
ആഗോള യോഗാദിനത്തിന്റെ തലേന്നാണ് ഈ കുറിപ്പ് നിങ്ങളിലെത്തുന്നത്. രാഷ്ട്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും മതനേതാക്കളുമൊന്നും ഇല്ലാതിരുന്ന ചരിത്രാതീത സുന്ദരഭൂതകാലത്തിലിരുന്ന് ഭാരതത്തിലെ ഋഷീശ്വരന്‍മാര്‍ രൂപം നല്‍കിയ 'യോഗ' എന്ന ശാസ്ത്രീയ ജീവപദ്ധതിയെ ഏറെ വൈകിയാണെങ്കിലും ലോകം അംഗീകരിക്കുന്നു എന്നതില്‍ ഒരു ഭാരതീയനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ലോകത്തിന് ഭാരതം വഴികാട്ടും, കാട്ടണം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ശരിയായിവരുന്നു.

വ്യക്തിപരമായി എന്റെ ജീവിതത്തില്‍ എത്രയോ ഘട്ടങ്ങളില്‍ യോഗ കടന്നുവന്നിട്ടുണ്ട്. അപ്പോഴെല്ലാം ഈ മഹത്തായ പദ്ധതിയുടെ ആഴം മനസ്സിലാക്കി ഞാന്‍ അമ്പരന്നുപോയിട്ടുണ്ട്. അതിനെ ആദരിച്ച് അനുസരിച്ചപ്പോള്‍ പലപ്പോഴും ഞാന്‍ നല്ല യോഗ വിദ്യാര്‍ഥിയായി.
പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ സ്രഷ്ടാവ് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ 'പതഞ്ജലി യോഗസൂത്രം' എന്ന ഗ്രന്ഥം യോഗയുടെ അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. സ്വാമി വിവേകാനന്ദനടക്കം എത്രയോ പേര്‍ ഇതിന് ഗഹനമായ വ്യാഖ്യാനം എഴുതി. ഏറ്റവും ആധുനിക കാലത്ത് ഓഷോ രജനീഷ് യോഗയെ മധുരമായ ഒരു അനുഭൂതിയാക്കി. ബി.കെ.എസ്. അയ്യങ്കാര്‍ യോഗയെ കടലുകള്‍ക്കപ്പുറത്തേക്കെത്തിച്ച് അതിനു വേണ്ടി ഒരു ജന്മം സമര്‍പ്പിച്ചു. എത്രയോ ഏകാഗ്ര മ നസ്‌കരായ മനുഷ്യര്‍ യോഗ ചിട്ടയായി സാധന ചെയ്യുന്നു. അതിന്റെ ഫലം അവര്‍ നിത്യ ജീവിതത്തില്‍ അനുഭവിക്കുകയും ചെയ്യുന്നു.
യോഗ എന്ന വാക്കിനു union, to unite എന്നൊക്കെയാണ് അര്‍ത്ഥം. ഒന്നിച്ച്, ഒന്നായിരിക്കുക... മനസ്സിനും അപ്പുറത്തേക്ക് അവര്‍ണനീയമായ ഒരു ആകാശസഞ്ചാരമാണ് ഇത്. പതഞ്ജലിയുടെ യോഗാ സൂത്രത്തിലെ രണ്ടാമത്തെ ശ്ലോകം ഇങ്ങിനെ...
'യോഗശ്ചിത്ത വൃത്തി നിരോധ'മനസ്സിന്റെ വൃത്തികളെ നിരോധിച്ചാല്‍ മനുഷ്യന്‍ അലയടങ്ങിയ ഒരു സാഗരമാണ് (മനസ്സിനെ മര്‍ക്കടനായാണ് ഭാരതം പണ്ടേ കണ്ടുപോന്നത്. ചിന്തകളില്‍ നിന്നും ചിന്തകളിലേക്ക് ചാടി അത് മനുഷ്യനെ ചഞ്ചലനാക്കുന്നു). മനസ്സ് നിലച്ചാല്‍ മനുഷ്യന്‍ ഏറ്റവും വലിയ ധ്യാനാവസ്ഥയിലേക്ക് പ്രവേശിക്കുന്നു. അവനവനിലേക്ക് മാത്രം നോക്കുന്നു.
സ്വയം അറിയുന്ന 'aware' എന്ന പദത്തിന് ഏറ്റവും വിശുദ്ധമായ അര്‍ത്ഥമുണ്ടാകുന്നത് അപ്പോഴാണ്... യോഗയുടെ നിമിഷങ്ങളില്‍ നാം പൂര്‍ണമായി നമ്മെയറിയുന്നു. എല്ലാ വേഗവുമൊടുങ്ങുന്നു. സ്വന്തം ശ്വാസോച്ഛ്വാസത്തിന്റെ ഏറ്റവും നേരിയ നൂലിഴകള്‍ പോലുമറിയുന്നു. (അല്ലെങ്കില്‍ ആരറിയുന്നു എത്ര ശ്വസിക്കുന്നു എന്നും എത്ര നിശ്വസിക്കുന്നു എന്നും! നടന്‍ ഇന്നസെന്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വെറുതെ എന്തോ വലിച്ച് പുറത്തേക്ക് വിട്ടു നടക്കുന്ന വെറും മനുഷ്യര്‍). വായുവും അഗ്‌നിയും ജലവുമാണ് മനുഷ്യന്‍. വായുവിന്റെ സഞ്ചാരപഥങ്ങള്‍ അറിയുമ്പോള്‍ അത് നമ്മുടെ നാഡീവ്യൂഹത്തെ സ്പര്‍ശിക്കുന്നു, ചിന്തയെ സ്പര്‍ശിക്കുന്നു, തലച്ചോറിനെ സ്പര്‍ശിക്കുന്നു. മനുഷ്യനെ ഏകാഗ്രനാക്കുന്നു. വിവേകാനന്ദന്‍ തന്റെ യോഗസൂത്രഭാഷ്യം തുടങ്ങുന്നത് 'ഏകാഗ്രതയുടെ ആദ്ധ്യാത്മിക പ്രയോജനങ്ങള്‍' എന്ന അദ്ധ്യായത്തോടെയാണ്. പതഞ്ജലിയുടെ തത്ത്വചിന്തയോട് പലര്‍ക്കും വിയോജിക്കാമെങ്കിലും അദ്ദേഹത്തിന്റെ അഭ്യാസ പദ്ധതിയെ എല്ലാവരും അംഗീകരിക്കും എന്നും സ്വാമി പറയുന്നുണ്ട്. 'അഭ്യാസ പദ്ധതി' എന്ന വാക്ക് ശ്രദ്ധിക്കുക. അതീവ സൂക്ഷ്മമായ ഒരു ശാസ്ത്രീയ അഭ്യാസ പദ്ധതിയാണ് യോഗ... കുരക്ഷേത്ര മദ്ധ്യത്തില്‍ വച്ച് തന്റെ മനസ്സ് ചഞ്ചലപ്പെടുന്നു എന്നു പറഞ്ഞ അര്‍ജുനന് കൃഷ്ണന്‍ യോഗയുടെ വഴിയാണ് ഉപദേശിക്കുന്നത്. യോഗിയുടെ ലക്ഷണങ്ങളും അതിലേക്കുള്ള മാര്‍ഗങ്ങളും കൃഷ്ണന്‍ പറഞ്ഞുകൊടുക്കുന്നു. ഈ അദ്ധ്യായത്തിന്റെ ആകെത്തുക ഏകാഗ്രതയും മനോനിയന്ത്രണവുമാണ്. ഇതു തന്നെയേ യോഗ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.
ചിട്ടയായ അഭ്യാസ പദ്ധതിയാണ് യോഗ എന്ന് നേരത്തേ പറഞ്ഞു. അതിന് നിരവധി ആസനങ്ങളുണ്ട്. വ്യത്യസ്തമായ വിഭാഗങ്ങളുണ്ട്. ഒരു നല്ല ഗുരുവിന്റെ മാര്‍ഗനിര്‍േദശങ്ങളോടെയാണ് ഇവയെല്ലാം ചെയ്യേണ്ടത്. യോഗ ശരിയായ രീതിയില്‍ ചെയ്താല്‍ ഗുണം ലഭിക്കുന്നതുപോലെ തന്നെ തെറ്റായി ചെയ്താല്‍ ഉണ്ടാവുന്ന അപകടവും വലുതാണ്. കാരണം യോഗ ചെന്നു തൊടുന്നത് നമ്മുടെ ആന്തരിക ലോകത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഇടങ്ങളിലാണ്.
യോഗയെ നമ്മുടെ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യാന്‍ തീരുമാനിച്ചപ്പോഴും സമൂഹത്തെ കലുഷിതമാക്കുന്ന തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടായി എന്നത് സങ്കടമാണ്.
മതങ്ങള്‍ ഒന്നും പിറക്കുക കൂടി ചെയ്യാത്ത കാലത്ത് സൃഷ്ടിക്കപ്പെട്ട യോഗയില്‍ ഏത് മതത്തിന്റെ ഛായയാണ് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഇതിനെ ആന്തരിക ശരീരത്തിന്റെയും ബാഹ്യശരീരത്തിന്റെയും ഒരു അഭ്യാസ പദ്ധതി എന്ന നിലയില്‍ എടുക്കുക. പല മതങ്ങളില്‍ ഉള്ള പ്രാര്‍ത്ഥനാരീതികളില്‍ യോഗയുടെ സൂക്ഷ്മമായ പല ആസനങ്ങളും ഏകാഗ്രതയും കാണാം...
നമ്മള്‍ ഒരു വാക്കു പറയുമ്പോള്‍, ഒരു തീരുമാനം എടുക്കുമ്പോള്‍ ഏറെ ആലോചിക്കണം. വിവേകവും സത്യസന്ധതയുമായിരിക്കണം നമ്മെ നയിക്കേണ്ടത്. ഏറെ എളുപ്പമാണ് നമ്മുടെ ചിന്തകളെയും സമൂഹത്തെയും ഇളക്കി വിടാനും കലക്കി മറിക്കാനും. എന്നാല്‍ അവയെ ശാന്തമായും സമാധാനപരമായും കൊണ്ടുനടക്കുക ഏറെ ദുഷ്‌കരമാണ്. ചുരുങ്ങിയ പക്ഷം അറിയാത്ത വിഷയങ്ങള്‍ പഠിക്കുവാനും അവനവനോട് സത്യസന്ധരാവാനും നമ്മള്‍ തയ്യാറാവണം. അതേ സമയം ഒരു കാര്യത്തിലും നിര്‍ബന്ധബുദ്ധിയും പാടില്ല. മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തെ നിലനിര്‍ത്തിക്കൊണ്ടുള്ള നവീകരണമാണ് വേണ്ടത്. വിവേകാനന്ദന്റെ രാജയോഗ പ്രഭാഷണത്തിലെ ഒരു ഭാഗത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ലോകത്തിലെ ജ്ഞാനമെല്ലാം മനശ്ശക്തികളെ ഏകാഗ്രമാക്കിയിട്ടല്ലാതെ സാധിച്ചിട്ടുണ്ടോ? പ്രപഞ്ചം അതിന്റെ രഹസ്യങ്ങളെ സമുക്ക് വിട്ടുതരുവാന്‍ തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത്. എങ്ങിനെ മുട്ടിയാലാണ് ശരിയാവുക എന്നറിഞ്ഞാല്‍ മതി. മുട്ടാനുള്ള ബലവും സാമര്‍ത്ഥ്യവും ഏകാഗ്രതയില്‍ കൂടിയാണ് വരുന്നത്. മനുഷ്യന്റെ മനശ്ശക്തിക്ക് അതിരില്ല. അതിനെ എത്രയധികം ഏകാഗ്രമാക്കുന്നുവോ അത്രയധികം ശക്തി ഒരു കേന്ദ്രത്തില്‍ ചെലുത്താന്‍ സാധിക്കും. അതാണ് രഹസ്യം.
അതുകൊണ്ട് മഹത്തായ ചിന്തകളിലും കണ്ടുപിടിത്തങ്ങളിലുമെങ്കിലും നമുക്ക് മതം കലര്‍ത്താതിരിക്കാം, ഒന്നിച്ചിരിക്കാം. യോഗികളാവാം...
(അവലംബം: thecompleteactor.com)