79-ാം വയസ്സിൽ സിനിമയിൽ എത്തിയ നവാഗതനാണ് ഞാൻ -എം. മുകുന്ദൻ


അരുൺ പി ​ഗോപി

3 min read
Read later
Print
Share

മുൻപ് ഞാൻ എഴുതിയ പലകഥകളിലും ഫാന്റസികളുടെ അംശമുണ്ട്. അതിൽനിന്നെല്ലാം ആശയം ഉൾക്കൊണ്ട് സിനിമയ്ക്കുവേണ്ടിമാത്രം എഴുതിയ കഥയാണിത്.

എം. മുകുന്ദൻ | ഫോട്ടോ: മാതൃഭൂമി

എം. മുകുന്ദന്റെ കഥയെ അടിസ്ഥാനപ്പെടുത്തി എബ്രിഡ് ഷൈൻ സംവിധാനംചെയ്ത് നിവിൻ പോളി അഭിനയിച്ച മഹാവീര്യർ പ്രദർശനത്തിനെത്തി. തന്റെ സിനിമാലോകത്തെക്കുറിച്ചാണ് മുകുന്ദൻ സംസാരിക്കുന്നത്

വളരെ വർഷങ്ങൾക്ക് മുൻപ് വായിച്ച എം. മുകുന്ദന്റെ ഒരു പുസ്തകത്തിൽനിന്നാണ് ഈ ചിത്രം മനസ്സിൽ വന്നതെന്ന് സംവിധായകൻ എബ്രിഡ് ഷൈൻ പറഞ്ഞിരുന്നു. എങ്ങനെയാണ് മഹാവീര്യർ എന്ന ചിത്രത്തിലേക്ക് എം. മുകുന്ദൻ എത്തിപ്പെടുന്നത്‌

എബ്രിഡ് ഷൈൻ എന്നെ ഫോണിൽ വിളിക്കുകയായിരുന്നു. പുതുമയുള്ള ഒരു കഥവേണമെന്നായിരുന്നു ആവശ്യം. മനസ്സിലുള്ള ചില കഥകൾ ഞാൻ പറഞ്ഞു. നേരത്തേ എഴുതിയ കഥകളിൽനിന്നുള്ള ത്രെഡുകൾ ആയിരുന്നുവത്. പിന്നീട് എനിക്ക് ബോധ്യമായി പുതിയമട്ടിലുള്ള ചിത്രങ്ങൾക്ക് ഉതകുംവിധമുള്ള കഥയാണ് എബ്രിഡ് ആഗ്രഹിക്കുന്നതെന്ന്. അങ്ങനെയാണ് ഈ കഥ ഡെവലപ്പ്‌ ചെയ്യുന്നത്. എബ്രിഡ് ഷൈനും ഞാനും ഒരുമിച്ചിരുന്ന് അതിനെക്കുറിച്ച് സംസാരിച്ചു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥയ്ക്ക് ഞാൻ തിരക്കഥയെഴുതുന്ന സമയമായതിനാൽ എബ്രിഡ് തന്നെയാണ് മഹാവീര്യറിന് തിരക്കഥ രചിച്ചത്.

മുൻപ് എഴുതിയ കഥ സംവിധായകൻ ആവശ്യപ്പെട്ടപ്രകാരം സിനിമയ്ക്കായി പുതുക്കിയെഴുതുകയായിരുന്നോ?

മുൻപ് ഞാൻ എഴുതിയ പലകഥകളിലും ഫാന്റസികളുടെ അംശമുണ്ട്. അതിൽനിന്നെല്ലാം ആശയം ഉൾക്കൊണ്ട് സിനിമയ്ക്കുവേണ്ടിമാത്രം എഴുതിയ കഥയാണിത്. സാധാരണ ഒരു കഥ സിനിമയാക്കുമ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുണ്ട്. കഥയുടെ ഒരുഭാഗംമാത്രം സിനിമയാക്കാൻ കഴിയും. ചിലപ്പോഴാകട്ടെ ഒരുകഥ പൂർണമായും സിനിമയാക്കാൻ കഴിയാതെയുംവരും. അങ്ങനെവരുമ്പോൾ മൗലികമായ ഒരുകഥയെ രണ്ടാമതും വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യേണ്ടിവരും. അതിലും നല്ലത്, എന്തോണോ സംവിധായകന് ആവശ്യം അത് ചർച്ചചെയ്ത് സിനിമയ്ക്കാവശ്യമായ കഥ എഴുതുകയാണ് വേണ്ടത്. അങ്ങനെയാണ് മഹാവീര്യർ എന്ന സിനിമയുടെ കഥ എഴുതുന്നത്.

പഴയകഥകളിലെ ഫാന്റസി ത്രെഡ് പുതിയകാലത്ത് എത്രത്തോളം ആസ്വാദ്യകരമാകും?

ചില കഥകൾക്ക് എന്നും പ്രസക്തിയുണ്ട്. മഹാവീര്യർ എന്ന കഥാനായകൻ അഥവാ രാജാവ് എന്നതിന് ഇന്നും പ്രസക്തിയുണ്ട്. രാജാവിന്റെ സ്വഭാവം, പെരുമാറ്റം, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവയൊക്കെ ഏതുകാലത്തും ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്. കാരണം രാജഭരണത്തിന് സമാനമായിട്ടുള്ള രീതിയിലേക്കാണ് നമ്മുടെ നാടും നീങ്ങുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഒരു രാജാവിന് ഇക്കാലത്തും പ്രസക്തിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. രാജാവിന്റെ ഫാന്റസിയാണ് കഥയിൽ ഞാൻ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ളത്.

സാഹിത്യകൃതികൾക്ക് ചലച്ചിത്രഭാഷ്യം രചിക്കുന്നതിലെ വെല്ലുവിളികൾ എന്തൊക്കെ? താങ്കളുടെ കഥ സിനിമയാകുമ്പോൾ സംവിധായകന് ഏതെങ്കിലും നിർദേശം നൽകിയിരുന്നോ?

കഥയും സിനിമയും രണ്ടും വ്യത്യസ്തമാണ്. ഒരു നോവൽ സിനിമയാക്കുമ്പോൾ എഴുത്തിനോട് നീതിപുലർത്തിയിട്ടില്ലെന്ന വിമർശനം ഉയരാറുണ്ട്. എഴുത്തുകാർക്ക് പലപ്പോഴും ഒരു ഈഗോപ്രോബ്ലമുണ്ട്. രചയിതാവ് അവതരിപ്പിക്കുന്ന കഥ വ്യത്യസ്തതരത്തിൽ ആവിഷ്കരിക്കുമ്പോളുണ്ടാകുന്ന വിഷമമാകാം അത്. എന്നാൽ, വാക്കിൽനിന്ന് ദൃശ്യത്തിലേക്കാണ് നമ്മൾ പോകുന്നത്. ഈ വസ്തുത അംഗീകരിച്ചാൽമാത്രമേ എഴുത്തുകാരന് സിനിമാരംഗത്തേക്ക് പ്രവേശിക്കാനാകൂ.

സ്വന്തം കഥ വെള്ളിത്തിരയിൽ കണ്ടപ്പോഴുണ്ടായ അനുഭവം

അദ്ഭുതവും സന്തോഷവും തോന്നി. ഞാൻ എഴുതിയ ഒരുകഥയിൽനിന്ന് ഇങ്ങനെയൊരു ദൃശ്യരൂപം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഇത് ദൃശ്യഭംഗി നിറഞ്ഞൊരു സിനിമയാണ്. വാക്കുകൾക്കതീതമായ ദൃശ്യഭംഗിയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മഹാരാജാവ്, നീതി, കോടതിവ്യവഹാരം ഇതൊക്കെ ഈ ചിത്രത്തിലെ പ്രധാനഘടകങ്ങളാണ്. രണ്ട് കാലഘട്ടം സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്. രാജാവിന്റെ കാലവും ജനാധിപത്യകാലവും. ഇതൊക്കെ എബ്രിഡിന് സിനിമയിൽ ആവിഷ്കരിക്കാൻ സാധിക്കുമോയെന്ന് ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്. എനിക്ക് സംവിധായകൻ എന്നനിലയിൽ എബ്രിഡ് ഷൈനിൽ വിശ്വാസമുണ്ട്. സിനിമയെ സീരിയസായി നോക്കിക്കാണുന്ന വ്യക്തിയാണ് അദ്ദേഹം. ആറുവർഷത്തിന്റെ ഇടവേളയൊക്കെയെടുത്ത് ചിത്രം എടുക്കുന്നയാളാണ് അദ്ദേഹം. എബ്രിഡിന്റെ കാഴ്ചപ്പാടും കമ്മിറ്റ്മെന്റും എനിക്ക് ബോധ്യപ്പെട്ടു. അങ്ങനെ പൂർണമായും സഹകരിക്കുകയായിരുന്നു. മഹാവീര്യർ കണ്ടപ്പോൾ നേരത്തേ ഈ രംഗത്തേക്ക് ഇറങ്ങേണ്ടിയിരിന്നുവെന്ന് തോന്നി. ഇപ്പോൾ വയസ്സായി. 79 വയസ്സിൽ സിനിമയിലേക്കെത്തിയ നവാഗതനാണ് ഞാൻ.

നിവിൻ പോളിയുടെ അഭിനയം എങ്ങനെ വിലയിരുത്തുന്നു?

എനിക്ക് നിവിൻ പോളിയുടെ അഭിനയം ഇഷ്ടമാണ്. ‘ആക്‌ഷൻ ഹീറോ ബിജു’വിലെ പ്രകടനം കണ്ടശേഷമാണ് നിവിനെ ശ്രദ്ധിച്ചുതുടങ്ങിയത്. എബ്രിഡ് ഷൈനെപ്പോലെ ചിന്തിച്ച് പ്രവർത്തിക്കുന്നയാളാണ് നിവിനും. ഒരുപാട് സിനിമകളിൽ ഒരേസമയം, അഭിനയിക്കാറില്ല എന്നതിന്റെ ഗുണം അയാൾക്കുണ്ട്. ഒരുസിനിമ കിട്ടിക്കഴിഞ്ഞാൽ അതിൽ പൂർണമായും മുഴുകുകയാണെന്നതാണ് നിവിനിൽ ഞാൻ കാണുന്ന ഗുണം.

പ്രദർശനത്തിനൊരുങ്ങുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ

കഥയും തിരക്കഥയും സ്വന്തമായി എഴുതിയ സന്തോഷമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. നൽകുന്നത്. വൈകാതെ ഈ ചിത്രവും റിലീസിനെത്തും. മുപ്പതുവയസ്സെങ്കിലും കുറഞ്ഞുകിട്ടിയിരുന്നെങ്കിലെന്ന് ചിന്തിക്കാറുണ്ട്. അങ്ങനെയെങ്കിൽ കുറച്ചുകൂടി സജീവമായി പ്രവർത്തിക്കാമായിരുന്നു. തിരക്കഥാരചന അനായാസം ചെയ്യാവുന്ന പ്രവൃത്തിയല്ല, ഈ പ്രായത്തിൽ ഇനി ബുദ്ധിമുട്ടാണ്. സിനിമ കല മാത്രമല്ല അതിൽ സാങ്കേതികവിദ്യയുടെ കൂട്ടുകൂടിയുണ്ട്. സാഹിത്യത്തിൽ എഴുത്തുകാരൻ സ്വതന്ത്രനാണ്. സിനിമയും എഴുതണമെന്ന് ആഗ്രഹമുണ്ട്.

Content Highlights: writer m mukundan about mahaveeryar and nivin pauly, abrid shine, mahaveeryar movie

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ramla beegum

1 min

കൊടുവള്ളിയുടെ ഓർമകളിൽ നൊമ്പരമായി പാതിമുറിഞ്ഞ ആ കഥപറച്ചിൽ

Sep 29, 2023


KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


mohandas
Premium

11 min

26 ഏക്കറിൽ ഒരുക്കിയ പ്രളയവും ഡാമും ഹെലികോപ്റ്ററും; മോഹന്‍ദാസ് ഇനി 'എമ്പുരാനൊ'പ്പം

May 17, 2023


Most Commented