സംഗീതജ്ഞന്‍ ബോംബെ എസ്. കമാലിനു അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായ നഗരം ആദരാഞ്ജലിയര്‍പ്പിച്ചു.
ജന്മംകൊണ്ട് മുംബൈക്കാരനാണങ്കിലും എം.എസ്. ബാബുരാജിന്റെ ശിഷ്യനാകുകവഴി കമാല്‍ കോഴിക്കോട്ടുകാരനാവുകയായിരുന്നു.
കോഴിക്കോട്ടെയും മലബാറിലെയും ഒരുപാട് സംഗീതസദസ്സുകളെ അനുപമ സ്വരമാധുരിയാല്‍ സന്പന്നമാക്കിയ അദ്ദേഹത്തെ നഗരത്തിന് മറക്കാനാവില്ല.
ഒരിക്കല്‍ കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. 'സംഗീതവും സ്‌നേഹവും ഒരുമിച്ച് നല്‍കുന്ന നാട് വേറെ എവിടെയാണുള്ളത്. ബാബുക്കയെ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ എന്റെ സംഗീതം ആരും അറിയുമായിരുന്നില്ല. കോഴിക്കോടെന്ന നഗരത്തില്‍ ! എത്തിപ്പെട്ടിരുന്നില്ലെങ്കില്‍ ഞാന്‍ ആരുമാവില്ലായിരുന്നു. മുംബൈയിലെ ഏതെങ്കിലും വേദികളില്‍ ഒതുങ്ങികൂടാന്‍ മാത്രമായിരിക്കും എന്റെ വിധി'അദ്ദേഹം പറഞ്ഞു.
സന്തതസഹചാരിയായ ഹാര്‍മോണിയത്തില്‍ അദ്ദേഹത്തിന്റെ കൈവിരലുകല്‍ പതിയുമ്പോള്‍ നമുക്ക് ആസ്വദിക്കാന്‍ കഴിയുക ശുദ്ധ സംഗീതത്തിന്റെ മാധുര്യമാണ്. അദ്ദേഹത്തിന്റെ സംഗീതം പിന്നീട് സിനിമയിലൂടെ ആല്‍ബത്തിലുടെ ഒരുപാട് നാം ആസ്വദിച്ചു. 82 വയസ്സുവരെയും കര്‍മനിരതനായിരുന്ന അദ്ദേഹം ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഒന്നുമില്ലാതെ വഴിതെറ്റി മുംബൈയില്‍നിന്ന് കോഴിക്കോട്ടെത്തിയ ആളായിരുന്നു കമാല്‍. പിന്നീട് ഇവിടുത്തെ ഗാനമേളകളിലും മെഹ്ഫിലുകളിലും കല്യാണവീടുകളിലും പാടിവളര്‍ന്നു. എം.എസ്. ബാബുരാജുമായുള്ള പരിചയവും അടുപ്പവുമാണ് അദ്ദേഹത്തിന്റെ സംഗീതജീവിതത്തില്‍ വഴിത്തിരിവായത്.
മുംബൈ വിക്ടോറിയ ടെര്‍മിനസിനു സമീപം അബ്ദുള്‍റഹ്മാന്‍ സ്ട്രീറ്റിലാണ് കമാല്‍ ജനിച്ചത്. ഏഴാംവയസ്സുമുതല്‍ മുഹമ്മദ്‌റഫിയുടെ ഗാനങ്ങള്‍ പാടി മുംബൈയില്‍ കഴിയവെയാണ് ബാബുരാജിനെ കാണുന്നത്. അദ്ദേഹത്തിന്റെ മുന്നില്‍ പാടി. കോഴിക്കോട്ടേക്ക് വരുവാന്‍ ക്ഷണിച്ചു. എന്നാല്‍ ക്ഷണം കമാല്‍ ഗൗരവമായി എടുത്തില്ല. ഒരിക്കല്‍ പരിപാടിക്ക് പോകുന്നതിനിടെ വഴിതെറ്റി ഷൊറണൂരിലെത്തി. തിരിച്ചുപോകാന്‍ കാശില്ലാതെ വന്നപ്പോള്‍ കോഴിക്കോട്ടുപോയി ബാബുരാജിനെ കാണാമെന്ന് കരുതി. അദ്ദേഹം ഒരിക്കല്‍ ക്ഷണിച്ച കാര്യം കമാല്‍ ഓര്‍മിച്ചു. കോഴിക്കോട്ടെത്തി കല്ലായിലുള്ള വീട്ടില്‍ ബാബുരാജിനെ അന്വേഷിച്ചു, കണ്ടില്ല. വൈകീട്ട് സൗത്ത് ബീച്ചിലെത്തി. അവിടെ പ്രവര്‍ത്തിച്ചിരുന്ന എവറസ്റ്റ് മ്യുസിക് ഹൗസിലെത്തി. ബാബുരാജ് കമാലിനെ തിരിച്ചറിഞ്ഞു. പിന്നീട് ആ കൂട്ടുകെട്ട് മലബാറിനെ സംഗീതസാന്ദ്രമാക്കി.

ബാബുരാജാണ് ഗായകനായ കമാലിനെ ഗാനം കമ്പോസ് ചെയ്യാന്‍ പഠിപ്പിച്ചത്. 1963ല്‍ കിളിമാന്നുര്‍ രമാകാന്തന്‍ എഴുതിയ നാടകത്തിലെ ഗാനം കമ്പോസ് ചെയ്തു. പിന്നീട് കമാല്‍ സ്വന്തം നാടായ മുംബൈയിലേക്ക് തിരിച്ചുപോയി. തിരിച്ചുവന്ന് മ്യൂസിക് ഡയറക്ടര്‍ രവിന്ദ്രന്റെ ട്രൂപ്പില്‍ റഫിഗാനങ്ങള്‍ പാടി.
പ്രവര്‍ത്തനരംഗം കോഴിക്കോട്ടുനിന്ന് മാറി തെക്കന്‍ കേരളത്തിലാക്കി. 1979ല്‍ ആദ്യ സിനിമയ്ക്ക് പാട്ട് കമ്പോസ് ചെയ്തു. തുടര്‍ന്ന് നിരവധിപാട്ടുകള്‍. കമാല്‍ ചിട്ടപ്പെടുത്തിയ ഭൂരിപക്ഷം പാട്ടുകളും പാടിയത് യേശുദാസാണ്. മോഹന്‍ലാല്‍ അഭിനയിച്ച കീര്‍ത്തിചക്രയുടെ ടൈറ്റില്‍ സോങ് ബോംബൈ എസ്. കമാലിന്റെതാണ്. ഇംഗ്ലീഷ് ആല്‍ബത്തിനും സംഗീതം പകര്‍ന്നു.
കോഴിക്കോടിനെ സ്‌നേഹിച്ച കോഴിക്കോടിന്റെ സ്‌നേഹാദരവ് നേടിയ സംഗീതജ്ഞനാണ് വിടപറഞ്ഞത്. നഗരത്തില്‍ അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് ആരാധകരുണ്ട്. പ്രണയത്തിന്റെ ആര്‍ദ്രതയും വേര്‍പാടിന്റെ നൊമ്പരവും നല്‍കുന്ന അദ്ദേഹത്തിന്റെ സംഗീതത്തിന് വിരാമമായി. അദ്ദേഹത്തിന് അദ്ദേഹം സ്‌നേഹിച്ച നാടിന്റെ ആദരാഞ്ജലികള്‍.