മലയാള സിനിമയിലെ വില്ലന്‍വേഷങ്ങള്‍ക്ക് പരുക്കന്‍ സൗന്ദര്യത്തിന്റെ ചൂടും ചൂരും പകര്‍ന്ന ബാലന്‍.കെ.നായര്‍ വിടപറഞ്ഞിട്ട് ആഗസ്ത് 26ന് 15 വര്‍ഷം തികയുന്നു. നാടകവേദിയില്‍ രാകിമിനുക്കിയ ആ അഭിനയകല സിനിമയിലും ക്രൂരതയുടെ ഭാവപ്പകര്‍ച്ചകള്‍ക്ക് തീക്ഷണത നല്‍കി. പലപ്പോഴും ഇര തേടുന്ന ഒരു വന്യമൃഗത്തെ ആ കാഥാപാത്രങ്ങള്‍ അനുസ്മരിപ്പിച്ചു. കരുത്തുറ്റ നടനായിട്ടും മലയാള സിനിമ കൂടുതലും ബാലന്‍.കെ.നായരെ വില്ലന്‍വേഷങ്ങളില്‍ തന്നെ തളച്ചിട്ടു. എങ്കിലും മനുഷ്യസ്‌നേഹിയായ കഥാപാത്രങ്ങളും മലയാള സിനിമ അദ്ദേഹത്തിന് നല്‍കി. കലയുടെ പാരമ്പര്യം പേറുന്ന ചേമഞ്ചേരിയുടെ സംഭാവനയാണ് ബാലന്‍.കെ നായരും. പതിനാലാം വയസ്സുമുതല്‍ നാടകരചനയില്‍ മുഴുകി. അറുപതുകളില്‍ നാടകാചാര്യന്‍ കെ.ടി മുഹമ്മദ്, തിക്കോടിയന്‍, ടി. ദാമോദരന്‍ എന്നിവരുടെ നാടകങ്ങളിലൂടെ പ്രഫഷണല്‍ നാടകവേദിയില്‍ സജീവമായ ബാലന്‍.കെ നായര്‍ സ്വന്തമായി നാടകം എഴുതി അവതരിപ്പിച്ചു. സംഗമം തിയേറ്റേഴ്‌സ്, കല എന്നീ നാടക സമിതികള്‍ക്ക് ചുക്കാന്‍പിടിച്ചു.


സിനിമാ അഭിനയത്തിനു മുന്‍പ് അദ്ദേഹം കോഴിക്കോട്ട് ഒരു വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്തു. സത്യനും, പി.ജെ.ആന്റണിക്കും, കൊട്ടാരക്കരയ്ക്കും ശേഷം മലയാള സിനിമയില്‍ പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമായി ബാലന്‍ കെ നായര്‍ വളര്‍ന്നു. മലയാള സിനിമയിലേക്ക് വരുന്നതിന് മൂമ്പ് ബോളിവുഡിന്റെ നിത്യകാമുകന്‍ ദേവാനന്ദിന് വേണ്ടി സ്റ്റണ്ട് രംഗങ്ങളില്‍ ഡ്യൂപ്പായി അഭിനയിച്ചു. ശങ്കര്‍ മൂര്‍ത്തിയുടെ സര്‍ഹദിലാണ് അദ്ദേഹം ഡ്യൂപ്പായത്.

1971 ല്‍ വിന്‍സെന്റിന്റെ നിഴലാട്ടത്തില്‍ ബാലന്‍ എന്ന കഥാപാത്രമായി തന്നെ ബാലന്‍.കെ.നായര്‍ മലയാള സിനിമയില്‍ അരങ്ങേറി. മൂന്നു വര്‍ഷം കഴിഞ്ഞ് കെ.പി കുമാരന്റെ അതിഥിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഹനടനുള്ള അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. വര്‍ക്ക് ഷോപ്പുകാരനായ രാഘവന്‍ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 1981 ല്‍ ആ നടനമികവ് ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടു. എം.ടിയുടെ ഓപ്പോളില്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ഗോവിന്ദന്‍കുട്ടിയെന്ന പരുക്കന്‍ കഥാപാത്രത്തിലൂടെ ഭരത് അവാര്‍ഡും അദ്ദേഹം നേടി. ബെല്‍ബോട്ടം പാന്റ്‌സും കോട്ടുമണിഞ്ഞ് ചുണ്ടില്‍ പൈപ്പും വലിച്ച് നായകനെ വെല്ലുവിളിക്കുന്ന അതേ ബാലന്‍.കെ നായര്‍ക്ക് ഷര്‍ട്ടും മുണ്ടുമായിരുന്നു ഇഷ്ടപ്പെട്ട വേഷം. ആ വേഷത്തില്‍ തന്നെയാണ് അദ്ദേഹം ദേശീയ അവാര്‍ഡും വാങ്ങാന്‍ പോയത്. രണ്ട് ദശാബ്ദക്കാലം മലയാള സിനിമയില്‍ അദ്ദേഹം നിറഞ്ഞാടി. രണ്ട് തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പടെ 250 ഓളം സിനിമകളില്‍ അഭിനയിച്ചു. ഒരേ സമയം നാല് സിനിമകളില്‍ വരെ അഭിനയിച്ച കാലമുണ്ട്.

80 കളിലെ ഹിറ്റുകൂട്ടുകെട്ടായ ഐ.വി ശശി-ടി. ദാമോദരന്‍ ടീമിന്റെ ചിത്രങ്ങളിലെല്ലാം ബാലന്‍ കെ. നായര്‍ക്ക് മികച്ച വേഷങ്ങളുണ്ടായിരുന്നു. ഈനാടിലെ സഖാവ് കൃഷ്ണപിള്ള, വാര്‍ത്ത, തുഷാരം, മീന്‍, 1921, ആര്യന്‍, ഒരു വടക്കന്‍ വീരഗാഥ അങ്ങനെ മികച്ച കഥാപാത്രങ്ങള്‍ നിറഞ്ഞ ചിത്രങ്ങള്‍ ഏറെ. അഗ്നിയിലെ ഇറച്ചിവെട്ടുകാരന്റെ കഥാപാത്രവും തച്ചോളി അമ്പുവിലെ വേഷവും അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു.

ക്രൂരതയുടെ പര്യായമായി മാത്രം പലരും ഓര്‍ക്കുന്ന ബാലന്‍.കെ.നായര്‍ തന്നെ ഒരു സിനിമയില്‍ വില്ലനോട് മനസ്സില്‍ ഏറെ തങ്ങിനില്‍ക്കുന്ന ഒരു ഡയലോഗ് പറയുന്നുണ്ട്. ആര്യന്‍ എന്ന ചിത്രത്തിലാണത്. 'പകയും പകവീട്ടലും കൊണ്ട് കറുത്ത് മരവിച്ച ഖല്‍ബില്‍ സ്‌നേഹത്തിനും ബന്ധത്തിനും വിലയുണ്ടാവില്ല' എന്നാണ് കുഞ്ഞാലി എന്ന ആര്യനിലെ കഥാപാത്രം പറഞ്ഞത്. ഓര്‍ക്കാന്‍ പോലും ഭയപ്പെടുന്ന വേഷങ്ങളിലൂടെ ഗര്‍ജ്ജിച്ച അതേ ബാലന്‍.കെ നായര്‍ തന്നെയാണ് കുഞ്ഞാലിയായിയ ഇത് പറഞ്ഞത്. അവസാന കാലത്ത് 10 വര്‍ഷത്തോളം രോഗപീഡകളോട് ഏറ്റുമുട്ടി അര്‍ബുദത്തിന് കീഴടങ്ങി 2000 ആഗസ്ത് 26 നാണ് ബാലന്‍.കെ നായര്‍ വിടപറഞ്ഞത്. അങ്ങനെ വില്ലനായും സാധാരണക്കാരനായും കുടുംബസ്ഥനായും എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ബാലന്‍.കെ.നായര്‍ ഇന്നും ജീവിക്കുന്നു.