ർക്കുവേണ്ടിയും എന്തിനുവേണ്ടിയും കാത്തുനിൽക്കാതെ കാലം മുന്നോട്ട്‌ കുതിക്കുന്നു. പതിറ്റാണ്ടുകൾക്ക്‌ മുൻപുപോലും- നടന്ന കാര്യങ്ങൾ ഇന്നലെ സംഭവിച്ചതുപോലെയേ പലപ്പോഴും തോന്നൂ. അത്‌ കാലത്തിന്റെ ജാലം!

1968 ഓഗസ്റ്റ് 30-ാം തീയതി- മഞ്ഞിലാസ് സിനി എന്റർപ്രൈസസിന്റെ കൊടിക്കൂറയിൽ ‘യക്ഷി’കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി, 50 വർഷമായിരിക്കുന്നു! മാതൃഭൂമി വാരികയിൽ മലയാറ്റൂർ രാമകൃഷ്ണൻ ഈ നോവൽ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയപ്പോഴേ പരശ്ശതം വായനക്കാർ പ്രതീക്ഷകളോടെ അതിനെ അനുഗമിച്ചു. പ്രൊഫസർ ശ്രീനിയും രാഗിണിയും അവാച്യമായൊരു അനുഭൂതിയാണ് വായനക്കാരിൽ സൃഷ്ടിച്ചത്.

മറ്റൊരു പങ്കാളിക്കൊപ്പം 'നാടൻപെണ്ണും', 'തോക്കുകൾ കഥപറയുന്നു'വും എം.ഒ. ജോസഫ് സ്വതന്ത്രമായി നിർമിച്ച പ്രഥമചിത്രമാണിത്.
‘‘ശാസ്ത്രവും അന്ധവിശ്വാസവും കൈകോർത്തു പിടിക്കുന്ന ഒരസാധാരണ യക്ഷിക്കഥ’’ എന്നാണ് ചിത്രത്തിന്റെ പരസ്യങ്ങൾ അവകാശപ്പെട്ടത്. പൊതുസമ്മതനും സുന്ദരനും വിദ്യാർഥിനീ-വിദ്യാർഥികളുടെ ആരാധനാപാത്രവുമായ കെമിസ്ട്രി പ്രൊഫസർ ശ്രീനിവാസനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അധ്യാപനത്തിന്‌ പുറമേ, യക്ഷികളെക്കുറിച്ചുള്ള ഗവേഷണത്തിലും തത്പരനായ അയാൾ, അതിനായി പഴയ താളിയോലകളും ഇതര രേഖകളും വിശകലനം ചെയ്ത്, പല കണ്ടെത്തലുകളും നടത്തുന്നു. യക്ഷികൾ യഥാർഥത്തിൽ ഉണ്ടെന്ന നിഗമനത്തിലാണയാൾ ചെന്നെത്തുന്നത്. ഇതിനിടെ, സഹാധ്യാപിക വിജയലക്ഷ്മിയുമായി അല്പം അടുപ്പത്തിലുമാകുന്നു.

തികച്ചും അപ്രതീക്ഷിതമായ ഒരു ലാബ് പൊട്ടിത്തെറിയിൽ ശ്രീനിയുടെ മുഖത്തിന് സാരമായ പൊള്ളലേൽക്കുന്നു. അതോടെ, മുഖത്തിന്റെ ഒരുവശം കരുവാളിച്ച അയാളിൽ നിന്നും വിജയലക്ഷ്മി അകലുന്നു. പ്രേമം, പ്രായേണ പുറംപകിട്ടിന്റെ ആകർഷണീയത മാത്രമെന്ന് ശ്രീനി തിരിച്ചറിയുന്നു.

യാദൃച്ഛികമായാണയാൾ ഒരു സ്ത്രീയെ തെരുവിൽ കണ്ടുമുട്ടുന്നത്- ഒരർദ്ധരാത്രിയിൽ. ക്രമേണ അവർ തമ്മിലടുക്കുന്നു. വിവാഹത്തിലാണ് ആ ബന്ധം ചെന്നെത്തുന്നത്. അവളുടെ ചില സംസാരങ്ങളും ചെയ്തികളും അയാളെ മതിഭ്രമത്തിലാഴ്ത്തുന്നു. അനിയന്ത്രിതമായ മാനസികസംഘർഷം അയാളെ സംശയാലുവാക്കുക മാത്രമല്ല ചെയ്തത്, തനിക്ക്‌ ശാരീരികമായി അപ്രാപ്യയാണവൾ എന്ന്‌ വന്നതോടെ രാഗിണിയായി തന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നവൾ യക്ഷി തന്നെയെന്ന് ശ്രീനി തീർപ്പു കല്പിക്കുകയും ചെയ്യുന്നു. അയൽക്കാരന്റെ ഭാര്യയുടെ ഗർഭമലസിയത്, വളർത്തുനായ ദുരൂഹമായി കൊല്ലപ്പെട്ടത്, വെള്ളിയാഴ്ച പാലമരം പൂത്തത് ഇവയൊക്കെ രാഗിണിയുടെ സ്വത്വം സംശയാതീതമായി അയാൾക്കു മുന്നിൽ വെളിവാക്കുന്നു. ഒടുവിൽ കഴുത്തു ഞെരിച്ചവൾ കൊല്ലപ്പെടുന്നു. പക്ഷേ, അവൾ പുകച്ചുരുളുകളായി ആകാശത്തേക്കുയർന്നുയർന്നു പോയെന്നാണ് അയാളുടെ വെളിപ്പെടുത്തൽ.

പ്രൊഫ. ശ്രീനിവാസനായുള്ള സത്യന്റെ ഭാവാഭിനയം അപൂർവചാരുതയെഴുന്നതാണ്. മാറിമാറി വരുന്ന ഭിന്നഭാവങ്ങൾ ആ മുഖത്ത് അനായാസേന പ്രകടമാകുന്നത്‌ കാണേണ്ടതാണ്. കൊടിയ മാനസികാഘാതം വിദ്യാസമ്പന്നനായ ഒരു വ്യക്തിയുടെ മനസ്സിൽ സൃഷ്ടിക്കുന്ന കെടുതികൾ അന്യൂനമായ ഭാവപ്പകർച്ചയോടെയാണ് സമർഥമായി അദ്ദേഹം ആവിഷ്കരിക്കുന്നത്. ഒരു വിദഗ്ധന്റെ കരങ്ങളിലല്ലെങ്കിൽ, അമ്പേ പാളിപ്പോകുമായിരുന്ന ഈ കഥാപാത്രത്തെ സസൂക്ഷ്മം പഠനവിധേയമാക്കിയാണ് സത്യൻ കാണികൾക്ക്‌ മുൻപിലെത്തിക്കുന്നത്. ‘അദ്‌ഭുതസിദ്ധികളുള്ള അതുല്യനടൻ’എന്ന്‌ സത്യനെ ചില നിരൂപകർ വിശേഷിപ്പിച്ചത് ഈ ചിത്രത്തോടെയാണെന്ന്‌ തോന്നുന്നു.

ശാരദ അവതരിപ്പിച്ച രാഗിണിയും ‘ദുർഘടം’പിടിച്ച ഒരു കഥാപാത്രമാണ്. കാമുകിയായും ഭാര്യയായും നർത്തകിയായുമൊക്കെ രാഗിണിയെ സമർഥമായി ഉൾക്കൊണ്ടിട്ടുണ്ട്, ശാരദ.

അപൂർവ സംഭവങ്ങളിലൂടെ ഉദ്വേഗമണയ്ക്കുംവിധം മുന്നോട്ടുനീങ്ങുന്ന മലയാറ്റൂരിന്റെ കരുത്തുറ്റ ഈ കഥയ്ക്ക് തോപ്പിൽ ഭാസി വിദഗ്ധമായി ചലച്ചിത്രഭാഷ്യം ചമച്ചിട്ടുണ്ട്. അതിലേറെ കഠിനമാണ് സംവിധായകൻ സേതുമാധവന്റെ ഉത്തരവാദിത്വം. ഒരസാധാരണ കഥയായതിനാൽത്തന്നെ, ഓരോ ഫ്രെയിമിലും അതീവശ്രദ്ധ ചെലുത്തിയാണ് തന്റെ സംവിധാനകർമം അദ്ദേഹം നിർവഹിച്ചിരിക്കുന്നത്. ‘യക്ഷി’സാമ്പത്തികമായി വൻ വിജയമായിരുന്നു.

‘യക്ഷി’യോടൊപ്പം ആ ഓണക്കാലത്തിറങ്ങിയ മറ്റ്‌ ചിത്രങ്ങൾ കൺമണി ഫിലിംസിന്റെ ‘ഏഴു രാത്രികളും’ സുപ്രിയയുടെ ‘തുലാഭാര’വുമാണ്. ‘താര’ങ്ങളുടെ സാന്നിധ്യമില്ലാഞ്ഞതും അമിതമായ പത്രപ്പരസ്യങ്ങളും (മിക്ക പ്രധാനപത്രങ്ങളിലും ഒന്നിലേറെ തവണ മുഴുപ്പേജ് പരസ്യങ്ങൾ!) ഏഴുരാത്രികളെ ഭീമപരാജയത്തിലെത്തിച്ചു. എന്നാൽ, കേരളമൊന്നാകെ അരങ്ങിൽ വിജയിച്ച ‘തുലാഭാരം’നാടകം ചലച്ചിത്രീകരിക്കപ്പെട്ടപ്പോൾ അതും വൻവിജയമായി മാറി.

സുവർണപ്രകാശത്തിൽ നിൽക്കുന്ന ഈ ചിത്രങ്ങളോടൊപ്പം പ്രധാനപ്പെട്ട പല ചിത്രങ്ങളും കനകജൂബിലി പ്രഭയിലാണ്. വിദ്യാർഥി, കറുത്ത പൗർണമി (എം.കെ. അർജുനന്റെ പ്രഥമചിത്രം), തോക്കുകൾ കഥപറയുന്നു, വിരുതൻ ശങ്കു, മനസ്വിനി, അസുരവിത്ത്, കാർത്തിക, കടൽ, പാടുന്നപുഴ, പുന്നപ്ര വയലാർ, മിടുമിടുക്കി, അധ്യാപിക, കൊടുങ്ങല്ലൂരമ്മ, വെളുത്ത കത്രീന, അഗ്നിപരീക്ഷ, ഭാര്യമാർ സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങൾ ഇക്കൊല്ലം സുവർണപഥത്തിലാണ്. പഴയ തലമുറയുടെ ഓർമകളുടെ ആൽബത്തിൽ മങ്ങാതെ മായാതെ കിടപ്പുണ്ടാവും ഈ ചിത്രങ്ങൾ; അവയിലെ കലാകാരന്മാരും!