മൂന്ന് യുവതികൾ ചേർന്നാണ് ‘ഉയരെ’ നിർമിച്ചത്. സിനിമയുടെ ഒട്ടുമുക്കാലും മേഖലകളിൽ സ്ത്രീകൾ മികവു തെളിയിച്ചിട്ടുണ്ട്. മികച്ച സംവിധായികമാരും തിരക്കഥ രചയിതാക്കളും അഭിനേത്രികളും മറ്റും നമ്മുടെ സിനിമാരംഗത്തുണ്ട്. പക്ഷേ, സ്ത്രീകൾ സിനിമാനിർമാണരംഗത്ത് കടന്നുവരാൻ മടിച്ചുനിൽക്കുകയായിരുന്നു. അത് അവരുടെ െകെയിൽ പൈസയില്ലാത്തതുകൊണ്ടായിരിക്കില്ല. ധനികരായ എത്രയോ സ്ത്രീകൾ നമ്മുടെ ഇടയിലുണ്ട്. 
വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന ഒരു മേഖലയാണ് സിനിമ. അതിനുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടായിരിക്കാം സിനിമാ നിർമാണരംഗത്തുനിന്ന് അവർ മാറിനിന്നത്. എന്നാൽ, ഇപ്പോൾ ആ കുറവ് നികത്തിയിരിക്കയാണ്‌ മൂന്ന് യുവതികൾ  -ഷെർഗ സന്ദീപ്, ഷെനൂഗ ജയതിലക്, ഷെഗ്ന വിജിൽ. അവരാണ് ‘ഉയരെ’യുടെ നിർമാതാക്കൾ. ഈ സിനിമയിൽ ഒരു സന്ദേശമുണ്ട്. അതായിരുന്നു അവർക്ക് മുഖ്യപ്രചോദനം.

പെണ്ണ് ചിറകുകൾവീശി ആകാശത്തേക്ക്‌ പറക്കുന്ന ഒരു കാലമാണിത്. പക്ഷേ, ഒരുപാട് പീഡനങ്ങൾക്ക് അവർ ഇരയാകുന്നുമുണ്ട്. ഒരു വായനക്കാരി ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്, അവൾക്ക് വിജനമായ കടപ്പുറത്ത് കുറെനേരം തനിയെ സ്വപ്നംകണ്ടിരിക്കണമെന്ന്. അതൊരു വലിയ മോഹമാണ്. ആണുങ്ങൾ അവളെ അതിന് സമ്മതിക്കുമോ? ഇത്തിരിപ്പോന്ന പെൺകുട്ടികൾപോലും ആൺകാമത്തിന് ഇരയാകുന്നു. ഇപ്പോൾ മറ്റൊരു വിപത്തുകൂടി പടർന്നുപിടിക്കുകയാണ്. പ്രണയാഭ്യർഥനയ്ക്ക് വഴങ്ങിയില്ലെങ്കിൽ, മുഖത്ത് ആസിഡ് വീഴും. ഈ പ്രണയപ്പകയുടെ കഥയാണ് ‘ഉയരെ’.

സോഷ്യൽ മീഡിയയിൽക്കണ്ട ലക്ഷ്മി അഗർവാളിെന്റ മുഖം ഓർമയില്ലേ? സുന്ദരിയായ ഒരു ഡൽഹിക്കാരി പെൺകുട്ടിയായിരുന്നു അവൾ. പതിനഞ്ച് വയസ്സുള്ളപ്പോൾ കാമപ്പകകാരണം നദീം സയീദ് എന്ന ഒരു മുപ്പത്തിരണ്ടുകാരൻ അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം വികൃതമായി. അവളെ കാണുമ്പോൾ ആളുകൾ മുഖംതിരിച്ച്‌ കടന്നുപോകും. പക്ഷേ, അവൾ തോറ്റുകൊടുത്തില്ല. ആസിഡ് ഇരകൾക്കുവേണ്ടി അവൾ സ്റ്റോപ്പ് ആസിഡ് സെയിൽ എന്ന ഒരു വലിയ കാമ്പയിൻ തുടങ്ങി. വാഷിങ്‌ടണിൽ മിഷേൽ ഒബാമയുടെ കൈയിൽനിന്ന്‌ ഇന്റർനാഷണൽ വുമൺ ഓഫ് കറേജ് പുരസ്കാരം ഏറ്റുവാങ്ങി. ലക്ഷ്മി അഗർവാൾ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നു.

പല്ലവി എന്ന പെൺകുട്ടിയുടെ കഥയാണ് ‘ഉയരെ’. സുന്ദരിയും ബുദ്ധിമതിയുമാണ് അവൾ. അവളുടെ സ്വപ്നം വിമാനം പറപ്പിക്കുക എന്നതാണ്. അവൾക്ക് ഒരു ആൺസുഹൃത്തുണ്ട്-ഗോവിന്ദ്. പല്ലവിക്ക്‌ പതിന്നാലുവയസ്സുള്ളപ്പോൾ സ്കൂളിൽ ഒരു ചെറിയ സംഭവമുണ്ടായി. അതറിഞ്ഞപ്പോൾ സഹപാഠികൾ മുഴുവൻ അവളെ പരിഹസിച്ചു, ഒറ്റപ്പെടുത്തി. അപമാനം സഹിക്കാതെ വലയുമ്പോഴാണ്, ഗോവിന്ദ് സാന്ത്വനസ്നേഹവുമായി അവളുടെ അരികിലെത്തുന്നത്. ഗോവിന്ദ് ഒരു പഴമക്കാരനാണ്. പല്ലവിയുടെ വേഷവും നൃത്തവും മറ്റും അവന് ഇഷ്ടമല്ല. അതിനിടയിൽ പല്ലവിക്ക്‌ പൈലറ്റ് ട്രെയിനിങ്ങിന് പ്രവേശനം ലഭിക്കുന്നു. ട്രെയിനിങ്‌ കഴിയുന്നു. പൈലറ്റ് ലൈസൻസും കിട്ടി. പല്ലവിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. സ്വാഭാവികമായും സമൂഹത്തിെന്റ ഉന്നതശ്രേണിയിലുള്ള പുത്തൻ തലമുറയുടെ ഇടയിലാണ് ഇപ്പോൾ അവളുടെ ജീവിതം. ഒരു ജോലിപോലുമില്ലാതെ, ദാരിദ്ര്യവുമായി കഴിയുന്ന ഗോവിന്ദിന് അവളുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. അവർ കലഹിക്കുന്നു. അങ്ങനെ കലഹിക്കുന്ന ഒരു നിമിഷത്തിലാണ് ഗോവിന്ദ് പല്ലവിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. ആ രംഗം കണ്ടപ്പോൾ എന്റെ ഹൃദയമിടിപ്പ് നിന്നുപോകുമെന്ന് എനിക്കുതോന്നി.

Uyare Movie
ഷെർഗ, ഷെനൂഗൻ ഷെഗ്ന എന്നിവർ

അപകടത്തിനുശേഷം പല്ലവി അവളുടെ മുഖം കണ്ണാടിയിൽ കാണുന്ന ഒരു രംഗമുണ്ട്. തിയേറ്ററിലെ മങ്ങിയ വെളിച്ചത്തിൽ പലരും കണ്ണുതുടയ്ക്കുന്നത് ഞാൻ കണ്ടു. എന്റെ തൊട്ടുപിറകിൽനിന്ന്‌ ഒരു തേങ്ങലും കേട്ടു. പല്ലവിയുടെ സ്വപ്നങ്ങൾ മുഴുവൻ തകർന്നു. പൊള്ളലേറ്റ് വിരൂപമായ ഈ മുഖവുംകൊണ്ട് അവൾ എങ്ങനെ ജീവിക്കും?
പക്ഷേ, അവൾ ജീവിക്കുകതന്നെ ചെയ്യും. ജീവിക്കുക മാത്രമല്ല, ഉയരത്തിലേക്ക്‌ പറക്കുകയും ചെയ്യും.
ഒരു കാലത്ത് കലാമൂല്യമുള്ള സിനിമയെ നമ്മൾ ആർട്ട് സിനിമ എന്ന്‌ വിളിച്ചിരുന്നു. കലാമൂല്യമില്ലാത്ത സിനിമയെ കമേഴ്‌സ്യൽ സിനിമയെന്നും. അങ്ങനെ നമ്മുടെ സിനിമ രണ്ടായി പിളർന്നുപോയിരുന്നു. ഇപ്പോൾ ആർട്ട് സിനിമയെന്നും കമേഴ്‌സ്യൽ സിനിമയെന്നുമുള്ള വേർതിരിവ് ഇല്ലാതെയായിരിക്കുന്നു. നവാഗതരായ ഒരുകൂട്ടം യുവസിനിമാപ്രവർത്തകരാണ് ഈ മാറ്റത്തിനുപിന്നിലുള്ളത്. ഒന്നിനുപിറകെ മറ്റൊന്നായി ഒന്നാന്തരം സിനിമകൾ അവർ സൃഷ്ടിക്കുകയാണ്. സിനിമാതിയേറ്ററിലേക്ക്‌ വീണ്ടും ജനം ഒഴുകിത്തുടങ്ങി.

എന്നെ തിയ്യറ്ററിലെത്തിച്ചത്, മൂന്ന് യുവതികൾചേർന്ന്‌ നിർമിച്ച ഒരു പെൺസിനിമയാണ് ‘ഉയരെ’ എന്ന വസ്തുതയാണ്. പറക്കാനുള്ള സ്ത്രീയുടെ ഏത് സംരംഭത്തിനുമൊപ്പം സമൂഹം കൂടെനിൽക്കണം. ‘ഉയരെ’യുടെ ലക്ഷ്യം സ്ത്രീശാക്തീകരണമാണെന്ന് നിർമാതാക്കൾതന്നെ പറഞ്ഞിട്ടുണ്ട്. അതുപോലുള്ള ഒരു സന്ദേശംകൊണ്ടുമാത്രം സിനിമാപ്രേമികൾ തിയ്യറ്ററിലെത്തുകയില്ല. ‘ഉയരെ’യുടെ വിജയം, കലാമൂല്യംകൊണ്ട് അത് അതിെന്റ പ്രഖ്യാപിതലക്ഷ്യത്തെ മറികടന്നു എന്നതാണ്. ഇവിടെ പെണ്ണിന്റെ പിടച്ചിൽ മനുഷ്യാവസ്ഥയുടേതന്നെ പിടച്ചിലായി മാറുന്നു. ഒരു നല്ല സിനിമകണ്ട സന്തോഷത്തോടെയാണ് പ്രേക്ഷകർ തിയേറ്ററിൽനിന്ന്‌ പുറത്തുവരുന്നത്.

ഉയരെ സംവിധാനംചെയ്തിരിക്കുന്നത് നവാഗതനായ മനു അശോകനാണ്. ഒരു നവാഗതന്റെ സൃഷ്ടിയാണ് ഇതെന്ന് ആർക്കും തോന്നുകയില്ല. അമാനുഷികരായ ഹീറോകളും കോമാളികളും വാഴുന്ന സിനിമകണ്ട് മടുത്ത നമുക്ക് ഒരു സാന്ത്വനമാണ് ‘ഉയരെ’. നമ്മുടെ സിനിമയിലെ ഒരു വഴിത്തിരിവായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’. അത് കണ്ടപ്പോൾ തോന്നിയ അതേ സന്തോഷമാണ് ‘ഉയരെ’ കണ്ടപ്പോഴും തോന്നിയത്.

ഈ സിനിമയിലെ ഓരോ സീനും ഓരോ ഫ്രെയിമും നമ്മെ ആഹ്ളാദിപ്പിക്കുന്നു. കാച്ചിക്കുറുക്കിയ സംഭാഷണം. പുതിയ സിനിമയിലെ കഥാപാത്രങ്ങളുടെ വാചാലത ഇതിലില്ല. വിമാനത്തിൽവെച്ച്, മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ വികൃതമായ പല്ലവിയെന്ന എയർ ഹോസ്റ്റസിനെ കാണുമ്പോൾ, ഒരു യാത്രക്കാരൻ ‘എന്താണ് പേര്? കേൻ ഐ ഹഗ് യു?’ എന്ന് ചോദിക്കുന്ന ഒരു രംഗമുണ്ട്. ഈ സിനിമയിലെ ഏറ്റവും മനോഹരമായ മുഹൂർത്തമാണ് അത്. മിടുക്കന്മാർതന്നെ, തിരക്കഥ രചയിതാക്കളായ ബോബി-സഞ്ജയ്.
അഭിനയമോ? അവിസ്മരണീയം, പാർവതി തിരുവോത്തിന്റെ പല്ലവി. പാതിമുഖംകൊണ്ടാണ് പല്ലവിയുടെ വികാരവിക്ഷോഭങ്ങൾ പാർവതി പ്രകടിപ്പിക്കുന്നത്. ഒരിടത്തുപോലും അമിതാഭിനയമില്ല. ദീപിക പദുകോൺ ലക്ഷ്മി അഗർവാളിെന്റ കഥ ചലച്ചിത്രമാക്കുന്നുണ്ട്. ദീപികതന്നെയാണ് ലക്ഷ്മിയായി വേഷമിടുന്നത്. അതിനുമുമ്പ് ദീപിക  ‘ഉയരെ’യിലെ പാർവതിയുടെ അഭിനയം കാണുന്നത് നല്ലതായിരിക്കും.

ഈ സിനിമയിൽ പോരായ്മകളൊന്നുമില്ലേ? ചെറിയ ചെറിയ പ്രശ്നങ്ങളുണ്ട്. അത് അവഗണിക്കാവുന്നതേയുള്ളൂ.

Content Highlights: Writer M Mukundan About Uyare Movie Malayalam Actress Parvathy Tovino Thomas Manu Ashokan