യേശുദാസിനെ സംഭാവന ചെയ്ത കൊച്ചിയില്‍ നിന്നു യേശുദാസിന് മുമ്പു സിനിമയില്‍ പാടി പ്രശസ്തനായ ഗായകനാണ് എച്ച്.മെഹബൂബ്. 1981 ഏപ്രില്‍ 22ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്.

സിനിമയില്‍ ആദ്യം പാടിയ അകാലേ ആരും കൈവിടും എന്ന ഗാനം പോലെയായിരുന്നു മെഹബൂബിന്റെ ജീവിതത്തിലെ അവസാനവര്‍ഷങ്ങള്‍. ജീവിതനൗക എന്ന ചിത്രത്തിലാണ് ഈ ഗാനം ഉള്ളത്. ഈ ഗാനം മാനത്രമല്ല മറ്റു ചില ഗാനങ്ങള്‍ കൂടി ആ ചിത്രത്തില്‍ മെഹബൂബ് ആലപിച്ചെങ്കിലും അകാലേ ആരും കൈവിടും എന്ന ഗാനം ഇപ്പോഴും നേശ്രാതാക്കളുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നു.

ഫോര്‍ട്ടുകൊച്ചിയില്‍ പട്ടാളം എന്ന സ്ഥലത്താണ് മെഹബൂബ് ജനിച്ചത്. പട്ടാളക്യാമ്പുകള്‍ ഉള്ള സ്ഥലമായതുകൊണ്ടാണ് പട്ടാളം എന്നു പേരുവന്നത്. പട്ടാള ക്യാമ്പുകളില്‍ചെന്ന് ഹിന്ദിപ്പാട്ടുകള്‍ പാടിയിരുന്ന ബാലന്റെ സ്വരമാധുരി കേട്ട് വടക്കേ ഇന്ത്യക്കാരായ ചില പട്ടാള ഉദ്യോഗസ്ഥര്‍ ഹിന്ദുസ്ഥാനി ഗാനങ്ങള്‍ പഠിപ്പിച്ചു. ഫോര്‍ട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കല്യാണ വീടുകളിലും മറ്റും പാടിയിരുന്ന മെഹബൂബിന്റെ അപൂര്‍വ സിദ്ധിയുള്ള ആലാപന മാധുര്യം സിനിമയിലേക്ക് വഴി തുറന്നു. എ.എം.രാജ, കമുകറ പുരുഷോത്തമന്‍, മെഹബൂബ് എന്നിവരായിരുന്നു അമ്പതുകളില്‍ മലയാള സിനിമയിലെ പ്രശസ്ത ഗായകര്‍.

നീലക്കുയില്‍ എന്ന ചിത്രത്തില്‍ പി.ഭാസ്‌കരന്‍ എഴുതി കെ.രാഘവന്‍ ഈണം പകര്‍ന്നു മെഹബൂബ് പാടിയ മാനെന്നും വിളിക്കില്ല എന്ന ഗാനം ആ ചിത്രത്തിലെ മറ്റു ഗാനങ്ങളെപ്പോലെ തന്നെ സൂപ്പര്‍ ഹിറ്റ് ഗാനമായിരുന്നു.
മെഹബൂബിന് കിട്ടിയ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വൈശിഷ്ട്യമുള്ള ഗാനമായിരുന്നു ഇത്. ഇളനീരിന്റെ മാധുര്യം ഇറ്റിറ്റു വീഴുന്ന ആലാപന ശൈലി 60 വര്‍ഷം കഴിഞ്ഞിട്ടും ശ്രോതാക്കളെ വിസ്മയിപ്പിക്കുന്നു.


നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍ എന്ന അഗാധമായ വിഷാദം ശ്രോതാക്കളില്‍ ഉണര്‍ത്തുന്ന ഗാനം പാടിയ മെഹബൂബ് കോമഡിപ്പാട്ടുകളില്‍ ടൈപ്പ് ചെയ്യപ്പെടുകയായിരുന്നു.
നായര് പിടിച്ച പുലിവാലിലെ കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം ഇത്രയും ഗാംഭീര്യത്തോടെ പാടാന്‍ മറ്റാര്‍ക്കും കഴിയില്ല. ഗാനമേളകളില്‍ ഇപ്പോഴും ഈ പാട്ടു കേള്‍ക്കാം.
ഡോക്ടര്‍ എന്ന ചിത്രത്തിലെ ദേവരാജന്റെ ഈണത്തില്‍ പാടിയ വണ്ടീ വണ്ടീ നിന്നെപ്പോലെ വയറില്‍ എനിക്കും തീയാണ് എന്ന ഗാനത്തില്‍ പറയുന്നപോലെ സിനിമയില്‍ നിന്നും മാറിയ ശേഷം മെഹബൂബിന്റെ വയറില്‍ തീ തന്നെയായിരുന്നു.
വണ്ടീ വണ്ടീ നിന്നെപ്പോലെ, കേളെടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്, നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല, ഓ റിക്ഷാവാലാ, കൊല്ലാന്‍ നടക്കണ കൊമ്പുള്ള വാപ്പാ, എന്തൊരു തൊന്തരവ് അയ്യയ്യോ എന്തൊരു തൊന്തരവ്, ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ, കണ്ടു രണ്ട് കണ്ണ് കതകിന്‍ മറവില്‍ നിന്നു, കല്യാണ രാത്രിയില്‍ പെണ്ണിന്റെ വീട്ടില്‍, ഈ ജീവിതമൊരു ഗാനം തുടങ്ങിയവയാണ് മെഹബൂബിന്റെ ഹിറ്റ് ഗാനങ്ങള്‍.

ഒരു തമാശപ്പാട്ടുകാരനായി തരംതാഴ്ത്തപ്പെട്ടതില്‍ മെഹബൂബ് ദുഃഖിച്ചിരുന്നു എന്ന് തോന്നുന്നു. സിനിമയിലെ കളികളില്‍ അദ്ദേഹത്തിന്റെ മനസ്സും മടുത്തിരുന്നു.
സുഹൃത്ത് മേപ്പള്ളി ബാലന്‍ എഴുതിയ ചില ഗാനങ്ങള്‍ മെഹബൂബ് ഈണം പകര്‍ന്നു പാടിയിരുന്നു. തിരുനല്ലൂര്‍ കരുണാകരന്റെ കാറ്റേ നീ വീശരുതിപ്പോള്‍ മെഹബൂബാണ് ആദ്യം ഈണം പകര്‍ന്ന് പാടിയത്.
ക്ഷയരോഗ ബാധിതനായ മെഹബൂബിനെ എറണാകുളത്തു ശിവരാമമേനോന്‍ റോഡിലുള്ള ഒരു സുഹൃത്ത് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ കിടക്കുമ്പോള്‍ സെബാസ്റ്റ്യന്‍ പോള്‍ പത്രാധിപരായ സിറ്റിസണ്‍ എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി വിക്ടര്‍ ജോര്‍ജ് അവസാനമായി അദ്ദേഹത്തിന്റെ ഫോട്ടോ എടുത്തു. പ്രിന്റ് എടുത്ത് കോപ്പി തരാം എന്നു വിക്ടര്‍ ജോര്‍ജ് പറഞ്ഞപ്പോള്‍ അത് കാണാന്‍ താന്‍ ഉണ്ടാകില്ല എന്ന് ആ അനശ്വരഗായകന്‍ പറഞ്ഞത് സത്യമായി.

മുഹമ്മദ് റഫി പോലും അഭിനന്ദിച്ച സ്വരമായിരുന്നു മെഹബൂബിന്റേത്. എഴുത്തുകാരനും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്ന എം.ഇക്ബാലിന്റെ പരിശ്രമം മൂലം ഒരു പ്രമുഖ ചാനല്‍ മെഹബൂബിന്റെ കഥ രണ്ടു ഭാഗങ്ങളായി സംപ്രേഷണം ചെയ്യുകയുണ്ടായി. കൊച്ചിക്ക് പുറത്തേക്ക് മെഹബൂബിന്റെ പ്രശസ്തി പറന്നു ചെല്ലുന്നത് അങ്ങനെയാണ്. യശഃശരീരനായ എം.ഇക്ബാലിനും മെഹബൂബിന്റെ ജീവിത കഥ സ്മരണാഞ്ജലിയായി. മെഹബൂബ് ഇന്നും കൊച്ചിക്കാരുടെ ആവേശമാണ്. മെഹബൂബിന്റെ പാട്ടുകള്‍ പാടാന്‍ ഇന്നു കൊച്ചിയില്‍ ഒരു പാടു ഗായകരുണ്ട്. കേരളത്തിലെ മറ്റൊരു ഗായകനും ജന്മനാട്ടില്‍ ഇപ്രകാരമൊരു ബഹുമാനം കിട്ടുമോ എന്നു സംശയമാണ്.