സൈനുദ്ദീന്‍ നായകനോ? വിജയിക്കില്ലെന്ന് ചിലര്‍; 26 ലക്ഷം മുടക്കി നേടിയത് ഒന്നരക്കോടി-റഫീക്ക് സീലാട്ട്


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

സയാമീസ് ഇരട്ടകൾ എന്ന ചിത്രത്തിൽ സൈനുദ്ദീൻ മണിയൻ പിള്ളരാജുവിനൊപ്പം, സൈനുദ്ദീൻ

നവംബര്‍ 4, മലയാളത്തിന്റെ പ്രിയനടന്‍ സൈനുദ്ദീന്‍ വിടവാങ്ങി ഇന്നേയ്ക്ക് 23 വർഷം തികയുന്നു. മിമിക്രി കലാകാരന്‍, നടന്‍ എന്നി നിലകളില്‍ ഏതാണ്ട് 15 വര്‍ഷത്തോളമാണ് സൈനുദ്ദീന്‍ മലയാള സിനിമയ്‌ക്കൊപ്പം നടന്നത്. കലാഭവനില്‍ മിമിക്രിയിലൂടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവേശിക്കുന്നത്. 1984-ല്‍ 'മൈ ഡിയര്‍ കുട്ടിച്ചാത്തനി'ലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

സൈനുദ്ദീന്റെ സിനിമാജീവിതത്തില്‍ ഏറ്റവും ശ്രദ്ധേയമായ വേഷമായിരുന്നു സയാമീസ് ഇരട്ടകള്‍ എന്ന ചിത്രത്തിലേത്. ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിനൊപ്പമാണ് സൈനുദ്ദീന്‍ വയര്‍ ഒട്ടിച്ചേര്‍ത്ത നിലയിലുള്ള ഇരട്ടകളിലൊരാളായി അഭിനയിച്ചത്. സൈനുദ്ദീന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ റഫീക്ക് സീലാട്ട് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തന്നെ സംബന്ധിച്ച് ഒരിക്കലും മറക്കാനാകാത്ത സഹപ്രവര്‍ത്തകനും സഹോദരതുല്യനായ സുഹൃത്തുമാണ് സൈനുദ്ദീനെന്ന് റഫീക്ക് സീലാട്ട് പറയുന്നു.''ഇത്രയേറെ ഹ്യൂമര്‍സെന്‍സുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല, മരണത്തോടെ അദ്ദേഹത്തിന്റെ ശരീരം എന്നില്‍നിന്ന് അകറ്റിയെങ്കിലും ഓര്‍മകള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.''- സൈനുദ്ദീന്റെ ഓര്‍മകളില്‍ റഫീക്ക് സീലാട്ട് സംസാരിക്കുന്നു.

റഫീക്ക് സീലാട്ടിന്റെ വാക്കുകള്‍

സൈനുദ്ദീന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. സൈനു എന്നാണ് ഞാന്‍ വിളിക്കുന്നത്. ഞങ്ങള്‍ ഇരുവരും കൊച്ചിക്കാര്‍ തന്നെ. കലാഭവനില്‍ വരുന്നതിന് മുന്‍പേയുള്ള ബന്ധമാണ്. പല വേദികളിലും ഞങ്ങള്‍ ഒരുമിച്ച് മിമിക്രി ചെയ്തിട്ടുണ്ട്. അന്നൊക്കെ മിക്ക വൈകുന്നേരങ്ങളിലും ഞങ്ങള്‍ കൊച്ചിയിലും പരിസരത്തുമെല്ലാം അലഞ്ഞുതിരിഞ്ഞു നടക്കും സിനിമ കാണാന്‍ പോകും. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആയി തീരണമെന്ന് ഞങ്ങള്‍ രണ്ടുപേരും ഒരുപാട് ആഗ്രഹിച്ചു. 'മൈ ഡിയര്‍ കുട്ടിച്ചാത്തനി'ലാണ് സൈനു ആദ്യമായി അഭിനയിച്ചത്. പിന്നീട് കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി. ചാന്‍സ് ചോദിക്കുന്നതില്‍ സൈനുദ്ദീന്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല. ഒരു ഗോ ഗെറ്ററായിരുന്നു അദ്ദേഹം.

സിദ്ദിഖ് ലാലിലെ സിദ്ദീഖ് ആണ് ഈ സയാമീസ് ഇരട്ടകള്‍ എന്ന സിനിമ പ്രൊജക്ട് കൊണ്ടുവരുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് സയാമീസ് ഇരട്ടകളുടെ കഥ പറയുന്ന ഒരു സിനിമ ഉണ്ടാകുന്നത്. ഇസ്മായീല്‍ ഹസ്സനാണ് ചിത്രം സംവിധാനം ചെയ്തത്. ഞാന്‍ തിരക്കഥയും. ആരെ വച്ച് സിനിമ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് സിദ്ദിഖ് ചോദിച്ചു. നാദിര്‍ഷയും ദിലീപുമായിരുന്നു എന്റെ മനസ്സില്‍ അന്നുണ്ടായിരുന്നത്. കാരണം അവര്‍ തമ്മില്‍ നല്ല സാമ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൂടാതെ അവര്‍ അടുത്ത സുഹൃത്തുക്കളുമാണ്. നാദിര്‍ഷ ഈ പ്രൊജ്ക്ടില്‍ ആകൃഷ്ടനായെങ്കിലും ദിലീപ് വലിയ താല്‍പര്യം കാണിച്ചില്ല. ദിലീപ് സൂപ്പര്‍താരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഒടുവിലാണ് മണിയന്‍ പിള്ളരാജുവിലും സൈനുദ്ദീനിലും എത്തിയത്.

മണിയന്‍ പിള്ളരാജു നായകനായി നേരത്തേ സിനിമകള്‍ വന്നിട്ടുണ്ട്. എന്നാല്‍ സൈനുദ്ദീന്‍ ആദ്യമായാണ് അങ്ങനെ ഒരു മുഴുനീള വേഷം ചെയ്യുന്നത്. സൈനുവിനെ വച്ചു സിനിമ എടുത്താല്‍ വിജയിക്കില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു. ഒരുപാട് പാരകളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. 26 ലക്ഷം രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം ഒന്നരക്കോടി തിയേറ്ററുകളില്‍ നിന്ന് മാത്രമായി നേടി. അതിന് ശേഷം സൈനുദ്ദീന്റെ ഇമേജ് മാറി. കുറച്ച് കൂടി നല്ല വേഷങ്ങള്‍ ലഭിച്ചു.

സൈനുവിന്റെ ഹ്യൂമര്‍ സെന്‍സ് ഭയങ്കരമാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞുകൊണ്ടിരിക്കും. വളരെ വിഷമിച്ചിരിക്കുന്ന അവസ്ഥയില്‍ പോലും നര്‍മം പറയും. എങ്ങിനെ ഇത് സാധിക്കുന്നു എന്ന് എനിക്കറിയില്ല. സന്ദര്‍ഭം പോലും നോക്കില്ല. അത് പലരെയും ദേഷ്യം പിടിപ്പിക്കാറുണ്ട്. ചിലരൊക്കെ സൈനുവിനോട് അതിന്റെ പേരില്‍ പിണങ്ങിയിരിക്കും. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ അവര്‍ തന്നെ സൈനുവിനോട് വന്ന് സംസാരിക്കും. കാരണം ആര്‍ക്കും സൈനുവിനോടുള്ള വിരോധം മനസ്സില്‍ കൊണ്ട് നടക്കാന്‍ കഴിയില്ല.

അവസാനകാലത്ത് സൈനുവിന് സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. കാരണം വളരെ സൂക്ഷിച്ചേ സൈനു പണം ചെലവാക്കുകയുള്ളൂ. ഭാര്യയ്ക്കും ജോലിയുണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ചികിത്സ തേടുന്നത്. എന്നാല്‍ ചികിത്സ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ തന്നെ താന്‍ ഇനി രക്ഷപ്പെടില്ലെന്ന് സൈനു മനസ്സിലാക്കിയിരുന്നു. ആശുപത്രിയില്‍ കിടന്നു മരിക്കേണ്ട വീട്ടില്‍ കിടന്നു മരിച്ചാല്‍ മതിയെന്ന് വാശിപിടിച്ചു. വീട്ടിലെത്തിയതിന് രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മരണം.

സൈനു മരിച്ച വിവരം അറിഞ്ഞ് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. മണിയന്‍ പിള്ള രാജുവാണ് എന്നെ ആദ്യം വിളിച്ചത്. ഒരുപാട് ദുഃഖത്തോടെയാണ് എന്നോട് സംസാരിച്ചത്. സിനിമയില്‍ ഇരട്ടസഹോദരനായി അഭിനയിച്ചതിന് ശേഷം സൈനുവും രാജുവും തമ്മില്‍ വല്ലാത്ത ഒരു ആത്മബന്ധം ഉടലെടുത്തിരുന്നു. പ്ലാസ്റ്റര്‍ പാരീസ് ഉപയോഗിച്ചാണ് ഇവരുടെ ശരീരം ഒട്ടിച്ചു നിര്‍ത്തിയത്. ആറ് മണിക്കൂറോളം എടുത്താണ് അത് ചെയ്തു തീര്‍ത്തത്. കടുത്ത വെല്ലുവിളിയായിരുന്നു ഇരുവര്‍ക്കും. ഉറങ്ങുന്ന രംഗത്തില്‍ കെട്ടിപിടിച്ചാണ് ഇരുവരും അഭിനയിച്ചതെല്ലാം. അതോടെ അവര്‍ തമ്മില്‍ കടുത്ത സ്‌നേഹമായി. ഒരു ഇരട്ടസഹോദരനെ നഷ്ടപ്പെട്ട ദുഃഖമായിരുന്നു രാജുവിന്.

Content Highlights: Zainuddin death anniversary, Rafeek Seelat remembering actor, Comedian mimicry artist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented