാണ്. ഹോട്ടലുകളില്‍ നിന്ന് ഹോട്ടലുകളിലേക്ക് ചേക്കേറുന്ന ക്ലാര ഒടുവില്‍ ജയകൃഷ്ണന്റെ (മോഹന്‍ലാല്‍) നന്മയെ മാത്രം കരുതി മോനി ജോസഫ് (എം.ജി. സോമന്‍) എന്ന ധനാഢ്യനെ വിവാഹം കഴിക്കുന്നു. പ്രണയിനികള്‍ക്ക് എക്കാലവും നൊമ്പരമുണര്‍ത്തുന്നതാണീ സിനിമ.


'അരപ്പട്ട കെട്ടിയ ഗ്രാമ'ത്തില്‍ പത്മരാജന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നായിരുന്നു. ബോക്‌സാഫീസില്‍ പരാജയപ്പെട്ടു. (ഏതു നല്ല സിനിമയ്ക്കും ഇവിടെ അത് സംഭവിച്ചിട്ടുണ്ട്!) ലോലമായ ഒരു കഥാതന്തു പത്മരാജന്റെ പ്രതിഭയില്‍ രാഷ്ട്രീയ, സാമുദായിക മാനങ്ങള്‍ തേടുന്നത് ഈ സിനിമ നമുക്ക് കാണിച്ചുതരുന്നു.


ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനങ്ങള്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പാണ് 'തിങ്കളാഴ്ച നല്ലദിവസം' എന്ന സിനിമയുടെ പിറവി. (1985). ഇക്കാലത്ത് വൃദ്ധസദനം ആര്‍ക്കും ഒരു നൊമ്പരം പോലുമല്ലാതായി. ഒരാചാരാനുഷ്ഠാനംപോലെ, ഘോഷയാത്രയായി നൊന്തുപെറ്റവരെ വൃദ്ധസദനത്തിലേക്കയയ്ക്കാന്‍ നമുക്കിപ്പോള്‍ ഒരു മടിയുമില്ല. 80- കള്‍ അങ്ങനെയായിരുന്നില്ല. ആസന്നമായ ദുരന്തം ജാനകിക്കുട്ടിയിലൂടെ (കവിയൂര്‍ പൊന്നമ്മ) പത്മരാജന്‍ നമുക്ക് കാണിച്ചുതന്നു. 
'ഇന്നലെ'യിലെ നരേന്ദ്രനെ അങ്ങനെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. ജീവനുതുല്യം സ്‌നേഹിച്ച ഭാര്യയെയാണ് (1990) അയാള്‍ക്ക് കൈവിടേണ്ടിവന്നത്. എങ്കിലും അവള്‍ മറ്റൊരാളുടെ കൈയില്‍ തീര്‍ത്തും സുരക്ഷിതയാണെന്നറിഞ്ഞപ്പോള്‍ ഒരോര്‍മപ്പെടുത്തലിനും നില്‍ക്കാതെ നടന്നകന്ന ഭര്‍ത്താവിനെ ഏതൊരു ഭര്‍ത്താവിന് മറക്കാന്‍ കഴിയും! സുരേഷ്ഗോപിക്ക് നാഷണല്‍ അവാര്‍ഡ് വഴുതിപ്പോയ സിനിമകൂടിയായിരുന്നു ഇന്നലെ.


നാല്പത്താറ് വയസ്സുകാരനായ പത്മരാജന്‍- അദ്ദേഹം എഴുപതുകാരന്‍ ചെയ്യുന്നതിന്റെ അപ്പുറം ഈ കാലയളവിനുള്ളില്‍ സാഹിത്യത്തിലൂടെയും സിനിമയിലൂടെയും ചെയ്തു. നര കയറാത്ത നിത്യ യൗവനം തുടിക്കുന്ന ആ താടിക്കാരനെ അങ്ങനെ കണ്ടുകൊണ്ടിരിക്കുന്നത് തന്നെയാവും വേര്‍പാടിന്റെ വലിയ നഷ്ടങ്ങളുടെ ഇടയിലും നമുക്കിഷ്ടം എന്നു തോന്നുന്നു.
നീ മറഞ്ഞാലും നിന്‍ തിരയടിക്കും
നിന്‍ ഓര്‍മയെന്നും ഗന്ധര്‍വാ.