'ചിന്താവിഷ്ടയായ ശ്യാമള പറഞ്ഞതിലപ്പുറം ഫെമിനിസമൊന്നും ഒരു സോഷ്യൽ മീഡിയാ ആർപ്പുവിളി പടങ്ങളിലുമില്ല'


ആനന്ദ് നീലകണ്ഠൻ

ആയിരത്തി തൊള്ളായിരത്തി എൺപതുകൾക്കും തൊണ്ണൂറുകൾക്കും മുൻപും പിൻപും, മലയാള സിനിമകൾ അനവധി വന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്നും പത്രം വായിക്കുമ്പോൾ സന്ദേശം എന്ന സിനിമയോർത്ത് നമ്മൾ ചിരിക്കുന്നത്?

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസനും സം​ഗീതയും, ആനന്ദ് നീലകണ്ഠൻ | ഫോട്ടോ: വി.പി. പ്രവീൺ കുമാർ, ജി. ബിനുലാൽ | മാതൃഭൂമി

ന്ത്യൻ സിനിമ ഒരു വഴിത്തിരിവിലാണ്. ദക്ഷിണേന്ത്യൻ സിനിമകളെ മദിരാശി സിനിമ, ഡിഷ്യും ഡിഷ്യും സിനിമ, രജനി സിനിമ എന്നൊക്കെ കളിയാക്കി രസിച്ചിരുന്ന ബോളിവുഡിലെ താരരാജാക്കന്മാരും സിൽബന്തികളും കഴിഞ്ഞ കുറച്ചുകാലമായി അസ്വസ്ഥരാണ്. ബാഹുബലിയിൽത്തുടങ്ങി കെ.ജി.എഫ്., ആർ.ആർ.ആർ., കെ.ജി.എഫ്. രണ്ടാംഭാഗം എന്നിങ്ങനെ ഇന്ന് ഹിന്ദിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ആദ്യ പത്തിൽ ഏഴും ദക്ഷിണേന്ത്യൻ ചിത്രങ്ങളാണ്. തെലുങ്കും തമിഴും മലയാളികൾക്ക് താരതമ്യേന പരിഹാസം നിറയ്ക്കാറുള്ള കന്നഡയുംവരെ ഇപ്പോൾ വമ്പൻ സിനിമകൾ കൊണ്ട് ഇന്ത്യൻ ചലച്ചിത്രലോകം ഉഴുതുമറിക്കുകയാണ്. എന്നാൽ, ഈ ഉണർവിൽ തളർന്നിരിക്കുന്നത് ഒരുപക്ഷേ, മലയാളം മാത്രമാവണം.

ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ വരുന്ന, ചുരുക്കം ചില പടങ്ങളൊഴിച്ചാൽ രാജ്യവ്യാപക ഹിറ്റുകൾ ഒന്നുപോലും ഇതുവരെ മലയാളത്തിനില്ല. ഇന്നും ഒ.ടി.ടി. മാധ്യമത്തിലൂടെ സിനിമകൾ കാണുന്നത് വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ്. ആളുകളെ സിനിമാശാലകളിലേക്ക് കൊണ്ടുവരാൻ, പ്രത്യേകിച്ച് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലുള്ള മൾട്ടിപ്ലക്സിൽ, ഭാഷാഭേദമന്യേ ആകർഷിക്കാൻ കഴിഞ്ഞ മലയാള സിനിമകളില്ല എന്നുതന്നെ പറയാം.

ഇതിന്റെ മറുവശം കൂടി പറയണം ഇത് പറയുമ്പോൾ. സിനിമ ഒരു വ്യവസായം മാത്രമല്ല കലയും കൂടിയാണെന്നും കലാമൂല്യമുള്ള സിനിമകൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മറ്റുമുള്ള ഒരു വാദമുണ്ടല്ലോ. സിനിമ കലയാണ് എന്നുള്ളത് ഒരു തർക്കവിഷയമേ അല്ല. കല മാത്രമല്ല എന്നുള്ളത് മറക്കരുതെന്നുമാത്രം. ആകട്ടെ, എത്ര സിനിമകൾ ഉന്നത കലാമൂല്യം പുലർത്തി എന്ന് ചോദിച്ചാൽ, അതിനും ഉത്തരമൊന്നുമില്ല എന്നതാണ് കാര്യം. ചുരുക്കത്തിൽ, കലയുമില്ല കച്ചവടവുമില്ല എന്ന രീതിയിലായി കാര്യങ്ങൾ. കേരളത്തിന്റെ സവിശേഷ രാഷ്ട്രീയസാഹചര്യവും സാമൂഹികമാധ്യമത്തിൽ ബാക്ടീരിയപോലെ പെരുകുന്ന ബുദ്ധിജീവികളും കൂടിയുണ്ടാക്കിവെച്ചതാണ് ഈ അവസ്ഥ.

തലയണമന്ത്രത്തിൽ ശ്രീനിവാസനും മാമുക്കോയയും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഇന്ന് മലയാളസിനിമ കലയുമല്ല, കച്ചവടവുമല്ല, വെറും രാഷ്ട്രീയ മുദ്രാവാക്യഘോഷയാത്രയാണ്. പൊളിറ്റിക്കൽ കറക്ട്നെസ് നോക്കി, വെറും പൊളിറ്റിക്സ് ഒളിച്ചുകടത്താനുള്ള കവലനോട്ടീസ് മാത്രമായി സിനിമ. ഇങ്ങനെയൊക്കെയുള്ള കാലത്തിലല്ലേ കലയും കച്ചവടവും ഒന്നിച്ച് സമന്വയിപ്പിച്ച ഒരു കാലഘട്ടം നമുക്കുമുണ്ടായിരുന്നു എന്ന് നമ്മളോർക്കേണ്ടത്. അതിന് ചുക്കാൻ പിടിച്ച് പ്രതിഭാധനരായ ഒരുപറ്റം എഴുത്തുകാരും സംവിധായകരും അതിനൊത്ത അഭിനയപ്രതിഭകളും നമുക്കുണ്ടായിരുന്നു. ലോകസിനിമാ വേദികളിൽ സ്ഥാനമുറപ്പിച്ച അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ തുടങ്ങിയവരുള്ളപ്പോൾത്തന്നെ നമ്മുടെ കച്ചവടസിനിമ കലയുമായി കൈകോർത്ത് രചിച്ച എത്രയോ ജനപ്രിയ ക്ലാസിക് സിനിമകളുണ്ട്. മലയാളത്തിന് ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ; അഭിനയത്തിൽ, തിരക്കഥയിൽ, സംവിധാനത്തിൽ, സംഗീതത്തിൽത്തുടങ്ങി ഒരു കൊച്ചുഭാഷയ്ക്കും വെറും രണ്ടുരണ്ടരക്കോടി ജനങ്ങൾക്കും ചിന്തിക്കാൻ കഴിയുന്നതിനപ്പുറം ഉയരങ്ങളിൽ നമ്മുടെ സിനിമയെ കൊണ്ടുപോയ പ്രതിഭകൾ നിറഞ്ഞ കാലം.

ഇന്നും ആ കാലഘട്ടത്തിലെ പല സിനിമാ ഡയലോഗുകളും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ദൈനംദിന സംസാരത്തിൽ, സാധാരണക്കാരന്റെ ഒത്തുചേരലുകളിൽ, കൂട്ടുകാരുമായുള്ള വെടിവട്ടം പറച്ചിലുകളിൽ, നമ്മളുപയോഗിക്കുന്ന വാക്യങ്ങൾ, ശൈലികൾ എന്നിങ്ങനെ പലതും, ആ സമയത്ത് ജനിച്ചിട്ടുപോലുമില്ലാത്ത കുട്ടികൾവരെ ഇന്നുപയോഗിക്കുന്നുണ്ടെങ്കിൽ അത് മലയാളത്തിന്റെ ഹൃദയത്തിൽ തൊട്ടതുകൊണ്ടാവണം. മലയാളികൾ ഒരുപക്ഷേ, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പല വാക്കുകളും സംഭാഷണങ്ങളും ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകളും ശ്രീനിവാസൻ എന്ന അതുല്യ എഴുത്തുകാരൻ എഴുതിയതാണ്.

ആയിരത്തി തൊള്ളായിരത്തി എൺപതുകൾക്കും തൊണ്ണൂറുകൾക്കും മുൻപും പിൻപും, മലയാള സിനിമകൾ അനവധി വന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്നും പത്രം വായിക്കുമ്പോൾ സന്ദേശം എന്ന സിനിമയോർത്ത് നമ്മൾ ചിരിക്കുന്നത്? എന്തെങ്കിലും ചെയ്തു കുളമാകുമ്പോൾ, നമ്മളിന്നും, "പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല' എന്നുപറഞ്ഞാൽ ഇന്നത്തെ പതിനഞ്ചുകാരനുവരെ അതിലെ ഹാസ്യം പിടികിട്ടുന്നതെന്തുകൊണ്ട്? ബസ് സമരത്തിന്റെ വാർത്ത വായിക്കുമ്പോൾ "വരവേൽപ്പിലെ ഗൾഫുകാരനെ ഓർക്കുന്നതെന്താണാവോ?

സന്ദേശം സിനിമയിൽ നിന്നൊരു രം​ഗം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

മലയാളത്തെ ശ്രീനിവാസൻ ചിരിപ്പിച്ചപോലെ, ചിന്താവിഷ്ടയാക്കിയ പോലെ, കരയിച്ചപോലെ, ചിന്തിപ്പിച്ചപോലെ ആരും ചെയ്തിട്ടില്ല. ഊതിപ്പെരുപ്പിച്ച, കഷ്ടപ്പെട്ടു കുത്തി നിറച്ച പൊളിറ്റിക്കൽ കറക്ട്നെസൊന്നും മൂന്നുദശാബ്ദങ്ങൾ കഴിഞ്ഞ് നോക്കുമ്പോൾ ഇത്തരം ചിത്രങ്ങളിൽ കണ്ടെന്നുവരില്ല. ചിന്താവിഷ്ടയായ ശ്യാമള പറഞ്ഞതിലപ്പുറം ഫെമിനിസമൊന്നും സോഷ്യൽ മീഡിയയിലെ ഗ്വാ ഗ്വാ വിളിക്കാർ ആർത്തുവിളിച്ച ചില അറുബോറൻ പടങ്ങളിൽ ഞാൻ കണ്ടില്ല.

എത്രയോ ആളുകളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പഴയ പടങ്ങളെടുത്ത് അതിലെ കഥാപാത്രങ്ങൾ നായരാണോ നമ്പീശനാണോ വർമയാണോ ഷവർമയുണ്ടോ എന്നൊക്കെ ജാതിയും മതവും ചികഞ്ഞുനോക്കി സംവിധായകന്റെ മതം, ജാതി, രാഷ്ട്രീയം, നടന്റെ മതം, ജാതി, രാഷ്ട്രീയം, അങ്ങനെയങ്ങനെ, അന്നു സെറ്റിൽ ചായകൊടുത്തയാളുകളുടെവരെ ജാതിയും മതവും നോക്കി, സിനിമാനിരൂപണം നടത്തുന്ന പൊളിറ്റിക്കൽ കറക്ട്നസ് ഓഡിറ്റിൽ ഇതൊക്കെ എന്താവുമെന്ന് തമ്പുരാനറിയാം. ഇതെല്ലാം നോക്കി പടമിറക്കുന്നതുകൊണ്ടാവാം ഒരു ശരാശരി മലയാളിയുടെ ജീവിതവുമായി ഒരുബന്ധവുമില്ലാത്ത സിനിമകൾ ഇന്നുണ്ടാവുന്നത്. ഒന്നു തിയേറ്ററിൽ പോയി പൊട്ടിച്ചിരിച്ചിട്ട് കാലങ്ങളായി. മലയാളികളെ സ്റ്റഡിക്ലാസെടുത്ത് നന്നാക്കിയേ അടങ്ങൂവെന്ന് തീരുമാനിച്ചുറപ്പിച്ച പടങ്ങളാണ് കൂടുതലും. അല്ലെങ്കിൽ താരജാടകൾ പൊലിപ്പിച്ച തട്ടുപൊളിപ്പൻ പടങ്ങൾ. രാഷ്ട്രീയം പറയുന്ന സിനിമകൾ മറ്റുഭാഷകളിലുമുണ്ട്. ജയ് ഭീം പോലെ, അസുരൻ പോലെ, വടചെന്നൈ പോലെ ശക്തമായ രാഷ്ട്രീയം പറഞ്ഞ എത്ര സിനിമകൾ മലയാളത്തിൽ വന്നു? കലാപരമായും രസകരമായും സൃഷ്ടിച്ച ഇത്തരം സിനിമകൾ പറഞ്ഞതയും ശക്തമായി എത്ര പൊളിറ്റിക്കൽ സിനിമയുണ്ട് മലയാളത്തിൽ?

ആ ഭാഷയിലെ സൂപ്പർസ്റ്റാറുകൾ തട്ടുപൊളിപ്പൻ ആട്ടവും പാട്ടും ഇടിതൊഴിയുമെല്ലാമുള്ള മസാലപ്പടങ്ങൾ പൊലിപ്പിക്കുമ്പോൾത്തന്നെ ഇത്തരം ആർട്ടികൊമേഴ്സ്യൽ സിനിമകളും ചെയ്യുന്നുണ്ട്. പൊളിറ്റിക്കൽ കറക്ട്നെസ് എന്നാൽ കവല പ്രസംഗം പോലെ മുഖത്തുനോക്കി ഘണ്ടഘണ്ടം പ്രസംഗം പറയുന്ന കഥാപാത്രങ്ങളാണെന്നു ധരിച്ചുവെച്ചാൽ എന്താണുചെയ്യുക. ഭാവനയുടെ ചിറകിൽ പറക്കുന്ന, രസിപ്പിക്കൽ മാത്രം ആധാരമാക്കിയ, എന്നാൽ, സിനിമയുടെ സമസ്തമേഖലയിലും മികവുപുലർത്തുന്ന ബ്രഹ്മാണ്ഡ പടങ്ങളും നമുക്കു സൃഷ്ടിക്കാൻ പറ്റുന്നില്ല. ചുരുക്കത്തിൽ, ഭരതനും പത്മരാജനും സൃഷ്ടിച്ച കാവ്യാത്മകമായ സിനിമ കൈവിട്ടുപോയി. ശ്രീനിവാസന്റെ കരുത്തുറ്റ പാത്രസൃഷ്ടിയിലും ഹാസ്യബോധത്തിലും പിറന്ന, സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും, നമുക്കുചുറ്റും നടക്കുന്ന കാലാതീതമായ കഥകളും നമ്മൾ മറന്നു.

'വരവേല്പി'ൽ നിന്നൊരു രം​ഗം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

പൊളിറ്റിക്സ് പറയുന്നെങ്കിൽ അത് രസകരമായി, ശക്തമായി, കമ്മിറ്റഡായി പറയുന്ന പല തമിഴ് പടങ്ങൾ പോലെ പറയുവാനും നമുക്കിപ്പോൾ കഴിയുന്നില്ല. ഉറക്കം തൂങ്ങിപ്പോകുന്ന പടങ്ങൾ ഫേസ്ബുക്ക് ബുദ്ധിജീവിപ്പട്ടം കിട്ടാൻ മാത്രം കണ്ട് കാലം കഴിക്കുന്നവരായോ നമ്മൾ. അന്യഭാഷാ പടങ്ങൾ തിയേറ്ററുകൾ ഉത്സവപ്പറമ്പാക്കുമ്പോൾ അതും നമ്മളെകൊണ്ടുനടക്കുന്നില്ല. മൊത്തത്തിൽ ഒരു ഡാർക്ക് മൂഡാണ് മലയാള പടങ്ങൾ പലതും നൽകുന്നത്. കഷ്ടപ്പെട്ട് തമാശ പറയുന്ന കഥാപാത്രങ്ങൾ. ഒരക്ഷരം തെറ്റിപ്പോയാൽ പൊളിറ്റിക്കൽ കറക്റ്റ്നസ് അമ്മാവൻമാരുടെ തെറിപേടിച്ച് എഴുതാൻ വിറയ്ക്കുന്ന എഴുത്തുകാർ. ജാതിയും മതവും നോക്കി പടങ്ങൾ കൂവിത്തോൽപ്പിക്കുന്ന ഫാൻസുഭൂതങ്ങൾ ഈ വ്യവസായത്തെ തകർക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളേയും വിമർശിക്കുന്ന ഒരു സിനിമ രചിക്കാൻ ശ്രീനിവാസന്റെ കഴിവുള്ള ഒരാൾ ഉണ്ടാവില്ല എന്ന പ്രശ്നം അവിടിരിക്കട്ടെ. ഇനി അതു സാധ്യമാകുമോ എന്നതാണ് പ്രശ്നം. ഇന്ന് സന്ദേശം പോലെ ഒരു പടം എടുക്കുവാൻ പറ്റുമോ?

ബോളിവുഡ് ഒരു പരിധിവരെ ഭരിക്കുന്നവന് കുഴലൂതി, പ്രൊപ്പഗൻഡ സിനിമകൾ എടുത്തെടുത്താണ് ഇന്ന് തെലുങ്ക്, തമിഴ്, കന്നഡ പടങ്ങളുടെ തേരോട്ടത്തിൽ വിറച്ചു നിൽക്കുന്നത്. അതിന്റെ മറുവശമാണ് കേരളത്തിൽ കാണുന്നത്.

സീരിയൽ കില്ലറുകൾ, സൈക്കോകൾ, കൃത്രിമ ഫെമിനിസം, ഉപരിപ്ലവമായ ജാതി വിമർശനം (ജയ് ഭീം, അല്ലെങ്കിൽ വെട്രിമാരന്റെ അസുരൻ പോലെ ശക്തമൊന്നുമല്ല എന്നർഥം), പച്ചത്തെറി, കയറൂരിപ്പോയ പൊളിറ്റിക്കൽ പോത്തിന്റെ പിറകേ ജീ ജീ വിളിച്ചോടുന്ന ബുജികൾ, ജീപ്പിൽ ചന്ദ്രമണ്ഡലത്തേക്ക് പറന്നുപോകുന്ന ക്ലൈമാറ്റിക് ബ്രില്യൻസ്, അങ്ങനെയങ്ങനെ എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറായിപ്പോയി നമ്മുടെ സിനിമകൾ. കഥ മനുഷ്യന് മനസ്സിലായാൽ എന്തോ കുറച്ചിലാണ് എന്ന മട്ടിൽ എഴുതുന്ന തിരക്കഥകളുംകൂടി ആയപ്പോൾ പൂർത്തിയായി. ഇത്തരം സന്ദർഭത്തിലാണ് നമ്മൾ ശ്രീനിവാസനെപ്പോലെയുള്ള എഴുത്തുകാരന്റെ പ്രതിഭ മനസ്സിലാക്കുന്നത്. കാലാതീതമാവണം കല. ശ്രീനിവാസന്റെ രചനകൾ മിക്കവയും കാലാതീതമാണ്. കഥയിൽ സന്ദേശമാവാം, ഉപദേശമാവാം. എന്നാൽ കഥാകാരൻ ഉപദേശിയാവരുത്. ഇന്ന് സമൂഹമാധ്യമ സിംഗങ്ങൾ അലറിവെളുപ്പിച്ച എത്ര കഥകൾ. മുപ്പത്, അല്ലെങ്കിൽ നാല്പത് കൊല്ലം കഴിഞ്ഞ് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ. ഒരു ശരാശരി ഷോട്ടിൽ സംവിധായകൻ സ്വപ്നത്തിൽപോലും വിചാരിക്കാത്ത ബ്രില്യൻസ് കണ്ടുപിടിക്കുന്നവരിൽ എത്രപേർക്ക് വെറും മൂന്നു കൊല്ലം മുൻപ് വന്ന അന്നത്തെ ബ്രില്യൻസ് ഓർമയുണ്ട്. ഒരു സീൻ, ഒരു ഡയലോഗ്, എത്രപേരോർക്കുന്നു.

ശ്രീനിവാസൻ | ഫോട്ടോ: വി.കെ. അജി \ മാതൃഭൂമി

അങ്ങനത്തെ ഒരു കാലത്താണ്, ശ്രീനിവാസൻ എന്ന മനുഷ്യൻ മുപ്പതുകൊല്ലം മുൻപെഴുതിയ ദാസനും വിജയനും മറ്റും ഇന്നും നമ്മോടൊപ്പമുള്ളത്. നമ്മളിലൊരാളായി തളത്തിൽ ദിനേശൻ ടോർച്ചടിച്ച് നടക്കുന്നുണ്ട്. ജീപ്പുകൾ ഇനിയും ചന്ദ്രമണ്ഡലത്തിലേക്ക് പറന്നുപോകും. പോത്തിനെ ചില ആളുകൾ ഓടിച്ചിട്ടുപിടിച്ച് ബീഫ്ബിരിയാണിയുണ്ടാക്കി വിളമ്പി പൊളിറ്റിക്കൽ സിനിമ എന്ന് ഏമ്പക്കം വിട്ട് പൊളിറ്റിക്കൽ സിനിമ എന്ന് ഏമ്പക്കം വിട്ട് ഇരിക്കും. അപ്പോഴും “സന്ദേശ'ത്തിലെ പ്രഭാകരനും പ്രകാശനും മലയാളിയുടെ തീൻമേശയിൽ പോളണ്ടിനെക്കുറിച്ചൊന്നും പറയാതെ, പരസ്പരം കലഹിച്ചിരിക്കുന്നുണ്ടാവും. ഹിന്ദി പഠിപ്പിക്കാൻ യശ്വന്ത് സഹായിമാർ ഇനിയും വരും. അങ്ങനെ കഥ പറഞ്ഞ് രസിപ്പിച്ചും ചിരിപ്പിച്ചും പൊളിറ്റിക്സ് പറയാം എന്ന് പറഞ്ഞുതന്ന കഥാകാരൻ നമ്മുടെ ഇന്നത്തെ ബുദ്ധിജീവിജാട നോക്കി ഊറി ചിരിക്കും.

മനസ്സിൽ കൊണ്ടുനടക്കുമെങ്കിലും നാഴികയ്ക്ക് നാൽപ്പതുവട്ടം ശ്രീനിവാസൻ എഴുതിയതെന്തെങ്കിലും ആവർത്തിക്കുമെങ്കിലും മലയാളിക്ക് ഇന്നും ഇദ്ദേഹത്തെ അംഗീകരിച്ചുപോയാൽ ബുദ്ധിജീവിക്കുപ്പായത്തിൽ കഞ്ഞിവെള്ളം വീഴുമോ എന്ന ഭയമുണ്ട്. ഈ ജാടയല്ലേ ശ്രീനിവാസൻ കഴിഞ്ഞ മുപ്പത്തഞ്ചുകൊല്ലമായി നമ്മളെ തന്റെ കഥകളായി കണ്ണാടിയിൽ കാണിച്ചുതന്നത്. കാലം ഒരു അരിപ്പയാണ്. കാമ്പുള്ളതേ അതിൽ തങ്ങിനിൽക്കൂ. അതുകൊണ്ടാണല്ലോ എത്ര മീശ പിരിച്ചാലും എത്ര പുലികളെ പിടിച്ചാലും എത്ര കോടി വാരിയാലും ദാസനും മുരളിയും മുകുന്ദൻ കർത്താവും മറ്റും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുന്നവരായത്.

(സ്റ്റാർ ആൻഡ് സ്റ്റൈൽ 2022 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: writer anand neelakandan about chintahvishtayaya shyamala, sreenivasan movies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented