യാക്കൂബ് ഖാദർ തന്റെ തൊഴിലിടത്ത്, ദേശീയ പുരസ്‌കാര ചടങ്ങിൽ മോഹൻലാലിനെ കണ്ടുമുട്ടിയപ്പോൾ
വീടുകളിലും കടകളിലും പറമ്പുകളിലും ഉപയോഗശൂന്യമായി വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ എടുത്ത് അത് പിറകിലെ സഞ്ചിയിലാക്കി നടന്നുപോകുന്ന ഒരാളെ കര്‍ണാടകത്തിലെ തള്ളൂര്‍ ഗ്രാമത്തിലെ ആളുകള്‍ക്കറിയാം. ഒഴിഞ്ഞ പാട്ടകളും പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും പെറുക്കി അഴുക്കുപിടിച്ച ചാക്കുസഞ്ചിയില്‍ വാരിയിട്ടുപോകുന്ന അയാള്‍ എല്ലാവരോടും സൗമ്യമായി പെരുമാറുന്നതുകൊണ്ട് ഏതു വീട്ടുപറമ്പിലും അനുവാദമില്ലാതെ കയറാന്‍ കഴിഞ്ഞു. യാക്കൂബ് ഖാദര്‍ എന്നാണയാളുടെ പേര്, ആക്രി പെറുക്കുന്നയാള്‍.
ഇതേ യാക്കൂബ് ഖാദര്‍ ഒരുദിവസം കന്നഡ, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി, വലിയ ഫോട്ടോയടക്കം. ടെലിവിഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഏറ്റവും മികച്ച കന്നഡസിനിമയ്ക്കുള്ള ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത് യാക്കൂബ് ഖാദറിന്. സിനിമയുടെ പേര് 'റിസര്‍വേഷന്‍'
പിന്നെ കാണുന്നത് ഡല്‍ഹിയില്‍ വിജ്ഞാന്‍ഭവനില്‍ വെച്ച് അന്നത്തെ രാഷ്ട്രപതി പ്രണബ്മുഖര്‍ജി യാക്കൂബിന് ദേശീയ അവാര്‍ഡ് സമ്മാനിക്കുന്ന ഫോട്ടോകളും ദൃശ്യങ്ങളും. അക്ഷയ്കുമാര്‍, മോഹന്‍ലാല്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ ചടങ്ങില്‍ യാക്കൂബ് ഖാദര്‍... പിന്നെ കര്‍ണാടക സംസ്ഥാന അവാര്‍ഡ്, സംസ്ഥാന സാഹിത്യപരിഷത് അവാര്‍ഡ്, ഇന്ത്യക്കകത്തും പുറത്തുമായി അന്‍പതോളം അന്തര്‍ദേശീയ അംഗീകാരങ്ങള്‍. തള്ളൂരിലെ ഗുജ്രി ഖാദര്‍ തന്നെയാണോ ഇതെന്ന് നാട്ടുകാര്‍ പരസ്പരം ചോദിച്ചു (ആക്രിപെറുക്കുന്നവരെ കന്നഡയില്‍ ഗുജ്രി എന്നാണ് വിളിക്കുന്നത്). പാട്ടപെറുക്കാന്‍ പോകുന്ന വീടുകളില്‍ അതൊരു വിസ്മയവാര്‍ത്തയായി. യാക്കൂബ് ഖാദര്‍ അതോടെ തള്ളൂര്‍ ഗ്രാമത്തിന്റെ അഭിമാനമായി. പൊതുസമൂഹത്തില്‍ പ്രശസ്തനുമായി.
യാക്കൂബിന്റെ ജീവിതകഥ ഒട്ടേറെ ക്‌ളൈമാക്‌സുകള്‍ നിറഞ്ഞ ഒരു സിനിമക്കഥപോലെയാണ്:
ആറു മക്കളുള്ള ദരിദ്രകുടുംബം. ബാപ്പയ്ക്ക് കയറുപിരിക്കല്‍ പണി. ചെറിയവരുമാനം. ഒരുദിവസം ഒരുനേരം മാത്രം ഭക്ഷണം. ആറാം ക്‌ളാസുവരെ പഠിച്ചെങ്കിലും കാര്യമായി ഒന്നും പഠിച്ചില്ല. കാരണം, സ്‌കൂളില്‍ പോകാറില്ല. പൊരിവെയിലത്തും പെരുമഴയിലും ആക്രിസാധനങ്ങള്‍ പെറുക്കുമ്പോള്‍ സ്‌കൂളില്‍ പോകാന്‍ എവിടെ സമയം ?
യാക്കൂബിന്റെ ജീവിതകഥ ടേണ്‍ ചെയ്തതു ആക്രിസാധനങ്ങള്‍ക്കിടയിലെ ഒരു ആഴ്ചപ്പതിപ്പ് കണ്ടതോടെയാണ്. കര്‍ണാടകത്തിലെ പ്രശസ്തമായ തരംഗ ആഴ്ചപ്പതിപ്പിന്റെ പഴയ ഒരുലക്കം. കൗതുകംകൊണ്ട് അതൊന്നു മറിച്ചുനോക്കി. അപ്പോള്‍ ഒരു പേജില്‍ പ്രത്യേക കോളം. അതിനടിയില്‍ മനോഹരമായ ഒരു ഒപ്പ്. വായിക്കാന്‍ അറിയാത്തതിനാല്‍ ഒരാളെക്കൊണ്ട് വായിപ്പിച്ചു. ചീഫ് എഡിറ്റര്‍ സന്തോഷ് കുമാര്‍ ഗുല്‍വാഡിയുടെ എഡിറ്റോറിയലും ഒപ്പുമായിരുന്നു അത്. പിന്നെ അക്ഷരം പഠിക്കാന്‍ തുടങ്ങി. ഉപേക്ഷിക്കപ്പെട്ട സാധനങ്ങളുടെ കൂട്ടത്തില്‍ കിട്ടുന്ന വീക്കിലികളും മാസികകളും വായിച്ചു. അല്പം എഴുതാനും പഠിച്ചു. ഇതിനിടയില്‍ മുസ്ലിങ്ങള്‍ സംസാരിക്കുന്ന ബ്യാരി ഭാഷയില്‍ (കന്നടയില്‍ തുളു, കൊങ്ങിണി ഭാഷപോലെ ലിപി ഇല്ലാത്ത ഭാഷയാണ് ബ്യാരി) ചെറുതായി പ്രസംഗിക്കാനും സാമൂഹികസേവന പരിപാടികളില്‍ സജീവമാകാനും തുടങ്ങി. തന്റെ വായന ജീവിതത്തില്‍ വെളിച്ചം തരുന്നതായി ഖാദറിന് തോന്നി.
ഇതിനിടയില്‍ ഒരുദിവസം ഒരു ഫോണ്‍കോള്‍: ''യാക്കൂബ് ഖാദറല്ലേ'' എന്ന ചോദ്യം. ''ഞാന്‍ ഗിരീഷ് കാസറവള്ളി, ഫിലിം ഡയറക്ടര്‍. എനിക്ക് ഖാദറിന്റെ സഹായം വേണം.''
ഇതുകേട്ടപ്പോള്‍ ഖാദറിന് ബോധംപോകുംപോലെ. ദേശീയ, അന്തര്‍ദേശീയ പ്രശസ്തനായ ഫിലിം ഡയറക്ടര്‍ തന്നെ ഫോണ്‍ചെയ്തു സഹായം ആവശ്യപ്പെടുന്നു. ഗിരീഷ് കാസറവള്ളി ചെയ്യുന്ന 'ഗുലാബി ടാക്കീസ്' എന്ന സിനിമയുടെ സ്‌ക്രിപ്റ്റില്‍ ബ്യാരി ഭാഷ ഉപയോഗിക്കുന്നുണ്ട്. അതൊന്നു പറഞ്ഞുതന്ന് സ്‌ക്രിപ്റ്റ് ശരിയാക്കണം. മാത്രമല്ല, കോസ്റ്റ്യൂം ആര്‍ട്ട് വിഭാഗങ്ങളില്‍ സഹകരിക്കണം. യാക്കൂബിന് പിന്നെ ഒന്നും ആലോചിക്കാനുണ്ടായില്ല. ആ സിനിമയ്ക്കുവേണ്ടി ദിവസങ്ങളോളം പണിയെടുത്തു. ജീവിതത്തില്‍ വളരെ കുറച്ചേ സിനിമ കണ്ടിട്ടുള്ളൂ. ഇന്നുവരെ ഒരു ഷൂട്ടിങ് കണ്ടിട്ടില്ല. സിനിമ എന്താണെന്നുപോലും അറിയില്ല. ആ യാക്കൂബാണ് ദേശീയപുരസ്‌കാരജേതാവിനോടൊപ്പം സിനിമാ ഷൂട്ടിങ്ങില്‍...
ആ വര്‍ഷത്തെ ദേശീയ അവാര്‍ഡുകള്‍ ഗുലാബി ടാക്കീസിനു ലഭിച്ചു. മികച്ച സിനിമ, മികച്ച തിരക്കഥ മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡുകളും ഖാദര്‍ പ്രവര്‍ത്തിച്ച ഗുലാബി ടാക്കീസിന് ആയിരുന്നു. ഗിരീഷ് കാസറവള്ളിയുടെ ഗുലാബി ടാക്കീസില്‍ പ്രവര്‍ത്തിച്ചതോടെ യാക്കൂബിനെ സംവിധായകന്‍ നിഖില്‍ മഞ്ജു ഒരുദിവസം ചെന്നുകണ്ടു. ഒരു ബ്യാരി ചിത്രത്തിന്റെ കഥയുമായി. ഖാദര്‍ ആ കഥയ്ക്കുപകരം താന്‍ പള്ളിയില്‍നിന്നുകേട്ട ഒരു ഹജ്ജ് കഥ നിഖില്‍ മഞ്ജുവിന് പറഞ്ഞുകൊടുത്തു. ഹജ്ജിനു പോകാന്‍ എങ്ങനെയൊക്കെയോ പണം തയ്യാറാക്കിയ ഒരു ദരിദ്രകുടുംബം അടുത്തവീട്ടിലെ പട്ടിണികണ്ട് ഹജ്ജിനു പോകാതെ ആ പണം അവര്‍ക്കുനല്‍കുന്ന കഥ 'ഹജ്ജ്' എന്നപേരില്‍ സിനിമയായി. യാക്കൂബുകൂടി അഭിനയിച്ച ആ സിനിമയ്ക്ക് മികച്ചസിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അതോടെ യാക്കൂബ് കന്നഡ സിനിമാലോകത്ത് അറിയപ്പെടാന്‍ തുടങ്ങി. അവര്‍ണര്‍ക്കുള്ള സംവരണം നഷ്ടപ്പെടുന്ന 'റിസര്‍വേഷന്‍' എന്ന സിനിമയോടെയാണ് യാക്കൂബ് ദേശീയ സിനിമാ അവാര്‍ഡ് ജേതാവായത്. അതിനുശേഷം 'ട്രിപ്പിള്‍ തലാഖ്' എന്ന ചിത്രം കഥയെഴുതി സംവിധാനംചെയ്തു. 'അമ്പത്തൊമ്പത് ദിനങ്ങള്‍' എന്ന സിനിമകൂടി ചെയ്തു. അതോടെ ആത്മവിശ്വാസമായി. മുഴുവന്‍സമയം സിനിമയില്‍ തന്നെ വിനിയോഗിച്ച് ജീവിതം കണ്ടെത്താം എന്ന് തീരുമാനിച്ചു. തന്റെ ആക്രിക്കട സഹോദരന് കൊടുത്തു. പത്തോളം സിനിമകളില്‍ അഭിനയിച്ചു. ഒരു പടം നിര്‍മിച്ചു. രണ്ടു സിനിമകള്‍ സംവിധാനംചെയ്തു. ഒരു സിനിമയില്‍ ആര്‍ട്ട് വര്‍ക്കും സ്‌ക്രിപ്റ്റ് സഹായിയുമായി. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച മൂന്നു യാത്രാവിവരണങ്ങള്‍ എഴുതി. രണ്ടുതവണ സംസ്ഥാന അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലെ ജൂറി അംഗമായി.
എന്നാല്‍, കാലംപോകേ യാക്കൂബിനു പക്ഷേ, തന്റെ സ്വപ്നം വീണുടയുന്നത് നോക്കിക്കാണേണ്ടിവന്നു. കോവിഡ് കാരണം തന്റെ 'ട്രിപ്പിള്‍ തലാഖ്' എന്ന പടം റിലീസ് ചെയ്യാനായില്ല. അതിനുവേണ്ടി ചെലവാക്കിയ ലക്ഷങ്ങള്‍ മുടങ്ങി. ആക്രിക്കടയ്ക്കുപകരം ഒരു ഗാര്‍മെന്റ് ഷോപ്പ് തുടങ്ങിയത് പാര്‍ട്ണര്‍ ചതിച്ചു; മുഴുവന്‍ കാശും നഷ്ടപ്പെട്ടു. യാക്കൂബ് വിഷാദരോഗിയായി. ഉറക്കമില്ല, ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. എപ്പോഴും മരണം അടുത്തു എന്ന ചിന്ത. ഇതിനിടയില്‍ കടംങ്ങള്‍ പെരുകി. സുഹൃത്തുക്കളുടെ സഹായത്തോടെ മികച്ച മനോരോഗചികിത്സ നടത്തി. അസുഖം പൂര്‍ണമായും ഭേദമായി.
മക്കള്‍ വളരുന്നു, ജീവിക്കണം... യാക്കൂബ് പിന്നെ മറ്റൊന്നും ആലോചിച്ചില്ല, തൊട്ടടുത്ത ഗുല്‍വാഡി ഗ്രാമത്തില്‍ ഒരു ആക്രിക്കട തുടങ്ങി. സിനിമകളില്‍ മുഴുകി അന്നുപേക്ഷിച്ച പഴയ ചാക്കുസഞ്ചികള്‍ വീണ്ടും കൈയിലെടുത്തു; വേണ്ടെന്നുവെച്ച ആക്രിപെറുക്കല്‍ വീണ്ടും തുടങ്ങി. വീടുകള്‍ക്കും കടകള്‍ക്കും പിറകില്‍ വേസ്റ്റുകള്‍ പരതി തന്റെ ജീവിതവരുമാനം കണ്ടെത്തുന്നു. ഗുല്‍വാഡിയിലെ ആക്രിക്കടയില്‍ പഴയകുപ്പികള്‍ക്കും പ്ലാസ്റ്റിക്, ഇരുമ്പു സാധനങ്ങള്‍ക്കിടയില്‍ ഹാഫ് ട്രൗസറുമിട്ട് യാക്കൂബ് ഇരിക്കുന്നു. പാട്ടപെറുക്കി വരുന്നവരുടെ മുഴിഞ്ഞ സഞ്ചികളില്‍നിന്നു ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്. കൈകള്‍ മാലിന്യത്തിനിടയില്‍ ഇടുമ്പോള്‍ ചേറുപുരളില്ലേ എന്ന് സിനിമയിലെ പഴയ സുഹൃത്തുക്കള്‍ ആക്രിക്കടയില്‍ വരുമ്പോള്‍ വിഷമത്തോടെ ചോദിക്കാറുണ്ട്. അവര്‍ക്കു മുന്നിലുള്ളത് പ്രൊഡ്യൂസര്‍-ഡയറക്ടര്‍ അല്ലേ? അവരോട് യാക്കൂബ് പറഞ്ഞ മറുപടി ഇങ്ങനെ:
കൈ കെസറാദരെ ബായ് മോസറു (കൈ ചേറായാല്‍ മാത്രമേ തൈര് (ഭക്ഷണം) കഴിക്കാന്‍ കിട്ടൂ).
യാക്കൂബ് ആക്രിസാധനങ്ങള്‍ മാറ്റുന്നതിനിടയില്‍ തന്റെ ചെളിപുരണ്ട കൈകള്‍ നോക്കി. എന്നിട്ട് ആ അനുഭവം പറഞ്ഞു: ദേശീയ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പുള്ള സമയം ദില്ലി അശോകാ ഹോട്ടലിലെ വിശാലമായ വി.വി.ഐ.പി. റൂമില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ ഇറങ്ങുംമുമ്പ് സെക്യൂരിറ്റിക്കാരും മറ്റു ഉദ്യോഗസ്ഥരും മുറിയിലെത്തി യാക്കൂബിനോട് ചടങ്ങിന്റെ സമയമായി എന്ന് ഓര്‍മിപ്പിച്ചു. ഒരു മിനിറ്റ് എന്നുപറഞ്ഞ് യാക്കൂബ് വാഷ്‌റൂമില്‍ പോയി. സോപ്പുകള്‍കൊണ്ട് തന്റെ കൈകള്‍ ഒട്ടേറെത്തവണ കഴുകിശുദ്ധമാക്കി. ദേശീയ അവാര്‍ഡ് നല്‍കിയശേഷം പ്രസിഡന്റ് അനുമോദിച്ചു ഹസ്തദാനം ചെയ്താലോ... യാക്കൂബ് കരുതിയതുപോലെത്തന്നെ സംഭവിച്ചു. അവാര്‍ഡ് നല്‍കിയശേഷം യാക്കൂബിന്റെ കൈകളില്‍പ്പിടിച്ച് പ്രസിഡന്റ് പ്രണബ് മുഖര്‍ജി ദേശീയ അവാര്‍ഡ് ജേതാവിനെ അഭിനന്ദിച്ചു. യാക്കൂബിന്റെ കണ്ണുകളില്‍നിന്നു രണ്ടുതുള്ളി കണ്ണീര്‍ അവിടെ വീണുകാണും...
Content Highlights: Yakub Khader Gulvady, National award, scrap business, Gulabi Talkies, Girish Kasaravalli


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..