സമ്മാനർഹരായ ശരതും സംഘവും മണിരത്നത്തിനൊപ്പം
ഒരു റെസ്യൂമെയൊക്കെ ഉണ്ടാക്കണം, ലിങ്ക്ഡ് ഇന്നിൽ ഒരു പ്രൊഫൈൽ സെറ്റ് ചെയ്യണം, ജോലിയൊക്കെ നോക്കിത്തുടങ്ങണം. മുറിയിലെ കറങ്ങുന്ന ഫാനും നോക്കി ഇങ്ങനെയൊക്കെ ചിന്തിച്ചുകിടക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വരുന്നത്. ശരത് ചന്ദ്രബോസ് അല്ലേ? മറുവശത്തുനിന്നുള്ള ചോദ്യം.
അതിനുള്ള ഉത്തരം ചെന്നു നിന്നത് 53-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 75 ക്രിയേറ്റീവ് യങ് മൈൻഡ്സ്, 53 hour challenge മത്സരത്തിലെ ഒന്നാം സ്ഥാനത്താണ്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഡിയർ ഡയറി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും എഡിറ്ററുമായ ശരത് ചന്ദ്രബോസ് സംസാരിക്കുന്നു.
ഒരു ഇൻസ്റ്റാ റീലുണ്ടാക്കിയ കഥ
ഒന്നര മാസം മുൻപ് ഇൻസ്റ്റഗ്രാമിൽ കണ്ട ഒരു പോസ്റ്റിന്റെ തുടർക്കഥയായിരുന്നു അന്നത്തെ ആ ഫോൺ കോൾ. ഗോവയിൽ വെച്ചുനടക്കുന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 75 ക്രിയേറ്റീവ് യങ് മൈൻഡ്സ് മത്സരവിഭാഗത്തിലെ സിനിമറ്റോഗ്രഫി വിഭാഗത്തിലേക്ക് എനിക്ക് സെലക്ഷൻ കിട്ടി എന്ന് അവർ അറിയിച്ചു. ലൈഫിൽ ഇന്നുവരെ ഇത്ര വലിയ അദ്ഭുതമൊന്നും നടന്നിട്ടില്ല. ഡെലഗേറ്റായല്ല, ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇൻവൈറ്റീ ആയി പങ്കെടുക്കാനുള്ള സുവർണ്ണാവസരമാണ് എന്നെത്തേടി വന്നതെന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുത്തെന്ന് വേണം പറയാൻ.
ഒന്നര മാസം മുമ്പ് ഇൻസ്റ്റഗ്രാമിൽ ഐ.എഫ്.എഫ്.ഐയുടെ പേജിൽ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് കണ്ടിരുന്നു. ഷോർട്ട് ഫിലിമുകൾ അയക്കാനാണ് പറഞ്ഞിരുന്നതെങ്കിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്ന ഒരു ഷോ റീലാണ് അയച്ചത്. പിന്നീടതിന്റെ കാര്യം മറന്നുപോയി. സെലക്റ്റഡായെന്ന് പറഞ്ഞുള്ള ഫോൺ കോൾ ശരിക്ക് ഞെട്ടിച്ചുകളഞ്ഞു. പോകാനുള്ള ഫ്ളൈറ്റ് ടിക്കറ്റും താമസവും ഭക്ഷണവുമെല്ലാം എൻ.എഫ്.ഡി.സി വക. കേൾക്കുന്നതും കാണുന്നതും ശ്വസിക്കുന്നതുമെല്ലാം സിനിമയായിരുന്ന 5 ദിവസങ്ങളായിരുന്നു അത്.
സിനിമ മാത്രം സ്വപ്നം കാണുന്ന സംഘത്തിലേക്ക്
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് തിരക്കഥാരചന, സംവിധാനം, അഭിനയം, ഛായാഗ്രാഹണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 75 പേരെ മത്സരാടിസ്ഥാനത്തിൽ ഐ.എഫ്.എഫ്.ഐയിലേക്ക് ക്ഷണിച്ചത്. ലഡാക്ക്, മുംബൈ, തമിഴ്നാട്, കർണാടക തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുണ്ടായിരുന്നു. ദേശീയ അവാർഡ് കരസ്ഥമാക്കിയവർ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. ഭാഷ, സംസ്കാരം, കാഴ്ചപ്പാടുകൾ, അനുഭവങ്ങൾ തുടങ്ങി എല്ലാം വ്യത്യസ്തം. പക്ഷേ ഒരേയൊരു സ്വപ്നം- സിനിമ. ആയിരക്കണക്കിന് മത്സരാർത്ഥികളിൽ ഒരാളായി ഞാനും.
ഞങ്ങളെ 15 പേരടങ്ങുന്ന ടീമുകളായി തിരിച്ചു. 53 മണിക്കൂറിനുള്ളിൽ ഓരോ ടീമും ഒരു സിനിമ നിർമിക്കുക എന്നതായിരുന്നു ഞങ്ങൾക്ക് ലഭിച്ച ചാലഞ്ച്. India @ 100 ആയിരുന്നു ഇത്തവണത്തെ തീം. ടീമിലെ സ്ക്രിപ്റ്റ് റൈറ്റേഴ്സിനോട് നേരത്തെ തന്നെ സ്ക്രിപ്റ്റ് സബ്മിറ്റ് ചെയ്യാൻ പറഞ്ഞിരുന്നു. പിന്നെ കഥ എങ്ങനെ ചിത്രീകരിക്കാം എന്ന് കൂടിയാലോചിച്ചു. റിസോഴ്സുകളുടെ കുറവറിയാത്ത മത്സരമായിരുന്നു സംഘാടകർ ഒരുക്കിയത്. ഷൂട്ടിങ് ലൊക്കേഷനുകൾ, യാത്രാസൗകര്യം, ക്യാമറകൾ, ലൈറ്റ് എക്വിപ്പ്മെന്റ്സ്, സൗണ്ട് ഓപ്പറേറ്റേഴ്സ്, ലൈൻ പ്രൊഡ്യൂസേഴ്സ് എന്നുവേണ്ട ഷൂട്ടിംഗ് ചെലവുകൾക്കായി ഓരോ ടീമിനും മുപ്പതിനായിരം രൂപ എല്ലാം റെഡി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്യാനുള്ള ഫിലിം ബസാർ, ഹബ്ബ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഫെസ്റ്റിവൽ വേദിയിലുണ്ടായിരുന്നത്.

ക്യാമറ: ശരത് ബോസ് - അത് എനിക്കു കിട്ടിയ പിറന്നാൾ സമ്മാനം
സിനിമറ്റോഗ്രഫിയും എഡിറ്റിംഗുമാണ് ഞാൻ ചെയ്തത്. മുൻപ് കൂട്ടുകാരോടൊപ്പം തുടങ്ങിവെച്ച 'അൽവീഞ്ഞേഴ്സ്' എന്ന യൂട്യൂബ് ചാനലിലേക്ക് ഷോർട്ട് ഫിലിമുകളും കോമഡി വൈൻ വീഡിയോസുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഒരു പുതിയ ഗ്രൂപ്പിനൊപ്പമുള്ള അനുഭവങ്ങൾ തീർത്തും വ്യത്യസ്തമായിരുന്നു. ബുദ്ധിമുട്ടുകളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടായെങ്കിലും ഔട്ട്പുട്ട് നന്നായപ്പോൾ മറ്റെല്ലാം മറന്നു.

'ഡിയർ ഡയറി' എന്നായിരുന്നു ഞങ്ങളുടെ ഷോർട്ട് ഫിലിമിന്റെ പേര്. അതിന് ഒന്നാം സമ്മാനം കിട്ടിയപ്പോഴാണ് ശരിക്കും വണ്ടറടിച്ചുപോയത്. 5 ടീമുകളുടെ സിനിമകളിൽ നിന്ന് ഞങ്ങളുടെ സിനിമ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു. 2,25,000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്നതായിരുന്നു സമ്മാനം. പക്ഷേ, സന്തോഷം കൊടുമുടി തൊട്ടത് സാക്ഷാൽ മണിരത്നത്തിന്റെ കൈയ്യിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങിയപ്പോഴാണ്. അന്നെന്റെ ബെർത്ഡേ ആയിരുന്നു. അദ്ദേഹം ഹാപ്പി ബെർത്ഡേ വിഷ് ചെയ്തതും കെട്ടിപ്പിടിച്ചതുമൊക്കെ ഒരത്ഭുതം പോലെ തോന്നുന്നു. ഇരുപത്തിയഞ്ച് വയസ്സിന്റെ പിറന്നാൾ മെമ്മറബിൾ ആകണം എന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ബെസ്റ്റ് ആകും അതെന്ന് ഒരിക്കലും വിചാരിച്ചില്ല.
ഇനി ബിനാലെയിൽ കാണാം
ഇന്ത്യയുടെ ഏതെങ്കിലും ഒരു കോണിൽ കുടുങ്ങിപ്പോയാൽ ക്യാൻ യൂ ഹെൽപ് മീ എന്ന് ചോദിക്കാനും സഹായമെത്തിക്കാനും എനിക്കിപ്പോൾ ഫ്രണ്ട്സുണ്ട്. അതാണ് ഇതിൽ നിന്ന് കിട്ടിയ സമ്പാദ്യം. കുറേ നല്ല അനുഭവങ്ങളും പുതിയ സ്വപ്നങ്ങളുമായാണ് ഗോവയിൽ നിന്ന് തിരിച്ച് കൊച്ചിയിലേക്ക് ഫ്ളൈറ്റ് കയറിയത്. ഇനിയും കുറേ സിനിമകൾ കാണണം, മികച്ച സംവിധായകർക്കൊപ്പം വർക്ക് ചെയ്യണം, യാത്രകൾ ചെയ്യണം, എനിക്കും ഒരിക്കൽ സ്വന്തമായി സിനിമ ചെയ്യണം. തത്കാലത്തേക്ക് അടുത്ത പരിപാടി കൊച്ചി മുസിരിസ് ബിനാലെയിലാണ്. ബിനാലെയിലെ വീഡിയോ ക്രിയേറ്റർ ടീമിനൊപ്പം ഞാനുമുണ്ടാകും ഇത്തവണ.
Content Highlights: iffi 2022, International Film Festival Goa, 75 creative young minds, 53 hour movie making challenge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..