യേശുദാസ്, ടി.കെ.ആർ ഭദ്രൻ | ഫോട്ടോ: എൻ.എം. പ്രദീപ്, മാതൃഭൂമി ആർക്കൈവ്സ്
ഒരിക്കൽപ്പോലും ശബരിമല ചവിട്ടാതെ, ടി.കെ.ആർ. ഭദ്രനെന്ന ഗാനരചയിതാവെഴുതിയ അയ്യപ്പഗീതങ്ങൾ വർഷം 47 കഴിഞ്ഞിട്ടും ഇന്നും ഭക്തമനസ്സുകളെ നിർമലമാക്കിക്കൊണ്ടേയിരിക്കുന്നു. സുഖസന്ദായകഗിരിയായ ശബരിമലയിൽ സുപ്രഭാതം പൊട്ടിവിടരുന്നതും മലയിലെ ദിവ്യമണിവിളക്കായി തെളിയുന്ന മകരവിളക്കും ഒരിക്കലും അദ്ദേഹം കണ്ടിരുന്നില്ല. എന്നിട്ടും ആ തൂലികയിൽനിന്ന് പിറന്നതെല്ലാം അയ്യപ്പഗീതങ്ങൾ. ഒരുപക്ഷേ, ഭദ്രന്റെ മനംനിറയെ മണികണ്ഠനായിരുന്നിരിക്കണം. ഗംഗയാറും അഭിരാമശൈലവും ആ ദിവ്യനാമവുമെല്ലാം വൃശ്ചികക്കുളിരിനൊപ്പം യേശുദാസിന്റെ സ്വരമാധുരിയിലൂടെ ഒഴുകിയെത്തുമ്പോൾ നിരവധിലക്ഷം ഭക്തർ മനസ്സായെങ്കിലും ഇന്നും ശരണമന്ത്രം ഉരുവിടുന്നു. ആലപ്പുഴ പുന്നപ്ര തൈച്ചിറയിൽ കൃഷ്ണൻ രാമഭദ്രനെന്ന ടി.കെ.ആർ. ഭദ്രൻ ഇന്ത്യൻ എയർലൈൻസിൽ കാറ്ററിങ് സൂപ്രണ്ടായിരുന്നു. ഒരിക്കൽ ഒരു വിമാനയാത്രയ്ക്കിടെ യേശുദാസിനെ കണ്ടുമുട്ടിയതാണ് ഭദ്രന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആ യാത്ര യേശുദാസിനെയും ഭദ്രനെയും സുഹൃത്തുക്കളാക്കി മാറ്റി. അതുവരെ മനസ്സിൽ തിങ്ങിനിറഞ്ഞുനിന്ന വാക്കുകളും വരികളും അയ്യപ്പഭക്തിഗാനങ്ങളായി പിറവികൊള്ളുവാനുള്ള നിമിത്തമായി ആ കണ്ടുമുട്ടൽ.
മുംബൈ വഴി ചെന്നൈയിലേക്ക്
ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ കഥയും കവിതയും നാടകവുമെല്ലാം എഴുതുകയും അഭിനയിക്കുകയും ചെയ്തിരുന്നു ഭദ്രൻ. പിന്നീടുള്ള ആലപ്പുഴക്കാലം അജ്ഞാതം. ഇന്ന് ഭദ്രനെ അറിയുന്നവരും ആലപ്പുഴയിൽ ചുരുക്കം. അറിയാവുന്നവർക്കാകട്ടെ ഭദ്രന്റെയുള്ളിലെ എഴുത്തുകാരനെക്കുറിച്ചുമറിയില്ല. 1921-ൽ ആലപ്പുഴയിൽ ജനിച്ച ഭദ്രൻ, തന്റെ 31-ാം വയസ്സിൽ ആലപ്പുഴ വിട്ടതാണ്. ഇപ്പോൾ അവിടെ വേരുകളും അപൂർവം. അന്ന് യാത്ര തിരിക്കുമ്പോൾ ഒപ്പം ഭാര്യ സുമതിയും രണ്ടു വയസ്സുകാരനായിരുന്ന മകൻ സുരേഷും മാത്രം. ഒരാശുപത്രിയിൽ കമ്പൗണ്ടറായി ജോലി കിട്ടിയതിനെത്തുടർന്ന് മുംബൈയിലേക്കായിരുന്നു ആ യാത്ര. അത് തിരിച്ചുവരവില്ലാത്ത പ്രവാസത്തിന്റെ തുടക്കമായിരുന്നു. ആശുപത്രി ജോലിക്കിടെ മുംബൈ എയർ ഇന്ത്യയിൽ കാറ്ററിങ് അസിസ്റ്റന്റായി ജോലിക്കുചേർന്നു. പിന്നീട്, എയർ ഇന്ത്യയിൽ ലോക്ക് ഔട്ട് പ്രഖ്യാപിച്ചപ്പോൾ 1970-ൽ ഭദ്രൻ ചെന്നൈ ഇന്ത്യൻ എയർലൈൻസിൽ കാറ്ററിങ് സൂപ്രണ്ടായി നിയോഗിക്കപ്പെട്ടു. (അധികമാരുമറിയാത്ത ഭദ്രന്റെ ജീവിതത്തെക്കുറിച്ച് ആദ്യം തിരക്കിയത് കവിയും ഗാനരചയിതാവുമായ ആർ.കെ. ദാമോദരനോടാണ്.)
എക്കാലത്തെയും ഹിറ്റ്
എച്ച്.എം.വി. (ഹിസ് മാസ്റ്റേഴ്സ് വോയ്സ്)യിലെ റെക്കോഡിങ് ഓഫീസറായ മങ്കപതി അയ്യപ്പഭക്തിഗാനങ്ങൾ ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സമയമായിരുന്നു. 10 ഗാനങ്ങളെഴുതാൻ ഭദ്രൻ നിയോഗിക്കപ്പെട്ടു. അതിൽ ആറെണ്ണത്തിന് യേശുദാസ് സംഗീതം നൽകി. നാലെണ്ണത്തിന് ബി.എ. ചിദംബരനാഥും. അങ്ങനെ, 1975-ൽ യേശുദാസിന്റെ സ്വരമാധുരിയിൽ അയ്യപ്പഗാനങ്ങളിലെ എക്കാലത്തെയും ഹിറ്റ് പിറവികൊണ്ടു. ‘ലോർഡ് അയ്യപ്പ സോങ്സ്’ എന്നായിരുന്നു എച്ച്.എം.വി.യുടെ ആ എൽ.പി. (ലോങ് പ്ലേ) റെക്കോഡിന്റെ പേര്. (ഇന്നാ ആൽബത്തിന്റെ പേര് ‘ഗംഗയാർ’ എന്നും). അത് വൻവിജയമായതോടെ സംഗീത കാസെറ്റ്സിനുവേണ്ടി വീണ്ടും പത്തു ഗാനങ്ങളെഴുതി ഭദ്രൻ. ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ, യേശുദാസിന്റെ ആലാപനത്തിൽ ‘ആ ദിവ്യനാമം’ എന്നപേരിൽ പുറത്തിറങ്ങിയ ആ ആൽബവും ഹിറ്റായി. തരംഗിണി സ്റ്റുഡിയോ ആദ്യ അയ്യപ്പഭക്തിഗാന കാസെറ്റിറക്കാൻ ആലോചിക്കുന്നത് അക്കാലത്താണ്. പാട്ടുകളെഴുതാൻ യേശുദാസ് ഭദ്രനോട് ആവശ്യപ്പെട്ടു. തിരിച്ച് ഭദ്രൻ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം; യേശുദാസ് തന്നെ സംഗീതംചെയ്യണം. യേശുദാസ് തന്നെ ഈണമിട്ട് പാടിയ ആ ഗാനങ്ങൾ പത്തും ശ്രദ്ധേയമായി. 1981-ൽ ആ ആൽബം പുറത്തിറങ്ങി അധികം താമസിയാതെ ഹൃദയാഘാതത്തെത്തുടർന്ന് ഭദ്രൻ ഓർമയായി.

38 ഗാനങ്ങളേ ഭദ്രന്റേതായി പുറത്തുവന്നിട്ടുള്ളൂ. പിന്നെയുള്ളത് അയ്യപ്പസ്വാമി, പോകൂ പോകൂ പൊന്മലയിൽ എന്ന രണ്ടു പുസ്തകങ്ങളും. അതിൽ അയ്യപ്പസ്വാമി എന്ന പുസ്തകത്തിന്റെ അവതാരികയിൽ തിക്കുറിശ്ശി ഇങ്ങനെ എഴുതി: ‘പ്രസിദ്ധിക്കുവേണ്ടി ഉഴറിനടക്കുന്ന കൂട്ടത്തിലല്ല ഭദ്രൻ. കവിതയെഴുത്ത് സ്വന്തം ആത്മാവിന്റെ സംതൃപ്തിക്കുവേണ്ടിയാണ്.’ അയ്യപ്പസ്വാമി എന്ന പുസ്തകത്തിൽ ‘അയ്യപ്പസ്വാമി’, ‘ശ്രീ അയ്യപ്പ സുപ്രഭാതം’ എന്നീ സ്വന്തം കാവ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഭദ്രൻ പോയിട്ടില്ലെങ്കിലും മക്കൾ പോയിട്ടുണ്ട് ശബരിമലയ്ക്ക്. ‘‘ഞാൻ പോയിരുന്നപ്പോൾ അയ്യപ്പസ്വാമി എന്ന പുസ്തകത്തിന്റെ കോപ്പികളും കൊണ്ടുപോകുമായിരുന്നു. അവിടെ സ്റ്റാളിട്ട് ഞാനാ പുസ്തകം വിറ്റിട്ടുണ്ട്. എല്ലാവരും വാങ്ങുമായിരുന്നു.’’- എയർ ഇന്ത്യയിൽ നിന്ന് വിരമിച്ച ഭദ്രന്റെ മൂത്തമകൻ സുരേഷ് ഓർക്കുന്നു. ‘പോകൂ പോകൂ പൊന്മലയിലേക്ക്’ എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്.
സൗഹൃദങ്ങളുടെ ചെന്നൈ
അന്ന് ചെന്നൈ നഗരത്തിലെത്തുന്ന മലയാളികൾക്ക് ‘ഭദ്രൻ ചേട്ടൻ’ ആശ്വാസമായിരുന്നു. ഓണാഘോഷങ്ങളിലെയും മറ്റും സജീവസാന്നിധ്യം. ഓട്ടൻതുള്ളലുകൾ എഴുതി അവതരിപ്പിച്ചും നാടകങ്ങളെഴുതി അതിൽ വേഷമിട്ടും അദ്ദേഹം ആഘോഷങ്ങളെ കൊഴുപ്പിക്കുമായിരുന്നു. ആദ്യം ക്രോംപെറ്റിലും പിന്നീട് ചെന്നൈ ഇന്ത്യൻ എയർലൈൻസ് കോളനിയിലുമായിരുന്നു ഭദ്രനും കുടുംബവും. ‘അച്ഛൻ വീട്ടിൽ കുറച്ചു ഗൗരവക്കാരനായിരന്നു. മുറിയടച്ചിരുന്ന് എപ്പോഴും എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കും. ശല്യപ്പെടുത്തിയാൽ ഞങ്ങൾ മക്കൾക്ക് വഴക്കുകേൾക്കും.’-സുരേഷ് പറഞ്ഞു. അന്ന് യേശുദാസും ശ്രീകുമാരൻ തമ്പിയും പി. ഭാസ്കരനുമെല്ലാം ഭദ്രന്റെ ചെന്നൈയിലെ വീട്ടിലെ സന്ദർശകരായിരുന്നു. സത്യനും നസീറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. സിനിമാക്കാരുമായുള്ള സൗഹൃദത്തിൽ നായരുപിടിച്ച പുലിവാല്, അമ്പലപ്രാവ്, എഴുതാത്ത കഥ, സ്ത്രീ, കണ്ണൂർ ഡീലക്സ്, ഡേഞ്ചർ ബിസ്കറ്റ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
യേശുദാസും ഭദ്രനും
ഗാനരചയിതാവും ഗായകനും തമ്മിലുള്ള ബന്ധം മാത്രമായിരുന്നില്ല യേശുദാസും ഭദ്രനുമിടയിലുണ്ടായിരുന്നത്. ആ ബന്ധം കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും വളർന്നു. ഭദ്രന്റെ ഗാനങ്ങളിൽ 30 എണ്ണവും പാടിയതും 16 എണ്ണം സംഗീതംചെയ്തതും യേശുദാസാണ്. ഇന്ത്യൻ എയർലൈൻസിൽനിന്ന് വിരമിച്ചപ്പോൾ ഭദ്രനെ വെറുതെ വീട്ടിലിരിക്കാൻ സമ്മതിച്ചില്ല യേശുദാസ്. തരംഗിണിയിലേക്കു വിളിച്ചു. പിന്നെ, തന്റെ പേഴ്സണൽ അസിസ്റ്റന്റായി ഒപ്പം കൂട്ടി. ഭദ്രന്റെ രണ്ടാമത്തെ മകൻ സുപാൽ അന്ന് തമിഴ് സിനിമാനിർമാതാവ് ആർ.എസ്. പ്രഭുവിന്റെ പ്രൊഡക്ഷൻ മാനേജരായിരുന്നു. അധികം താമസിയാതെ സുപാലിനെയും തരംഗിണിയിലേക്ക് വിളിച്ചു ദാസ്. റെക്കോഡിങ് പഠിപ്പിച്ച് അവിടെ സൗണ്ട് എൻജിനിയറായി നിയമിച്ചു. 2018-ൽ തന്റെ 61-ാം വയസ്സിൽ കാൻസർ ബാധിതനായി മരിക്കുന്നതുവരെ സുപാൽ തരംഗിണിയിൽ പ്രവർത്തിച്ചു. സുപാൽ മരിച്ച് അധികനാൾ കഴിയും മുമ്പേ ഭദ്രന്റെ ഭാര്യയും ഓർമയായി. 1980-ൽ തിരുവനന്തപുരത്ത് എയർ ഇന്ത്യയിൽ സുരേഷിനു ജോലി കിട്ടിയപ്പോൾ വൈദ്യപരിശോധനകൾക്കായി യേശുദാസാണ് കൊണ്ടുപോയത്. പിന്നീട്, തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം ഒരു രക്ഷാകർത്താവിന്റെ ഉത്തരവാദിത്വത്തോടെ യേശുദാസ് സുരേഷിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. തിരുവനന്തപുരം വെള്ളയമ്പലത്ത് തരംഗിണി സ്റ്റുഡിയോ തുടങ്ങിയ കാലമായിരുന്നുവത്. അതിനാൽ അവധി ദിവസങ്ങളിലെല്ലാം യേശുദാസിനെ കാണാൻ സുരേഷ് അവിടേക്കെത്തുമായിരുന്നു. യേശുദാസ് അമേരിക്കയിലേക്കു പോയശേഷമാണ് കൂടിക്കാഴ്ചകൾ കുറഞ്ഞത്. ഇപ്പോൾ സംഗീതക്കച്ചേരികൾക്കും മറ്റുമായി വല്ലപ്പോഴും ചെന്നൈയിലെത്തുമ്പോൾ മാത്രമായി നേരിട്ടുള്ള കാണൽ. സുരേഷിനെ കൂടാതെ ഭദ്രന്റെ ഇളയമകൾ സുപ്രിയയും ചെന്നൈയിലുണ്ട്. മറ്റു മക്കളിൽ സുവാസ് അബുദാബിയിലാണ്. സുചിത്ര തലശ്ശേരിയിലും.
Content Highlights: yesudas's famous malayalam ayyappa devotional songs, tkr bhadran songs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..